ഘാതകവധം/അദ്ധ്യായം പതിനൊന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം പതിനൊന്ന്

[ 44 ]

൧൧അദ്ധ്യായം

മറിയത്തിന്റെ ചെവിയിൽ കെട്ട വാക്കുകൾ എന്തായിരുന്നു. നാം അതിനെക്കുറിച്ചു പിന്നീടു വിചാരിക്കാം എന്തെന്നാൽ അവൾ തന്റെ അമ്മയൊടും അമ്മൂമ്മയൊടും ഒരു വാക്കും പറഞ്ഞില്ല. അവൾ തന്റെ മനസ്സിന്റെ ഉദ്യോഗിപ്പുപോലെ അപ്പന്റെ കൂടെ ചെറിയ മുറിയിൽ കേറി കതകടയ്ക്കയും ചെയ്തു.

അപ്പനും മകളും അവിടെ കിടക്കട്ടെ ഒരു കണ്ണു അവരുടെ മെൽ ഉണ്ടായിരുന്നു കരുണയ്ക്കായിട്ടുള്ള നിലവിളി ഒരു ചെവികെട്ടു. വേറെ ഒരു കണ്ണും ആ ചെറിയ മുറിയിൽ നോക്കെണ്ടാ.

എന്നാൽ നാം ആറെ താത്തുപൊയ അച്ചന്റെ വള്ളത്തിന്റെ പിന്നാലെ ചെല്ലാം. ഒരു ക്ഷയിച്ച ചെറിയ വീട്ടിലേക്കു കെറാനുള്ള രണ്ടു മൂന്നു ഇടിഞ്ഞ കല്പടകളുടെ അരികെ വള്ളം അടുത്തു. മുൻവശത്തുള്ള ചെറിയ മുറ്റത്തിനു ചുറ്റും ഒരിക്കൽ മതിലുണ്ടായിരുന്നു. എന്നാൽ ഇപ്പൊൾ അതു പലെടത്തും ഇടിഞ്ഞു വീണുകിടന്നിരുന്ന വീണുകിടന്ന കല്ലുകൾ മിക്കവാറും കാടുപിടിച്ചതുമായിരുന്നു. വളരെ ഉപേക്ഷിച്ച തെങ്ങുകൾ മുറ്റത്തൊടു ചാഞ്ഞുകിടന്നു. ഒരു കോണിൽ കിണറുണ്ടായിരുന്നു. വെള്ളത്തിൻ മീതെ ഇലകൾ അഴുകിക്കിടക്കയും അരഞ്ഞാണങ്ങളേൽ ഓരോ ചെടികൾ വളൎന്നു കിണറിന്റെ വാമൂടി നില്ക്കയും ചെയ്തു. മുറ്റത്തിന്റെ കോണുകളിൽ ഇലകൾ അഴുകി കുന്നായിക്കിടന്നതും മറ്റും വൃത്തികെടുകൊണ്ടു നിറഞ്ഞതു പാമ്പിനു ഒരു നല്ല ഇരിപ്പിടവും വീട്ടുകാൎക്കു ദുൎവ്വായുവിന്നു ഹേതുവുമായിത്തീൎന്നു.

