ജി. പി./അനുബന്ധങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
അനുബന്ധങ്ങൾ
[ 98 ]
അനുബന്ധങ്ങൾ


അനുബന്ധം ൧


“കേരളീയൻ” ഇംഗ്ലീഷിൽ എഴുതിയ “തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭണത്തിന്റെ ജനയിതാവു്: ജി. പരമേശ്വരൻ പിള്ള” എന്ന ഗ്രന്ഥത്തെപ്പറ്റി പല പ്രമുഖ വ്യക്തികളും പത്രങ്ങളും പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ ചിലതാണ് താഴെ ചേർത്തിരിക്കുന്നത്.


റംവുബഹദൂർ ജി. ശങ്കരപ്പിള്ള, (റിട്ട. ഹൈക്കോടതി ജഡ്ജി, തിരുവിതാംകൂർ):

“മഹാനും നിസ്തുലനുമായ ജി.പി. യെപ്പറ്റിയുള്ള മനോഹരമായ ഒരു ലഘുഗ്രന്ഥമാണിതു്.... ഈ സുന്ദരസൃഷ്ടിക്ക് “കേരളീയൻ” തികച്ചും അനുമോദനാർഹനാണു്. ഇത് പ്രതിപാദ്യവിഷയത്തിന് അനുയോഗ്യമായ ഒരു കൃതിതന്നെയാണ്. വസ്തുതകൾ അനതിവിസ്തരമായി, വ്യക്തിമായി, ആകൎഷകമായി, അതിശയോക്തിയുടെ സ്പൎശമില്ലാതെ കറതീൎന്ന ഇംഗ്ലീഷിൽ പ്രതിപാദിച്ചിട്ടുണ്ട്........ ഇതിൽ പ്രദൎശിപ്പിച്ചിരുന്ന ചിത്രങ്ങൾ യാഥാൎത്ഥ്യങ്ങളുടെ തനിപ്പകൎപ്പാണെന്നു നിസ്സംശയം പറയാം. അനന്തരകാലങ്ങളിൽ വലുപ്പത്തിലും ശക്തിയിലും വളരെ വളൎന്ന്, അഖിലഭാരതപ്രസ്ഥാനങ്ങളുടെ പിന്തുണയോടൂകൂടി ലക്ഷ്യത്തിലെത്താൻപോകുന്ന ഒരു ജനകീയപ്രസ്ഥാനം തിരുവിതാംകൂറിൽ ആരംഭിച്ച പ്രശസ്തനും പ്രഥമഗണനീയനുമായ ഒരു വ്യക്തിയാണ് ഈ സ്മാരകഗ്രന്ഥത്തിലെ നായകൻ. സകലരുടേയും ശ്രദ്ധ ഇന്നത്തെ ജനകീയ നേതാക്കന്മാരിലേക്കും തിരിഞ്ഞിരിക്കുന്ന ഈ ആനന്ദവേളയിൽ, ആരുടെ ധൈൎയ്യത്തിലും രാജ്യസ്നേഹത്തിലും ആത്മത്യാഗത്തിലും അടിയുറച്ചു് തിരുവിതാംകൂറിലെ ജനകീയപ്രസ്ഥാനം ഉടലെടുത്തുവോ, ആ മഹാനെപ്പറ്റി നാം കൃതജ്ഞതാപുരസ്സരം സ്മരിക്കുന്നതു് കേവലം ഔചിത്യദിക്ഷ മാത്രമായിരിക്കും. പരിപാവനമായ ആ കൎത്തവ്യം വഞ്ചിനാട്ടുകാരെ ഓൎമ്മിപ്പിക്കുവാൻ ഈ ലഘുഗ്രന്ഥം പൎയ്യാപ്തമാണ്. അങ്ങനെ ഇത് അതിപ്രധാനമായ ഒരു ഉദ്ദേശത്തോടുകൂടിയ ഒരു കാലോചിതപ്രസിദ്ധീകരണമാണു്.”

[ 99 ]

രാജശ്രീ എം. രാജരാജവൎമ്മ അവർകൾ:

“നിങ്ങളുടെ ലഘുഗ്രന്ഥം എന്റെ സ്മരണകളെ തട്ടിയുണൎത്തി കാലം അതിവേഗം കുതിച്ചു പായുകയാണെന്ന് എനിക്കു തോന്നി. പ്രിയപ്പെട്ട ജി.പി. യുടെ കാലം കഴിഞ്ഞു, നാം വളരെയധികം മുന്നോട്ടു പോയിട്ടുണ്ടു്. ഇന്നു വികാരത്തിന്റെ ചൂടുപിടിച്ച ഒരു അന്തരീക്ഷത്തിലാണു നാം ജീവിക്കുന്നതു്. അധസ്ഥിതന്റെ നില നന്നാക്കി, അങ്ങനെ സാമൂഹ്യവ്യവസ്ഥിതിയിൽ ഒരു പരിവൎത്തനം ഉണ്ടാക്കുവാനുള്ള പ്രവൎത്തനങ്ങൾക്ക് ബീജാവാപം ചെയ്ത മഹത്വം അദ്ദേഹത്തിൻറേതായിരുന്നു.”

