ഘാതകവധം/അദ്ധ്യായം നാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം നാല്

[ 9 ]

൪--ാം അദ്ധ്യായം

മറിയം നീളവും സൌന്ദൎയ്യവുമുള്ള ഒരു പെൺ പൈതലായിരുന്നു. അവൾക്കു പതിന്നാലു വയസ്സു പ്രായമുവുണ്ടായിരുന്നു. ൟ സമയം അവൾ പള്ളിക്കൂടത്തിൽ പഠിച്ചും വെച്ചു വന്ന മോടിയായിരുന്നു അവളുടെ അപ്പനു തന്റെ മകൾ പഠിത്വത്തിനു ബഹു മിടുക്കിയാകുന്നു എന്നുള്ള വിചാരം കൊണ്ടു അതിൽ വൎദ്ധനവുണ്ടാകേണ്ടതിനു കുറെ കൂടെ ചിലവു ചെയ്‌വാൻ മനസ്സില്ലായിരുന്നു. മിശ്യോൻ പള്ളിക്കൂടത്തിൽ അവൾക്കു വേണ്ടി വളരെ ചിലവിട്ടിട്ടുണ്ടായിരുന്നു. അവിടെ വെച്ചു തന്നെ അറിയുന്നവൎക്കു ഒക്കെയും ഒരു നല്ല അഭിപ്രായം ഉണ്ടാകുവാൻ തക്കവണ്ണം അവൾ പഠിക്കയും ചെയ്തു. അപ്പന്റെ വിളിയെ അനുസരിച്ചായിരുന്നു ൟ സമയം വീട്ടിൽ പോന്നതു. അവൾ തന്റെ മാതാപിതാക്കന്മാൎക്കു നന്നാ പ്രിയപ്പെട്ടിരുന്നു. എങ്കിലും പള്ളിക്കൂടത്തിൽനിന്നു വന്ന അധികം താമസിക്കുന്നതിനു മുമ്പു തന്നേ ഒരു ക്രിസ്ത്യാനി വീട്ടിൽ ഒട്ടും ന്യായമല്ലാത്ത പല ക്രമങ്ങളും തന്റെ വീട്ടിൽ നടക്കുന്നുണ്ടു എന്നു അവൾ അറിഞ്ഞു. സ്നേഹവും സാവധാനവുമുള്ളവളായ തന്റെ അമ്മയുടെ മറവിയെ കുറിച്ചു അവൾ കരക കൂടെ ചെയ്തു. എന്തെന്നാൽ "സമയത്തെ തന്റെ സ്വന്തം എന്നു പറയുന്ന ദൈവത്തിന്റെതാകുന്നു ആ ദിവസം" എന്നു [ 10 ] ള്ള വിചാരം തീരുമാനം കൂടാതെ ശുദ്ധമാന ശാബത നാൾ മുഴവനും അവൾ ഓരൊ വേലകളിൽ എൎപ്പെട്ടിരുന്നു. “ൟ ലോകത്തിൽ നമുക്കു നിത്യമായ വാസസ്ഥലമില്ലായ്കയാൽ'" വരുവാനിരിക്കുന്നതിനെ അന്വേഷിക്കേണമെന്നുള്ള വിചാരം ആ വീട്ടിലുള്ളവരിൽ മറിയത്തിന്റെ അമ്മൂമ്മയ്ക്കു മാത്രമെ ഉണ്ടായിരുന്നുള്ളു. അവൾക്കു പഠിത്വം ഏറെ ഇല്ലായിരുന്നു എങ്കിലും തന്റെ ഹൃദയം ദൈവത്തിനു ഇഷ്ടകരമായിരിക്കെണമെന്നുള്ള ആ സത്യ രഹസ്യം അവൾ അറിഞ്ഞിരുന്നു. തന്റെ വേദപുസ്തകത്തെ അവൾ സ്നേഹിച്ചു. അവളുടെ പ്രാൎത്ഥനകൾ തീഷ്ണതയുള്ളവയും താഴ്മയും അനുതാപവുമുള്ള ഹൃദയത്തിന്റെ അഗാധത്തിൽനിന്നു ഉയരുന്നവയുമായിരുന്നു. മറിയം തന്റെ കൊച്ചനുജത്തികളെ വിളിച്ചിരുത്തി വേദവാക്യങ്ങളിൽ നിന്നെടുത്തു അവരെ പറഞ്ഞു കേൾപ്പിച്ചുവന്ന ചെറിയ കഥകളിൽ ൟ വൃദ്ധസ്ത്രീ ദിവസം തോറും സന്തോഷത്തോടുകൂടെ ശ്രദ്ധിച്ചു ഇരുന്നു.