പുരയുടെ മെച്ചിൽ മിക്കവാറും പോയതായിരുന്നതുകൊണ്ടു ആ അരിഷ്ടതയുള്ള വാസസ്ഥലത്തിന്റെ അകം നല്ല വണ്ണം കാണത്തക്കപോലെ വെട്ടമുണ്ടായിരുന്നു. നടുവിൽ മൂന്നുകോൽ സമചതുരത്തിൽ ഒന്നു മാത്രമെ ഒരു മുറി എന്നു പറവാൻ ഉണ്ടായിരുന്നുള്ളു . എങ്കിലും തിണ്ണയുടെ രണ്ടറ്റവും നിറച്ചു വേറെ രണ്ടു ചെറിയ മുറികൾ കൂടെ ഉണ്ടാ [ 45 ] ക്കിട്ടുണ്ടായിരുന്നു. അതിൽ ഒന്നു അടുക്കളയായിരുന്നു മറ്റതിൽ നെല്ലിടുവാൻ ഒരു പത്തായവുമുണ്ടായിരുന്നു. അതിന്റെ പുറത്തു ഒരു മെലിഞ്ഞ പെണ്ണു കിടന്നിരുന്നു. നടുവിലെ മുറിയിൽ ഒരു വൃദ്ധസ്ത്രീയുടെ ക്ഷീണിച്ച ശബ്ദവും കേൾപ്പാനുണ്ടായിരുന്നു. ൟ അരിഷ്ട വീട്ടിൽ പിന്നുണ്ടായിരുന്നതു ആ വയസ്സിയുടെ മകനും പെണ്ണിന്റെ അപ്പനുമായ ഒരാൾ മാത്രമായിരുന്നു. അവൻ കിണറ്റുകരെ ഒരു പായേൽ തന്റെ മുഖം നിലത്തു പതിച്ചു നട്ടറി വൈലത്തു കിടക്കയായിരുന്നു. അതു കറുപ്പിന്റെ അമലു തന്നെയെന്നു ഒരു കൂൎക്കം പോലെയുള്ള ശബ്ദത്തിൽ അച്ചൻ കേട്ടു. ഒരു ചെറിയ ചട്ടിയിൽ കുറെ കഴുകാത്ത അരി അവന്റെ അടുക്കൽ ഇരിക്കുന്നതു കണ്ടു കാലത്തെ കഞ്ഞി വയ്ക്കുന്നതിന്നു മുമ്പിൽ കറുപ്പുതിന്നു അവൻ ബോധം കെട്ടുപോയതാണെന്ന അദ്ദെഹത്തിനു മനസ്സിലായി. അവനെ എഴുനില്പിക്കുന്നതു അസാദ്ധ്യം എന്നു കണ്ടു തന്റെ വള്ളക്കാരിൽ ഒരുവനെ വിളിച്ചു തീ കൊണ്ടുവന്നു ആ അരി എടുത്തു കഞ്ഞി വേഗത്തിൽ വൈപ്പാൻ പറഞ്ഞു. അവൻ ഉടനെ അതു അനുസരിച്ചു അരിവെന്തപ്പോഴെക്കു ഒരു തേങ്ങാ ഇട്ടു തന്റെ കുറിയമുണ്ടിൽ കെട്ടിക്കൊണ്ടു പൊന്നിരുന്ന രണ്ടു മൂന്നു മുളകും കുറെ ഉപ്പും കൂടെ എടുത്തു ഒരു സംബന്ധി ഉണ്ടാക്കി. “പിതാവില്ലാത്തവരെയും വിധവമാരെയും ചെന്നു കാണുന്നതാകുന്നു ശുദ്ധമാൎഗ്ഗവും ദൈവത്തിന്റെ മുമ്പാകെ അശുദ്ധിപ്പെടാത്തതും" തന്റെ ഹൃദയത്തിൽ നല്ലവണ്ണം എഴുതപ്പെട്ടിരുന്ന ൟ വാക്യമായിരുന്നു കഞ്ഞിവെന്തുവരുന്നതു വരെ ഒരിക്കൽ തന്റെ സഭക്കാരിലേക്കും നല്ലവനെന്നു തോന്നിച്ച ൟ ബലമുള്ള ചെറുപ്പക്കാരന്റെ അരിഷ്ടതയെ നോക്കികൊണ്ടു ഇത്ര ക്ഷമയോടു ആ ഇടിഞ്ഞ മതിലേൽ കേറി ഇരിപ്പാൻ ആ പട്ടക്കാരനെ ഉദ്യോഗിപ്പിച്ചതു ഇതു തന്നെ ആയിരുന്നു ആ ദീനക്കാരി ആയ പെണ്ണിന്റെ തല സാവധാനത്തോടെ പൊക്കി ഒരു അപ്പനെ പോലെ അവൾക്കു നന്നാ ആവശ്യപ്പെട്ടിരുന്നതായ ഭക്ഷണം കൊടുപ്പാനും അദ്ദേഹത്തെ തുനിയുമാറാക്കിയതു ഇതായിരുന്നു. പനികൊണ്ടു വിറച്ചുകിടന്ന ആ ശരീരത്തെ തന്റെ കമ്പിളി വള്ളത്തേൽനിന്നു കൊണ്ടുവന്നു മൂടുവാൻ മനസ്സു വരുത്തിയതും ഇതു തന്നെ ആയിരുന്നു ആ ദീനക്കാരൊടിരുവരോടും നല്ല വാക്കു പറ [ 46 ] വാനും രണ്ടുപേരും നല്ല വണ്ണം കേൾക്കതക്കവണ്ണം നടുവിൽ മുട്ടുകുത്തി അവർക്കുവേണ്ടി മരിച്ച യേശുവിനോടു കരുണയുണ്ടായി അവരെ സഹായിപ്പാൻ തീഷ്ണതയോടു വാദക്കുന്നതിനും അദ്ദേഹത്തിനു തോന്നിച്ചതു.

