ഘാതകവധം/അദ്ധ്യായം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം മൂന്ന്

[ 5 ]

൩- ാം അദ്ധ്യായം

അന്യോന്യം വാദിച്ചുകൊണ്ടിരിക്കുന്ന കരുണയും കഠിനതയും കൂടെ തന്റെ മനസ്സിൽ ഒരു ത്രാസ്സിലിട്ടു തൂക്കി നോക്കിയുംകൊണ്ടു ആ നിഗളിയായ മനുഷ്യൻ ദൈവത്തിന്റെ പരിശുദ്ധ ശാബതയുടെ മേൽ ഒരു വിരി പോലെ വിരിക്കപ്പെട്ടിരിക്കുന്ന വിസ്താരമുള്ള ആകാശത്തിൻ കീഴിൽ ഏകനായി നിന്നു ഒരു വിരൽകൊണ്ടു ഒന്നു തൊടുക മാത്രം ചെയ്താൽ കരുണയുടെ തട്ടു താഴുകയും അവനു വളരെ നാളത്തേക്കുപരിതാപത്തിനിടയാകയും ചെയ്യും എന്നുള്ള പരുവത്തിൽ നില്ക്കയായിരുന്നു. "കരുണയുള്ളവർ ഭാഗ്യവാന്മാർ അതെന്തുകൊണ്ടെന്നാൽ അവൎക്കു കരുണ ലഭിക്കും" എന്നു അവന്റെ മനസ്സാക്ഷിയും പറഞ്ഞു അവനെ കുത്തിക്കൊണ്ടിരുന്നു. അപ്പോൾ ആ പുലയൎക്കു വേണ്ടി സങ്കടം പറയുന്ന നോട്ടത്തോടു കൂടിയതും സന്തോഷിപ്പിക്കുന്നതും അവനു എതൃത്തു കൂടാത്തതുമായ അവന്റെ മൂത്ത മകളുടെ മുഖം അവനു കാണപ്പെട്ടിരുന്നു എങ്കിൽ നിശ്ചയമായിട്ടു കരുണ തന്നെ തൂക്കത്തിൽ മുന്തി നിന്നേനെ. എങ്കിലും ആ നല്ല ദൂതു തൽക്കാലം അവിടെയില്ലായിരുന്നു. കലഹത്തിന്റെ ആരംഭത്തിങ്കൽ അവൾ പേടിച്ചു തന്റെ അമ്മൂമ്മയുടെ കൈക്കു പിടിച്ചുംകൊണ്ടു ഇരുവരും കൂടെ വഴിയിൽ എങ്ങും താമസിക്കാതെ കഴിയുന്നെടത്തോളം എളുപ്പത്തിൽ പള്ളിയിൽ ചെന്നു മുട്ടുകുത്തിയപ്പോൾ അവിടെ “നിന്നെ സ്നേഹിച്ചു ഭയപ്പെട്ടു നിന്റെ കല്പനകളിൻ പ്രകാരം ഉത്സാഹത്തോടു നടപ്പാനുള്ള ഹൃദയത്തെ ഞങ്ങൾക്കു തരുവാൻ നിനക്കിഷ്ടമുണ്ടാകേണമെ" എന്നുള്ളു ലിത്താനിയുടെ ആ ഭാഗം ചൊല്ലുകയായിരുന്നു. “നമ്മൾ ഇനിയും ഒരിക്കലും തമ്മിൽ കാണുകയില്ലാ" എന്നു പുലയൻ പറഞ്ഞ വാക്കു കോശികുൎയ്യന്റെ മനസ്സിൽ തൽക്കാലം ഒരു വ്യസനം തോന്നിച്ചു എങ്കിലും ക്ഷണനേരം കൊണ്ടു ആ വിചാരം അവനിൽനിന്നു മാറിപ്പോയി. ഉ [ 6 ] ടൻ തന്നെ അവൻ വന്ന തിണ്ണേലിരുന്ന ഒരു വലിയ കുടയുമെടുത്തുംകൊണ്ടു രണ്ടു ബാല്യക്കാരുമായിട്ട വീട്ടിൽ നിന്നിറങ്ങി. അവർ തങ്ങളുടെ യജമാനന്റെ അവസ്ഥയെ പുകഴ്ത്തുവാനായിട്ടു സാമാന്ന്യത്തിൽ അധികം ഉറക്കെ വഴിയെല്ലാം അടിച്ചു വെടിപ്പാക്കുവാൻ വിളിച്ചുപറഞ്ഞു. ഇങ്ങിനെ തന്റെ നെല്ലു വിളഞ്ഞുകിടക്കുന്ന കണ്ടത്തിൽ കൂടെ അവർ പോകുമ്പോൾ തനിക്കു ഇപ്രകാരം വൎദ്ധനവു തരുന്ന ദൈവത്തെ സ്തുതിക്കുന്നതിനു പകരം അവൻ തന്റെ മകൾക്കു എത്ര വലിയ ഒരു സ്ത്രീധനം കൊടുപ്പാൻ താൻ പ്രാപ്തനാകുന്നു എന്നു വിചാരിക്കയായിരുന്നു.