ഷെവലിയർ റംവുബഹദൂർ ഏ. എം. മുത്തുനായകം, കെ. എസ്. ജി. (റിട്ട: ഹൈക്കോടതി ജഡ്ജി, തിരുവിതാംകൂർ):

“ഈ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന പല സംഭവങ്ങളും ഞാൻ ഇന്നു ഓർക്കുന്നു. വിശദമായ പ്രതിപാദനംകൊണ്ടു് എന്റെ ഓൎമ്മ ഒന്നു പുതുക്കുവാൻ സാധിച്ചു. ജി. പി. തിരുവനന്തപുരം വിട്ടതിനുശേഷം അദ്ദേഹത്തിന്റെ മദ്രാസിലെ ജീവതകാലത്ത് എനിക്ക് അദ്ദേഹവുമായി നേരിട്ടുള്ള സന്പൎക്കമൊന്നുമില്ലായിരുന്നു. പക്ഷെ ഒരു പത്രപ്രവൎത്തകനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ശോഭനജീവിതം ഞാൻ വലിയ താൽപൎയ്യത്തോടുകൂടി വീക്ഷിച്ചുകൊണ്ടാണിരുന്നതു്....... ഈ പുസ്തകത്തിൽ ഒരു ഭാഗത്ത് “ഒരു അഭിഭാഷകനെന്ന നിലയിൽ ജി.പി. വളരെ വേഗത്തിൽ ഉയൎന്ന്, ചുരുങ്ങിയ കാലത്തിനഉള്ളിൽ അദ്ദേഹം ബാറിലെ പ്രാമുഖ്യമൎഹിക്കുന്ന ഒര വ്യക്തിയായിത്തീൎന്നു, എന്നു പറഞ്ഞിരിക്കുന്നതിൽ അശേഷം അതിശയോക്തിയില്ല.”


സദസ്യതിലകൻ റ്റി.കെ. വേലുപ്പിള്ള അവർകൾ:‌

“എത്ര ആനന്ദപ്രദമായ ഒരു ഗ്രന്ഥം! വസ്തുതകൾ തിരഞ്ഞെടുക്കുന്നതിലും ആകൎഷകമായി പ്രതിപാദിക്കുന്നതിലും തികഞ്ഞ ഔചിത്യം തെളിഞ്ഞു കാണുന്നുണ്ട്. മഹാനായ ഒരു വ്യക്തിയുടെ ജീവിതത്തിെലെ ചില വശങ്ങൾ മനോഹരമായി പ്രകാശിപ്പിക്കുന്ന ഈ ലഘുഗ്രന്ഥത്തിൽനിന്നു വളരെയധികം പഠിക്കുവാനുണ്ടു്......

[ 100 ]

ഒരിക്കലെങ്കിലും അദ്ദേഹത്തെ ഒന്നു കാണുകയോ അദ്ദേഹത്തിൻറെ തൂലികാവിലാസം ആസ്വദിക്കുകയോ ചെയ്തിട്ടുള്ളവൎക്ക് ആ വ്യക്തിപ്രഭാവം മറക്കാൻ സാദ്ധ്യമല്ല. ആധുനികയുഗത്തിലെ ഏറ്റവും മഹാന്മാരായ വ്യക്തികൾ ജി. പി - യെ അറിഞ്ഞു് ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തതിൽ അത്ഭുതമില്ല. നമ്മുടെ ആദൎശങ്ങൾ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ സ്വഭാവശുദ്ധിയേയും സംസ്കാരത്തെയും രാജ്യസ്നേഹത്തേയും അഭിനന്ദിക്കുവാൻ ദൈവദത്തമായി നമുക്കുള്ള കഴിവു് ബാഹ്യമായ മാറ്റങ്ങളെ അതിജീവിക്കും.

അതെ, ജി. പി. തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ജനയിതാവായിരുന്നു. ഇവിടെ മാത്രമല്ല, സഹ്യാദ്രിക്കപ്പുറത്തും അതിന്റെ അസ്ഥിവാരം അദ്ദേഹം ഉറപ്പായും വെടിപ്പായും പടുത്തു കെട്ടി തന്റെ നാട്ടുകാരിൽ ഉറങ്ങിക്കിടന്നിരുന്ന രാജ്യസ്നേഹത്തെ സജീവമാക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. യൗവ്വനത്തിന്റെ തികവിൽ നമ്മുടെ ഇടയ്ക്കുനിന്നു അദ്ദേഹം അപഹൃതനായിട്ട് നാല്പത്തിയഞ്ചു വൎഷങ്ങളായി പക്ഷേ ഇന്നും എന്നും മാസ്മരശക്തിയുള്ളതാണ് ആ നാമം. ആ സ്മരണയെ നിലനിൎത്തുവാൻ ഈ ലഘുഗ്രന്ഥം ഉപകരിക്കുമെന്നുള്ളത് സന്തോഷപ്രദമാണ്.


മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ അവൎകൾ :

പ്രമുഖനായ ആ ദക്ഷിണേന്ത്യൻ പ്രചാരകന്റെ മഹത്തും ഉജ്വലവുമായ സ്മരണയുടെ മുമ്പിൽ കാലോചിതമായ ഒരു ബഹുമാന പ്രകടനമാണ് ഇത്. മി. ജി. പരമേശ്വരൻപിള്ള തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ജനയിതാവു മാത്രമല്ലായിരുന്നു, അദ്ദേഹം മറ്റു പലതും കൂടിയായിരുന്നു. നിങ്ങൾ എഴുതികൊണ്ടിരിക്കുന്ന പൂൎണ്ണമായ ജീവചരിത്രം പ്രസിദ്ധീകൃതമാകുമ്പോൾ ഭാരതീയജനത സമുത്സുകമായ താത്പൎയ്യത്തോടുകൂടി അതു വായിക്കുമെന്നുള്ളതിനു സംശയമില്ല. ഒരു രാഷ്ട്രീയപ്രക്ഷോഭകന്റെ ജീവിതം പൂവിരിച്ചതല്ലായിരുന്ന ആ കാലത്തു്, ഭാരതത്തിലെ പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിൽ വിദൂരസ്ഥയായ തിരുവിതാംകൂറിനു ഗണ്യമായ ഒരു സ്ഥാനം ഉണ്ടായിരുന്നു എന്നു കാണിക്കുവാൻ അങ്ങനെ ഒരു പ്രസിദ്ധീകരണം ആവശ്യമാണ്‌.”

