ജി. പി./അവസാന ഘട്ടം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
അവസാന ഘട്ടം
[ 92 ]

ബാരിസ്റ്റർ ബിരുദത്തോടു കൂടി ജി. പി. ൧൯൦൨-ൽ ഇൻഡ്യയിൽ മടങ്ങിയെത്തി. ഇംഗ്ലണ്ടിലും ഇൻഡ്യയിലും വിശ്രമരഹിതമായി പ്രവർത്തിച്ചതിന്റെ ഫലമായി, ഒരു കാലത്തു അരോഗദൃഢഗാത്രനായിരുന്ന ജി. പി. ശിഥിലമായ ആരോഗ്യത്തോടു കൂടിയാണു് ഇൻഡ്യയിൽ മടങ്ങിയത്തിയതു്. അദ്ദേഹം നേരെ മദിരാശിയിലേക്കു പോയി. പക്ഷേ തിരുവിതാംകൂറിലേക്കു മടങ്ങി പരിപൂർണ്ണമായി വിശ്രമിക്കണമെന്നു് ഡോക്ടറന്മാർ നിർബന്ധിച്ചതുകൊണ്ടു് അദ്ദേഹം അവിടെ അധികം താമസിച്ചില്ല.

തിരുവിതാംകൂർ ജി. പി. യെ സഹർഷം സ്വീകരിച്ചു. കൊല്ലത്തെ സ്വീകരണയോഗത്തിൽ ആയിരക്കണക്കിനു് ആളുകൾ തടിച്ചുകൂടി. പക്ഷേ ആറുമാസത്തിനുശേഷം ആ നഗരത്തിൽ വച്ചുതന്നെ ആ വന്ദ്യപുരുഷന്റെ ഭൗതികവശിഷ്ടങ്ങളുടെ അന്ത്യവിശ്രമസ്ഥാനത്തേക്കുള്ള യാത്രയിൽ പങ്കെടുക്കേണ്ടിവരുമെന്നു് അവരാരും അന്നു തെല്ലുപോലും സംശയിച്ചിരുന്നില്ല.

തിരുവനന്തപുരത്തേ പൌരമുഖ്യന്മാരിൽ ഒരാളായിരുന്ന വേദാദ്രീശ മുതലിയാരുടെ അദ്ധ്യക്ഷതയിൽ കൂടിയ വമ്പിച്ച പൊതുയോഗത്തിൽ വച്ചു് ജി. പി.ക്കു ഒരു ഗംഭീര സ്വീകരണം നൾകപ്പെട്ടു. തിരുവനന്തപുരത്തെത്തി അധികം കഴിയുന്നതിനു മുമ്പുതന്നെ തിരുവിതാംകൂർ ഹൈക്കോടതിയിലെ ഒരു അഭിഭാഷക

[ 93 ]

നായി അദ്ദേഹം സന്നതെടുത്തു. ആ അവസരത്തിൽ മദ്രാസ്സിലെ ക്രൗൺപ്രാസിക്യൂട്ടറായിരുന്ന ജോൺ ആഡംസ്, ജി. പി. ക്ക് വിജയമാശംസിച്ചുകൊണ്ട് ഇപ്രകാരമെഴുതി:

“ഒരു പത്രപ്രവർത്തകനും പൗരനുമെന്ന നിലയ്ക്കു് മദിരാശിയിൽ അങ്ങു് സമാർജ്ജിച്ചിട്ടുള്ള പ്രശസ്തി വർദ്ധിപ്പിക്കുന്നതിനു് അങ്ങു് ഇപ്പോൾ സ്വീകരിക്കുന്ന അഭിഭാഷകവൃത്തി സഹായകമാകുമെന്നു് ഞാൻ പ്രത്യാശിക്കുന്നു. ഒരു അവസരം ലഭിച്ചാൽ അതു് പാഴാക്കുന്ന ആളല്ല അങ്ങു്. എന്നെപ്പോലെതന്നെ, സാധാരണയിൽനിന്ന് വ്യത്യസ്തമായി, ജീവിതത്തിന്റെ ഉത്തരാർദ്ധത്തിലാണു് അങ്ങും നിയമം ഒരു ഉപവൃത്തിയായി സ്വീകരിക്കുന്നതു്. പക്ഷേ അങ്ങയുടെ കഴിവുകളും ഉത്സാഹവും സകല പ്രതിബന്ധങ്ങളേയും തട്ടിനീക്കുമെന്ന് എനിക്കുറപ്പുണ്ടു്.”

