ഘാതകവധം/അദ്ധ്യായം പന്ത്രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം പന്ത്രണ്ട്

[ 51 ]

൧൨ാം അദ്ധ്യായം

ഉപദേശി കോശികുൎയ്യന്റെ വീട്ടിൽ വന്നുപോയി ചില ദിവസങ്ങൾ കഴിഞ്ഞ ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞു മേടയിടവ മാസം കാലമായിരുന്നതുകൊണ്ടു നല്ല പ്രകാശമുള്ള ഒരു ദിവസമായിരുന്നു. ആയിട ഒന്നു രണ്ടു മഴപെയ്തതിനാൽ വീട്ടിനു ചുറ്റുമുള്ള സസ്യങ്ങൾ എല്ലാം നല്ല പച്ചനിറമായിട്ടിരുന്നു. [ 52 ] കയറുകൾ വഴി പ്ലാവിന്റെയും മറ്റും ഉച്ചിവരെ കേറിയ അഞ്ഞൂറോളും കാച്ചിലിന്റെ വള്ളികൾ ൟ തോട്ടത്തിനു നന്നാ ഭംഗികൂട്ടി. നിലത്തു പടൎന്നു കിടന്ന വെള്ളരിയുടെയും മത്തയുടെയും മഞ്ഞപ്പൂക്കൾ പല മാതിരി കാഴ്ചകൾക്കു ഇടയാക്കുകയും ഏതു കാറ്റിനെയും എതൃക്കത്തക്കവണ്ണം ഉറപ്പുള്ള തണ്ടേൽ നില്ക്കുന്ന ചേനയുടെ കുടപോലെയുള്ള ആകൃതിയെ കണ്ടു അതിശയിക്കേണ്ടതിനു കണ്ണിനെ ഒരുക്കുകയും ചെയ്തു.

പിന്നെ ഒരു പന്തിക്കൂൎക്കയും അതിനു വിപരീതമായിട്ടു ചീരയുടെ ചുവന്ന ഇലകളും തണ്ടുകളും കാണുന്നവൎക്കു തീരുമാനം ചൂടില്ലെന്നു തോന്നിപ്പോകത്തക്കവണ്ണം അത്ര കുറ്റമില്ലായ്മയുടെ ലക്ഷണം കാണിക്കുന്ന ചീനിയുടെ ചെറിയ വെളുത്ത പൂക്കളും ഉണ്ടായിരുന്നു. പിന്നെയും നാം ചേനയുടെ മുകൾഭാഗത്തു വിശേഷമായ തോരണംപോലെ നില്ക്കുന്ന കാച്ചിൽ വള്ളികളെയും മറ്റും നോക്കി വിചാരിക്കുമ്പോൾ ആനയുടെ വാസസ്ഥലങ്ങളെ ഭംഗി പിടിപ്പിക്കയും ക്രൂരതയുള്ള കടുവായുടെ ഗുഹകളുടെ ചുറ്റും പടൎന്ന കിടക്കയും ചെയ്യുന്ന സന്തോഷകരമായ പുഷ്പങ്ങളെ മനുഷ്യർ വളൎത്താതിരിക്കുന്നതിനെക്കുറിച്ചു മനസ്താപപ്പെടാതെ ഇരിപ്പാൻ പാടില്ല.