[ 101 ]

ശ്രീ. കെ നാരായണൻ പണ്ടാല, (റിട്ട: ചീഫ് സെക്രട്ടറി, തിരുവിതാംകൂർ):

“ക്ഷീണിച്ചുവരുന്ന ദേഹസ്ഥിതിയും അതിലും പരിക്ഷീണമായ കാഴ്ചയുംകൊണ്ട് ഈയിടെയായി ഞാൻ അധികം വായിക്കാറില്ല. പക്ഷേ ഈ ലഘുഗ്രന്ഥം ഒരേ ഇരിപ്പിൽ മുഴുവൻ വായിച്ചുതീൎക്കത്തക്ക വിധം അതു് അത്ര രസകരമായി തോന്നി..... ജി. പി. യുടെ മഹാജ്യോതിസ്സിനു മുമ്പിൽ വെറും ജ്യോതിശ്ശകലങ്ങളായി തോന്നുന്ന പലരേയും ഇന്ന് ആരാദ്ധ്യപുരഷന്മാരായി കൊണ്ടാടാറുണ്ട്. ജി. പി. യുടേതുപോലെ അത്ര ഹ്രസ്വവും, അതേ സമയത്തു് വമ്പിച്ച നേട്ടങ്ങൾകൊണ്ടു നിറഞ്ഞതും ആയ ഒരു ജീവിതത്തിന്റെ സ്മരണ എന്നെന്നും നിലനിൎത്തണം. സമ്പൂൎണ്ണമായ ഒരു ജീവചരിത്രം പ്രസിദ്ധികൃതമായാൽ അദ്ദേഹത്തിന് അനുയോഗ്യമായ ഒരു സ്മാരകം സ്ഥാപിക്കുവാൻ യഥാൎത്ഥമായ ദേശഭ്കതിയാൽ പേരിതരായ പൊതു ജനങ്ങൾ മുമ്പോട്ടു വരുമെന്നുള്ളത് നിസ്സന്ദേഹമാണ്.”

ഇശൈ കവിഅരശു റ്റി. ലക്ഷ്മണൻപിള്ള:

“മി.ജി. പരമേശ്വരൻപിള്ളി യഥാൎത്ഥത്തിൽ തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ജനയിതാവായിരുന്നു. എന്നുമാത്രമല്ല, ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുമായി അടുത്ത സമ്പൎക്കം പുലൎത്തിയിരുന്ന ഒരു മഹാ വ്യക്തിയും കൂടിയായിരുന്നു. തിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ മഹാന്മാരിൽ ഒരാളുടെ ജീവിതത്തിലെ പ്രധാനഭാഗങ്ങൾ ഈ ഗ്രന്ഥത്തിൽ വളരെ ചുരുങ്ങിയ തോതിലാണെങ്കിലും പ്രതിപാദിച്ചിട്ടുണ്ടു്.”

ശ്രീ. ആർ. വാസുദേവൻ പിള്ള, നെയ്യാറ്റിൻകര:

“തിരുവിതാംകൂറിലെ ഏറ്റവും വലിയ ആ രാജ്യസ്നേഹിയെ—അല്ല, ഭാരതത്തിലെതന്നെ ഏറ്റവും വലിയ മഹാന്മാരിൽ ഒരാളായ ആ മഹാത്മാവിനെ—ആരാധിക്കുന്നവരിൽ ഒരാളാണു ഞാൻ. ഉപദ്രവകാരികളായ വിവിധ ഘടകങ്ങൾ ഈ രാജ്യത്തെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ജനകത്വത്തിന് അവകാശവാദം പുറപ്പെടുവിക്കുകയും തിരുവിതാംകൂർ ആ ശ്രേഷ്ഠനായ രാജ്യസ്നേഹിയെ മറക്കുകയും

[ 102 ]

വിഗണിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ മനോഹരമായ ഈ പ്രസിദ്ധീകരണത്തിനു് താങ്കളേയും രാധ്-ഇന് പ്രസിദ്ധീകരണങ്ങളേയും ഞാൻ അനുമോദിക്കുന്നു.”

ഡാക്ടർ ജി. രാമൻപിള്ള:

“ജീവിതം അതിന്റെ അത്യുച്ചകോടിയിൽ എത്തിയപ്പോൾ ജി. പി. നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹം തന്റെ പങ്കിൽ കൂടുതൽ നിൎവ്വഹിച്ചു. പഴമയുടെ മുമ്പിൽ മൂകരായി കീഴടങ്ങിയിരുന്ന നമ്മെ അദ്ദേഹം തട്ടിയുണൎത്തി. നമ്മെ അഭിമാനം കൊള്ളിക്കുന്ന ഭാരതീയ ദേശാഭിമാനികളുടെ ഇടയ്ക്ക് അതിപ്രധാനമായ ഒരു സ്ഥാനമാണ് അദ്ദേഹം അലങ്കരിക്കുന്നുത്.”