ആ പെണ്ണിന്റെ ദീനം മുമ്പിലത്തെ തവണ താൻ ചെന്നു കണ്ടതിലും നന്നാ കടുത്തിരുന്നു അവൾക്കായിട്ടു ഭക്ഷണവും തേനും കൊണ്ടു താൻ താമസിക്കാതെ ചെല്ലാമെന്നു പറഞ്ഞപ്പോൾ സാവധാനത്തിൽ പുഞ്ചിരി ഇടുവാനും നോക്കുവാനും മാത്രമെ അവൾക്കു കഴിഞ്ഞുള്ളൂ. അവളുടെ ശബ്ദപും വ്യക്തമാവാൻ കഴിയാത്തവണ്ണം ക്ഷീണിച്ചിരുന്നു. അല്ലെങ്കിൽ അവൾ അതിന്റെ നന്ദി വെളിപ്പെടുത്തിയേനെ. അച്ചൻ പിന്നെ കേറിയതു ഒരു നായരുടെ വീട്ടിലായിരുന്നു. പടിപ്പുരക്കൽ മൂന്നുനാലു ചീത്ത ആളുകൾ നെല്ലുവിലയെക്കുറിച്ചും കരംകൊടുക്കാതിരിപ്പാൻ ഒരു നല്ല ഉപായത്തേക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. അച്ചൻ വള്ളത്തേൽനിന്നു ഇറങ്ങിയ ഉടനെ അവർ എഴുനീറ്റു അദ്ദേഹത്തെ അകത്തോട്ടു നോക്കിക്കാതിരിപ്പാൻ ശ്രമിച്ചു.

എങ്കിലും അവിടെ അതിന്റെ ആഗ്രഹമില്ലായിരുന്നു അവരുടെ മൎയ്യാദ അറിഞ്ഞിരുന്നതു കൊണ്ടു പടിപ്പുരയ്ക്കൽ ഇരുന്ന കൈകാട്ടി വിളിച്ചു. അവർ അടുത്തു വന്ന കുറെ ദൂരെ ഒരു നായരു തന്റെ കന്നുക്കൂട്ടത്തിൽ ഒരു ദിനം തുടങ്ങി വളരെ ഉരുക്കൾ ത്തുപൊയതുകൊണ്ടു ഗീവറുഗീസു പുണ്യവാളനു ഒരു വള്ളം നെല്ലു നെൎച്ച ആയിട്ടു അന്നെരം കൊടുത്തയച്ചിരിക്കുന്നു എന്നും മറ്റും ഭടാചാരം പറവാൻ തുടങ്ങി അതു കൂടാതെ തന്റെ പുലയരിൽ മൂന്നു പെരെ കൊന്നതുകൊണ്ടു പാറാവിൽ കിടക്കുന്നവനും ഉദ്യോഗസ്ഥന്മാൎക്കു കൈക്കൂലി കൊടുത്തില്ലങ്കിൽ വഴിപ്പണി ചെയ്യെണ്ടിവന്നു പൊകുന്നുവനുമായ ഒരു ധനവാനായ മാപ്പിളയെക്കുറിച്ചും കുറെ വർത്തമാനങ്ങൾ അവർക്കുണ്ടായിരുന്നു.

ഒടുക്കം അദ്ദേഹം ൟ വർത്തമാനം നിറുത്തുവാൻ വെണ്ടി ഇങ്ങനെ പറഞ്ഞു "ഉവ്വ ഞാൻ വള്ളവും നായരെയും കണ്ടു. ഒരു ചുമടു നെല്ലും.ഉണ്ടു. അവൻ തന്റെ ഒരു പശുവിനു ദീനമാണെന്നും അതിനു ഒരു ചൊകന്റെ പക്കലുള്ള ഒരു നല്ല മരുന്നു മെടിപ്പാൻ അതുകൊണ്ടു പോകുന്നു എന്നും എന്നൊടു പറഞ്ഞു ആ ധനവാനായ മാപ്പിളയെയും [ 47 ]

