താൾ:Ghathakavadam ഘാതകവധം 1877.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റിയാമല്ലൊ. ചപ്പും കുപ്പയും ഒന്നും വീട്ടിന്റെ അടുക്കലെങ്ങും ഇട്ടെക്കാതെ എല്ലാം കുറെ ദൂരത്തിൽ തൂത്തുകൂട്ടിയിരുന്ന കന്നുകാലിയും കോഴിമുതലായതും തിന്നു നിറഞ്ഞു വൃക്ഷങ്ങളുടെ ഇടവഴി കിടന്നിരുന്നു.

ഒരു ഞായറാഴ്ച ദിവസം കാലത്തു ആ പ്രദേശത്തെങ്ങും ഒരനക്കവുമില്ലാതിരിക്കുമ്പോൾ വീട്ടുടമസ്ഥനായ കേശികുൎയ്യൻ വളരെ കോപത്തോടു കൂടെ ഉറക്കെ സംസാരിച്ചുതുടങ്ങി. ബഹുപുഷ്ടിമാനും ദീൎഘനുമായ അവൻ ചില ഭീരുക്കളായ ആളുകളുടെ ഇടയിൽ നിന്നിരുന്നു. അവർ ൟ ഭയങ്കരഭാവവും അവന്റെ കയ്യിലുണ്ടായിരുന്ന വടിയും കണ്ടു പേടിച്ചു അവന്റെ ഗംഭീര മുഖത്തു നോക്കുവാൻ പോലും പാടില്ലാതെ നിന്നു.

അപ്പോൾ കോശി കുൎയ്യൻ പറഞ്ഞതു "കള്ളന്മാരെ ഇങ്ങിനെയാണൊ നിങ്ങൾ നിങ്ങളുടെ തമ്പുരാനോടു പെരുമാറുന്നതു. എന്റെ കണ്ടം വിളഞ്ഞു വിളവു നഷ്ടപ്പെട്ടുകൊണ്ടിരിക്കെ പുലയരെല്ലാം കള്ളം പിടിച്ചു നടക്കയൊ വേണ്ടതു. നിങ്ങൾ എന്റെ ചോറു തിന്നുകളഞ്ഞുംവെച്ചു വേലയെടുക്കാതെ കുറുക്കനെപോലെ ഒളിച്ചു നടക്കുന്നൊ" അതിനു പുലയർ നിലവിളിച്ചുംകൊണ്ടു "തമ്പുരാനെ ഞങ്ങൾ ആറു ദിവസം നല്ല പോലെ വേലയെടുത്തല്ലൊ. എന്നാൽ ൟ ദിവസം തമ്പുരാന്റേതുമല്ല ഞങ്ങളുടേതുമല്ല പ്രാത്ഥിപ്പാനായി ഉടയതമ്പുരാൻ കല്പിച്ചിരിക്കുന്ന ദിവസം തന്നെ എന്ന പറഞ്ഞു.

ഉടനെ കോശികുൎയ്യൻ "നിങ്ങൾ നുണയന്മാരും കള്ളന്മാരുമാകുന്നു എന്നു പറഞ്ഞുംകൊണ്ടു ചെറുപ്പക്കാരെന്നും വയസ്സന്മാരെന്നും വ്യത്യാസം കൂടാതെ എല്ലാവരെയും നിരപ്പെ തലെക്കും പുറത്തും അടിച്ചു. തല്ലുകൊണ്ടപ്പോൾ ഓടുന്നതിനു പകരം അവർ പിന്നെയും നിലവിളിച്ചുംകൊണ്ടു "അയ്യൊ തമ്പുരാനെ ഞങ്ങളെ അടിക്കരുതെ! ഞങ്ങൾ മൃഗങ്ങളല്ല! ഞങ്ങൾ ന്മനുഷ്യരാണെ ഞങ്ങൾക്കു ആത്മാവുണ്ടെ ആറു ദിവസം ഞങ്ങൾ കഴിയുംപോലെ വേലയെടുക്കാം. എന്നാൽ ഞായറാഴ്ച ഞങ്ങളുടെ ആത്മാക്കളെക്കുറിച്ചും മേലിരിക്കുന്ന വലിയ തമ്പുരാനെ കുറിച്ചും വിചാരിക്കേണ്ട ദിവസമാകുന്നു" എന്നു പറഞ്ഞു. കോശികുൎയ്യൻ, "ആത്മാവോ? പുലയനുണ്ടൊ ആത്മാവുള്ളു? ദിവസവും വേലയെടുത്തില്ലെങ്കിൽ നിങ്ങളെ ഞാൻ പൂട്ടിയിടും."

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/2&oldid=149034" എന്ന താളിൽനിന്ന് ശേഖരിച്ചത്