പ്രൊഫസർ ആർ. ശ്രീനിവാസൻ:

ഒരു പ്രമുഖവ്യക്തിയുടെ ജീവിതചിത്രീകരണം ലളിതമായ ഭാഷയിലും അഭികാമ്യമായ രീതിയിലും ഈ ലഘുഗ്രന്ഥത്തിൽ സാധിച്ചിട്ടുണ്ട്. ഏതൊരു വ്യക്തിക്കും ന്യായമായി അഭിമാനിക്കത്തക്ക ഇത്രയധികം നേട്ടങ്ങൾ ഇത്ര ചുരുങ്ങിയ ഒരു കാലത്തിനുള്ളിൽ ഒതുക്കിവച്ച ആ പുത്രനെപ്പറ്റി വഞ്ചിമാതാവിന് യഥാൎത്ഥത്തിൽ അഭിമാനിക്കാം. ഈ പുസ്തകം മുഴുവനും വായിച്ചുതീൎന്നതിനുശേഷമേ അതു താഴെവയ്ക്കുവാൻ എനിക്കു സാധിച്ചുള്ളൂ; അത് അത്ര രസകരമായിരുന്നു. തിരുവിതാംകൂറകാരനായ ഓരോ യുവാവും അഥവാ, ഓരോ തിരുവിതാംകുറുകാരനും ഇതു വായിക്കേണ്ടതാണു്.”

പ്രൊഫസർ പി.ജി. സഹസ്രനാമയ്യർ, റിട്ട. പ്രിൻസിപ്പാൾ, ആർട്ടു്സ്കോളേജ്, തിരുവനന്തപുരം:

ഇത് എത്രയും ഭംഗിയായി രചിക്കപ്പെട്ടിട്ടുള്ള ഒരു പുസ്തകം തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ ദ്വിതീയപാദത്തിൽ ഉണ്ടായിട്ടുള്ള ലഘുജീവചരിത്ര പരന്പരയിൽ അഗ്രിമസ്ഥനമുള്ള ഒരു ഗ്രന്ഥമാണിതു്...... ഞാൻ മദ്രാസ് പ്രസിഡൻസി കോളേജിൽ വിദ്യാൎത്ഥിയായിരുന്ന കാലത്ത് ജി.പി. മദ്രാസിൽ സൎവ്വത്ര ആകൎഷണകേന്ദ്രമായ ഒരു നാമമായിരന്നു..... ജി.പി. ജനിച്ച പരിപാവനമായ നാട്ടിൽനിന്നു

[ 103 ]

വന്നവനാണ് താൻ എന്ന അഭിമാനത്താൽ അക്കാലം ഓരോ മലയാളി വിദ്യാൎത്ഥിയും പുളകംപൂണ്ടിരുന്നു.”

ഫ്രീ ഇൻഡ്യാ, മദ്രാസ്, (൧൯൨൮ ഫെബ്രുവരി ൨൯):

പരേതനായ ജി. പരമേശ്വരൻപിള്ളയുടെ ഈ ജീവചരിത്രസംഗ്രഹം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലെ സാമുദായികവും രാഷ്ട്രീയവുമായ വ്യവസ്ഥിതയെ നമ്മുടെ മുന്പിൽ പുനസംവിധാനം ചെയ്യുകയും തിരുവിതാംകൂറുകാരുടെ രാഷ്ട്രീയ പ്രബ്യദ്ധതയ്ക്കു മി. പിള്ളയോടുള്ള കടപ്പാട് എത്രമാത്രമെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. തിരുവിതാംകൂറിലെ ദുൎഭരണം ലോകസമക്ഷം തുറന്നുകാണിക്കുകയും ഭാരതത്തിന്റെ മുഴുവൻ ശ്രദ്ധ ആ സംസ്ഥാനത്തിൽ കേന്ദ്രീകരിപ്പിക്കുകയും ചെയ്ത ഒരു പ്രക്ഷോഭകാരിയായിരുന്നു അദ്ദേഹം അദ്ദേഹം മൎദ്ദിതരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുകയും മൎദ്ദകരെ വൎഗ്ഗഭേദമെന്യേ നിഷ്കരണം വിമൎശിക്കുകയും ചെയ്തിരുന്ന “മദ്രാസ് സ്റ്റാൻഡാർഡിന്റെ” പത്രാധിപരായിരുന്നു. തന്റെ പ്രവൃത്തികൊണ്ട് അന്നത്തെ പ്രമുഖ കോൺഗ്രസ്സ് പ്രവൎത്തകനായിരുന്ന അദ്ദേഹം. തിരുവിതാംകൂറിലെ നിശ്ചലമായിരുന്ന അന്തരീക്ഷത്തിൽ ചില ചലനങ്ങൾ സൃഷ്ടിച്ചത് മി: പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇപ്പോൾ ഫലിച്ചുതുടങ്ങി. അതുകൊണ്ട് ഈ ഗ്രന്ഥകാരൻ അദ്ദേഹത്തെ “തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ജനയിതാവ്” എന്നു ചിത്രീകരിച്ചരിക്കുന്നത് ഉചിതമായിരിക്കുന്നു.”

ലീഡർ, അലഹബാദ്, (൧൯൨൮ മാൎച്ച് ൨൧):

സർ സി.പി. രാമസ്വാമിഅയ്യർ സംസ്ഥാനം വിട്ടുപോവുകയും സംസ്ഥാനം ഇന്ത്യൻ ഡൊമിനിയനിൽ ചേരുകയും ചെയ്തതോടുകൂടി തിരുവിതാംകൂറിൽ രാഷ്ട്രീയപ്രക്ഷോപണത്തിനു സ്ഥാനമില്ലാതെ ആയിട്ടുണ്ട്. എങ്കിലും ഈ ഗ്രന്ഥത്തിന്റെ ആകൎഷകത്വത്തിന് അതുകൊണ്ട് ഒരു കോട്ടവും തട്ടിയിട്ടില്ല. ജി. പരമേശ്വരൻപിള്ള തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന് അസ്ഥിവാരം പടുത്തത്

[ 104 ]