ഞാൻ അറിയും കൊശികുൎയ്യൻ തന്നെ. അവൻ തന്റെ പുലയരിൽ ഒരുവന്റെ കൊച്ചിനെ അബദ്ധത്തിൽ കൊന്ന പോയി എങ്കിലും അവൻ പാറാവിൽ അല്ല, അവൻ വഴിപ്പണി ചെയ്യുമെന്നും തൊന്നുന്നില്ല." അവരുടെ ഭോഷ്ക പറച്ചിൽ ഇങ്ങനെ നിറുത്തികളഞ്ഞതുകൊണ്ടു അവൎക്കു ഒട്ടും രസക്കെടുണ്ടാകാതെ അവിടെ ഇരുന്നു. അദ്ദെഹം വീണ്ടും വൎത്തമാനം തുടങ്ങുന്നതുവരെ മിണ്ടിയില്ല.

അപ്പൊൾ അച്ചൻ പറഞ്ഞു "എന്നാൽ ഇപ്പൊൾ ഞാൻ വന്നതു എന്തിനെന്നു പറയാം. ഞാൻ കഴിഞ്ഞ തവണ ഇവിടെ വന്നിരുന്നപ്പോൾ ഇനിയും വന്നാൽ ഞാൻ പറയിക്കുന്നതു കെൾക്കാമെന്നു നിങ്ങൾ പറഞ്ഞിരുന്നുവല്ലൊ അതു നിവൃത്തിക്കെണ്ടതിനാണ ഞാൻ വന്നിരിക്കുന്നതു"

ഉടനെ അവരെല്ലാവരും "കൊള്ളാം വായിച്ചാട്ടെ ഞങ്ങൾ കെൾക്കാം" എന്നു പറഞ്ഞു.

അച്ചൻ ഉപദേശികളിൽ ഒരുത്തനൊടു കൈകാട്ടി അപ്പൊൾ അവൻ ഒരു ചെറിയ പുസ്തകം എടുത്തു തെളിവായി വായിച്ചു. ഇങ്ങിനെ വായിച്ചുകൊണ്ടിരിക്കുമ്പൊൾ രണ്ടു മൂന്നു സ്ത്രീകൾ ശബ്ദം കെട്ടു വാതിലിന്റെ പുറകിൽ വന്നു എത്തി നോക്കി അപ്പൊൾ മതിലിന്റെ കിഴുത്തകളിൽ കൂടെ അദ്ദെഹം കുറെ കടലാസുകൾ അകത്തെക്കു ഇട്ടു. അവർ അതുകൊണ്ടു അച്ചൻ കടവിലെത്തുന്നതിനു മുമ്പു ഓടിച്ചെന്നു അതെടുത്തു പിന്നെ വള്ളത്തേൽ കെറുവാൻ ഭാവിച്ചപ്പൊൾ ചിരിച്ചുംകൊണ്ടു അവരൊടു ഇങ്ങിനെ പറഞ്ഞു "നിങ്ങൾ ഇനി കാണുന്ന ആളിനൊടു എന്നെക്കുറിച്ചു പറയുമ്പൊൾ എന്റെ കുപ്പായം പട്ടു എന്നൊ ഞാൻ പതിന്നാലു തണ്ടുവച്ച ഒരു ബൊട്ടെലാണു വന്നതെന്നൊ പറയരുതു തേണ്ടെ ൟ ഉടപ്പു വെള്ളത്തുണി തന്നെ. ഞാൻ വന്നതും രണ്ടു തണ്ടു മാത്രം ഉള്ള ഒരൊടി വള്ളത്തെലാണു" ഇതു കെട്ടു അവർ ചിരിച്ചു "ഉവ്വ ഉവ്വ ഞങ്ങൾ ഓൎക്കാം"എന്നു പറഞ്ഞു.