നമ്മൾ ഇപ്പോൾ പറഞ്ഞുവരുന്ന കാൎയ്യങ്ങളുടെ സംഭവത്തിങ്കൽ അവരെല്ലാവരും മറിയം തങ്ങളോടു പറയാമെന്നു പറഞ്ഞിരുന്ന കഥ കേൾപ്പാൻ ആഗ്രഹത്തോടുകൂടെ മാവിന്റെ ചുവട്ടിൽ അവളുടെ ചുറ്റും കൂടിയിരുന്നു ആദ്യം തന്നെ ഒരു പാട്ടുപാടി. അതു കഴിഞ്ഞശേഷം എല്ലാവരും ൟ ചെറിയ ആശാട്ടിയെ നോക്കിക്കൊണ്ടിരുന്നു. അപ്പോൾ അവൾ പറഞ്ഞു തുടങ്ങി "ഞാൻ നിങ്ങളോടു ദൈവത്തിനു പാപികളോടുള്ള സ്നേഹത്തെക്കുറിച്ചാകുന്നു പറവാൻ പോകുന്നതു."

ഉടനെ പൈതങ്ങൾ "ജ്യേഷ്ഠത്തി എന്നാൽ അതൊരു കഥയാക്കിപ്പറഞ്ഞാട്ടെ ഞങ്ങൾക്കു അതാണു അധിക രസം എന്നു പറഞ്ഞു.