എങ്ങനെയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങൾ നമുക്ക് കാണിച്ചുതരുന്നു. അദ്ദേഹം ഒരു വിദ്യാൎത്ഥിയായിരുന്നപ്പോൾ തന്നെ ഗുപ്തനാമധേയത്തിൽ ലേഖനങ്ങളെഴുതി നാട്ടുകാരുടെ രാഷ്ട്രീയബോധത്തെ തട്ടിയുണൎത്തി. “തിരുവിതാംകൂർ തിരുവിതാംകൂറുകാൎക്ക്” എന്ന അവകാശവാദവുമായി മുന്നോട്ടുവന്നതിന് അദ്ദേഹം വിദ്യാലയത്തിൽനിന്നും ബഹിഷ്കൃതനായി. ജി. പി. സംസ്ഥാനത്തിലെ ജനങ്ങളുടെ ശ്രദ്ധയെ അവരുടെ അവശതകളിലേക്കു കേന്ദ്രീകരിക്കുകയും അവൎക്ക് അവരുടെ മൗലികങ്ങളായ അവകാശങ്ങളിലേക്കു കേന്ദ്രീകരിക്കുകയും അവൎക്ക് അവരുടെ മൗലികങ്ങളായ അവകശങ്ങളെപ്പറ്റിയും ചുമതലകളെപ്പറ്റിയും വ്യക്തമായ ബോധമുണ്ടാക്കുവാൻ അവിശ്രമം പരിശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് പല തിരുവിതാംകൂറുകാരും കൃതജ്ഞതാപുരസ്സരം സ്മരിക്കുന്നുണ്ടു്. തിരുവിതാംകൂറിന്റെ ഈ ശ്രേഷ്ഠസന്താനം സുശക്തങ്ങളായ ലേഖനങ്ങൾകൊണ്ടും ഉജ്ജ്വങ്ങളായ ലഘുലേഖകൾ കൊണ്ടും അവരുടെ ഉന്നമത്തിനായി ദേശാഭിമാനികളെ പ്രവൎത്തനോന്മുഖരാക്കിയതെങ്ങിനെയെന്നു പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം അത്യധികം രസകരമായിട്ടുണ്ടു്.”

കോയമ്പത്തൂർ ടൈംസ്, (൧൯൪൮ മാൎച്ച് ൧൬):

തിരുവിതാംകൂറിലെ പൊതുജനപ്രസ്ഥാനത്തിന്റെ ജനയിതാവും ഏറ്റവും പ്രിയപ്പെട്ട ദേശഭക്തനുമായിരുന്ന ജി.പരമേശ്വരൻ പിള്ളയുടെ ഒരു ചുരുങ്ങിയ ജീവചരിത്രമാണിത്...... ഈ ഗ്രന്ഥം അനൎഘമാണ്. വായിച്ചുതുടങ്ങിയാൽ മുഴുവനാക്കാതെ നിൎത്തുകയില്ല.”

ദി ഇൻഡ്യൻ റീഡേഴ്സ് ഡൈജസ്റ്റ്, ബോംബേ (൧൯൪൮ മാൎച്ച്):

“ഭാരതീയ പത്രപ്രവൎത്തനചരിത്രത്തിലെ ആദ്യനായകന്മാരിലൊരാളായിരുന്നു ജി. പരമേശ്വരൻപിള്ള. “മദ്രാസ് സ്റ്റാൻഡാൎഡു” മായുള്ള അദ്ദേഹത്തിന്റെ ബന്ധം പത്രലോകം സ്നേഹത്തോടും ബഹുമാനത്തോടും സ്മരിക്കും.”

കേരളകൌമുദി (൧൯൪൮ ഫെബ്രുവരി ൮):

പരേതനായ ശ്രീമാൻ ജി. പരമേശ്വരൻപിള്ളയുടെ ഒരു ചുരുങ്ങിയ ജീവചരിത്രമാണ് ഈ ഗ്രന്ഥം. വളരെ ഋജ്ജുവും പ്രസന്നവു

[ 105 ]

മായ ഇംഗ്ലീഷ് ശൈലിയിൽ രചിച്ചിരിക്കുന്ന ഈ ലഘുഗ്രന്ഥം തിരുവിതാംകൂറുകാരുടെ ശ്രദ്ധയ്ക്കു സവിശേഷം പാത്രീഭവിക്കേണ്ട ഒന്നാണ്. ഇന്നുള്ള നമ്മുടെ സകല രാഷ്ട്രീയപ്രബ്ദുതയ്ക്കും ബീജവാപംചെയ്തു ശ്രീമാൻ ജി.പി. യുടെ ജീവചരിത്രവും സ്വഭാവവും മനസ്സിലാക്കുന്നത് രാഷ്ട്രീയമായും, ചരിത്രപരമായും വളരെ ആവശ്യവുമാണ്. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കു വളരെ മുമ്പു തന്നെ ഇന്നാട്ടിൽ രാഷ്ട്രീയപ്രബുദ്ധതയും ദീർഘവീക്ഷണവുമുള്ള ഒരു ഉജ്ജ്വലപ്രഭാവൻ ജീവിച്ചിരുന്നുവെന്നുള്ള കാൎയ്യം ഇന്നത്തെ ലോകം ഇനിയും മനസ്സിലാക്കേണ്ടതായിട്ടാണിരിക്കുന്നതു്. തിരുവിതാംകൂറിലെ സൎക്കാർ സൎവ്വീസു മിക്കവാറും മറുനാട്ടുകാരുടെ കുത്തകയായിരുന്ന അക്കാലത്ത്, ഏകശാസനാധികാരികളായിക്കഴിഞ്ഞ വിദേശയരായ ദിവാൻജിമാരുടെ തോന്നിയവാസങ്ങൾക്ക് ഒരു അങ്കുശവും ശല്യവുമായിട്ടാണു് ജി. പി. യുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. എന്നാൽ വൃക്തിവിരോധത്തിനിടം കൊടുക്കാതെ ആ പ്രക്ഷോഭണം എത്ര ശക്തിയായിത്തന്നെ ജി. പി. നയിച്ചിരുന്നവെന്നുള്ളത് ആ പ്രക്ഷോഭണത്തിന്റെ പരണിതഫലമായി ഉടലെടുത്ത തിരുവിതാംകൂർ മെമ്മോറിയൽ തന്നെ സാക്ഷ്യം വഹിക്കുന്നുമുണ്ടു്. “തിരുവിതാംകൂർ തിരുവിതാംകൂറുകാൎക്ക്” എന്നു പത്തൊൻപതാംനൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജി. പി. ആരംഭിച്ച പ്രക്ഷോഭണം ഇനിയും സാധിക്കേണ്ടതായിട്ടാണിരിക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ടു് ഇന്ത്യയിലെ തദാനിന്തന രാഷ്ട്രമീമാംസകരിൽ അത്യുന്നതമായ ഒരു സ്ഥാനം കരസ്ഥമാക്കിയ ജി.പി.യെ തിരുവിതാംകൂർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജി.പി.യുടെ സൎവ്വംകഷമായ ഒരു ജീവചരിത്രഗ്രന്ഥം അദ്ദേഹത്തിന്റെ പുത്രനായ ശ്രീമാൻ ജി. പി. ശേഖർ എഴുതിക്കൊണ്ടിരിക്കുന്നുവെന്നു പ്രസ്തുത ഗ്രന്ഥത്തിൽ ഒരു കുറിപ്പുകാണുന്നത് ആശ്വാസകരമാണ്....

