വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/കുട്ട്രൂ കുട്ട്രൂ ട്ട്രൂ ട്ട്രൂ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
കുട്ട്രൂ കുട്ട്രൂ ട്ട്രൂ ട്ട്രൂ
[ 19 ]
കുട്ട്രൂ കുട്ട്രൂ ട്ട്രൂ ട്ട്രൂ


ട്ടെ, എന്തിനാ ഞാൻ ഈ കഥ നിങ്ങളോട് പറഞ്ഞതെന്നു മനസ്സിലായോ? കഥകേട്ടു രസിച്ചിരുന്ന കൂട്ടുകാരനോട് മാസ്റ്റർ പെട്ടെന്ന് ചോദിച്ചു.

എന്തിനാ? അവർ പരസ്പരം നോക്കി. "ഓ എനിക്ക് മനസ്സിലായി". അപ്പുക്കുട്ടൻ ചാടിപ്പറഞ്ഞു.

"ങ്ങും, എന്നാൽ കേൾക്കട്ടെ."

"ഞങ്ങളും ആ കച്ചവടക്കാരനെപ്പോലെ ജീവിക്കണമെന്നല്ലേ മാസ്റ്റർ ഉപദേശിച്ചത്."

"അതു തന്നെ."

"കഴുതക്കാരനെപ്പോലെ കണ്ണും കാതും അടച്ചു കഴിയരുതെന്ന്; അല്ലേ മാസ്റ്റർ?"

"അതു തന്നെ. അപ്പോൾ നിങ്ങൾ ഇത്രയും നാൾ എങ്ങനെയാണ് കഴിഞ്ഞത്? കണ്ണും കാതും തുറന്നുവെച്ചു തന്നെയല്ലേ?" മാസ്റ്റർ വീണ്ടും ചോദ്യമായി.

"ഹഹഹ ഇതെന്തു ചോദ്യമാ മാസ്റ്റർ?" കൊച്ചുമുഹമ്മദ്‌ ചിരിച്ചു പോയി.

"എന്താ കൊച്ചുമുഹമ്മദിനു ചിരി?" മാസ്റ്റർ ചിരിച്ചു കൊണ്ട് ചോദിച്ചു.

"അല്ല...ഉണർന്നിരിക്കുമ്പോൾ ആരെങ്കിലും കണ്ണടച്ച് കഴിയുമോ! പിന്നെ കാതിന്റെ കാര്യം. [ 21 ] അതെങ്ങനെ അടച്ചുവെക്കും? ഉറങ്ങുമ്പോൾപോലും തുറന്നല്ലേ എന്നോർത്തു ചിരിച്ചു പോയതാ!"

കൊച്ചുമുഹമ്മദിന്റെ വിശദീകരണം കേട്ടു ബാലവേദിയിലെ കൂട്ടുകാരെല്ലാം ചിരിച്ചുപോയി. സംഗതി ശരിയല്ലേ? ആർക്കെങ്കിലും കാത് അടയ്ക്കാൻ പറ്റുമോ?

"ഹൊ, എല്ലാവരും കൊച്ചുമുഹമ്മദിന്റെ വശം ചേർന്നല്ലോ. എന്റെ ചോദ്യം തന്നെ മണ്ടൻ ചോദ്യമായി, അല്ലേ? എല്ലാവരും കണ്ണും കാതും തുറന്നുവച്ചുതന്നെയാ കഴിയുന്നതെന്ന് സമ്മതിച്ചു. എന്നാലൊരു ചോദ്യം. റെഡി?

"റെഡി."

"ഈയിടെ എന്നും അതിരാവിലെ ഒരു പാട്ട് കേൾക്കാറില്ലേ? കുട്ട്രൂ....കുട്ട്രൂ....ട്ട്രൂ...ട്ട്രൂ.... എന്ന്?"

"ഉവ്വുവ്വ്, ഞാൻ എന്നും കേൾക്കാറുണ്ട്."

