വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/ഒരു കഴുതക്കഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
ഒരു കഴുതക്കഥ
[ 11 ]
ഒരു കഴുതക്കഥ


ണ്ടു പണ്ടു നടന്ന കഥയാണ് കേട്ടോ. ഒരിടത്തൊരിടത്ത് ഒരു സത്രത്തിൽ നടന്ന കഥ. സത്രമെന്നു പറഞ്ഞാൽ എന്താണ് എന്ന് കൂട്ടുകാർക്ക് മനസ്സിലായോ? അന്നൊക്കെ വഴിയാത്രക്കാർ നടന്നു നടന്നാണ് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോയിരുന്നത്. വണ്ടിയില്ലാത്ത കാലം. നടന്നു നടന്നു യാത്രക്കാർ ക്ഷീണിക്കും. അവർക്ക് വിശപ്പും ദാഹവും തോന്നും. അപ്പോൾ കയറി വിശ്രമിക്കാനുള്ള സ്ഥലമാണ് സത്രം. അവിടെ അവർക്ക് കഞ്ഞിയും പുഴുക്കുമെല്ലാം കാശുകൊടുക്കാതെ ലഭിക്കും. കിടന്നുറങ്ങാൻ പായ കിട്ടും. രാജ്യം ഭരിച്ചിരുന്ന രാജാവ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സത്രം നടത്തിച്ചിരുന്നു.

ങാ, നമ്മൾ എന്താ പറഞ്ഞുവന്നത്? പണ്ടു പണ്ടു നടന്ന കഥ, അല്ലേ? എവിടെയാ നടന്നത്? ഒരു സത്രത്തിൽ. ഒരു ദിവസം സന്ധ്യയായപ്പോൾ ആ വഴി നടന്നുവലഞ്ഞ യാത്രക്കാരെല്ലാവരും സത്രത്തിൽ ഒത്തുകൂടി. സത്രം സൂക്ഷിപ്പുകാരൻ അവർക്ക് കഞ്ഞികൊടുത്തു. കഞ്ഞികുടിയും കഴിഞ്ഞ് വർത്തമാനവും പറഞ്ഞ് അവരെല്ലാം കിടന്നുറങ്ങി. എല്ലാവരും ഉറങ്ങുമ്പോഴും ഒരാൾമാത്രം കുത്തിയിരുന്ന് കരഞ്ഞുകൊണ്ടിരുന്നു. അയാളുടെ കരച്ചിൽ കേട്ട് മറ്റൊരാൾ ഉണർന്നു. ഉണർന്നത് ബുദ്ധിമാനായ ഒരു കച്ചവടക്കാരനായിരുന്നു. അദ്ദേഹം കരയുന്നയാളിനോട് കാര്യം തിരക്കി. അപ്പോഴാണ് ഒന്നാമൻ ആ കഥ പറഞ്ഞത്. അയാളൊരു കഴുതക്കാരനായിരുന്നു. കഴുതയെ വളർത്തി കാലം കഴിച്ചിരുന്ന ആൾ. കഴുതയേയും കൊണ്ട് അയാൾ എന്നും ചന്തയിൽ പോകും. അവിടെ വരുന്നവരിൽ ചിലരുടെ ചുമടുകൾ കഴുതയെക്കൊണ്ട് ചുമപ്പിച്ചു കൊടുക്കും. അങ്ങനെ കിട്ടുന്ന കൂലികൊണ്ട് അയാളുടെ കുടുംബവും കഴുതയും കഴിഞ്ഞു വന്നു. [ 12 ]