സന്തോഷം വരുത്തുന്നതായ ചുവന്ന കാക്കപ്പുവൊ മുണ്ടുവള്ളിയുടെ വല്യവെളുത്ത പുഷ്പമൊ കാട്ടിൽനിന്നുകൊണ്ടുവന്നു നടുന്നതിനു ആരും തുനിയുന്നില്ല. തൂണുകളായിട്ടും വളച്ചുവാതിലുകളായിട്ടും നമ്മുടെ ഭംഗിയുള്ള ആറുകളുടെ തീരങ്ങളിൽ ആകൃതി വെള്ളത്തിൽ പ്രതിബിംബിച്ചുകൊണ്ടു വളരുന്നതും സന്തൊഷം വൎദ്ധിപ്പിക്കുന്ന പുഷ്പങ്ങളൊടു കൂടിയവയുമായ വള്ളികൾ ആരും നൊക്കാതെ വിട്ടുകളയുന്നു. ഇന്ദ്യായിലെ അമ്മമാരും മക്കളുമെ ഒരു പുഷ്പത്തിന്റെ ആകൃതിയിൽ ഇത്ര അതിശയായി തന്റെ സ്നെഹവും സൎവ്വശക്തിയും വെളിപ്പെടുത്തുന്ന ആ ആളിനു സ്തോത്രം കൊടുക്കുന്നതിനു നിങ്ങളുടെ ഹൃദയങ്ങളെ ഉദ്യൊഗിപ്പിക്കയും നിങ്ങൾ നിങ്ങളുടെ കിടക്കകളിൽനിന്നു എഴുനീറ്റു വരുമ്പോൾ കാലത്തെ കാറ്റൊടു കൂടെ വരുന്ന പുഷ്പങ്ങളുടെ സുഗന്ധം നിങ്ങളെ എതിരേല്ക്കയും ചെയ്യെണ്ടതിനു പ്രകൃതിയുടെ ൟ രത്നങ്ങളിൽ ചിലതു നിങ്ങളുടെ വീടുകളുടെ മുമ്പിൽകൊണ്ടു വന്നു നടാത്തതു എന്തുകൊണ്ടു? [ 53 ] എന്നാൽ ഞാൻ മാവിൻചുവട്ടിലെ പിള്ളെരുടെ കാൎയ്യം മറന്നു പൊകുന്നു അവർ കളി കഴിഞ്ഞ ഇപ്പൊൾ വന്നെയുള്ളു. ഇലകളുടെ ഇടയിൽ മറഞ്ഞു നില്ക്കുന്ന പൂക്കളെന്നു കാഴ്ചക്കാൎക്കു തോന്നത്തക്കവണ്ണം ആ മൂന്നു ചെറിയ പെൺ പൈതങ്ങൾ തങ്ങളുടെ നീണ്ട കറത്ത തലമുടി പുറത്തോട്ടു അഴിച്ചു ഇട്ടിരുന്നു. ആ നല്ല അമ്മുമ്മയും തന്റെ മടിയിൽ കഞ്ഞുമായിട്ടു അവിടെ ഉണ്ടായിരുന്നു. അവൻ ഒരു ശോഭയുള്ള പൂക്കെട്ടു വലിച്ചു പറിക്കയും പ്രസാദം കൊണ്ടു തൊഴിക്കയും ഉരുളുകയും അപ്പഴപ്പോൾ കൊച്ചുപെങ്ങന്മാർ പുറത്തു കുത്തിട്ടു അധികം ചിരിക്കയും ഒളിച്ചിരിപ്പാൻ ശ്രമിക്കയും ചെയ്തുകൊണ്ടിരുന്നു. നമുക്കു ഇതിനു മുമ്പു പറവാൻ ഇടയുണ്ടായിട്ടില്ലാത്ത വെറൊരാൾ കൂടെ അവിടെ ഉണ്ടായിരുന്നു. അവൻ ൟ സമയം കുഞ്ഞിന്റെ ചിരി കണ്ടു അവരുടെ കൂടെ വന്നു കൂടി. അതു കൊശികുൎയ്യന്റെ മൂത്ത മകൻ വറുഗീസു തന്നെ. അവനു മറിയത്തിനോളം നീളമുണ്ടായിരുന്നെങ്കിലും രണ്ടു വയസ്സിനു ഇളപ്പമായിരുന്നു. അവൻ ഇപ്പോൾ ഇളവുകിട്ടി വീട്ടിൽ വന്നിരിക്കയായിരുന്നു. അവന്റെ ആകൃതികൾ പെങ്ങന്മാരുടേതുപോലെ ഭംഗിയുള്ളതല്ലായിരുന്നു എങ്കിലും അവന്റെ കണ്ണിൽ പരമാൎത്ഥതയുടെയും മുഖത്തു ദയയുടെയും ഭാവങ്ങൾ ഉണ്ടായിരുന്നതു കണ്ടാൽകൊള്ളാമെന്നു ഏവൎക്കും തോന്നും. തന്റെ ക്ലാസ്സിൽ ചിലരുടെ കള്ള നോട്ടത്തിനു വിപരീതമായിരുന്നു ഇവന്റെ ഭാവം. അതിനാൽ ഇവന്റെ കാൎയ്യത്തിൽ പലപ്പൊഴും ആശാന്മാൎക്കു ബഹു താല്പൎയ്യമായിരുന്നു. ഒരു കുറ്റത്തെയൊ അറിയാതെ വന്ന ഒരു അബദ്ധത്തെയൊ ഏറ്റു പറവാൻ അവനു നല്ല ധൈൎയ്യമുണ്ടായിരുന്നു. “ആശാനെ ഞാനതു ചെയ്തതാണു. ഇനിക്കു അതുകൊണ്ടു ദുഃഖവുമുണ്ടു്." എന്നിങ്ങിനെ മാത്രമായിരുന്നു ഒരു കുറ്റത്തിൽനിന്നു ഒഴിയുന്നതിനു അവൻ പറഞ്ഞുവന്നതു. നേരുപറവാൻ ധൈൎയ്യമില്ലാത്തവരെ അവൻ നന്നാ നീചരെന്നു വിചാരിച്ചു കളയും. ഒരിക്കൽ ഒരു ചെറുക്കൻ ദ്വയാൎത്ഥം ആയിട്ടു ഏതാണ്ടൊ സംസാരിക്കയും സത്യത്തെ മറയ്ക്കയും ചില ചെറിയ ഭോഷ്കുകുൾ പറകയും ചെയ്തു. അവൻ കേട്ടിട്ട "നുണയന്മാരെ ഞാൻ വെറുക്കുന്നു ൟ ക്ലാസ്സിൽനിന്നു പോകവാൻ ഞാൻ കഴിയുന്നതുപോലെ ശ്രമിക്കും" എന്നു പറഞ്ഞു. അവൻ അങ്ങിനെ തന്നെ ചെയ്തു. പിന്നൊരു മാസത്തിൽ [ 54 ] അവന്റെ അതിശുഷ്കാന്തികൊണ്ടു നാലാം ക്ലാസ്സിൽ കേറുവാൻ ഇടയായി. ഒന്നാമനാകുവാൻ അവനു കഴിഞ്ഞില്ലെങ്കിലും "സത്യമുള്ള ചെറുക്ക"നെന്നു പേരു അവനു കിട്ടി "പുസ്തകവും അതിന്റെ കഥയും" എന്നു പെരായ ഒരു വിശെഷപ്പെട്ട പുസ്തകം അവനു വിരുതു കിട്ടുകയും ചെയ്തു.

