താൾ:Vayichalum vayichalum theeratha pusthakam.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പക്ഷേ, ഇന്നലെ രാത്രി കഴുതയെ കാണാനില്ല! ആരോ തട്ടിക്കൊണ്ടു പോയി. രാവിലെ തൊഴുത്തിൽ കഴുതയുമില്ല കയറുമില്ല! അയാൾ അതു കണ്ട് കഴുതയെപ്പോലെ കരഞ്ഞു. കുട്ടികൾ കൂടെ കരഞ്ഞു. കരഞ്ഞാൽ കഴുതയെ കിട്ടുമോ? ഇല്ല. "നിങ്ങൾ വെറുതെ കിടന്ന് മോങ്ങാതെ പുറത്തിറങ്ങി കഴുതയെ അന്വേഷിക്കണം." അയാളുടെ ഭാര്യ പറഞ്ഞു. അതുകേട്ട് കഴുതക്കാരൻ രാവിലെ മുതൽ റോഡിലൂടെ നടന്നു. കാണുന്നവരോടെല്ലാം 'കഴുതയെ കണ്ടോ' എന്ന് തിരക്കി. അവരാരും അയാളുടെ കഴുതയെ കണ്ടില്ലെന്നു പറഞ്ഞു. അങ്ങനെ കരഞ്ഞും നടന്നും തളർന്നു വന്ന് സത്രത്തിലിരിക്കുകയാണ് കഴുതക്കാരൻ. "ഞാനും കുടുംബവും പട്ടിണിയാകും" കഴുതക്കാരൻ കരഞ്ഞു പറഞ്ഞു.

കഴുതക്കാരന്റെ കഥ കേട്ടിരുന്ന കച്ചവടക്കാരൻ ഇടക്കു ചോദിച്ചു:

"നിങ്ങളുടെ കഴുതയുടെ ഒരു കാലിന് മുടന്തുണ്ട്, ഇല്ലേ?"

കഴുതക്കാരൻ അതുകേട്ട് അത്ഭുതപ്പെട്ടു. ഇത്ര കിറുകൃത്യമായ് അതെങ്ങനെ കച്ചവടക്കാരൻ അറിഞ്ഞു എന്ന് അതിശയിച്ചു. സന്തോഷത്തോടെ അയാൾ പറഞ്ഞു:

"ശരിയാ കൂട്ടുകാരാ, നിങ്ങൾ കണ്ടത് എന്റെ കഴുതയെ തന്നെ."

കച്ചവടക്കാരൻ കുറെ നേരം കൂടി ആലോചിച്ചിട്ട് വീണ്ടും ചോദിച്ചു.

"ആ കഴുതയ്ക്ക് ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ. എന്താ ശരിയല്ലേ?"

കഴുതക്കാരന് വളരെ സന്തോഷമായി. "ശരിയാ എന്റെ പൊന്നു സുഹൃത്തേ. ഇനി സംശയിക്കേണ്ട നിങ്ങൾ എവിടെയാണ് അതിനെ കെട്ടിയിട്ടിരിക്കുന്നത്? എനിക്കവനെ ഉടനെ കാണണം." കഴുതക്കാരൻ ധൃതി കൂട്ടി.

കച്ചവടക്കാരൻ അതൊന്നും ശ്രദ്ധിച്ചതേയില്ല. അദ്ദേഹം വീണ്ടും ആലോചനയിലായിരുന്നു. പെട്ടെന്നു പുഞ്ചിരിച്ചുകൊണ്ട് തല ഉയർത്തി വീണ്ടും ചോദ്യമായി:

"അവന്റെ ഒരു വശത്തെ പല്ലുകളൊക്കെ കൊഴിഞ്ഞുപോയതാണോ എന്നാണെന്റെ സംശയം"

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/12&oldid=172170" എന്ന താളിൽനിന്ന് ശേഖരിച്ചത്