"ഞാനും"

"ഞാനും"

"ഞാൻ ഉച്ചക്കും കേൾക്കാറുണ്ട് മാസ്റ്റർ."

"ഞാൻ കേൾക്കാറില്ലല്ലോ മാസ്റ്റർ." തോമസ് സങ്കടപ്പെട്ടു.

അപ്പോൾ തോമസ് ചെവി അടച്ചാണ് കിടക്കുന്നതെന്നർഥം. അതായത് ചെവി തുറന്നാണെങ്കിലും ശബ്ദങ്ങൾ ശ്രദ്ധിക്കാറില്ലെന്ന്. ഇനി ചുറ്റുപാടും നിന്ന് വരുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കണം, ട്ടോ?

തോമസ് തലകുലുക്കി.

"ആട്ടെ, ബാക്കി എല്ലാവരും ചെവി തുറന്നു തന്നെയാണ് കഴിയുന്നതെന്ന് സമ്മതിച്ചു. കൂട്ട്രൂ കൂട്ട്രൂ കൂട്ട്രൂ എന്ന പാട്ട് കേട്ടല്ലോ നിങ്ങൾ. ആ പാട്ടുകാരൻ പക്ഷിയുടെ നിറമെന്താണ്?"

"നിറമോ? നിറം..." അപ്പുക്കുട്ടൻ ചോദ്യം കേട്ട് അന്തംവിട്ടു നിന്നു.

"നിറം ചുവപ്പാ മാസ്റ്റർ." കൊച്ചുമുഹമ്മദ് ചാടിപ്പറഞ്ഞു. [ 22 ]

കൊച്ചുമുഹമ്മദ് ആ പക്ഷിയെക്കണ്ടിട്ടുണ്ടോ?" മാസ്റ്റർ തിരക്കി.

കൊച്ചുമുഹമ്മദ് പരുങ്ങി. മുഹമ്മദിന്റെ കള്ളച്ചിരി കണ്ടപ്പോൾ കൂട്ടുകാരും ചിരിച്ചുപോയി. കൊച്ചുമുഹമ്മദ് തലചൊറിഞ്ഞു കൊണ്ട് പതുക്കെ പറഞ്ഞു.

"കണ്ടിട്ടില്ല മാസ്റ്റർ, ചുവപ്പായിരിക്കും എന്നാ ഞാൻ ഊഹിച്ചത്."

"ഹഹഹഹ. ഊഹിച്ചത് തെറ്റാണല്ലോ മുഹമ്മദുകുഞ്ഞേ. ഇനി ആരും ഊഹിച്ചു പറയേണ്ട കേട്ടോ. കണ്ടവരുണ്ടെങ്കിൽ കൈപൊക്കൂ."

ആരും കൈ പൊക്കിയില്ല. അതു കണ്ട് മാസ്റ്റർ തുടർന്നു.

"എന്നും കുട്ട്രൂ കുട്ട്രൂ എന്ന പാട്ടു കേട്ടിട്ട് ഒന്നു ചുറ്റുപാടും നോക്കാൻ തോന്നിയില്ല, അല്ലേ?"

കൂട്ടുകാർ ഒന്നും മിണ്ടിയില്ല. എന്തു മിണ്ടാൻ? മാസ്റ്റർ നല്ല വെട്ടിലല്ലേ വീഴ്ത്തിക്കളഞ്ഞത്.

