താൾ:Vayichalum vayichalum theeratha pusthakam.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വാഗ്ദാനവും അദ്ദേഹം ഫോണിലൂടെ തന്നു.

അങ്ങനെ ഞാൻ പുസ്തകമെഴുതാൻ നിർബന്ധിതനായി. പുസ്തകം ഏതു രൂപത്തിലാകണം, അതിലൂടെ കുട്ടികളോട് എന്തൊക്കെ പറയണം, ആരൊക്കെ കഥാപാത്രങ്ങളാകണം, തുടക്കം എങ്ങനെ വേണം....എന്നൊക്കെ ആലോചിച്ച് ഞാൻ ഒരാഴ്ച നടന്നു. അതിനിടെ കാവുമ്പായി വീണ്ടും ഫോണിൽ വിളിച്ചു. "പുസ്തകം എവിടം വരെയായി?" "എഴുതിത്തീരാറായി" എന്ന് ഞാൻ ഒരു കള്ളവും പറഞ്ഞു. ഫോണിൽ പറയുമ്പോൾ മുഖത്ത് നോക്കേണ്ടല്ലോ. പിന്നെ ആ ചൂടിൽ ഒറ്റയിരുപ്പിരുന്ന് ഒരാഴ്ച കൊണ്ട് ഇത് പൂർണ്ണമായും എഴുതി തീർത്തു. സത്യം പറഞ്ഞാൽ, എഴുതിത്തുടങ്ങിയപ്പോൾ എഴുത്ത് വളരെ എളുപ്പമായി. കാരണമുണ്ട്, ഒന്നാമതായി ഇതെഴുതാൻ വേറെ പുസ്തകങ്ങളൊന്നും പരിശോധിക്കേണ്ടതില്ലായിരുന്നു. സ്വന്തം അനുഭവങ്ങളാണ് എഴുതിയത്. പ്രകൃതിയോട് ഇഴുകിച്ചേർന്ന് ഞാൻ ജീവിച്ച ബാല്യകാലത്തെ അനുഭവങ്ങൾ. കുളത്തിൽ ചാടി മറിഞ്ഞപ്പോൾ നിക്കർ പോയതും നീർക്കോലി കടിച്ചതുമെല്ലാം അന്നത്തെ അനുഭവങ്ങളായിരുന്നു. അവയൊക്കെ അതേപടി എഴുതാൻ എളുപ്പമാണല്ലോ. ഞാനും പുസ്തകത്തിലെ ഒരു കഥാപാത്രമായി ചിരിച്ചു, കളിച്ചു, രസിച്ചു. ഒരു പരിഷത്ത് പ്രവർത്തകനെന്ന നിലയിൽ അനേകം യോഗങ്ങളിൽപ്പോയി കൊച്ചു കുട്ടികളോട് പ്രകൃതിയെപ്പറ്റി സംസാരിച്ച പരിശീലനവും പുസ്തകമെഴുതാൻ സഹായിച്ചു. അങ്ങനെ പല കാരണങ്ങളാലാണ് ഒരാഴ്ചകൊണ്ട് പുസ്തകമെഴുതിത്തീർക്കാൻ സാധിച്ചത്.

കൈയെഴുത്തു പ്രതിയുമായി പ്രസാദ് മാസ്റ്ററുടെയടുത്ത് ചെന്നു. അദ്ദേഹം അന്ന് തൃപ്പൂണിത്തുറയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. അത്യാവശ്യമായ ആപ്പീസ് പണികൾ തീർത്തിട്ട് അദ്ദേഹം തന്റെ ആപ്പീസു മുറിയടച്ചിരുന്ന് പുസ്തകം ഒരൊറ്റയിരുപ്പിൽ വായിച്ചു. ഇടയ്ക്ക് പ്രസാദ് ശൈലിയിൽ കമന്റുകളും ആസ്വാദനവുമായി പുസ്തകം വായിച്ചു തീർത്തിട്ട് അദ്ദേഹം പറഞ്ഞു. "ഒരു മാറ്റവും വേണ്ടടോ. വളരെ നന്നായിട്ടുണ്ട്. സർപ്പക്കാവിനെപ്പറ്റി വിവരിക്കുന്നിടത്ത് ഓടം എന്ന ചെടിയെപ്പറ്റിക്കൂടി പറയണം. അത് നശിച്ചു കൊണ്ടിരിക്കുകയാണ്."

ഞാൻ ആശ്വാസത്തോടെ കോട്ടയത്തു തിരച്ചെത്തി. ഓടത്തെപ്പറ്റിക്കൂടി എഴുതിച്ചേർത്ത് കൈയെഴുത്തുപ്രതി കാവുമ്പായിക്ക് അയച്ചു കൊടുത്തു. പുസ്തകത്തിന് ഒരു പേരുമിടാതെയാണ് അയച്ചത്. പേരിടൽ കാവുമ്പായി നടത്തട്ടെ എന്ന് നിശ്ചയിച്ചു. കാവുമ്പായി പുസ്തകം വായിച്ച് തീർന്നപ്പോൾ പേരും കണ്ടെത്തി. പുസ്തകത്തിന്റെ പതിനൊന്നാം അദ്ധ്യായത്തിന് ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/8&oldid=172244" എന്ന താളിൽനിന്ന് ശേഖരിച്ചത്