Jump to content

ഘാതകവധം/അദ്ധ്യായം ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം ഒന്ന്

[ 1 ]

൧- ാം അദ്ധ്യായം

ഭംഗിയുള്ള രാജ്യമായ തിരുവിതാംകോട്ടു അ---എന്ന പട്ടണത്തിൽ കോശി കുൎയ്യൻ എന്നു പേരായ ഒരാൾ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ അവൻ പ്രോത്തെസ്റ്റാന്തു സഭയുടെ ഉപദേശങ്ങൾ പഠിച്ചിരുന്നു എങ്കിലും കാലക്രമംകൊണ്ടു സുറിയാനിയിലെക്കു തിരിഞ്ഞുപോയി. ൟ മാറ്റം ലാഭത്തെലുള്ള ആഗ്രഹംകൊണ്ടു ഉണ്ടായതായിരുന്നു. സത്യവിശ്വാസത്തിൽ സുവിശേഷം വായിച്ചു കേൾക്കുന്നതിനെക്കാൾ ഒരു തെറ്റിയ മാൎഗ്ഗത്തിലെ അനാവശ്യ കൎമ്മങ്ങളിൽ[1] അവന്റെ മനസ്സു തൃപ്തിപ്പെട്ടിരുന്നു. അവന്റെ വീടു ആ പട്ടണത്തിലുള്ളതിലെക്കും വലിയതും പുത്തനുമായിരുന്നു. ചുറ്റും മതിലുകെട്ടിയതും പല മാതിരി വൃക്ഷങ്ങൾകൊണ്ടു നിറഞ്ഞതുമായ ആ വിസ്താരമുള്ള പറമ്പു കണ്ടാൽ തന്നെ ഉടമസ്ഥൻ ഒരു ധനവാനാകുന്നു എന്നറിയാം. അവന്റെ അപ്പൂപ്പൻ വെച്ചു പിടിപ്പിച്ചിരുന്ന മാവു പ്ലാവു മുതലായ മരങ്ങൾ പുരയിടത്തിൽ ഒരു നല്ല തണലായിരുന്നു എന്നു മാത്രമല്ല അതെലുണ്ടായ അനവധി വിശേഷപ്പെട്ട ഫലങ്ങൾ ഭക്ഷണത്തിന്നും അധികമായി ഉതകി അവൻ തന്നെ വെച്ച തെങ്ങും വാഴയും ഇടകെട്ടി നിന്നതുകൊണ്ടു അവയുടെ കീഴിൽ കളിച്ചുവന്ന കുഞ്ഞുങ്ങൾക്കും എത്രയും സന്തോഷകരമായിരുന്നു.

കുഞ്ഞുങ്ങൾ വെടിപ്പോടും വൃത്തിയോടും കൂടെ നടക്കുന്നതു കാണുമ്പോൾ തന്നെ ഒരു ശുഷ്കാന്തിയും താല്പൎയ്യവുമുള്ള ഒരു തള്ളയാകുന്നു ആ വീട്ടുകാൎയ്യങ്ങൾ നോക്കുന്നതു എന്ന [ 2 ] റിയാമല്ലൊ. ചപ്പും കുപ്പയും ഒന്നും വീട്ടിന്റെ അടുക്കലെങ്ങും ഇട്ടെക്കാതെ എല്ലാം കുറെ ദൂരത്തിൽ തൂത്തുകൂട്ടിയിരുന്ന കന്നുകാലിയും കോഴിമുതലായതും തിന്നു നിറഞ്ഞു വൃക്ഷങ്ങളുടെ ഇടവഴി കിടന്നിരുന്നു.

ഒരു ഞായറാഴ്ച ദിവസം കാലത്തു ആ പ്രദേശത്തെങ്ങും ഒരനക്കവുമില്ലാതിരിക്കുമ്പോൾ വീട്ടുടമസ്ഥനായ കേശികുൎയ്യൻ വളരെ കോപത്തോടു കൂടെ ഉറക്കെ സംസാരിച്ചുതുടങ്ങി. ബഹുപുഷ്ടിമാനും ദീൎഘനുമായ അവൻ ചില ഭീരുക്കളായ ആളുകളുടെ ഇടയിൽ നിന്നിരുന്നു. അവർ ൟ ഭയങ്കരഭാവവും അവന്റെ കയ്യിലുണ്ടായിരുന്ന വടിയും കണ്ടു പേടിച്ചു അവന്റെ ഗംഭീര മുഖത്തു നോക്കുവാൻ പോലും പാടില്ലാതെ നിന്നു.