അവന്റെ കയ്യിൽ ൟ പുസ്തകവും തോളേൽ ഒരു ഇണങ്ങിയ അണ്ണാനുമായിട്ടു അമ്മുമ്മയുടെയും കുഞ്ഞിന്റെയും അടുക്കൽ വന്ന ഇരുന്നു. അതിനെ അവന്റെ പെങ്ങന്മാരുടെ തോളേൽ വച്ചപ്പോൾ അവർ ചിരിച്ചുംകൊണ്ടു മാവിന്റെ ചുറ്റും ഓടിനടന്നു. അപ്പോൾ അവന്റെ മുഖത്തു ചുണയും കുരുകുരുപ്പമുള്ള ഒരു ഭാവം കാണായിരുന്നു. പിന്നെ അവൻ അവരെ ആ തോട്ടത്തിലൊക്കെയും ഇട്ടോടിച്ചു. അവർ കാച്ചിൽവള്ളികളുടെ ഇടവഴി ഓടുമ്പോൾ ചിലസമയം ഒരു കാപ്പിയുടെ ഇരുണ്ട ഇലകൾക്കു മറഞ്ഞിട്ടു കാണാതെവരികയും ചിലപ്പോൾ അവന്റെ മുമ്പിൽവന്നു ചാടിപ്പോകയും അപ്പോൾ അവർ സന്തോഷംകൊണ്ടു നിലവിളക്കയും ചെയ്തു അങ്ങിനെ രണ്ടു കൂട്ടക്കാരും നിറുത്തുവാൻ മനസ്സില്ലാതെ ഓടി. അവർ മാവിന്റെ ചുവട്ടിൽ തിരിച്ചു വരുവാൻ ശ്രമിക്കുംതോറും അവൻ എല്ലാടത്തും ചെന്നുതടുക്കയും അണ്ണാനെ കാണിച്ചുപേടിപ്പിക്കയും ചെയ്തതിനാൽ അവർ ചിരിച്ചുംകൊണ്ടു ഓടിപ്പോയി.

