Jump to content

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/ഈ പുസ്തകത്തിന്റെ കഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
ഈ പുസ്തകത്തിന്റെ കഥ

[ 7 ]

ഈ പുസ്തകത്തിന്റെ കഥ


വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിനു പുറകിൽ ഒരു കഥയുണ്ട്. പുസ്തകത്തിന്റെ ആറാമത്തെ പതിപ്പ് പുറത്തു വരുമ്പോഴെങ്കിലും അതു പറയണം എന്ന് തോന്നിപ്പോകുന്നു.

1985 ലാണ് ആ കഥയുടെ തുടക്കം. ഒരു ദിവസം തൃശൂരിൽ നിന്നും ശ്രീമാൻ കാവുമ്പായി ബാലകൃഷ്ണന്റെ ഫോൺ വന്നു:"കമ്മറ്റി തിരുമാനം അറിഞ്ഞില്ലേ? മാഷ് പ്രകൃതി നിരീക്ഷണത്തെപ്പറ്റി ഒരു പുസ്തകം എഴുതണം. എൽ. പി വിഭാഗം കുട്ടികൾക്കാണ്. യുറീക്ക വിജ്ഞാന പരീക്ഷയ്ക്ക് പാഠപുസ്തകമാക്കാനാണ്. രണ്ടാഴ്ചക്കകം തരണം" ഞാൻ അതുകേട്ടു പേടിച്ചുപോയി. ഒരു കെമിസ്ട്രിക്കാരനായ ഞാൻ അത് എഴുതിയാൽ ശരിയാവുകയില്ല എന്നായിരുന്നു എന്റെ ഭയം. അതിനാൽ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. "എനിക്ക് സമയമില്ല കാവുമ്പായീ. പിന്നെ ഇത് ബയോളജിയുമല്ലേ. ഞാനെഴുതിയാൽ ശരിയാവുകയുമില്ല...." പക്ഷേ കാവുമ്പായി വിട്ടില്ല. "അതൊന്നും പറഞ്ഞാൽ പറ്റില്ല. കമ്മറ്റി തീരുമാനമാണ്. എഴുതുകതന്നെ വേണം." കാവുമ്പായി അത് പറഞ്ഞ് ഫോൺ താഴെ വെച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റിക്കു പോകാതിരുന്നത് കുഴപ്പമായി. ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ഈ തീരുമാനം എടുപ്പിക്കാതിരിക്കാമായിരുന്നു. ഇനി ഒറ്റ വഴിയേ ഉള്ളൂ. അങ്ങനെ ചിന്തിച്ച് ഞാൻ പ്രൊഫ. എം. കെ. പ്രസാദിനെ ഫോണിൽ വിളിച്ചു. "മാസ്റ്റർ പ്രകൃതി നിരീക്ഷണത്തെപ്പറ്റി ഒരു പുസ്തകമെഴുതണം. യുറീക്കാ പരീക്ഷയ്ക്കാണ്. മാസ്റ്റർ എഴുതിയാലേ ശരിയാവൂ." മാസ്റ്റർ അതു കേട്ട ഉടനെ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടിയും പറഞ്ഞു. "എടോ അത് താനെഴുതണമെന്ന് ഞാനും കൂടിയിരുന്നാണ് തീരുമാനിച്ചത്. താൻ ധൈര്യമായി എഴുതിക്കോ." അങ്ങനെ ഞാൻ വീണ്ടും തോറ്റു. പുസ്തകം എഴുതിക്കഴിഞ്ഞാൽ വായിച്ചുനോക്കി തെറ്റു തിരുത്തിത്തരാം എന്ന് ഒരു [ 8 ] വാഗ്ദാനവും അദ്ദേഹം ഫോണിലൂടെ തന്നു.