“ഈ മഹാന്റെ ജീവചരിത്രം സമഗ്രമായി എഴുതേണ്ടത് രാജ്യത്തിന്റെ ഒരു ആവശ്യമാണ്. ഈ ലഘുഗ്രന്ഥം മലയാളത്തിലേയ്ക്കു വിവൎത്തനം ചെയ്യുന്നത് ഉചിതമായ ഒരു കൃത്യമായിരിക്കും.”

സ്വതന്ത്രകാഹളം, (൧൧൨൩ കുംഭം ൧൭)‌:

"തിരുവിതാംകൂറിന് എന്നെന്നും അഭിമാനംകൊള്ളാവുന്ന ഒരു പ്രശസ്തവ്യക്തിയുടെ, "ബാരിസ്റ്റർ ജി.പി. യുടെ” ഹ്രസ്വമെങ്കിലും

[ 106 ]

സംഭവബഹുലമായ ജീവിതത്തെപ്പറ്റി “കേരളിയൻ” ഇംഗ്ളീഷിൽ എഴുതിയിട്ടുള്ള ഒരു ചെറിയ ജീവചരിത്രഗ്രന്ഥമാണ് ഇതു്.

“രാഷ്ട്രീയമായ ജ്ഞാനവും ഉൽബുദ്ധതയും തിരുവിതാംകൂറിൽ മാത്രമല്ല ഇന്ത്യയിൽതന്നെ വളരെ വിരളമായിരുന്ന ഒരു കാലത്ത് എൺപത്തിനാലുസംവത്സരങ്ങൾക്കുമുമ്പു്, തിരുവിതാംകൂറിൽ ജനിച്ച് സ്വന്തം സാമൎത്ഥ്യവും ധീരതയും കൊണ്ടു് ഇൻഡ്യയിൽ മാത്രമല്ല അന്തൎരാഷ്ട്രീയമണ്ഡലങ്ങളിൽപോലും തൻറെ ജയക്കൊടി നാട്ടിയ ഒരു രാഷ്ട്രീയപ്രവൎത്തകനായിരുന്നു. മി.ജി. പരമേശ്വരൻപിള്ള.‌

“ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ സമരത്തിന് ജി.പി. നൽകിയിട്ടുള്ള വിലയേറിയ സഹായസഹകരണങ്ങളെപ്പറ്റി മഹാത്മജി അദ്ദേഹത്തിൻറെ ആത്മകഥാകഥനത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മുപ്പത്തിയൊൻപതുവൎഷം മാത്രം നീണ്ടുനിന്ന ആ ജീവിതം ഇന്ത്യയിലെ അന്നത്തെ രാഷ്ട്രീയ മണ്ഡലത്തിൽ വൻപിച്ചസ്വാധീനം ചെലുത്തിയിരുന്നതായി കാണാം.‌

അനർഹരായ അനവധി വിദേശികളെ തിരുവിതാംകൂർ സൎവീസിൽ കുത്തിച്ചെലുത്തുക മുതലായി അന്നത്തെ ഗവൎമ്മെൻറു കൈക്കൊണ്ടിരുന്ന ദുൎന്നയങ്ങളെ നിശിതമായി വിമൎശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ എഴുതിയതിന് അദ്ദേഹത്തെ അന്നു കാളേജിൽനിന്നു ബഹിഷ്കരിച്ചു. അതിനുശേഷം മദ്രാസിലാണ് അദ്ദേഹം തന്റെ വിദ്യാലയജീവിതം തുടൎന്നത്. ദിവാൻ രാമയ്യങ്കാരുടെ പ്രതികാരദാഹം അവിടെയും അദ്ദേഹത്തെ അലട്ടി, പ്രയാസപ്രചുരങ്ങളായ പരീക്ഷണഘട്ടങ്ങളിൽ അദ്ദേഹത്തിൻറെ കാലുകൾ പതറിയിട്ടില്ല. പിന്നോട്ടു വലിഞ്ഞിട്ടുമില്ല.