മറിയം. "കൊള്ളാം എന്നാൽ കഥ തന്നെ പറയാം. ഒരെടത്തു ഒരു മഹാരാജാവുണ്ടായിരുന്നു. അവൻ ഒരു വല്ല ഭംഗിയുള്ള കൊട്ടാരത്തിൽ തന്റെ ഏക പുത്രനോടു കൂടെ പാൎത്തിരുന്നു. അതു ഒരു ഉയൎന്ന കുന്നേൽ അശേഷം കാണ്ണാടി കൊണ്ടു പണിയപ്പെട്ടതായിരുന്നു രാജാവിനു അവിടെയിരുന്നുംകൊണ്ടു ഏതു വശത്തൊട്ടു നോക്കിയാലും തന്റെ രാജ്യം എല്ലാം കാണായിരുന്നു. അനവധി ചെറിയ ചെറിയഗ്രാമങ്ങളും അടുക്കലടുക്കൽ പട്ടണങ്ങളും ഉണ്ടായിരുന്നു. [ 11 ] എങ്കിലും രാജാവിനു വയലിൽ കളിച്ചുകൊണ്ടിരുന്ന പൈതങ്ങളെ കാണുന്നതിൽ അധികരസം തോന്നി. കൊട്ടാരത്തിലെ ഭൃത്യന്മാരെല്ലാവരും വിശേഷ ഉടുപ്പുകളോടു കൂടെ നടന്നു അവരെ രാജാവു മിക്കപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓരൊരൊ കാൎയ്യങ്ങൾക്കായി അയയ്ക്ക പതിവായിരുന്നു. ചിലപ്പോൾ ആ പൈതങ്ങളിൽ ചിലരെയും അവിടെ കൊണ്ടുവരും. അങ്ങിനെയിരിക്കുന്ന സമയം ഒരു ദിവസം രാജാവും തന്റെ മകനും കൂടെ മേൽ പറഞ്ഞ പൈതങ്ങളുടെ ഒരു കൂട്ടത്തിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ഇതാ ഒരു വല്യ ഘൊര ജന്തു ഒരു മാത്രകൊണ്ടു അവരെ വിഴുങ്ങിക്കുളവാൻ ഉള്ള ഭാവത്തൊടു കൂടെ അവരുടെ പുറകിൽനിൽക്കുന്നതു കണ്ടു. എങ്കിലും പൈതങ്ങൾ അവരുടെ അപകടത്തെ കുറിച്ചു ലേശം പോലും അറിഞ്ഞതുമില്ല. ഉടനെ രാജാവു 'എന്താണു ചെയ്യേണ്ടതു ആരെ ഞാൻ അയയ്ക്കുന്നു. വല്യ അപകടം ഒരു ക്ഷണംകൊണ്ടു അവരെല്ലാം നശിച്ചുപോകുമെല്ലൊ’ എന്നു പറഞ്ഞു. അതു കേട്ടു പുത്രൻ 'ഞാൻ പോകാം എന്നെ അയച്ചാലും' എന്നു പറഞ്ഞുംവെച്ചു ഒരു വിനാഴിക കൊണ്ടു തന്റെ രാജപുത്രത്വത്തിന്നടുത്ത പദവികളെല്ലാം ഉപേക്ഷിച്ചു ആ പാവപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിപ്പാൻ പോകയും ചെയ്തു അവൻ വന്നപ്പോൾ ക്രൂര മൃഗം അവരെ പിടിപ്പാനായിട്ടു എഴുന്നു ചാടുവാൻ പോകയായിരുന്നു ഉടനെ രാജപുത്രൻ ചാടി വീണു അവന്റെ ഗുഹയിലേക്കു മോങ്ങിക്കൊണ്ടു പോകത്തക്കവണ്ണം തന്റെ വാൾ കൊണ്ടു മൃഗത്തിനിട്ടു ഒരു വെട്ടു വെച്ചു കൊടുത്തു. അപ്പോൾ പൈതങ്ങൾ ഏതുമാതിരി ഭയങ്കര മരണത്തിൽനിന്നു ൟയാൾ തങ്ങളെ രക്ഷിച്ചിരിക്കുന്നു എന്നു അറിഞ്ഞു അവന്റെ ചുറ്റും കൂടി ആ ജന്തു വീണ്ടും വരാതിരിപ്പാൻ വേണ്ടി തങ്ങളോടു കൂടെ താമസിക്കണമെന്നു അവനോടു അപേക്ഷിച്ചു. അപ്പോൾ അവൻ കുഞ്ഞുങ്ങളെ ഭയപ്പെടേണ്ടാ ഇവിടെ നോക്കുവിൻ എന്നു പറഞ്ഞുംകൊണ്ടു മൃഗത്തോടു ഉണ്ടായ യുദ്ധത്തിൽ വെച്ചു തനിക്കു കിട്ടിയതും രക്തം ഒഴുകിക്കൊണ്ടിരിക്കുന്നതുമായ ഒരു മുറിവു അവരെ കാണിച്ചു. 'ഞാൻ നിങ്ങളിൽ ഓരോരുത്തൎക്കു എന്റെ രക്തം കൊണ്ടു ഓരോ മുദ്രകുത്താം അതു നിങ്ങളുടെ മേൽ ഉള്ളപ്പോൾ ഒക്കെയും നിങ്ങൾക്കു രക്ഷയുണ്ടു അവൻ നിങ്ങളെ തൊടുവാൻ പോലും തുനിയാതെ ദൂര [ 12 ] ത്തിൽ ഓടിപ്പോകം' എന്നും കൂടെ പറഞ്ഞു. ഇപ്രകാരം ആ പൈതങ്ങൾ ഭാഗ്യവാന്മാരായി തീൎന്നു രാജ പുത്രൻ പിതാവിന്റെ അടുക്കലേക്കു തിരിച്ചു പോകയും ചെയ്തു.