എങ്കിലും അടുക്കലുള്ള പറമ്പിൽനിന്നു "നിറുത്തു" എന്ന ഒരു ശബ്ദം ഉണ്ടായ ഉടനെ കളിനിന്നു. എല്ലാവരും ആ ശബ്ദം ഉണ്ടായ സ്ഥലത്തേക്കു നോക്കിനിന്നു. അവരുടെ അരികെ മതിലിന്റെ മറുവശത്തു ഒരു മാന്ന്യനായ വൃദ്ധൻനിന്നു. ആ ആളിന്റെ മുണ്ടും പൂണുനൂലും കണ്ടു ഒരു ബ്രാഹ്മണനെന്നും അടുത്തു നോക്കിയപ്പോൾ കണ്ണൂപൊട്ടനെന്നും അവർ അറിഞ്ഞു. ഒരു ബാല്യക്കാരൻ ഒരു പാത്രത്തിൽ കുറെ വല്യഭംഗിയുള്ള മാങ്ങായുമായിട്ടു ആയാളുടെ അടുക്കൽ ഉണ്ടായിരുന്നു. അവരെല്ലാവരും തന്റെ ചുറ്റും നില്ക്കുന്നു എന്നു ആ വൃദ്ധൻ അറിഞ്ഞപ്പോൾ ഇങ്ങിനെ പറഞ്ഞു തുടങ്ങി. "എന്റെ കുഞ്ഞുങ്ങളെ ഞാൻ നിങ്ങളുടെ ശബ്ദത്തിൽ മിക്കപ്പോഴും ശ്രദ്ധിക്കുന്നുണ്ടു. ഇനിക്കു സന്തോഷം വരുത്തുന്നതിനുള്ള പാട്ടു അതു മാത്രം. എന്നോടു വൎത്തമാനം പറയെണ്ടതിനു നിങ്ങളെ എന്റെ അടുക്കൽ വരുത്തുവാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടു. എന്തെന്നാൽ ഞാൻ ഒ [ 55 ] രു ഏകാകിയായ പൊട്ടകണ്ണനാകുന്നു. എന്നെ അച്ഛനെന്നു വിളിപ്പാൻ കുഞ്ഞുങ്ങളുമില്ല." അവൻ ഇതു പറഞ്ഞപ്പോൾ കണ്ണുനീരു അവന്റെ കണ്ണിൽനിന്നു ഒഴുകി പിള്ളെരെല്ലാം അല്പനേരത്തേക്കു മിണ്ടാതെനിന്നു. അപ്പോൾ വൃദ്ധൻ കണ്ണുനീരു തുടച്ചുകളഞ്ഞു നന്നാ പ്രയാസപ്പെട്ടു. ഇങ്ങിനെ പറഞ്ഞു. "ഞാൻ ഒരു ഭോഷനായ വയസ്സൻ തന്നെ. നിങ്ങൾ കൊച്ചുപിള്ളേരല്ലെ. നിങ്ങൾക്കു ദുഃഖത്തെ കുറിച്ചു ഒന്നും അറിഞ്ഞു കൂടായെല്ലൊ. കുറെ പഴുത്ത നല്ല മാങ്ങാ നിങ്ങൾക്കായിട്ടു ഞാൻ കൊണ്ടുവന്നിട്ടുണ്ടു. നിങ്ങളുടെ അടുക്കൽ വരുന്നതിനു ഇടയാകുന്നതിനു മുമ്പു ഇതെല്ലാം എത്തിപ്പോകുമെന്നു ഞാൻ ഓർത്തു"