“‘മദ്രാസ് മെയിൽ’, ‘മദ്രാസ് സ്റ്റാൻഡാർഡു’ മുതലായ പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രശസ്തമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി, ആനന്ദമോഹൻബോസ്, ദാദാഭായി നവ

[ 107 ]

റോജി. ഡാ: പി .സി റേ തുടങ്ങിയ അന്നത്തെ ഒന്നാംകിട രാഷ്ട്രീയ നേതാക്കന്മാർ ജി.പി.യ്ക്കച്ചിട്ടുള്ള ചില കത്തുകൾ ഈ ഗ്രന്ഥത്തിൽ ചേൎത്തിട്ടുണ്ട്. അന്നത്തെ പൊതുകാൎയ്യജീവിതമണ്ഡലത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം എന്തായിരുന്നു എന്ന് ആ കത്തുകൾ തെളിയിക്കുന്നു. വിപ്ലവകാരിയായ ഒരു രാഷ്ട്രീയ പ്രവൎത്തകൻ, അഭിജ്ഞനും നിൎഭയനുമായ ഒരു പത്രപ്രവൎത്തകൻ സൃഷ്യുന്മുഖനായ ഒരു നിശിത നിരൂപകൻ എന്നീ നിലകളിൽ നിസ്തല്യമായ രാജ്യസേവനം ജി. പി. നിൎവ്വഹിച്ചിട്ടുണ്ടു്.‌

“ഏതാണ്ടു് ഒരു ഇംഗ്ലീഷ്കാരനെപ്പോലെ ഇംഗ്ലീഷ് ഭാഷ കൈകാൎയ്യം ചെയ്യാൻ കഴിവുള്ള കൈകളാണ് ഈ ഗ്രന്ഥകൎത്താവായ കേരളീയനുള്ളതെന്നു നിസ്സംശയം പറയാം. ഒരു ജീവചരിത്രഗ്രന്ഥത്തിന് ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങൾ ഈ ഗ്രന്ഥത്തിൽ ഗണ്യമായി കാണാത്തത് പുസ്തകം ചെറുതായതുകൊണ്ടാണെന്നു സമാധാനിക്കാം.

ഇത്ര വലിയ ഒരു മഹാപുരുഷന്റെ ജീവചരിത്രം മലയാളത്തിൽതന്നെ കൂടുതൽ വിപുലമായ തോതിൽ എഴുതി പ്രസിദ്ധീകരിക്കാൻ കഴിവുള്ള കൈകൾ മുന്നോട്ടുവരണമെന്ന് ഈ സന്ദൎഭത്തിൽ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.”

മലയാളരാജ്യം (൧൯൪൮ മാർച്ചു് ൨൨)

“........ കൌമാരപ്രയം കഴിഞ്ഞ ഒരു വിദ്യാൎത്ഥിയായിരുന്നകാലം മുതൽ കേവലം ൩൯-ാമത്തെ വയസ്സിൽ പരലോകപ്രാപ്തനാകുന്നതു വരെയുള്ള ഹ്രസ്വകാലത്തിനുള്ളിൽ ബഹുവിധ മണ്ഡലങ്ങളിൽ ജി. പി. അനുഷ്ടിച്ചിട്ടുള്ള സേവനങ്ങളേയും സാഹസങ്ങളേയും കാഴ്ചയ്ക്കും കൗതകമുള്ള ഈ പുസത്കത്തിൽ ഏറ്റവും ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്. ഇതു വായിച്ചു കഴിയുമ്പോൾ അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുവാൻ കഴിയുന്നില്ലല്ലോ എന്നൊരു മനഃസ്താപം വായനകാൎക്കു്

[ 108 ]

ഉണ്ടായേക്കാം. എന്നാൽ ഗ്രന്ഥത്തിൽ ഒരു ഭാഗത്തു ചേൎത്തിരിക്കുന്ന ഒരു കുറിപ്പ് ഈ ഖേദം പരിഹരിക്കുന്നതാണ്. എന്തെന്നാൽ ജി. പി. യുടെ പുത്രൻ ജി. പി. ശേഖറുടെ വിദഗ്ദമായ തൂലിക സ്മൎയ്യപുരഷന്റെ ബൃഹത്തായ ഒരു ജീവചരിത്രം രചിക്കുന്നതിൽ ഏൎപ്പെട്ടിരിക്കുകയാണെന്ന് അതിൽ പ്രസ്താവിക്കുന്നുണ്ട്.‌"

“ജി.പിക്കു മുമ്പും തിരുവിതാംകൂറിൽ രാഷ്ട്രീയപ്രക്ഷോഭകർ ഉണ്ടായിട്ടുണ്ട്. വേലുത്തമ്പിദളവ അവരിൽ അഗ്രഗണ്യനത്രേ. എന്നാൽ ആധുനികരീതിയിലും അൎത്ഥത്തിലും ഉള്ള ഒരു പ്രക്ഷോഭണത്തിന്റെ ആരംഭം ഇട്ടത് ജി.പി. തന്നെയാണെന്ന് അഭിപ്രായപ്പെടുന്നതിൽ തെറ്റില്ല. രാജ്യത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തേയും ഉത്തരവാദിത്വശൂന്യതയേയും വിദേശിയാധിപത്യത്തേയും മറ്റു പലവിധ അനീതികളേയും, അക്രമങ്ങളേയും അദ്ദേഹം എതിൎത്തു പോരാടി. അദ്ദേഹം ആരംഭിച്ച ആ പ്രക്ഷോഭണം ഇന്നിതാ ഉത്തരവാദിത്വഭരണപ്രാപ്തിയോടെ ഫലപ്രദമായി എന്നു കാണുന്നതിൽ അദ്ദേഹത്തിന്റെ ആത്മാവ് തീൎച്ചയായും കൃതാൎത്ഥയാൎന്നിരിക്കണം.”