മഹാരാജാവുതിരുമനസ്സുകൊണ്ട് തിരുവിതാംകൂർ സർക്കാർസർവ്വീസിൽ ഉയർന്ന ഒരു സ്ഥാനത്തേക്ക് ജി. പി യെ കല്പിച്ച് ക്ഷണിക്കാനിടയുണ്ടെന്ന ഒരു വാർത്ത, ജി. പി. തിരുവിതാംകുറിൽ മടങ്ങിയെത്തുന്നതിനു മുമ്പുതന്നെ, പ്രചരിച്ചിരുന്നു. തിരുവിതാംകൂറുകാരനായ ഒരു സ്നേഹിതൻ ബർമ്മായിൽനിന്നു് ഈ വാർത്തയെപ്പറ്റി ജി. പി. യ്കു് എഴുതിയപ്പോൾ അദ്ദേഹം അയച്ച മറുപടിയിൽ ഇപ്രകാരം കുറിച്ചിരുന്നു:

[ 94 ]

“എന്റെ ഉദ്യോഗസ്വീകരണത്തെപ്പറ്റിയാണെങ്കിൽ അങ്ങിനെ ഒരു ദാനവുമായി ഇതുവരെ ആരും എന്നെ സമീപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അതിനെപ്പറ്റി പറയേണ്ട ആവശ്യംതന്നെയില്ല. പക്ഷേ ഒരു ഉദ്യോഗം സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ എന്റെ സേവനം എന്റെ നാട്ടുകാർക്കു് പ്രയോജനപ്പെടുത്താവുന്നത് ഒരു അനുദ്യോഗസ്ഥനായിരുന്നാലല്ലേ? വക്കീൽ പണിയിൽ സാമാന്യം ഒരു നല്ല നില എനിക്കു് കിട്ടിയാൽ ഉദ്യോഗങ്ങൾ എന്നെ വ്യാമോഹിപ്പിക്കുമെന്നു തോന്നുന്നില്ല.”

ജി.പി. തിരുവനന്തപുരത്തു വന്ന് അധികം കഴിയുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിനു ഒരു ഉദ്യോഗം ദാനം ചെയ്യപ്പെട്ടു. പക്ഷെ അത് വളരെ സൗമ്യമായ ഭാഷയിൽ അദ്ദേഹം നിരാകരിക്കയാണുണ്ടായതു്.

അഭിഭാഷകവൃത്തിയിൽ ജി.പി. വളരെ വേഗത്തിൽ ഉയർനു്, തിരുവനന്തപുരത്തെ അഭിഭാഷകന്മാരുടെയിടയിൽ ഗണനീയനായ ഒരു വ്യക്തിയായിത്തീർന്നു. പക്ഷെ കാൎയ്യബഹുലമായിരുന്ന ആ ജീവിതം നിത്യശാന്തിയിൽ വിലയം പ്രാപിക്കാനുള്ള സന്ദർഭം സമീപിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയോന്മുഖമായി, അല്പനാളുകൾക്കുള്ളിൽ അദ്ദേഹം ശയ്യാവലംബിയുമായി. രോഗം കുറച്ച് അപകടകരമായേക്കുമെന്നു തോന്നിയപ്പോൾ അദ്ദേഹത്തെ കൊല്ലത്തേക്കു മാറ്റി. അദ്ദേഹത്തിന്റെ ഒരു

[ 95 ]

സുഹൃത്തും പ്രസിദ്ധ ഭിഷഗ്വരനുമായിരുന്ന ദിവാൻ ബഹദൂർ ഡാക്ടർ പീറ്റർ ലക്ഷമണൻ തൻറെ വസതിയിൽ പാർപ്പിച്ച്, അന്നു സാദ്ധ്യമായിരുന്നതിൽ ഏറ്റവും മികച്ച രീതിയിലുള്ള വൈദ്യസഹായം അദ്ദേഹത്തിനു നൾകി.

ജി.പി.യുടെ അവസാനദിവസങ്ങളിൽപോലും അദ്ദേഹം തൻറെ ആദർശങ്ങളിൽനിന്ന് വ്യതിചലിക്കുവാൻ തയ്യാറില്ലായിരുന്നു. അദ്ദേഹത്തിന് ആഹാരത്തിനു രുചിതീരെ ഇല്ലാതായപ്പോൾ ഒരൗൺസ് ബ്രാൻഡി കുടിച്ചാൽ ഗുണം കിട്ടിയേക്കുമെന്ന് അദ്ദേഹത്തിൻറെ സ്യാലനായ എസ്. കെ. നായർ വിചാരിച്ചു. പക്ഷേ ഔൺസുഗ്ലാസിൽ ബ്രാൻഡിയുമായി അടുത്തചെന്ന എസ്. കെ. നായരുടെ നേരെ ജ്വലിക്കുന്ന കണ്ണുകളോടെ തിരിഞ്ഞു “ശപ്തമായ ആ ഔഷധം” കഴിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.