അദ്ദേഹം പിന്നെ തന്റെ വീട്ടിൽ എത്തി. അപ്പൊൾ ഉച്ചതിരിഞ്ഞു പൊയതുകൊണ്ടു ഉണ്ണാൻ അമളി ആയിരുന്നു രണ്ടു പുഞ്ചിരിയുള്ള മുഖങ്ങൾ തന്റെ വരവിനെ സന്തൊഷിപ്പിച്ചു. ഇളയ കുഞ്ഞിനെ അമ്മയുടെ കയ്യിൽനിന്നു താൻ മെടിച്ചപ്പൊൾ അവൾ ചൊറുകൊണ്ടു വരുവാനായിട്ടു പൊയി കോശികുൎയ്യൻ ചെയ്തുവന്നതു പൊലെ ഭാൎയ്യയെയും [ 48 ] മക്കളെയും തന്റെ കൂടെ ഭക്ഷണത്തിനിരുത്തുക അവിടെ പതിവില്ലായിരുന്നു പലപ്പൊഴും ശ്രമിച്ചിട്ടുണ്ടു എങ്കിലും ധൈര്യക്കുറവുകൊണ്ടു പറ്റിയിട്ടില്ല. തന്റെ ഭാൎയ്യയും പൂൎവ്വാചാരത്തെ സ്നെഹിച്ചു വാക്കുകൊണ്ടു എതൃത്തിട്ടില്ലെങ്കിലും ഇരിക്കാൻ ഭാവിക്കുമ്പൊൾ അസാമാന്യമായി എന്തെങ്കിലും ഒരു വെലയുണ്ടാക്കിയിട്ടു അതിനിടയാകാതിരിക്കും. മോരു മറന്നുപൊയെന്നൊ പൎപ്പടം കാച്ചിയില്ലെന്നൊ മീൻകൊണ്ടു വന്നില്ലെന്നൊ, എന്തെങ്കിലും ഒന്നുണ്ടാക്കി മാൎത്തായെ പൊലെ അടുക്കളയിലെക്കു അവൾ പൊയ്ക്കളയും.

എങ്കിലും ഒരു കാൎയ്യം ഉണ്ടായിരുന്നു. അവൾക്കു തന്റെ വീട്ടിൽ സന്തൊഷവും ആനന്ദവും ഉണ്ടാകുവാൻ ഇടവരുത്തിയതു അദ്ദെഹം തന്നെ, അവർ തമ്മിൽ വിവാഹം ചെയ്ത ഇടയ്ക്ക അവൾ വിൺവാ പറച്ചിലിൽ നല്ല രസമുള്ളവളായിരുന്നു. സന്തൊഷത്തിനായിട്ടു പൊലും വായിപ്പാൻ അവൾക്കു പാടില്ലാഞ്ഞു. അങ്ങിനെ വളരെ സമയം അയൽവാസികളുടെ വൎത്തമാനങ്ങൾ അറിയുന്നതിൽ അവൾ സമയം പൊക്കിവന്നു. ഒരുത്തന്റെ വീട്ടിൽ ഒരു കല്ല്യാണമുണ്ടായാൽ അതിനെത്ര അരി വെയ്ക്കണമെന്നും കറികൾ എന്തെല്ലാം വെണമെന്നും സ്ത്രീധനം എന്തെന്നും ചമയകോപ്പുകൾ ഇന്നതെല്ലാം ആവശ്യമുണ്ടെന്നും അവയുടെ കൂലി വിവരവും മറെറാരുത്തന്റെ ആലയിൽ വച്ചിരിക്കുന്ന കാച്ചിൽ എത്രയുണ്ടെന്നും അവന്റെ പത്താഴത്തിനു കീഴെ ഒരു കുപ്പിയിൽ ഇട്ടു വച്ചിരിക്കുന്ന ചക്രത്തിന്റെ തുകയും മറ്റും സൂക്ഷ്മമായിട്ടു അവൾക്കു അറിവുണ്ടായിരുന്നു. ഇങ്ങിനെയുള്ള അനാവശ്യങ്ങളിൽ അവൾ ബഹുമിടുക്കിയായിരുന്നു എങ്കിലും തങ്ങളുടെ പുരയിൽ കിടക്കുന്ന നെല്ലിന്റെ വിലയെന്തെന്നു ഭൎത്താവും ചൊദിച്ചാൽ അറിവാൻ പാടില്ല. അവളുടെ മൂത്ത മകന്റെ മരണശേഷമെ ൟ ചെറുപ്പക്കാരി ഒരു ക്രിസ്ത്യാനി അമ്മ ആവാൻ തുടങ്ങുന്നുള്ളു.