പക്ഷേ, ഇന്നലെ രാത്രി കഴുതയെ കാണാനില്ല! ആരോ തട്ടിക്കൊണ്ടു പോയി. രാവിലെ തൊഴുത്തിൽ കഴുതയുമില്ല കയറുമില്ല! അയാൾ അതു കണ്ട് കഴുതയെപ്പോലെ കരഞ്ഞു. കുട്ടികൾ കൂടെ കരഞ്ഞു. കരഞ്ഞാൽ കഴുതയെ കിട്ടുമോ? ഇല്ല. "നിങ്ങൾ വെറുതെ കിടന്ന് മോങ്ങാതെ പുറത്തിറങ്ങി കഴുതയെ അന്വേഷിക്കണം." അയാളുടെ ഭാര്യ പറഞ്ഞു. അതുകേട്ട് കഴുതക്കാരൻ രാവിലെ മുതൽ റോഡിലൂടെ നടന്നു. കാണുന്നവരോടെല്ലാം 'കഴുതയെ കണ്ടോ' എന്ന് തിരക്കി. അവരാരും അയാളുടെ കഴുതയെ കണ്ടില്ലെന്നു പറഞ്ഞു. അങ്ങനെ കരഞ്ഞും നടന്നും തളർന്നു വന്ന് സത്രത്തിലിരിക്കുകയാണ് കഴുതക്കാരൻ. "ഞാനും കുടുംബവും പട്ടിണിയാകും" കഴുതക്കാരൻ കരഞ്ഞു പറഞ്ഞു.

കഴുതക്കാരന്റെ കഥ കേട്ടിരുന്ന കച്ചവടക്കാരൻ ഇടക്കു ചോദിച്ചു:

"നിങ്ങളുടെ കഴുതയുടെ ഒരു കാലിന് മുടന്തുണ്ട്, ഇല്ലേ?"

കഴുതക്കാരൻ അതുകേട്ട് അത്ഭുതപ്പെട്ടു. ഇത്ര കിറുകൃത്യമായ് അതെങ്ങനെ കച്ചവടക്കാരൻ അറിഞ്ഞു എന്ന് അതിശയിച്ചു. സന്തോഷത്തോടെ അയാൾ പറഞ്ഞു:

"ശരിയാ കൂട്ടുകാരാ, നിങ്ങൾ കണ്ടത് എന്റെ കഴുതയെ തന്നെ."

കച്ചവടക്കാരൻ കുറെ നേരം കൂടി ആലോചിച്ചിട്ട് വീണ്ടും ചോദിച്ചു.

"ആ കഴുതയ്ക്ക് ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ. എന്താ ശരിയല്ലേ?"

കഴുതക്കാരന് വളരെ സന്തോഷമായി. "ശരിയാ എന്റെ പൊന്നു സുഹൃത്തേ. ഇനി സംശയിക്കേണ്ട നിങ്ങൾ എവിടെയാണ് അതിനെ കെട്ടിയിട്ടിരിക്കുന്നത്? എനിക്കവനെ ഉടനെ കാണണം." കഴുതക്കാരൻ ധൃതി കൂട്ടി.

കച്ചവടക്കാരൻ അതൊന്നും ശ്രദ്ധിച്ചതേയില്ല. അദ്ദേഹം വീണ്ടും ആലോചനയിലായിരുന്നു. പെട്ടെന്നു പുഞ്ചിരിച്ചുകൊണ്ട് തല ഉയർത്തി വീണ്ടും ചോദ്യമായി:

"അവന്റെ ഒരു വശത്തെ പല്ലുകളൊക്കെ കൊഴിഞ്ഞുപോയതാണോ എന്നാണെന്റെ സംശയം" [ 13 ]

അതെയതെ, അവനൊരുവശത്ത് പല്ലില്ല സ്നേഹിതാ. ഒരിക്കൽ ഉരുണ്ടുവീണ് അപകടത്തിൽപ്പെട്ടതാണവൻ. ഒരു വശത്തെ പല്ലുകളും പോയി. മുടന്തനുമായി."

"ഓ അതു ശരി."

"ഏതായാലും ഭാഗ്യം തന്നെ. താങ്കൾ കൃത്യമായി അവനെത്തന്നെ കണ്ടു പിടിച്ചല്ലോ. എവിയെയാണവനെ കെട്ടിയിരിക്കുന്നത് എന്ന് കാണിച്ചു തരൂ. എനിക്ക് രാത്രിയിൽത്തന്നെ അവനെയും കൊണ്ട് കുടിലിലെത്താമല്ലോ." കഴുതക്കാരൻ ധൃതികൂട്ടി.