അപ്പോൾ കോശി കുൎയ്യൻ പറഞ്ഞതു "കള്ളന്മാരെ ഇങ്ങിനെയാണൊ നിങ്ങൾ നിങ്ങളുടെ തമ്പുരാനോടു പെരുമാറുന്നതു. എന്റെ കണ്ടം വിളഞ്ഞു വിളവു നഷ്ടപ്പെട്ടുകൊണ്ടിരിക്കെ പുലയരെല്ലാം കള്ളം പിടിച്ചു നടക്കയൊ വേണ്ടതു. നിങ്ങൾ എന്റെ ചോറു തിന്നുകളഞ്ഞുംവെച്ചു വേലയെടുക്കാതെ കുറുക്കനെപോലെ ഒളിച്ചു നടക്കുന്നൊ" അതിനു പുലയർ നിലവിളിച്ചുംകൊണ്ടു "തമ്പുരാനെ ഞങ്ങൾ ആറു ദിവസം നല്ല പോലെ വേലയെടുത്തല്ലൊ. എന്നാൽ ൟ ദിവസം തമ്പുരാന്റേതുമല്ല ഞങ്ങളുടേതുമല്ല പ്രാത്ഥിപ്പാനായി ഉടയതമ്പുരാൻ കല്പിച്ചിരിക്കുന്ന ദിവസം തന്നെ എന്ന പറഞ്ഞു.

ഉടനെ കോശികുൎയ്യൻ "നിങ്ങൾ നുണയന്മാരും കള്ളന്മാരുമാകുന്നു എന്നു പറഞ്ഞുംകൊണ്ടു ചെറുപ്പക്കാരെന്നും വയസ്സന്മാരെന്നും വ്യത്യാസം കൂടാതെ എല്ലാവരെയും നിരപ്പെ തലെക്കും പുറത്തും അടിച്ചു. തല്ലുകൊണ്ടപ്പോൾ ഓടുന്നതിനു പകരം അവർ പിന്നെയും നിലവിളിച്ചുംകൊണ്ടു "അയ്യൊ തമ്പുരാനെ ഞങ്ങളെ അടിക്കരുതെ! ഞങ്ങൾ മൃഗങ്ങളല്ല! ഞങ്ങൾ ന്മനുഷ്യരാണെ ഞങ്ങൾക്കു ആത്മാവുണ്ടെ ആറു ദിവസം ഞങ്ങൾ കഴിയുംപോലെ വേലയെടുക്കാം. എന്നാൽ ഞായറാഴ്ച ഞങ്ങളുടെ ആത്മാക്കളെക്കുറിച്ചും മേലിരിക്കുന്ന വലിയ തമ്പുരാനെ കുറിച്ചും വിചാരിക്കേണ്ട ദിവസമാകുന്നു" എന്നു പറഞ്ഞു. കോശികുൎയ്യൻ, "ആത്മാവോ? പുലയനുണ്ടൊ ആത്മാവുള്ളു? ദിവസവും വേലയെടുത്തില്ലെങ്കിൽ നിങ്ങളെ ഞാൻ പൂട്ടിയിടും." [ 3 ] അപ്പോൾ ആ കൂട്ടത്തിൽ പുരികത്തേലൊരടികൊള്ളുകയാൽ കണ്ണുനീരോടു കൂടെ പേടിച്ചു കയ്യുംകെട്ടി നില്ക്കുന്ന ഒരു വൃദ്ധനോടു കോശികൎയ്യൻ നിന്റെ പ്രസംഗവും പ്രാൎത്ഥനയുംകൊണ്ടാണു ഇതൊക്കെ എന്നു പറഞ്ഞുംവെച്ചു ഉടൻ തന്നെ ഒരു വേലക്കാരനോടു “എടാ അവനെ പിടിച്ചു കെട്ടു" എന്നു വരുതികൊടുത്തു. അതിന്റെ ശേഷം ആ വയസ്സനെ പിന്നെയുമടിപ്പാനായിട്ടു ഓങ്ങിയപ്പോൾ അവന്റെ പുലക്കള്ളി ഒരു കൊച്ചിനെയും എളിയിൽ വെച്ചുംകൊണ്ടു അവരുടെ ഇടയിൽ ഓടിവന്നു കേറി. അപ്പോൾ ആ ഓങ്ങിയവടി മറെറങ്ങും കൊള്ളാതെ ആ കൊച്ചിനിട്ടു കൊണ്ടു ഉടൻ തന്നെ ശവമായി താഴെ വീഴുകയും ചെയ്തു. അപ്പോൾ എല്ലാവരും കൂടെ കൂട്ടം നിലവിളിച്ചു “അയ്യൊ കുലപാതകം ഒരു കുലപാതകം എന്നു പറഞ്ഞുംകൊണ്ടു ഓടിപ്പോകയും ചെയ്തു.


  1. ൟ കഥ സുറുയാനി സഭെക്കു ഇരുപതു വൎഷം മുമ്പെയുണ്ടായിരുന്ന സ്ഥിതിയെ കുറിച്ചാകുന്നു തെക്കേ ദിക്കുകളിൽ ഇപ്പോൾ വളരെ നന്നായിട്ടുണ്ടു പല പള്ളികളിലും ദൈവത്തിന്റെ കളങ്കമറ്റ തിരുവചനം നാട്ടുഭാഷയിൽ പ്രസംഗിക്കുന്നുമുണ്ടു.