"കണ്ണുണ്ടായാൽ പോരാ, കാണണം! ചുറ്റുപാടും ശ്രദ്ധിച്ചു കാണാനുള്ള താല്പര്യം ഉണ്ടാകണം. ചെറുപ്പം മുതൽ വളർത്തിയെടുക്കേണ്ട ഒരു സ്വഭാവമാണിത്. കാണുംതോറും അറിവു കൂടിവരും. ഓരോന്നും കാണുമ്പോൾ നാം അതേപ്പറ്റി ചിന്തിക്കും. അപ്പോൾ സംശയങ്ങളുണ്ടാകും. ചോദ്യങ്ങൾ ചോദിച്ചു പോകും. ഉത്തരങ്ങൾ തേടും. അപ്പോൾ കൂടുതൽ വിവരങ്ങൾ കണ്ടെത്തും. അപ്പോൾ അതിലും കൂടുതലറിയാൻ ആഗ്രഹം തോന്നും. കൂടുതൽ കൂടുതൽ കാണാനും നിരീക്ഷിക്കാനും പരീക്ഷിക്കാനും ആവേശം തോന്നും. അറിയാനുള്ള ഈ ആവേശമുള്ളവരേ മിടുക്കന്മാരായി വളരൂ."

മാസ്റ്റർ ഉപദേശിച്ചു.

"ഇനി ഞങ്ങൾ ശരിക്ക് കണ്ണു തുറന്നു ജീവിക്കാം മാസ്റ്റർ" രൂപക്കുട്ടി സമ്മതിച്ചു.

"എങ്കിൽ നന്ന്, കാണുകയും കേൾക്കുകയും മാത്രം പോരാ, കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയും വേണം. ആട്ടെ, നിങ്ങളേല്ലാം കുട്ട്രൂ കുട്ട്രൂ എന്ന പാട്ടു കേട്ടു. പക്ഷേ, പക്ഷിയെ കണ്ടുമില്ല. വല്ലപ്പോഴും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് അറിയാതെയെങ്കിലും നോക്കിയിട്ടുണ്ട് പലരും. ആ പാട്ടുകാരനെ കണ്ടില്ല. എന്താ കാരണമെന്ന് ആലോചിച്ചു പറയാൻ ശ്രമിക്കൂ." [ 23 ]

കൂട്ടുകാർ കുറെനേരം ആലോചിച്ചിരുന്നു. "മാസ്റ്റർ ആ പക്ഷി തീരെ ചെറുതായിരിക്കും. അതായിരിക്കും കാണാൻ വിഷമം." അപ്പുക്കുട്ടൻ ഊഹിച്ചു പറഞ്ഞു.

"അപ്പുക്കുട്ടൻറെ ഊഹം ശരിയാണ്. ആ പാട്ടുകാരൻ പക്ഷി ചെറുതു തന്നെയാണ്. പക്ഷേ, അടക്കാകുരുവി അതിലും ചെറുതാണ്. എന്നിട്ടും നിങ്ങൾ അതിനെ കാണുന്നുണ്ടല്ലോ. അപ്പോൾ കാരണം വേറെ ഉണ്ട്. ഒന്നുകൂടി ആലോചിക്കൂ."

എല്ലാവരും ആലോചിച്ചിരുന്നു, എന്താ ആരും കാണാതെ പോയത്? മരത്തിലേക്ക് നോക്കിയവരും കാണാതെ പോയതല്ലേ അതിശയം! എന്തായിരിക്കും കാരണം? പെട്ടെന്ന് ദീപുവിനൊരു ബുദ്ധിതോന്നി. മരക്കൊമ്പിൽ നിന്നുമല്ലേ പാട്ട് കേൾക്കുന്നത്. അവിടെ ഇരിക്കുന്ന കിളിയുടെ നിറം പച്ചയാണെങ്കിൽ അതിനെ കാണാൻ വിഷമമായിരിക്കും. കാരണം പച്ചിലകൾക്കിടയിലിരിക്കുന്ന പച്ച നിറക്കാരനെ തിരിച്ചറിയാൻ പാടാണ്. ദീപു തൻറെ ഊഹം മാസ്റ്ററോട് പറയുകയും ചെയ്തു.

"മിടുക്കൻ" മാസ്റ്റർ അഭിനന്ദിച്ചു.