പക്ഷെ കച്ചവടക്കാരൻ ഇരുന്നിടത്തിരുന്ന് ചരിച്ചതേയുള്ളൂ. എന്നിട്ടു സാവധാനം പറഞ്ഞു: "എന്റെ പ്രിയ സുഹൃത്തേ! സത്യം പറഞ്ഞാൽ ഞാനവനെ കണ്ടതേയില്ല!"

"എന്ത്! കണ്ടിട്ടില്ലെന്നോ! പച്ചക്കള്ളം."

"താങ്കൾ ക്ഷോഭിക്കാതിരിക്കൂ. ഞാനവനെ കണ്ടതേയില്ല. ഞാൻ താങ്കളെ പറഞ്ഞു മനസ്സിലാക്കാം..."

"അമ്പട കള്ളാ? നീയിനി പറഞ്ഞു മനസ്സിലാക്കാമെന്നോ! കഴുതയ്ക്ക് മുടന്തുള്ളതും വായിൽ പല്ലില്ലാത്തതും വരെ കണ്ടവൻ കഴുതയെ കണ്ടില്ലെന്ന്! മര്യാദക്കു കഴുതയെ തരുന്നോ ഇല്ലയോ?"

"ഞാൻ കാണാത്ത കഴുതയെ ഞാനെങ്ങനെ തരും സുഹൃത്തേ!" കച്ചവടക്കാരൻ സൗമ്യമായി ചോദിച്ചു.

എന്നാൽ കഴുതക്കാരൻ ചാടിയെഴുന്നേറ്റ് ഒരു ഭ്രാന്തനെപ്പോലെ മുന്നോട്ടു കുതിച്ചു. കച്ചവടക്കാരന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ഉന്ത്, തള്ള്, അടി, ബഹളം. ഉറങ്ങിക്കിടന്നവരെഴുന്നേറ്റു. സത്രം സൂക്ഷിപ്പുകാരൻ രംഗത്തുവന്നു. കേട്ടവർ കേട്ടവർ കഴുതക്കാരന്റെ ഭാഗം പറഞ്ഞു. കഴുതയെ കച്ചവടക്കാരൻ ഒളിപ്പിച്ചിരിക്കുകയാണ് എന്നുതന്നെ എല്ലാവരും കരുതി.

"നമുക്കു രാജാവിനെത്തന്നെ കണ്ടു പരാതി പറയാം. ഈ കള്ളനെ ഒരു പാഠം പഠിപ്പിക്കണം." ആരോ പറഞ്ഞു. എല്ലാവരും അത് സമ്മതിച്ചു.
[ 15 ]

പിറ്റേന്ന് അതിരാവിലെ തന്നെ എല്ലാവരും കൊട്ടാരത്തിലെത്തി. ഉണ്ടായ കഥയൊക്കെ സത്രം സൂക്ഷിപ്പുകാരൻ മഹാരാജാവിനെ അറിയിച്ചു. ഇപ്പോൾത്തന്നെ കച്ചവടക്കാരനെ ശിക്ഷിക്കും; ജനം കരുതി. കഴുതയെ എവിടെ ഒളിപ്പിച്ചിരിക്കുന്നു എന്ന് മഹാരാജാവിനോട് പറയേണ്ടി വരും; അവർ വിശ്വസിച്ചു.

മഹാരാജാവ് കഥയെല്ലാം കേട്ടു. എന്നിട്ട് കച്ചവടക്കാരന്റെ നേരെ തിരിഞ്ഞു: "ആട്ടെ, ആ കഴുതയെ കാണാതെയാണോ നിങ്ങൾ അടയാളങ്ങൾ പറഞ്ഞത്?"

"അതേ പ്രഭോ." കച്ചവടക്കാരൻ താഴ്മയായി അറിയിച്ചു.

"എങ്കിൽ അതെങ്ങനെ സാധിച്ചു എന്ന് പറയൂ," രാജാവ് ആവശ്യപ്പെട്ടു.