സുറിയാനി പള്ളിയകം

ഇപ്രകാരം താൻ പതിവായിട്ടു പോയി വന്ന പള്ളിയുടെ വാതിൽക്കൽ ചെന്ന ഉടനെ ജനങ്ങൾ എല്ലാം ഏഴുനീറ്റു ആചാരം ചെയ്തപ്പോൾ അവന്റെ നിഗളം പൂൎത്തിയായി. [ 7 ] അതിന്റെ ശേഷം തന്റെ പ്രഭാവത്തോടുകൂടെ പള്ളിയുടെ നടുവെ നടന്നു ഭണ്ഡാരപ്പെട്ടിയുടെ അടുക്കൽ ചെന്നുനിന്നു കയ്യിലുണ്ടായിരുന്ന ഒരു വലിയ പൊൻ നാണയം എല്ലാവരും കേൾക്കത്തക്കവണ്ണം ഒരു കിലുങ്ങുന്ന ശബ്ദത്തോടു കൂടെ അതിലേക്കു ഇട്ടു. ആ കൊച്ചിനെ കൊല്ലുകയാൽ അവനെ കുത്തുന്ന മനസ്സാക്ഷിയെ സമാധാനപ്പെടുത്തുവാനായിരിക്കുമൊ അവൻ ഇങ്ങിനെ ചെയ്തുതു? ഉവ്വ പക്ഷെ അവനങ്ങിനെ തന്നെയായിരിക്കും വിചാരിച്ചതു. അതിന്റെ ശേഷം അവൻ ജനങ്ങളുടെ ഇടയിൽ ചെന്ന ഇരിക്കയും ചെയ്തു.

പിന്നെ പള്ളി പിരിഞ്ഞു അവർ തിരിച്ചു പോരുമ്പോൾ ബാല്യക്കാരിൽ ഒരുവൻ കോശികുൎയ്യനോടു “അച്ചാ പുലയരിന്നു വേലയ്ക്കിറങ്ങീട്ടില്ലെന്നറിഞ്ഞില്ലയൊ"? എന്നു ചോദിച്ചു.

കോശികുൎയ്യൻ, “ഉവ്വ അവരു പിന്നെവിടെ പോയി."

ബാല്യക്കാരൻ, "അച്ചൻ പോകരുതെന്നു വിരോധിച്ചിട്ടുള്ള സ്ഥലത്തു അവർ പോയിരിക്കുന്നു."

കോ. "അതെവിടെ"?

ബാ. "അവർ വെച്ചിട്ടുള്ള പള്ളിക്കൂടത്തിൽ അവിടെ ഒരു പാതിരി സായ്പു അവരെ പഠിപ്പിപ്പാൻ പോകുന്നുണ്ടു"

കോ. "അയാൾ എന്തൊന്നാണ അവരെ പഠിപ്പിക്കുന്നതു"?

ബാ. "വേദപുസ്തകം വായിച്ചു അവരുടെ തമ്പുരാനെ അനുസരിക്കാതിരിപ്പാൻ" ൟയാൾ പുലയരുടെ ഒരു വിരോധിയായിരുന്നു. ആകയാൽ യജമാനന്റെ കോപം അടങ്ങിപ്പോയായിരിക്കും എന്നു വിചാരിച്ചു അതിനെ വൎദ്ധിപ്പിപ്പാൻ വേണ്ടി അവൻ പിന്നെയും ഇപ്രകാരം പറഞ്ഞു. "ഇപ്പോൾ അച്ചൻ അവരെയിങ്ങനെ വിട്ടുകളഞ്ഞാൽ ക്രമംകൊണ്ടു നമുക്കു അവരുടെ മേൽ അധികാരമില്ലെന്നായിപ്പോകും. അങ്ങിനെ വന്നാൽ നമ്മുടെ നെല്ലു കൊയ്യാതെ കണ്ടത്തിൽ കിടന്നു പോകേ ഉള്ളൂ." ഇതു കേട്ടു യജമാനൻ പല്ലു ഞറുമ്മിക്കൊണ്ടു “സാത്താനെ നി എന്റെ പിന്നിൽ പോക" എന്നു പറയുന്നതിനു പകരം "അങ്ങിനെയാണൊ"? എന്നാൽ ചെന്നു തുടലെടുത്തുകൊണ്ടുപോക. ൟ സമയം മുതൽ എന്റെ വാക്കു രാജകല്പനപോലെയിരിക്കും വേഗം പോക എന്നായിരുന്നു പറഞ്ഞതു. [ 8 ] ഇങ്ങിനെ കോശികുൎയ്യൻ വീട്ടിൽ ചെന്നു കുടവെച്ചും വെച്ചു കട്ടിലേൽ കേറിയിരുന്നപ്പോൾ തന്റെ ഭാൎയ്യ അവന്റെ കോപഭാവം ഇതുവരെ വിട്ടുമാറിയില്ലെല്ലൊ എന്നു വിചാരിച്ചു ഭയപ്പെട്ടു വേഗത്തിൽ ചോറുകൊണ്ടുവന്നു അവന്റെ മുമ്പിൽ വെച്ചു. എന്നാറെ അവൻ നടന്ന കാൎയ്യങ്ങളൊക്കെയുമോൎത്തു ലജ്ജിച്ചു അതെടുത്തു കൊണ്ടുപൊയ്ക്കൊള്ളുവാൻ പറഞ്ഞും വെച്ചു തിരിഞ്ഞു കിടന്നുകളഞ്ഞു. അവൾ ഭക്ഷണ പാത്രങ്ങൾ വെടിപ്പാക്കുന്നതിൽ നന്നാ പ്രയാസപ്പെട്ടു എന്തെന്നാൽ തന്റെ ഭൎത്താവിനു അതിഷ്ടമാകുന്നു എന്നു അവൾ അറിഞ്ഞിരുന്നു. എങ്കിലും അവനു വേണ്ടായെന്നു പറകയാൽ അവൾ അതെല്ലാം തിരികെയെടുത്തുകൊണ്ടുപോയി.