അവൾ നന്നാകുന്നതിനുള്ള വഴിയിൽ ഒന്നാമത്തതു തങ്ങളുടെ വീടുവിട്ടു ഭൎത്താക്കന്മാരെയും ഉപേക്ഷിച്ചു അവിടെ വന്നു വെറ്റിലയും തിന്നു വൎത്തമാനം പറഞ്ഞു നേരംപോക്കിക്കൊണ്ടിരുന്ന ചില ആഭാസ സ്ത്രീകളെ മെലാൽ അവിടെ കെറരുതെന്നു വിരോധിച്ചതായിരുന്നു.

അപ്പോൾ അവർ അവളെ പരിഹസിച്ചു തുടങ്ങി, "അമ്പൊ അവളുടെ പൊണ്ണക്കാൎയ്യം. അവളുടെ മാപ്പിള ആശാ [ 49 ] നായിരുന്നപ്പോൾ അഞ്ചു രൂപായെ ഉണ്ടായിരുന്നുള്ളൂ ശമ്പളം. ഇപ്പോൾ അവളുടെ നിഗളം കണ്ടൊ അവളുടെ അപ്പൂപ്പൻ വെട്ടുകത്തിയുംകൊണ്ടായിരുന്നു നടന്നതു. അതു അവൾ ഓൎക്കുന്നില്ല"

ൟ ഒടുക്കം പറഞ്ഞതു അവൾക്കു ബഹു വ്യസനകരമായിരുന്നു. കാരണം തന്റെ വീട്ടുകാർ മുമ്പു പാപപ്പെട്ടവരായിരുന്നു എന്നു അതിൽനിന്നു വരുന്നു, എങ്കിലും ൟ വിചാരം അന്നേരത്തെക്കു മാത്രമെ ഉണ്ടായിരുന്നുള്ളു, അവളുടെ ഹൃദയം നന്നായിത്തുടങ്ങി. നിത്യപ്രാൎത്ഥനകൊണ്ടു അതിൽ വൎദ്ധനവും ഉണ്ടായി.

അവളുടെ പഠിത്വവും തുലോം നിമിഷമായിരുന്നു. അവളെ പഠിപ്പിച്ചു വന്ന തന്റെ ഭൎത്താവു നന്നാ പ്രയാസമുള്ള വാക്യങ്ങളുടെ അൎത്ഥം അവൾ ക്ഷണത്തിൽ പറയുന്നതു കേട്ടു സന്തോഷിച്ചപോയി അച്ചൻ തന്റെ വേല കുഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ ഊണുവൃത്തിയായിട്ടു ഒരുക്കി കിണ്ണനും മറ്റും നല്ലപോലെ തേച്ചുവച്ചിരിക്കയും വിളക്കു നല്ലവണ്ണം തെളിഞ്ഞു നില്ക്കയും പുരയിടം വൃത്തിയായിട്ടു തൂത്തു ഇട്ടിരിക്കയും തന്റെ ഭാൎയ്യ വെളുത്ത പുടകയും ചട്ടയുമായിട്ടു കുഞ്ഞിനെ മടിയിൽ വച്ചു വൈകിട്ടത്തേക്കുള്ള പാഠം പഠിപ്പാൻ താല്പൎയ്യത്തോടു കൂടെ ഒരു പുസ്തകവുംകൊണ്ടു ഇരിക്കയും ചെയ്തുവന്ന ആ നാളുകൾ തന്റെ ജീവകാലത്തിൽ വളരെ സന്തൊഷമുള്ള ദിവസങ്ങൾ ആയിരുന്നു എന്നു അദ്ദേഹം പറക പതിവുണ്ടായിരുന്നു.

അതുകൂടാതെ ഇങ്ങിനെയും പറഞ്ഞിട്ടുണ്ടു. “ദൈവകൃപയാൽ അവൾ ആ സമയംകൊണ്ടു നന്നാകാതിരുന്നു എങ്കിൽ ഞാൻ സംശയം കൂടാതെ ഇപ്പോൾ ചോവപ്പാടികളിൽ നടക്കയായിരുന്നേനെ. ഞാൻ മിക്കവാറും ഒരു കടിയനും നുണയനും നിശ്ചയമായിട്ടു ഒരു കള്ളനുമായിത്തീൎന്നു ഇപ്പോഴത്തെ എന്റെ സ്ഥിതിക്കു പകരം ഒരു രക്ഷിതാവു കൂടാതെ വിലങ്ങുമിട്ടു ഒരു അരിഷ്ടനായി മരിക്കെണ്ടിവന്നേനെ. എന്നാൽ ഇപ്പോൾ എന്തു വ്യത്യാസം അവളുടെ ശീലം സന്മാൎഗ്ഗത്തിലെക്കു തിരിക തന്നെ ആയിരുന്നു ഇനിക്കു ആവശ്യപ്പെട്ടിരുന്നതു. ഞങ്ങൾ ഒരുമിച്ചു വായിക്കയും സംസാരിക്കയും ചെയ്തു. അവൾ എന്നെ എന്റെ വേലയെ സ്നേഹിക്കുമാറാക്കി. എന്റെ മക്കളുടെ മനസ്സുകളെയും നല്ല വഴിയിലേക്കു തിരിക്കുന്നതിനു ഞാൻ മുമ്പിലത്തേതിൽ അധികം [ 50 ]