കച്ചവടക്കാരൻ ആ കഥ പറഞ്ഞു. "പ്രഭോ, ഇന്നലെ രാവിലെ തന്നെ ഞാൻ ആ വഴിയിലൂടെ നടക്കാൻ തുടങ്ങിയതാണ്. ചെമ്മൺ പാതയാണല്ലോ. തലേന്ന് രാത്രി ചെറുതായി മഴയും പെയ്തിരുന്നു. അതിനാൽ റോഡിലുണ്ടായിരുന്ന പഴയ കാൽ പാടുകളെല്ലാം മാഞ്ഞുപോയിരുന്നു. കുറെ നടന്നു ചെന്നപ്പോഴാണ് ഞാൻ അതു ശ്രദ്ധിച്ചത്. വഴിയിലൂടെ ഒരു കഴുത നടന്നുപോയതിന്റെ കാൽപാടുകൾ."

"എന്താ അത് ശ്രദ്ധിക്കാൻ കാരണം? നിങ്ങൾക്ക് കഴുതയെ കാണാതായ കഥ അറിയില്ലായിരുന്നല്ലോ."

"അത്..... പ്രഭോ എനിക്ക് ചെറുപ്പം മുതലേ അങ്ങനെയൊരു സ്വഭാവമുണ്ട്. എപ്പോഴും ചുറ്റും ശ്രദ്ധിക്കും. നോക്കിയും കണ്ടും ആലോചിച്ചുമേ നടക്കൂ. തെളിഞ്ഞ റോഡിൽ തുടർച്ചയായി കുളമ്പടികൾ കാണാൻ നല്ല രസമുണ്ട്. ഞാൻ അവയെ സൂക്ഷിച്ചു നോക്കി."

"ശരി, എന്നിട്ടോ?"

"ഒരു കാലിന്റെ പാടു മാത്രം നിലത്ത് ശരിക്ക് പതിഞ്ഞിരുന്നില്ലെന്ന് ഞാൻ കണ്ടു. അങ്ങനെയാണ് ആ കഴുതക്ക് മുടന്തുണ്ടെന്ന് ഊഹിച്ചത്." കച്ചവടക്കാരൻ വിശദീകരിച്ചു. [ 16 ]

മിടുക്കൻ. ഇനി ബാക്കി കഥ കൂടി കേൾക്കട്ടെ." രാജാവിന് ഉത്സാഹമായി.

"വഴിയിൽ മനുഷ്യരുടെ കാൽപാടുകളേ ഇല്ലായിരുന്നു. എനിക്കത് കണ്ടപ്പോൾ കൂടുതൽ അത്ഭുതമായി."

"അതെന്താ ഇത്ര അതിശയിക്കാൻ?" രാജാവിന് കാര്യം പിടികിട്ടിയില്ല.

"അല്ലേ.... കഴുതയുടെ കൂടെ ആരും നടന്നിരുന്നില്ല എന്നല്ലേ പ്രഭോ ഊഹിക്കേണ്ടത്?"

"ഓ വളരെ ശരി തന്നെ."

"അതെ.... അതുകൊണ്ട് ആ കഴുത എങ്ങനെയോ കെട്ടിൽ നിന്നും വിട്ട് തനിയെ പോയതാണെന്ന് ഞാൻ ഊഹിച്ചു."

"മിടുമിടുക്കനാണല്ലോ താൻ! എന്നിട്ടോ? ബാക്കി വിശേഷങ്ങൾ കൂടി പറയൂ." രാജാവിന് കഥ കേൾക്കാൻ ധൃതിയായി.

"ഞാൻ ചുറ്റുപാടും ശ്രദ്ധിച്ചേ നടക്കാറുള്ളൂ പ്രഭോ. റോഡിനിരുവശവും ധാരാളം ചെടികൾ തളിർത്തു നിന്നിരുന്നു. ചിലപ്പോൾ റോഡിന്റെ വലതുഭാഗത്ത്. ചിലപ്പോൾ ഇടതു ഭാഗത്തും. പക്ഷേ, ഞാൻ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി."

"ങും? എന്താ കേൾക്കട്ടെ."

"അത്... കഴുത റോഡിന്റെ വലതുവശത്തെ ചെടികൾ മാത്രമേ തിന്നിരുന്നുള്ളൂ. വലതുവശത്ത് ചെടികൾ ഒന്നുമില്ലാതിരുന്ന ഭാഗത്തുപോലും ഇടതുവശത്തേക്കു മാറി തിന്നിട്ടില്ല. എന്താ അതിനർഥം.?"