ഇൻഡ്യൻ എക്സ്‌പ്രസ്സ്, (മദ്രാസ്, ഏപ്രിൽ ൧൧, ൧൯൪൮)‌

“തിരുവിതാംകൂറിൽ പ്രായപൂൎത്തി വോട്ടവകാശം നടപ്പിലാക്കിയിരിക്കുന്ന ഈ ഘട്ടത്തിൽ മിക്കവാറും വിസ്മൃതകോടിയിൽ പെട്ടിരുന്ന പ്രസ്തുത രാഷ്ട്രീയപ്രക്ഷോഭകാരിയുടെ ജീവചരിത്രം മുഖേന അദ്ദേഹത്തെകുറിച്ചുള്ള സ്മരണകൾ തിരുവിതാംകൂറിലെ യുവഹൃദയങ്ങളിൽ സജീവമാക്കുവാൻ പ്രസാധകന്മാർ ചെയ്തിരിക്കുന്ന ശ്രമം സമുചിതം തന്നെ. തന്റെ ജീവിതചൎയ്യയുടെ പ്രാംരഭദശയിൽ നമുക്കു രാഷ്ട്രീയ സംസ്കാരബോധം നൽകുവാൻ ശ്രമിക്കുക മാത്രമല്ല, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സുമായി ഒത്തൊരുമിച്ചു പ്രവൎത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇൻഡ്യായെക്കുറിച്ചു ബ്രിട്ടീഷ്കാൎക്ക് അക്കാലത്തുണ്ടായിരുന്ന ഭീമമായ അജ്ഞത നീക്കംചെയ്യത്തക്കവിധം അവൎക്കു ഭാരതീയകാൎയ്യങ്ങളിൽ വേണ്ടുന്ന ബോധനം നൽകേണ്ടതാണെന്നുള്ള വസ്തുത അദ്ദേഹ

[ 109 ]

ത്തിന് ബോദ്ധ്യമായിരിന്നു. തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ചരിത്രം ഇനിയും രേഖപ്പെടുത്തേണ്ടതായിരിക്കുന്നതേയുള്ളൂ. ജി.പി.യുടെ ഈ ജീവചരിത്രസംഗ്രഹംകൊണ്ട് ഒരു നവസരണി തെളിക്കുന്ന ഈ പ്രസാധകർ അക്കാൎയ്യം വേണ്ടുംവിധം നിൎവഹിച്ചാൽ കൊള്ളാം.”

സൺഡേ ടൈംസ്, മദ്രസ് (ഏപ്രിൽ ൪, ൧൯൪൮)

“അറുപത്തിയാറു സംവത്സരം മുൻപേതന്നെ തിരുവിതാംകൂറിലെ പൗരാവലിയുടെ രാഷ്ട്രീയബോധം തട്ടിയുണൎത്തിയ ഒരു മഹാപുരുഷന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ച പ്രസാധകന്മാരോട് തിരുവിതാംകൂർ ജനത കടപ്പെട്ടിരിക്കുന്നു. ഒരു വിദ്യാൎത്ഥി, രാഷ്ട്രീയ യോദ്ധാവു്, ലേഖകൻ, പത്രപ്രവൎത്തകൻ എന്നീ വിവിധ നിലകളിൽ അദ്ദേഹം നയിച്ച പ്രശസ്ത ജീവിതത്തിന്റെ ജംജ്വലൃമാനങ്ങളായ അവസ്ഥാന്തരങ്ങളെ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്.”

മൈസിൻഡ്യാ, ബാംഗ്ളൂർ, (ഏപിൽ൨൫ ൧൯ ൪൮)

“ജി. പി. പിള്ള അദ്ദേഹത്തിന്റെ ജീവിതദശയിൽ തിരുവിതാംകൂർ രാജ്യത്ത് രാഷ്ട്രീയ പ്രക്ഷോഭണവും മദ്രാസിൽ കാൺഗ്രസ് പ്രസ്ഥാനവും, പത്രപ്രവൎത്തനവും, ലണ്ടനിൽ ഭാരത രാഷ്ട്രീയപ്രക്ഷോഭണവും നയിക്കുക എന്ന പ്രാധാനമേറിയ കൃത്യം നിൎവഹിച്ചിട്ടുണ്ടു്. തികച്ചും പ്രശംസാൎഹവും സ്വാശ്രയശ്കതവുമായിരുന്നു അദ്ദേഹത്തിന്റെ ദിനചൎയ്യ. അദ്ദേഹം ഒരു ഒന്നാംകിട പത്രപ്രവൎത്തകനായിരുന്നവെന്നുള്ളതിനു മറ്റു തെളിവുകൾ ആവശ്യമില്ല. അദ്ദേഹത്തിന്റെ ഭാഷാരീതി കമനീയവും ആനന്ദദായകവുമായിരുന്നു എന്നു ഈ ഗ്രന്ഥത്തിൽ നിർഹാരിതങ്ങളായ ലേഖനങ്ങൾ തെളിയിക്കുന്നുണ്ടു്. അദ്ദേഹം ജീവചരിത്രത്തിനു പറ്റിയ ഒരു നായകൻ തന്നെയാണു്. അതുകൊണ്ടും ഈ ഗ്രന്ഥത്തിന്റെ പ്രസാധനം സമുചിതം തന്നെയാണു്.”

"https://ml.wikisource.org/w/index.php?title=ജി._പി./അനുബന്ധങ്ങൾ&oldid=146685" എന്ന താളിൽനിന്ന് ശേഖരിച്ചത്