അതിന്റെ ശേഷമവൾ കട്ടിലിന്റെ അരികെ ചെന്നു തലെക്കു പിടിച്ചു നോക്കിയാറെ തീ പോലെ കായുന്നതായിക്കണ്ടു. ഉടനെ അവൾ ഒരു തുണിയെടുത്തു തണുത്തവെള്ളത്തിൽ മുക്കി അവന്റെ നെറ്റിക്കു വെച്ചു. അപ്പോൾ അവൻ ഒരു സ്നേഹഭാവത്തോടു കൂടെ "ഹോ നല്ല തണുപ്പു" എന്നു പറഞ്ഞുംവെച്ചു "പിള്ളേരെല്ലാം എന്തിയെ? മറിയം എവിടേ" എന്നു ചോദിച്ചു. ഭാൎയ്യ, അവൾ കുഞ്ഞുങ്ങളെ പഠിപ്പിക്കയാകുന്നു.

അന്നേരം തന്നെ മറിയം അവളുടെ അനുജത്തികളോടു കൂടെ പാട്ടു പാടുന്നതു കേട്ടു ഭാൎയ്യ "ഞാൻ അവളെ വിളിക്കട്ടേ" എന്നു ചോദിച്ചു.

കോശികുൎയ്യൻ. "വേണ്ടാവേണ്ട, ഇപ്പോൾ ഇനിക്കു അവളുടെ മുഖത്തു നോക്കുവാൻ പാടില്ല. ഇനിക്കു ഒരു കടുത്ത പ്രവൃത്തി ചെയ്‌വാനുണ്ടു. അവളെ നോക്കിയാലെന്റെ മനസ്സലിഞ്ഞുപോകും"

ഭാൎയ്യ. "അതിനെന്തു?" എന്റെ പ്രിയമുള്ള ഭൎത്താവേ നമ്മൾ ഒന്നിച്ചു ദൈവത്തിന്റെ തിരുവചനം വായിക്കയും നമ്മുടെ പിള്ളേരെ പഠിപ്പിക്കയും ചെയ്തുവന്നതുപോലെ ഇപ്പോഴും ചെയ്യാത്തതു എന്തുകൊണ്ടു?

പേടിച്ചു പേടിച്ചു അവളിത്രയും പറഞ്ഞപ്പോൾ അത്ര രസമായില്ലെന്നുള്ള ഭാവത്തിൽ കോശികുൎയ്യൻ ഇപ്രകാരം പറഞ്ഞു. "നീ അതിനെക്കുറിച്ചെന്തറിയുന്നു? ചുമ്മായിരി അവളുടെ പേൎക്കായിട്ടല്ലയൊ ഞാൻ ഇത്ര വളരെ നിലം പുരയിടങ്ങൾക്കു കാണമിടുന്നതു ഞാൻ രാപകലു കൂടാതെ [ 9 ] വേല ചെയ്യുന്നതും എന്റെ മൂത്ത മകൾക്കു യോഗ്യമായ ഒരു സ്ത്രീധനം കൊടുക്കേണ്ടുന്നതിനായിട്ടല്ലയോ?"

അവൻ ഇത്രയും പറഞ്ഞപ്പോൾ ഭാൎയ്യയുടെ ധൈൎയ്യം കുറഞ്ഞുപോയി. അവൾ കട്ടിലിനോടു ചേൎന്നു ഒരു പായെലിരുന്നുംകൊണ്ടു പുസ്തകമെടുത്തു സാവധാനത്തിൽ ഒരല്പം വായിച്ചു. അപ്പോൾ അവൻ അതൊട്ടും രസിക്കാത്ത വിധത്തിൽ ഒന്നു തിരിഞ്ഞുകിടന്നു. ഒടുക്കം കൂൎക്കം വലിക്കുന്നതു കേട്ടു അവൻ ഉറങ്ങിയെന്നറിഞ്ഞു അവൾ എഴുനീറ്റു കതകു ചാരിയും വെച്ചു മാംചുവട്ടിൽ പിള്ളേരുടെ കൂടെ ചെന്നു കൂടുകയും ചെയ്തു.