"ഓ...ഓ ഇപ്പോൾ പിടികിട്ടി. തന്റെ ആലോചനയുടെ പോക്ക്!" രാജാവ് അഭിനന്ദിച്ചു.

"അതേ തിരുമേനി, കഴുതക്ക് വലതു വശത്തെ കാര്യങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് വ്യക്തം. വലതുവശത്ത് ചെടികൾ ഇല്ലാത്ത പല സ്ഥലത്തും ഇടതുവശത്ത് ചെടികൾ നിന്നിരുന്നു! അവയൊന്നും തിന്നിട്ടില്ല. അതാണ് കഴുതക്ക് ഇടതു വശത്ത് കാഴ്ചയില്ലെന്ന് ഞാൻ ഊഹിച്ചത്."

"ഓ ഓ അതു കൊണ്ട് ഒരു കണ്ണിനേ കാഴ്ചയുള്ളൂ എന്ന് ഊഹിച്ചു. അല്ലേ?" [ 17 ]

"അതെ, ഇടത്തെ കണ്ണിന് കാഴ്ച ഇല്ലെന്ന് ഞാൻ അങ്ങനെ മനസ്സിലാക്കി."

കച്ചവടക്കാരന്റെ കഥ കേട്ടു നിന്ന സാക്ഷികളെല്ലാം അത്ഭുതപ്പെട്ടുപോയി. അമ്പട വീരാ! ഇയാൾ ആളു മോശമില്ലല്ലോ എന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ കഴുതക്കാരന് സഹിച്ചില്ല. അയാൾ പൊട്ടിത്തെറിച്ചു. "തിരുമേനി, കൊത്തും കോളും ഒപ്പിച്ച് ഇയാൾ ഒരു കഥ മെനഞ്ഞുണ്ടാക്കുന്നുണ്ട്. പക്ഷേ എന്റെ കഴുതയുടെ വായിലെ പല്ലിന്റെ കാര്യം നിലത്ത് നോക്കി ആർക്കും പറയാൻ പറ്റില്ലല്ലോ!"

കച്ചവടക്കാരൻ അതുകേട്ട് ഊറിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു:

"അത് നിലത്ത് നോക്കിയല്ല സുഹൃത്തേ ഞാൻ മനസ്സിലാക്കിയത്."

രാജാവ് ഇടപെട്ടു. കഴുതക്കാരനെ നോക്കി രാജാവ് പറഞ്ഞു:

"താൻ ഇടയ്ക്ക് കയറി കഥയുടെ രസം കളയാതെ വെറുതെ നിൽക്ക്. അയാൾ കഥ പറഞ്ഞു തീർക്കട്ടെ."

കച്ചവടക്കാരൻ കഥ തുടർന്നു.

"തിരുമേനീ, ഇത്രയുമെല്ലാം കണ്ടു പിടിച്ചപ്പോൾ എനിക്ക് കൂടുതലറിയാനുള്ള ആവേശമായി. ഞാൻ വലതു വശത്തെ ചെടികളെല്ലാം നോക്കി. കഴുത ചില ഇലകൾ മുഴുവൻ തിന്നിരുന്നു. അവ കഴുതക്കിഷ്ടപ്പെട്ട ഇലകളായിരിക്കണം. ചില ഇലകൾ കടിച്ചു നോക്കിയിട്ടും പാതി ചവച്ചിട്ടും വിട്ടു കളഞ്ഞിരിക്കുന്നു. അത്തരം ഇലകൾ നോക്കിയപ്പോഴാണ് ഞാൻ അത്ഭുതകരമായ ആ രഹസ്യം കണ്ടുപിടിച്ചത്. ഒരു വശത്തെ പല്ലുകളേ ഇലകളിൽ പതിഞ്ഞിട്ടുള്ളൂ! അപ്പോൾ മറുവശത്തെ പല്ലുകൾ നഷ്ടപ്പെട്ടിരിക്കാം എന്ന് ഞാൻ ഊഹിച്ചു."

