ഘാതകവധം/അദ്ധ്യായം രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം രണ്ട്

[ 3 ]

൨--ാം അദ്ധ്യായം

ആ ശബ്ദം ക്രമത്തിനില്ലാതെയായി നിഗളിയായ കോശികുൎയ്യൻ മരിച്ചുകിടക്കുന്ന കൊച്ചിന്റെയും ആ വൃദ്ധനായ പുലയന്റെയും അടുക്കൽ വളരെ ചഞ്ചലത്തോടു കൂടെ നിൽക്കയും ചെയ്തു. അല്പനേരത്തേക്കു ആ വയസ്സൻ ശവത്തേൽ തന്നെ നോക്കിക്കൊണ്ടു നിന്നു എങ്കിലും ഒടുക്കം അവൻ അതിവ്യസനത്തോടുകൂടെ തന്റെ കൈ മലൎത്തിപ്പിടിച്ചുകൊണ്ടു ആകാശത്തിലേക്കു നോക്കി ഇപ്രകാരം പ്രാൎത്ഥിച്ചു. "കരുണയും സ്നേഹവുമുള്ള രക്ഷിതാവേ ഞങ്ങളെ ദൎശിച്ചു മനസ്സലിയേണമെ ഞങ്ങളുടെ കഠിനക്കാരനായ യജമാനനോടു നീ ക്ഷമിച്ചുകൊള്ളുകയും ചെയ്യേണമേ. ൟ പാപം അവന്റെ മേൽ വെക്കരുതേ. ആമെൻ ആമെൻ." അതിന്റെ ശേഷം കുനിഞ്ഞു അല്പം മുമ്പെ അവന്റെ വൃദ്ധതയെ സന്തോഷിപ്പിക്കുന്നതായിരുന്ന ആ ശവം കയ്യിലെടുത്തുംകൊണ്ടു ആ ജാതിക്കെ പതിവില്ലാത്ത ഒരു ധൈൎയ്യത്തോടും കൂടെ മിക്കവാറും ദീൎഘദൎശനരീതിയിൽ കുറ്റക്കാരനായ തന്റെ യജമാനനോടു ഇപ്രകാരം പറഞ്ഞു:- "ഞാൻ കഴിഞ്ഞുപോയവരുടെ കാലത്തെ ഇപ്പ [ 4 ] ണിയിൽ വേലയെടുത്തുവന്നു. ഞാൻ അന്നൊരു അജ്ഞാനിയായിരുന്നതുകൊണ്ടു നെല്ലുംമററും കട്ടുവാരിക്കൊണ്ടുപോകയും തെങ്ങേൽ കേറുകയും വാഴക്കുല ചെത്തുകയും മറ്റും പല മോഷണങ്ങളും ചെയ്തിട്ടുണ്ടു. ചക്കയുണ്ടായാൽ നല്ലതൊക്കെയും ഞാൻ തിന്നും, ഞാൻ വളരെ തല്ലുകൊണ്ടു പലപ്പോഴും എന്നെ പൂട്ടിയിടുകയും ചെയ്തിട്ടുണ്ടു. അന്നു ഞാൻ അതിനു തക്ക കുറ്റക്കാരനുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ക്രിസ്ത്യാനിയായിരിക്കുന്നു. ദൈവത്തിന്റെ വചനത്തിൽനിന്നു പരമാൎത്ഥിയായിരിപ്പാൻ ഞാൻ പഠിച്ചു. എന്തെന്നാൽ "മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കാതെയിരിക്കട്ടെ." നല്ല അദ്ധ്വാനിയായിരിക്കെണമെന്നും ഞാൻ അറിഞ്ഞു. "വേലയെടുക്കാത്തവൻ ഭക്ഷിക്കരുതു" എന്നു പറഞ്ഞിട്ടുണ്ടെല്ലൊ. ശാബത ദിവസത്തെ ആചരിപ്പാനും ഞാൻ പഠിച്ചു. 'സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക എന്നു കല്പനയുണ്ടല്ലൊ. എന്റെ യജമാനനെ സേവിച്ചു അവന്റെ വസ്തുക്കളെ നല്ലവണ്ണം സൂക്ഷിക്കേണ്ടതു എൻറ മുറയാകുന്നു എന്നു ഞാൻ അറിഞ്ഞു. കളത്തിൽ നെല്ലിന്റെ അരികെ ചാരം വിതറി കള്ളന്റെ ചുവട്ടടികണ്ടു നടന്നു അവന്റെ വീട്ടിൽ ചെന്നു മോഷ്ടിച്ചുകൊണ്ടുപോയതിനെ ഞാൻ തിരികെ വാങ്ങിച്ചു. മോഷ്ടിക്കരുതെന്നുള്ള പ്രമാണവും അവനെ പഠിപ്പിച്ചു. ഒരു ദിവസം വൈകുന്നേരത്തു കിടാങ്ങളെ എല്ലാം ഞാൻ കൂട്ടിവരുത്തി തങ്ങൾക്കു വേണ്ടിയും യജമാനനു വേണ്ടിയും പ്രാൎത്ഥിപ്പാൻ ഞാൻ പറഞ്ഞു. അവർ നിങ്ങളെ നല്ലവണ്ണം സേവിക്കുന്നവരായി തീരുവാൻ വേണ്ടി ഞായറാഴ്ചതോറും അവരെ പള്ളിക്കൂടത്തിൽ അയയ്ക്കെണമെന്നു ഞാൻ നിങ്ങളോടു അപേക്ഷിച്ചു എന്നാൽ ഇപ്പോൾ അതിനൊക്കെയും കൂലിയായിട്ടു ഇനിക്കു കിട്ടിയിരിക്കുന്നതു എന്തു? ൟ വൃദ്ധനായ ഞാൻ രണ്ടു പ്രാവശ്യം അടികൊണ്ടു, എന്റെ വയസ്സുകാലത്തെ സന്തോഷം ഒരു മാത്രകൊണ്ടു എന്നന്നേക്കുമായിട്ടു എന്നിൽനിന്നു പൊയ്പോയി എന്നാൽ ഇപ്പോൾ ഞാൻ തീൎത്തു പറയുന്നു. എന്റെ ൟ കൈ ഇനിയും ഒരിക്കലും നിങ്ങൾക്കു വേലയെടുക്കയില്ല. തന്റെ ചോറിനിയുമൊരുനാളും ഞാൻ ഉണ്ണുകയുമില്ല, ഇപ്പോൾ ഞാൻ പോകുന്നു. ഞങ്ങളുടെ ഹൃദയങ്ങളെ തിരിച്ച ദൈവം കഠിനക്കാരനായ ഞങ്ങളുടെ യജമാനന്റെയും മനസ്സിനെ [ 5 ] അലിക്കുന്നതുവരെ നമ്മൾ തമ്മിൽ കാണുകയുമില്ല. ഇതാ ഞാൻ പോകുന്നു" എന്നു പറഞ്ഞുംവെച്ച ആ വൃദ്ധൻ പോകയും ചെയ്തു.