അങ്ങനെ ഞാൻ പുസ്തകമെഴുതാൻ നിർബന്ധിതനായി. പുസ്തകം ഏതു രൂപത്തിലാകണം, അതിലൂടെ കുട്ടികളോട് എന്തൊക്കെ പറയണം, ആരൊക്കെ കഥാപാത്രങ്ങളാകണം, തുടക്കം എങ്ങനെ വേണം....എന്നൊക്കെ ആലോചിച്ച് ഞാൻ ഒരാഴ്ച നടന്നു. അതിനിടെ കാവുമ്പായി വീണ്ടും ഫോണിൽ വിളിച്ചു. "പുസ്തകം എവിടം വരെയായി?" "എഴുതിത്തീരാറായി" എന്ന് ഞാൻ ഒരു കള്ളവും പറഞ്ഞു. ഫോണിൽ പറയുമ്പോൾ മുഖത്ത് നോക്കേണ്ടല്ലോ. പിന്നെ ആ ചൂടിൽ ഒറ്റയിരുപ്പിരുന്ന് ഒരാഴ്ച കൊണ്ട് ഇത് പൂർണ്ണമായും എഴുതി തീർത്തു. സത്യം പറഞ്ഞാൽ, എഴുതിത്തുടങ്ങിയപ്പോൾ എഴുത്ത് വളരെ എളുപ്പമായി. കാരണമുണ്ട്, ഒന്നാമതായി ഇതെഴുതാൻ വേറെ പുസ്തകങ്ങളൊന്നും പരിശോധിക്കേണ്ടതില്ലായിരുന്നു. സ്വന്തം അനുഭവങ്ങളാണ് എഴുതിയത്. പ്രകൃതിയോട് ഇഴുകിച്ചേർന്ന് ഞാൻ ജീവിച്ച ബാല്യകാലത്തെ അനുഭവങ്ങൾ. കുളത്തിൽ ചാടി മറിഞ്ഞപ്പോൾ നിക്കർ പോയതും നീർക്കോലി കടിച്ചതുമെല്ലാം അന്നത്തെ അനുഭവങ്ങളായിരുന്നു. അവയൊക്കെ അതേപടി എഴുതാൻ എളുപ്പമാണല്ലോ. ഞാനും പുസ്തകത്തിലെ ഒരു കഥാപാത്രമായി ചിരിച്ചു, കളിച്ചു, രസിച്ചു. ഒരു പരിഷത്ത് പ്രവർത്തകനെന്ന നിലയിൽ അനേകം യോഗങ്ങളിൽപ്പോയി കൊച്ചു കുട്ടികളോട് പ്രകൃതിയെപ്പറ്റി സംസാരിച്ച പരിശീലനവും പുസ്തകമെഴുതാൻ സഹായിച്ചു. അങ്ങനെ പല കാരണങ്ങളാലാണ് ഒരാഴ്ചകൊണ്ട് പുസ്തകമെഴുതിത്തീർക്കാൻ സാധിച്ചത്.

കൈയെഴുത്തു പ്രതിയുമായി പ്രസാദ് മാസ്റ്ററുടെയടുത്ത് ചെന്നു. അദ്ദേഹം അന്ന് തൃപ്പൂണിത്തുറയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. അത്യാവശ്യമായ ആപ്പീസ് പണികൾ തീർത്തിട്ട് അദ്ദേഹം തന്റെ ആപ്പീസു മുറിയടച്ചിരുന്ന് പുസ്തകം ഒരൊറ്റയിരുപ്പിൽ വായിച്ചു. ഇടയ്ക്ക് പ്രസാദ് ശൈലിയിൽ കമന്റുകളും ആസ്വാദനവുമായി പുസ്തകം വായിച്ചു തീർത്തിട്ട് അദ്ദേഹം പറഞ്ഞു. "ഒരു മാറ്റവും വേണ്ടടോ. വളരെ നന്നായിട്ടുണ്ട്. സർപ്പക്കാവിനെപ്പറ്റി വിവരിക്കുന്നിടത്ത് ഓടം എന്ന ചെടിയെപ്പറ്റിക്കൂടി പറയണം. അത് നശിച്ചു കൊണ്ടിരിക്കുകയാണ്."