"അഭിനന്ദനങ്ങൾ, സുഹൃത്തേ! താങ്കൾക്ക് അസാധാരണമായ നിരീക്ഷണശക്തിയുണ്ട്, നിഗമനത്തിനുള്ള കഴിവുണ്ട്. നല്ല ബുദ്ധിയും!" രാജാവ് കച്ചവടക്കാരനെ അഭിനന്ദിച്ചു.

"തിരുമേനീ, സത്രത്തിന് നാലു നാഴിക പുറകിൽ എത്തിയപ്പോൾ കഴുതക്കുളമ്പടികൾ കാണാതായി. അതുകൊണ്ട് ആ ഭാഗത്ത് എത്തിയപ്പോൾ കൃഷിക്കാർ ആരെങ്കിലും കഴുതയെ പിടിച്ച് കെട്ടിയിരിക്കും എന്ന് ഞാൻ ഊഹിക്കുന്നു. എനിക്ക് കച്ചവടക്കാര്യത്തിനായി ധൃതിയിൽ [ 18 ] പോരേണ്ടിയിരുന്നതിനാൽ ഞാനവിടെ തിരക്കിയില്ല. സത്രത്തിലെത്തിയതിനു ശേഷമുള്ള കഥ തിരുമേനി കേട്ടതാണല്ലോ." കച്ചവടക്കാരൻ പറഞ്ഞുനിർത്തി.

"ഹായ് എന്റെ രാജ്യത്ത് ഇത്ര മിടുക്കനായ ഒരാളുണ്ടെന്ന് ഞാൻ ഇപ്പോഴല്ലേ അറിയുന്നത്. എന്തും കാണാനും മനസ്സിലാക്കാനും ചിന്തിക്കാനും തീരുമാനങ്ങളിലെത്താനുമുള്ള താങ്കളുടെ കഴിവിൽ എനിക്ക് സന്തോഷമുണ്ട്. ഇതാ എന്റെ വക ഒരു സമ്മാനം." രാ‍ജാവ് ഒരു വീരാളിപ്പട്ടെടുത്ത് കച്ചവടക്കാരനെ പുതപ്പിച്ചു. എന്നിട്ട് തുടർന്നു:

"താങ്കൾ ഇന്നു മുതൽ എന്റെ മന്ത്രിയായിരിക്കും. താങ്കളെപ്പോലെ ബുദ്ധിയും ബോധവും ഉള്ളവർ മന്ത്രിമാരായാലേ രാജ്യഭരണം നന്നാകൂ."

രാജാവ് കഴുതക്കാരന്റെ നേരേതിരിഞ്ഞ് ചോദിച്ചു. "കഴുതയെ കണ്ടോ, കണ്ടോ എന്ന് കരഞ്ഞുകൊണ്ട് നിങ്ങൾ റോഡിലൂടെ പകൽ മുഴുവൻ നടന്നല്ലോ. കഴുതയുടെ കുളമ്പടികളെങ്കിലും റോഡിൽ ഉണ്ടോ എന്ന് നോക്കിയോ?"

കഴുതക്കാരൻ നിന്ന് പരുങ്ങി.

"തിരുമേനീ, എനിക്ക് വലിയ സങ്കടമായിരുന്നു....ഞാൻ...."

"കിടന്നു മോങ്ങി, അല്ലേ? അതോ നടന്ന് മോങ്ങിയോ? എടോ കഴുതേ, കണ്ണും കാതും തുറന്നു വെച്ച് ജീവിക്ക്. എന്നാൽ തനിക്ക് കഴുതയേയും കിട്ടും, ജീവിതവും കിട്ടും. പോ പോ, വേഗം ഇവിടെ നിന്നും ഓടിക്കോ."

കഴുതക്കാരൻ ഓടിപ്പോയി. പുറകേ സത്രം സൂക്ഷിപ്പുകാരനും കൂട്ടുകാരനും നടന്നു പോയി. കച്ചവടക്കാരനോ കൊട്ടാരത്തിൽ താമസവുമായി! ഇതാണ് കൂട്ടുകാരെ ഒരു കഥ. പഴയ കഥ.