പിന്നെയും അവൻ പറഞ്ഞു, "നിങ്ങൾക്കു മതിലോടു കുറെക്കൂടെ അടുത്തുവരാമൊ. എന്റെ കൈകൊണ്ടു തന്നെ വേണം നിങ്ങൾക്കു അവ തരുന്നതു, മറിയത്തിന്റെ തലയിൽ അവന്റെ കൈവച്ചു "ഇതാരു” എന്നും “ഇതും ഇതും ഇതും ഇതും" എന്നു മറ്റെ നാലു തലകളിലും കൈത്തൊട്ടു. "നിങ്ങൾ ഇനിയും വന്നെന്നെ കാണണം നിങ്ങളുടെ മുഖത്തെ ശൊഭ എന്റെ മെൽ തട്ടുന്നതായി ഇനിക്കു തൊന്നുന്നു" എന്നും അവൻ പറഞ്ഞു. വരാം എന്ന അവരെല്ലാവരും അനുസരിച്ചു. അവന്റെ കണ്ണു കാണ്മാൻ വഹിയാതായിട്ടു എത്ര നാളായി എന്നു മറിയം ചൊദിച്ചു.

"അഞ്ചു വർഷം" എന്നു അവൻ പറഞ്ഞു, “ൟ വീട്ടിൽ തന്നെയൊ അത്രനാളും പാർത്തതു"

"ഉവ്വ ഞാൻ ജനിച്ചതും ഇവിടെ തന്നെ. നിങ്ങൾ എന്നെ മുമ്പുകണ്ടിട്ടില്ലയൊ" "ഇല്ല" എന്നവരെല്ലാവരും പറഞ്ഞു.

ഉടനെ ബ്രാഹ്മണൻ! ഇതതിശയം ഞാൻ നിങ്ങളിൽ ചിലരെ കാണുകയും നിത്യം നിങ്ങളെക്കുറിച്ചു കെൾക്കയും ചെയ്തിട്ടുണ്ടു. സ്നെഹിതന്മാരും ശേഷക്കാരും എല്ലാം കഴിഞ്ഞിട്ട ഇപ്പോൾ നിങ്ങൾ മാത്രമെ ഇനിക്കുള്ളു എന്നു ഞാൻ കണ്ടറിഞ്ഞു." ഇതു ഒരു വല്യ ദുഃഖഭാവത്തിലായിരുന്നു പറഞ്ഞതു. അവൻ ബ്രാഹ്മണൻ തന്നെ എങ്കിലും അജ്ഞാനിയാണല്ലൊ. അതുകൊണ്ടു കണ്ണുംപൊട്ടിയിരിക്കുന്ന ൟ വയസ്സു കാലത്തു അവനെ സന്തോഷിപ്പിപ്പാൻ ക്രിസ്ത്യാനി മാൎഗ്ഗത്തിന്റെ വാഗ്ദത്തങ്ങൾ ഒന്നും അവനു ഇല്ലല്ലൊ എന്നു മറിയത്തിന്റെ മനസ്സിൽ തൊന്നി. [ 56 ] അവൾ പേടിച്ചു ഏതുപ്രകാരം താൻ പറയുന്നതു അവൻ കയ്ക്കൊള്ളും എന്നുള്ള സംശയത്തോടു കൂടെ ഇങ്ങിനെ പറഞ്ഞു "ഞങ്ങൾ ക്രിസ്ത്യാനിപ്പൈതങ്ങൾ ആണു. ആകാശവും ഭൂമിയും സൃഷ്ടിച്ച മഹാദൈവത്തിന്റെ പുത്രനായ കൎത്താവിശൊമശിഹായെ സ്നെഹിപ്പാൻ ഞങ്ങൾ പഠിച്ചിട്ടുമുണ്ടു. ൟ കാര്യം നമ്മൾ അറിഞ്ഞാൽ കൊള്ളാം എന്നു ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഭാഗ്യവും സമാധാനവും ഉണ്ടാകും."