ഞാൻ ആശ്വാസത്തോടെ കോട്ടയത്തു തിരച്ചെത്തി. ഓടത്തെപ്പറ്റിക്കൂടി എഴുതിച്ചേർത്ത് കൈയെഴുത്തുപ്രതി കാവുമ്പായിക്ക് അയച്ചു കൊടുത്തു. പുസ്തകത്തിന് ഒരു പേരുമിടാതെയാണ് അയച്ചത്. പേരിടൽ കാവുമ്പായി നടത്തട്ടെ എന്ന് നിശ്ചയിച്ചു. കാവുമ്പായി പുസ്തകം വായിച്ച് തീർന്നപ്പോൾ പേരും കണ്ടെത്തി. പുസ്തകത്തിന്റെ പതിനൊന്നാം അദ്ധ്യായത്തിന് ഞാൻ [ 9 ] നൽകിയിരുന്ന പേര് "വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം" എന്നായിരുന്നു. പുസ്തകത്തിനും ആ പേരുമതി എന്ന് കാവുമ്പായി തീരുമാനിച്ചു.

അങ്ങനെ 1985 ആഗസ്റ്റിൽ പുസ്തകം പുറത്തു വന്നു. അതിന് അന്ന് ലഭിച്ച സ്വീകരണം ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ വലുതായിരുന്നു. അനേകം കുട്ടികളും മുതിർന്നവരും പുസ്തകം വായിച്ച് എനിക്ക് കത്തുകളെഴുതി. അവരുടെ സ്നേഹനിർഭരമായ കത്തുകൾ എനിക്ക് എത്രമാത്രം ആവേശകരമായിരുന്നു എന്നോ!

വർഷം ഒന്നു കഴിഞ്ഞു. 1986 ഡിസംബറിൽ ഒരു ദിവസം ഉച്ചയ്ക്ക് ശ്രീമാൻ ഡി. സി. കിഴക്കേമുറിയുടെ ഫോൺ വരുന്നു. "അഭിനന്ദനങ്ങൾ" അദ്ദേഹം നാടകീയമായി പറഞ്ഞു. "എന്തിനാണു ഡീസീ?" ഞാൻ അത്ഭുതത്തോടെ തിരക്കി. "അല്ലാ ശിവദാസല്ലേ അവാർഡിനു പുസ്തകമയച്ചത്?" "അല്ലല്ലോ. ഏതു പുസ്തകം? ഏത് അവാർഡിന്?" കാര്യം മനസ്സിലാകാതെ ഞാൻ ചോദിച്ചു. "എന്നാൽ കേട്ടോളൂ കൈരളി ബുക്ക് ട്രസ്റ്റിന്റെ ഈ വർഷത്തെ ബാലസാഹിത്യ അവാർഡ് ശിവദാസിന്റെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിനാണ്. പരിശോധകരുടെ മാർക്ക് ഇപ്പോൾ കൂട്ടി നോക്കിയതേയുള്ളൂ". ഡി.സി. കാര്യം പറഞ്ഞു. പിന്നീടാണ് ഞാൻ അതിന്റെ രഹസ്യം അറിഞ്ഞത്. പത്രത്തിലെ വാർത്ത കണ്ട് കാവുമ്പായി പുസ്തകമയക്കാൻ ശ്രീ വി. എം. രാജമോഹനോട് പറഞ്ഞു. രാജമോഹനാണ് പുസ്തകം അവാർഡിനായി അയച്ചു കൊടുത്തത്. അക്കാര്യം എന്നെ അറിയിച്ചില്ലെന്നു മാത്രം.

ഏതായാലും ആ അവാർഡും ഈ പുസ്തകത്തിനു കൂടുതൽ പ്രചാരം ലഭിക്കാൻ കാരണമായി. വർഷം വീണ്ടും ഒന്നു കഴിഞ്ഞു. അപ്പോൾ ഒരു ദിവസം തിരുവനന്തപുരത്തു നിന്നും ശ്രീമാൻ കെ. കെ. കൃഷ്ണകുമാർ ആഹ്ലാദപൂർവ്വം വിളിക്കുന്നു, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിനു രണ്ടാമതൊരു അവാർഡു കൂടി ലഭിച്ചിരിക്കുന്ന വിവരം വിളിച്ചു പറയുകയായിരുന്നു. "കൃകു". കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മറ്റിയുടെ ബാലശാസ്ത്രസാഹിത്യത്തിനുള്ള ഒന്നാമത്തെ അവാർഡ്! അതിനിടെ ഒരിക്കൽക്കൂടി ഈ പുസ്തകം യുറീക്കാ പരീക്ഷയ്ക്ക് പാഠപുസ്തകവുമായി. ഇങ്ങനെ പല കാരണങ്ങൾ മൂലം പുസ്തകത്തിന്റെ അനേകായിരം കോപ്പികൾ വിൽക്കാനും കഴിഞ്ഞു.