മറിയം ൟ കഥ പറഞ്ഞു തീൎന്നപ്പോൾ അല്പ നേരത്തേക്കു എല്ലാവരും മിണ്ടാതിരുന്നു. അവൾ ആൎക്കു അതിന്റെ അൎത്ഥം മനസ്സിലായിക്കാണും എന്നു അറിവാൻ ആഗ്രഹിച്ചിരുന്നു. ഒടുക്കം അവരുടെ അമ്മുമ്മയായിരുന്നു എല്ലാവൎക്കും അതിന്റെ അൎത്ഥം സൂചിപ്പിച്ചു കൊടുത്തതു. എങ്ങിനെയെന്നാൽ അവൾ പറഞ്ഞു "ഉവ്വ ഉവ്വ ദൈവം ഒരു രാജാവു മഹത്വത്തിന്റെ രാജാവു തന്നെ". ഉടനേ അന്നാ "അതെ അവന്റെ പുത്രൻ കൎത്താവീശോമശിഹായും മൃഗം പിശാചും പൈതങ്ങൾ നാം തന്നെയും ആകുന്നു" എന്നു പറഞ്ഞു. അപ്പോൾ മറിയം ഇതുകൊണ്ടു നാം യേശുവിനെ എത്ര സ്നേഹിക്കേണ്ടതാകുന്നു എന്നുള്ളതിനെ കുറിച്ചു അവരോടു വിവരിച്ചു പറവാൻ ഭാവിച്ചപ്പോൾ വൃക്ഷങ്ങളുടെ ഇടവഴി ഇരുണ്ട മുഖത്തോടു കൂടിയ ഒരാൾ അവളെ കൈ കാട്ടി വിളിച്ചുംകൊണ്ടു വരുന്നതു കണ്ടതിനാൽ അതിനു ഇടയായില്ലാ. അടുത്തു വന്നപ്പോൾ അതു വൃദ്ധനായ പൌലുസിന്റെ ഇളയ മകളാകുന്നു എന്നറിഞ്ഞു. അവളിൽനിന്നു ചില ജാഗ്രതയുള്ള വാക്കുകൾ കേൾക്കയാൽ അതുവരെ സന്തോഷകരമായിരുന്ന മറയത്തിന്റെ മുഖം ചവണ്ടു പോയി. ഉടനെ അവൾ തിരികെ വന്നു ധൃതിയായിട്ടു അമ്മുമ്മയോടു അല്പം ഏതാണ്ടു മന്ത്രിച്ചു. അപ്പോൾ ആ വൃദ്ധ എഴുനീറ്റു വേഗത്തിൽ പുരയിൽ കേറി ഒന്നു രണ്ടു കുടുക്കയും കുഴലും മറ്റുമായി ഇറങ്ങി വന്നു. എന്തെന്നാൽ അവൾക്കു ഔഷധങ്ങളിലും മറ്റും നല്ല ശീലമുണ്ടായിരുന്നു. തന്റെ ചികിത്സ കൊണ്ടു പല രോഗങ്ങളും ഭേദപ്പെട്ടിട്ടുമുണ്ടു അവൾ മറിയത്തിന്റെ കയ്ക്കു പിടിച്ചു ചേറ്റിലും കാട്ടിലും ഒക്കെ കൂടെ തന്റെ വഴി കാട്ടിയായ പുല കിടാത്തിയുടെ പിന്നാലെ പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=ഘാതകവധം/അദ്ധ്യായം_നാല്&oldid=147985" എന്ന താളിൽനിന്ന് ശേഖരിച്ചത്