താൾ:Vayichalum vayichalum theeratha pusthakam.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പിറ്റേന്ന് അതിരാവിലെ തന്നെ എല്ലാവരും കൊട്ടാരത്തിലെത്തി. ഉണ്ടായ കഥയൊക്കെ സത്രം സൂക്ഷിപ്പുകാരൻ മഹാരാജാവിനെ അറിയിച്ചു. ഇപ്പോൾത്തന്നെ കച്ചവടക്കാരനെ ശിക്ഷിക്കും; ജനം കരുതി. കഴുതയെ എവിടെ ഒളിപ്പിച്ചിരിക്കുന്നു എന്ന് മഹാരാജാവിനോട് പറയേണ്ടി വരും; അവർ വിശ്വസിച്ചു.

മഹാരാജാവ് കഥയെല്ലാം കേട്ടു. എന്നിട്ട് കച്ചവടക്കാരന്റെ നേരെ തിരിഞ്ഞു: "ആട്ടെ, ആ കഴുതയെ കാണാതെയാണോ നിങ്ങൾ അടയാളങ്ങൾ പറഞ്ഞത്?"

"അതേ പ്രഭോ." കച്ചവടക്കാരൻ താഴ്മയായി അറിയിച്ചു.

"എങ്കിൽ അതെങ്ങനെ സാധിച്ചു എന്ന് പറയൂ," രാജാവ് ആവശ്യപ്പെട്ടു.

കച്ചവടക്കാരൻ ആ കഥ പറഞ്ഞു. "പ്രഭോ, ഇന്നലെ രാവിലെ തന്നെ ഞാൻ ആ വഴിയിലൂടെ നടക്കാൻ തുടങ്ങിയതാണ്. ചെമ്മൺ പാതയാണല്ലോ. തലേന്ന് രാത്രി ചെറുതായി മഴയും പെയ്തിരുന്നു. അതിനാൽ റോഡിലുണ്ടായിരുന്ന പഴയ കാൽ പാടുകളെല്ലാം മാഞ്ഞുപോയിരുന്നു. കുറെ നടന്നു ചെന്നപ്പോഴാണ് ഞാൻ അതു ശ്രദ്ധിച്ചത്. വഴിയിലൂടെ ഒരു കഴുത നടന്നുപോയതിന്റെ കാൽപാടുകൾ."

"എന്താ അത് ശ്രദ്ധിക്കാൻ കാരണം? നിങ്ങൾക്ക് കഴുതയെ കാണാതായ കഥ അറിയില്ലായിരുന്നല്ലോ."

"അത്..... പ്രഭോ എനിക്ക് ചെറുപ്പം മുതലേ അങ്ങനെയൊരു സ്വഭാവമുണ്ട്. എപ്പോഴും ചുറ്റും ശ്രദ്ധിക്കും. നോക്കിയും കണ്ടും ആലോചിച്ചുമേ നടക്കൂ. തെളിഞ്ഞ റോഡിൽ തുടർച്ചയായി കുളമ്പടികൾ കാണാൻ നല്ല രസമുണ്ട്. ഞാൻ അവയെ സൂക്ഷിച്ചു നോക്കി."

"ശരി, എന്നിട്ടോ?"

"ഒരു കാലിന്റെ പാടു മാത്രം നിലത്ത് ശരിക്ക് പതിഞ്ഞിരുന്നില്ലെന്ന് ഞാൻ കണ്ടു. അങ്ങനെയാണ് ആ കഴുതക്ക് മുടന്തുണ്ടെന്ന് ഊഹിച്ചത്." കച്ചവടക്കാരൻ വിശദീകരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/15&oldid=172173" എന്ന താളിൽനിന്ന് ശേഖരിച്ചത്