താൾ:Vayichalum vayichalum theeratha pusthakam.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മിടുക്കൻ. ഇനി ബാക്കി കഥ കൂടി കേൾക്കട്ടെ." രാജാവിന് ഉത്സാഹമായി.

"വഴിയിൽ മനുഷ്യരുടെ കാൽപാടുകളേ ഇല്ലായിരുന്നു. എനിക്കത് കണ്ടപ്പോൾ കൂടുതൽ അത്ഭുതമായി."

"അതെന്താ ഇത്ര അതിശയിക്കാൻ?" രാജാവിന് കാര്യം പിടികിട്ടിയില്ല.

"അല്ലേ.... കഴുതയുടെ കൂടെ ആരും നടന്നിരുന്നില്ല എന്നല്ലേ പ്രഭോ ഊഹിക്കേണ്ടത്?"

"ഓ വളരെ ശരി തന്നെ."

"അതെ.... അതുകൊണ്ട് ആ കഴുത എങ്ങനെയോ കെട്ടിൽ നിന്നും വിട്ട് തനിയെ പോയതാണെന്ന് ഞാൻ ഊഹിച്ചു."

"മിടുമിടുക്കനാണല്ലോ താൻ! എന്നിട്ടോ? ബാക്കി വിശേഷങ്ങൾ കൂടി പറയൂ." രാജാവിന് കഥ കേൾക്കാൻ ധൃതിയായി.

"ഞാൻ ചുറ്റുപാടും ശ്രദ്ധിച്ചേ നടക്കാറുള്ളൂ പ്രഭോ. റോഡിനിരുവശവും ധാരാളം ചെടികൾ തളിർത്തു നിന്നിരുന്നു. ചിലപ്പോൾ റോഡിന്റെ വലതുഭാഗത്ത്. ചിലപ്പോൾ ഇടതു ഭാഗത്തും. പക്ഷേ, ഞാൻ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി."

"ങും? എന്താ കേൾക്കട്ടെ."

"അത്... കഴുത റോഡിന്റെ വലതുവശത്തെ ചെടികൾ മാത്രമേ തിന്നിരുന്നുള്ളൂ. വലതുവശത്ത് ചെടികൾ ഒന്നുമില്ലാതിരുന്ന ഭാഗത്തുപോലും ഇടതുവശത്തേക്കു മാറി തിന്നിട്ടില്ല. എന്താ അതിനർഥം.?"

"ഓ...ഓ ഇപ്പോൾ പിടികിട്ടി. തന്റെ ആലോചനയുടെ പോക്ക്!" രാജാവ് അഭിനന്ദിച്ചു.

"അതേ തിരുമേനി, കഴുതക്ക് വലതു വശത്തെ കാര്യങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് വ്യക്തം. വലതുവശത്ത് ചെടികൾ ഇല്ലാത്ത പല സ്ഥലത്തും ഇടതുവശത്ത് ചെടികൾ നിന്നിരുന്നു! അവയൊന്നും തിന്നിട്ടില്ല. അതാണ് കഴുതക്ക് ഇടതു വശത്ത് കാഴ്ചയില്ലെന്ന് ഞാൻ ഊഹിച്ചത്."

"ഓ ഓ അതു കൊണ്ട് ഒരു കണ്ണിനേ കാഴ്ചയുള്ളൂ എന്ന് ഊഹിച്ചു. അല്ലേ?"

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/16&oldid=172174" എന്ന താളിൽനിന്ന് ശേഖരിച്ചത്