കേരളത്തിലെ ജനങ്ങളിൽ പ്രകൃതി ബോധം വളർത്താൻ ശാസ്ത്രസാഹിത്യ പരിഷത്ത് [ 10 ] നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടല്ലോ. പ്രകൃതിബോധം ജനങ്ങളിലെത്തിക്കുക ഒരു ജീവിത ലക്ഷ്യമായിക്കണ്ട് സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പരിഷത്ത് പ്രവർത്തകർ കേരളത്തിലുണ്ട്. അവരാണ് ഈ പുസ്തകത്തിന്റെ പതിനായിരക്കണക്കിന് കോപ്പികൾ കേരളത്തിലെ വീടുകളിൽ എത്തിച്ചത്. അവരോട് നന്ദി പറയാൻ ഞാൻ അശക്തനാണ്.

മ്യൂനിച്ചിൽ വച്ച് അവിടുത്തെ ഇന്റർനാഷണൽ യൂത്ത് ലൈബ്രറിയുടെ ഡെപ്യൂട്ടി ഡയറക്ടർ മിസിസ് ലയോബാബെറ്റന്നോട് ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ അവർ അതിശയിച്ച് ഇരുന്നു പോയി "ഈ പുസ്തകത്തിന്റെ അഞ്ച് എഡിഷൻ ഇറങ്ങിയെന്നോ! അവിശ്വസനീയം. ജർമ്മനിയിൽപോലും ഒരു ബാലസാഹിത്യ കൃതിയുടെ ഇത്രയേറെ കോപ്പികൾ വിൽക്കാൻ പറ്റില്ല" അവർ അങ്ങനെ പറഞ്ഞുപോയി. പക്ഷേ കേരളത്തിലെ പരിഷത്ത് പ്രവർത്തകർ ആ അത്ഭുതകൃത്യം നിർവ്വഹിച്ചിരിക്കുന്നു എന്നതാണ് സത്യം.

1985-ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങിയതിനുശേഷം ലോകം തന്നെ എന്തു മാറി. സുസ്ഥിരമായ വികസനം (sustainable development) എന്ന ആശയത്തിന് കൂടുതൽ പ്രചാരം ലഭിച്ചു. ഒരു ഭൗമ ഉച്ചകോടി വരെ നടന്നു! ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ കാലിക പ്രാധാന്യമുള്ള പുതിയ ആശയങ്ങൾ കൂടി എഴുതിച്ചേർത്ത് പരിഷ്കരിച്ചതാണ് ഈ പുതിയ പതിപ്പ്.

ഇതാണ് വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിന്റെ വായിച്ചിരിക്കേണ്ട കഥ.

പ്രകൃതി നശിച്ചാൽ മനുഷ്യനും നശിക്കും. വളരുന്ന തലമുറയ്ക്ക് ഈ ബോധം ഉണ്ടാകണം. പ്രകൃതിയേയും അതുവഴി മനുഷ്യരേയും രക്ഷിക്കാൻ ഭാവിയിൽ രംഗത്തിറങ്ങേണ്ടവരാണ് ആ കുട്ടികൾ. അവർക്ക് പ്രകൃതിബോധമുണ്ടാകാൻ ഈ പുസ്തകം ഒരളവുവരെയെങ്കിലും സഹായിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

പ്രൊഫ. എസ്. ശിവദാസ്
പ്രശാന്ത്, അണ്ണാൻകുന്ന്,
കോട്ടയം - 1