പ്രാപ്തനായി എന്നു ഇനിക്കു തൊന്നിത്തുടങ്ങി. അവർ എന്നെ സ്നേഹിച്ചു നല്ല സമ്മാനങ്ങൾ ഞങ്ങൾക്ക ഉണ്ടായി തുടങ്ങി അപ്പോൾ വേലയിൽ കരേറ്റവും ശമ്പളക്കൂടുതലും ഉണ്ടായി. അവൾ ആ അപകടവഴിയിൽനിന്നു എന്നെ മാറ്റാതിരുന്നെങ്കിൽ ഞാൻ നിഗളിയും സൂക്ഷ്മ ക്കുറവുകാരനുമായി മിക്കപ്പോഴും വീട്ടിൽ താമസിക്കുന്നതിനു ഇടയായിപ്പോയേനെ. രക്ഷിതാവു കൂടാതെ നമ്മുടെ ചുറ്റും ഉള്ളവരിൽ എത്രയൊ ആളുകൾ നശിക്കുമ്പോൾ നാം നമ്മുടെ വേലയിൽ ഉറങ്ങുന്നതെങ്ങിനെ എന്നു അവൾ എന്നോടു പറകയുണ്ടായിരുന്നു. പിന്നെ വേറൊരു കരേറ്റം ഉണ്ടായി. അതിലും എന്നെ സഹായിച്ചതു അവൾ തന്നെ. എന്റെ മാന്ന്യ അവസ്ഥകൊണ്ട ധനവാന്മാരായ ലൌകീക മനുഷ്യരുടെ കൂട്ടത്തിൽ ഞാൻ ആയി. എന്റെ സ്നേഹവും നല്ല മനസ്സും കിട്ടെണ്ടതിനു ഞാൻ പലപ്പോഴും അവരുടെ വിരുന്നുകളിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ടു [പിന്നെ അവരെ എന്നോടു ബന്ധിച്ചിരുന്ന ഇരിമ്പു ചങ്ങല പൊട്ടിക്കെണ്ട സംഗതിയായ വിശുദ്ധ ശുശ്രൂഷയ്ക്കുള്ള ഒരുക്കം ഇനിക്കുണ്ടായി,] ശമ്പളക്കൂടുതലും അഭിവൃദ്ധിയോടും സൌഖ്യത്താടും കൂടിയ ഒരു നല്ല പടുതിയും എന്റെ ഹൃദയത്തിൽ മിക്കപ്പൊഴും ഉള്ള വിചാരങ്ങൾ ആയിരുന്നു. പുറമെ ഞാൻ നല്ലവനെന്നു തോന്നിച്ചു നടന്നു എങ്കിലും ൟ രഹസ്യവിചാരങ്ങൾ ഇനിക്കു ബഹു രസമായിരുന്നു. അവയെ മൂളയിൽവച്ചു തന്നെ നുള്ളിക്കളയുന്നതിനു പകരം പൂത്തു കായിച്ചു ആഖാന്റെ പൊൻകട്ടി പോലെ ആയിത്തീർന്നു. അതു പൊടിച്ചു ദൈവത്തിന്റെ കോപ പാത്രത്തിൽ ഇട്ടു ദഹിപ്പിക്കുന്നതു വരെയും തിരെ സമാധാനമില്ലാഞ്ഞു. ഇങ്ങിനത്തെ ഒരു ഹൃദയം പരിശുദ്ധാത്മാവിന്റെ ആലയമാകുന്നതു എങ്ങിനെ ലോകവിചാരങ്ങൾകൊണ്ടു ഞെരുക്കപ്പെടുന്ന ഹൃദയത്തിൽ താൻ എങ്ങിനെ വസിക്കും. വിശുദ്ധശുശ്രൂഷയ്ക്കു തന്നെത്താൻ ഏല്പിക്കുന്നതിനു ആത്മാവിനാൽ സത്യമായിട്ടു