"ശരിയായ വഴിക്കായിരുന്നു ദീപുവിൻറെ ചിന്ത. യുക്തിപൂർവ്വം ചിന്തിച്ചപ്പോൾ ശരിയായ നിഗമനത്തിലെത്തിയതു കണ്ടോ? കാണാത്ത പക്ഷിയുടെ നിറം വരെ ശരിയായി ഊഹിച്ചു." മാസ്റ്റർ പറഞ്ഞു.

"ഓ പച്ച നിറക്കാരനാണോ? എങ്കിൽ ഞാൻ കണ്ടിട്ടുണ്ട് മാസ്റ്റർ" രാജു പറഞ്ഞു.

"എന്നിട്ട് നേരത്തെ പറയാഞ്ഞതെന്താ?"

"അവനാണ് പാട്ടുകാരൻ എന്നറിയില്ലായിരുന്നു." രാജു സമ്മതിച്ചു.

"അത് അവനെ ശ്രദ്ധിക്കാഞ്ഞിട്ടല്ലേ. 'കുട്ടുറുവൻ' എന്നാണ് അവൻറെ പേര്."

"കുട്ട്രൂ കുട്ട്രൂ എന്ന് കരയുന്നത് കൊണ്ടാണ് ആ പേരിട്ടത്, അല്ലേ മാസ്റ്റർ?"

"അതെ, പക്ഷെ കരയുകയല്ല വിനൂ, പാടുകയാണ്."

"ഓ ശരി, പാട്ടു തന്നെ, സമ്മതിച്ചു." [ 24 ]

"അവന്റെ പച്ചനിറം കാരണം അവനെ 'പച്ചിലക്കുടുക്ക' എന്നും വിളിക്കാറുണ്ട്. സ്മാൾ ഗ്രീൻ ബാർബെറ്റ് (small green barbet) എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്."

"ഓ, ഈ ഇംഗ്ലീഷ് പേരൊന്നും പഠിക്കാൻ എനിക്ക് വയ്യ." കൊച്ചുമുഹമ്മദ് പരാതി പറഞ്ഞു.

"അത് പഠിക്കാൻ അത്ര വിഷമമൊന്നുമില്ല മുഹമ്മദേ. രണ്ടു മൂന്നു പ്രാവശ്യം കേൾക്കുമ്പോൾ ആരും പഠിക്കും. ഇംഗ്ലീഷ് പേരുകൂടി പഠിച്ചില്ലെങ്കിൽ കുഴപ്പമാണ്."

"എന്താ മാസ്റ്റർ കുഴപ്പം?" അനുവിന് സംശയം.

"ഓരോ നാട്ടിലും ഓരോ പേരായിരിക്കും. കോട്ടയത്തുകാരുടെ പേരായിരിക്കില്ല പയ്യന്നൂർക്കാരുടേത്. അപ്പോൾ പറയുന്നത് മനസ്സിലാവുകയില്ല. എന്നാൽ ഇംഗ്ലീഷ് പേര് എല്ലായിടത്തും ഒന്നായിരിക്കും. അതാണ് അതുകൂടി പഠിക്കണമെന്ന് പറഞ്ഞത്."

"ഓ ശരി, എങ്കിൽ നമ്മുടെ ബാലവേദിയിൽ നമുക്കൊരു ചാർട്ടുണ്ടാക്കാം. പക്ഷികളുടെ ചിത്രവും നാടൻ പേരും ഇംഗ്ലീഷ് പേരും കാണിച്ചുള്ള ചാർട്ട്." സൂസിക്കുട്ടി നിർദ്ദേശിച്ചു.

"ഭേഷ്, നല്ല ആശയം. സൂസിക്കുട്ടിക്ക് നല്ലവണ്ണം പെയിന്റ് ചെയ്യാനറിയാമല്ലോ. ഈ ജോലിയുടെ നേതൃത്വം സൂസിക്കുട്ടിക്ക് തന്നെ."

"മാസ്റ്റർ സഹായിക്കണം."

"പിന്നില്ലേ. സഹായത്തിന് നല്ല പുസ്തകങ്ങളും കാണിച്ചു തരാം."