താൾ:Ghathakavadam ഘാതകവധം 1877.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിന്റെ ശേഷം തന്റെ പ്രഭാവത്തോടുകൂടെ പള്ളിയുടെ നടുവെ നടന്നു ഭണ്ഡാരപ്പെട്ടിയുടെ അടുക്കൽ ചെന്നുനിന്നു കയ്യിലുണ്ടായിരുന്ന ഒരു വലിയ പൊൻ നാണയം എല്ലാവരും കേൾക്കത്തക്കവണ്ണം ഒരു കിലുങ്ങുന്ന ശബ്ദത്തോടു കൂടെ അതിലേക്കു ഇട്ടു. ആ കൊച്ചിനെ കൊല്ലുകയാൽ അവനെ കുത്തുന്ന മനസ്സാക്ഷിയെ സമാധാനപ്പെടുത്തുവാനായിരിക്കുമൊ അവൻ ഇങ്ങിനെ ചെയ്തുതു? ഉവ്വ പക്ഷെ അവനങ്ങിനെ തന്നെയായിരിക്കും വിചാരിച്ചതു. അതിന്റെ ശേഷം അവൻ ജനങ്ങളുടെ ഇടയിൽ ചെന്ന ഇരിക്കയും ചെയ്തു.

പിന്നെ പള്ളി പിരിഞ്ഞു അവർ തിരിച്ചു പോരുമ്പോൾ ബാല്യക്കാരിൽ ഒരുവൻ കോശികുൎയ്യനോടു “അച്ചാ പുലയരിന്നു വേലയ്ക്കിറങ്ങീട്ടില്ലെന്നറിഞ്ഞില്ലയൊ"? എന്നു ചോദിച്ചു.

കോശികുൎയ്യൻ, “ഉവ്വ അവരു പിന്നെവിടെ പോയി."

ബാല്യക്കാരൻ, "അച്ചൻ പോകരുതെന്നു വിരോധിച്ചിട്ടുള്ള സ്ഥലത്തു അവർ പോയിരിക്കുന്നു."

കോ. "അതെവിടെ"?

ബാ. "അവർ വെച്ചിട്ടുള്ള പള്ളിക്കൂടത്തിൽ അവിടെ ഒരു പാതിരി സായ്പു അവരെ പഠിപ്പിപ്പാൻ പോകുന്നുണ്ടു"

കോ. "അയാൾ എന്തൊന്നാണ അവരെ പഠിപ്പിക്കുന്നതു"?

ബാ. "വേദപുസ്തകം വായിച്ചു അവരുടെ തമ്പുരാനെ അനുസരിക്കാതിരിപ്പാൻ" ൟയാൾ പുലയരുടെ ഒരു വിരോധിയായിരുന്നു. ആകയാൽ യജമാനന്റെ കോപം അടങ്ങിപ്പോയായിരിക്കും എന്നു വിചാരിച്ചു അതിനെ വൎദ്ധിപ്പിപ്പാൻ വേണ്ടി അവൻ പിന്നെയും ഇപ്രകാരം പറഞ്ഞു. "ഇപ്പോൾ അച്ചൻ അവരെയിങ്ങനെ വിട്ടുകളഞ്ഞാൽ ക്രമംകൊണ്ടു നമുക്കു അവരുടെ മേൽ അധികാരമില്ലെന്നായിപ്പോകും. അങ്ങിനെ വന്നാൽ നമ്മുടെ നെല്ലു കൊയ്യാതെ കണ്ടത്തിൽ കിടന്നു പോകേ ഉള്ളൂ." ഇതു കേട്ടു യജമാനൻ പല്ലു ഞറുമ്മിക്കൊണ്ടു “സാത്താനെ നി എന്റെ പിന്നിൽ പോക" എന്നു പറയുന്നതിനു പകരം "അങ്ങിനെയാണൊ"? എന്നാൽ ചെന്നു തുടലെടുത്തുകൊണ്ടുപോക. ൟ സമയം മുതൽ എന്റെ വാക്കു രാജകല്പനപോലെയിരിക്കും വേഗം പോക എന്നായിരുന്നു പറഞ്ഞതു.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/7&oldid=148414" എന്ന താളിൽനിന്ന് ശേഖരിച്ചത്