വിളിക്കപ്പെടാത്ത ഒരുവന്റെ മേൽ ബിഷോപ്പിന്റെ കൈവയ്ക്കുന്നതിനു താൻ എങ്ങിനെ സമ്മതിക്കും, ഇല്ല. എല്ലാം ഇല്ലാതാക്കെണം. ഹൃദയത്തിലെ ലോകവിചാരങ്ങൾ അശേഷം നീക്കെണം. ദൈവത്തിന്റെ പൈതൽ "യേശുക്രിസ്തുവിനെയും അവന്റെ കുരിശിലെ മരണത്തെയും അല്ലാതെ മറ്റൊന്നും അറി"വാൻ ആഗ്രഹിക്കയുമരുതു, ഇതു അവ [ 51 ] ന്റെ വഴിയിൽ തന്നെ ചെയ്കയും വേണം. സന്തോഷകരവും സുഖകരവുമായ ഒരു ചൂടുകൊണ്ടല്ല. പൊന്നിനെ കറയില്ലാതെ എടുപ്പാൻ തക്ക ശക്തിയുള്ള ഏരിയുന്ന തീകൊണ്ടു വേണം. മരണ ദൂതൻ അല്പനാളെക്കു ഞങ്ങളുടെ ചെറിയ വീട്ടിൽ സഞ്ചരിച്ചു സാവധാനത്തോടെ ഞങ്ങളുടെ ഒന്നാം തരം പൂക്കളിൽ ഒന്നു പറിച്ചു, മേൽ ദൈവത്തിന്റെ തോട്ടത്തിൽ കൊണ്ടുപൊയി ജീവന്റെ വെള്ളം ഒഴുകുന്ന ആറ്റിന്റെ തീരത്തുനടുകയും ചെയ്തു. അപ്പോൾ ഞങ്ങൾ ആ ശവം ഒരു കുഴിയിൽ വച്ചു സംസ്കാര പ്രാൎത്ഥന ഞാൻ തന്നെ ഒരു ഉടഞ്ഞ ഹൃദയത്തോടു കൂടെ വായിച്ചു. "സ്ത്രീയിൽനിന്നു ജനിച്ച മനുഷ്യനു ജീവിപ്പാൻ അല്പ കാലമെയുള്ളൂ. അതു അരിഷ്ടതകൊണ്ടു നിറഞ്ഞുമിരിക്കുന്നു" ആ രാത്രി സംഹാര ദൂതൻവീണ്ടും ഇറങ്ങി. എന്റെ കുഞ്ഞുങ്ങളുടെ അമ്മയ്ക്കു ജ്വരം തുടങ്ങുകയും ചെയ്തു. പത്തു ദിവസത്തേക്കു മരണം വാതില്ക്കലെന്നപോലെനിന്നു. എങ്കിലും കേറിയില്ല; "സമ്പത്തും സൗഖ്യവും അഭിവൃദ്ധിയും സ്ഥാനവും ഇനിക്കുള്ള സൎവസ്വവും തന്നെ എടുത്തുകൊൾക എങ്കിലും ൟ നിക്ഷെപത്തെ ഇനിക്കു വിട്ടുതന്നാൽ ഞങ്ങൾ ശരീരവും ആത്മാവും മനസ്സും നിനക്കു വീണ്ടും തരാം". എന്നിങ്ങിനെ ഞാൻ വാദിച്ചു. എന്റെ പ്രാൎത്ഥന ചെവിക്കൊണ്ടു. ദൈവം ഞങ്ങൾക്കു വേണ്ടുന്ന ഭക്ഷണമല്ലാതെ സമ്പത്താകട്ടെ ദാരദ്ര്യമാകട്ടെ തന്നിട്ടില്ല. എങ്കിലും അതിനെക്കാൾ വലിപ്പം അവൻ തന്നെത്തന്നെ ഞങ്ങൾക്കു വേണ്ടിത്തന്നതാകുന്നു. “കണ്ടാലും ഞാൻ എല്ലായ്പോഴും നിങ്ങളോടു കൂടെയാകുന്നു. ലോകാവസാനംവരെ തന്നെ"