൧൯൦൩ മേയ് മാസം ൨൧-ാം തീയതി ആ ദീപം പൊലിഞ്ഞു. മുപ്പത്തിഒൻപതാമത്തെ വയസ്സിൽ ആയോദ്ധാവു് അന്ത്യനിദ്രയെ പ്രാപിച്ചു. തൻറെ നാട്ടിനും നാട്ടാർക്കുംവേണ്ടി അൎപ്പിച്ചിരുന്ന ആ ജിവിതം രാജ്യത്തെ മുഴുവൻ അളവറ്റ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അവസാനിച്ചു. പത്രങ്ങളും, വ്യക്തികളും സംഘടനകളും ആ നഷ്ടത്തിൽ വിലപിച്ചു. “മാതൃരാജ്യത്തിന് അമൂല്യസേവനങ്ങളർപ്പിച്ചിട്ടള്ള വിഖ്യാതവൃത്തനും സമുജ്ജ്വലധീമാനുമായ ഒരു സന്താനമാണ് മി. പര

[ 96 ]

മേശ്വരൻപിള്ളയുടെ ചരമംനിമിത്തം നഷ്ടപ്പെട്ടതു്” എന്നാണ് ബാംബയിലെ “നേറ്റീവ് ഒപ്പിനിയൻ” അഭിപ്രായപ്പെട്ടതു്. അന്നു ഭാരതത്തിലെ നിരവധിപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുകളിൽ ചിലതു മാത്രം മതി ആ നഷ്ടം ഭാരതം എങ്ങനെ വീക്ഷിച്ചു എന്നു അറിയുവാൻ:

“അദ്ദേഹത്തിന്റെ ചരമം രാജ്യത്തിന് ഒരു വമ്പിച്ച നഷ്ടമാണ്.”

(ഹിന്ദു, മദിരാശി)


“ഭാരതത്തിലെ ഇരുൾനിറഞ്ഞ അന്തരീക്ഷത്തിൽ ഒളിവിതറിയരുന്ന മറ്റൊരു കനകതാരംകൂടി പൊലിഞ്ഞുപോയി.”

(“ട്രിബ്യൂൺ”, ലാഹോർ)


“ഈ മരണം യഥാർത്ഥത്തിൽ ദേശത്തിനു സംഭവിച്ച ഒരു അത്യാഹിതമാണ്. ഇൻഡ്യയിലെ രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പ്രകാശം ചൊരിഞ്ഞിരുന്ന ഒരു ജ്യോതിഷ്പ്രകാണ്ഡം അപ്രത്യക്ഷമായി. രാജ്യമാകെ ഒരു ഇരുൾ വ്യാപിച്ചുകഴിഞ്ഞു.”

(“വെസ്റ്റ്‌കോസ്റ്റ്‌സ്പെക്ടേറ്റർ”, കോഴിക്കോടു്)


“കുറെ കൊല്ലങ്ങളായി ഒരു ലേഖകനെന്ന നിലയിൽ അദ്ദേഹം പ്രദർശിപ്പിച്ചിരുന്ന തന്റേടവും ആത്മാർത്ഥതയും തെല്ലെങ്കിലും അറിഞ്ഞിട്ടുളവർക്കെ

[ 97 ]

ല്ലാം അദ്ദേഹത്തിന്റെ മരണം ഒരു മഹാനഷ്ടമായി തോന്നാതിരിക്കയില്ല.”

(“ജാം-എ-ജാംഷെഡ്,” ബാംബെ.)


“ഈ അവസരത്തിൽ ഇങ്ങനെയൊരു പുത്രന്റെ നഷ്ടം സഹിക്കുവാനുള്ള കഴിവ് ഭാരതമാതാവിനില്ല. പക്ഷേ നിയതിയുടെ ഗതി അമേയമാണു്.”

("അഡ്വോക്കേറ്റ് അഫ് ലക്ക്നോ")


അങ്ങനെ സംഭവബഹുലമായ ആ ജീവിതം അകാലത്തിൽ അവസാനിച്ചു. ഏർഡ്‌ലീ നോർട്ടൻ പതിനഞ്ചുകൊല്ലങ്ങൾക്കുശേഷം തന്റെ “സ്മരണകളി”ൽ ജി. പി. യെപ്പറ്റി അനുസ്മരിച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധേയങ്ങളാണ്:

“ധീരവും നിസ്വാർത്ഥവുമായ ഒരു ജീവിതമാണ് അദ്ദേഹത്തോടുകൂടി അവസാനിച്ചത്. സ്വകൃത്യനിർവ്വഹണത്തിൽനിന്നും സാമുദായിക ഭീഷണികൾകൊണ്ടോ ഔദ്യോഗികപ്രലോഭനങ്ങൾകൊണ്ടോ വ്യതിചലിപ്പിക്കാൻ സാധിക്കാത്ത ഒരു ധീരപുരുഷനായിരുന്നു അദ്ദേഹം.”

ആ കാല്പാടുകൾ നമ്മുടെ സ്മരണമണ്ഡലത്തിൽ അനശ്വരമുദ്രകൾ പതിയ്ക്കട്ടെ!


"https://ml.wikisource.org/w/index.php?title=ജി._പി./അവസാന_ഘട്ടം&oldid=146684" എന്ന താളിൽനിന്ന് ശേഖരിച്ചത്