ബ്രാഹ്മണൻ ഭാഗ്യമോ എന്റെ കുഞ്ഞെ ഞാൻ എന്റെ ജീവകാലം മുഴുവൻ ഭാഗ്യവും സമാധാനവും തിരക്കി നടന്നു. പത്തുവൎഷം ഞാൻ ഒരു തീൎത്ഥയാത്രയിൽ കഴിച്ചുകൂട്ടി. ഗംഗയിലെ വെള്ളം ഞാൻ കുടിച്ചു. വളരെ നാളുകൾ ഞാൻ ചുമ്മായിരുന്നു ശാസ്ത്രങ്ങൾ പഠിച്ചു. അനേകം പേരിൽ നിന്ന സ്തുതിയും നെടി. എങ്കിലും ഒരു മാത്രനേരത്തെ സമാധാനം ഉണ്ടായിട്ടില്ല. തീരെ വൃദ്ധനായപ്പോൾ ഞാൻ ൟ വസ്തുക്കളുടെ ഒക്കെയും ഉടമസ്ഥനായി തിരിച്ചവന്നു. എങ്കിലും ആശയാകട്ടെ സമാധാനം ആകട്ടെ ഇല്ല"

അവൻ നിമിഷം ൟ നല്ല ഉത്തരംകൊടുത്തതുകൊണ്ടു കൎത്താവായ മശ്ശിഹായെക്കുറിച്ചു കുറെക്കൂടെ പറവാൻ മറിയം ആഗ്രഹിച്ചു. എങ്കിലും അവൾ ഇത്ര മാത്രം പറഞ്ഞു. "ഞങ്ങളുടെ ശബ്ദത്തിൽ നമ്മൾ ഇത്ര സന്തോഷത്തോടെ ശ്രദ്ധിക്കുന്നത എന്തു? എന്റെ അപ്പനും അമ്മയും ദയയുള്ള വാക്കുകൾ പറഞ്ഞു സന്തോഷിപ്പിക്കെണ്ടതിനു ഞങ്ങളുടെ വീട്ടിൽ ചിലപ്പോഴെങ്കിലും വന്നിട്ടില്ലാത്തതു എന്തു കൊണ്ടു?

ബ്രാഹ്മണൻ മഹാ വേദനയൊടെ "ഹാ എന്റെ കുഞ്ഞെഒരു മനുഷ്യഹൃദയം വഹിക്കെണ്ട അരിഷ്ടതയുടെ അധികത്വത്തെക്കുറിച്ചു നീ ഒന്നും അറിഞ്ഞിട്ടില്ലല്ലൊ" എന്നു പറഞ്ഞു.

ഇത്ര വ്യസനകരമായ ഒരു സംഗതി താൻ പറഞ്ഞതിനെ കെട്ടതുകൊണ്ടു മറിയം നന്നാ ദുഃഖിച്ചു. “നാളെ ഞങ്ങൾവന്നു കാണാം" എന്നു പറഞ്ഞു ഉടനെ "ഇല്ല നാളെ ഞായറാഴ്ചയാണു നാളെ കഴിഞ്ഞുവരാം" എന്നു പിന്നെയും പറഞ്ഞു.

അവർ ഇങ്ങിനെ യാത്രപറവാൻ ഭാവിച്ചപ്പോൾ അയാൾ "നിങ്ങൾ ക്രിസ്ത്യാനിക്കുഞ്ഞുങ്ങളാണെന്നു നീ പറഞ്ഞതുകൊണ്ടു വായിക്കാമായിരിക്കും" എന്നു പറഞ്ഞു. [ 57 ] "ഉവ്വ ഞങ്ങൾക്കെല്ലാവർക്കും വായിക്കാമെന്നു അവർ പറഞ്ഞു.

"എന്നാൽ നിങ്ങളുടെ കയ്യിൽ രസമുള്ള കഥകൾ അടങ്ങിയിരിക്കുന്നനല്ലപുസ്തകങ്ങൾ കാണുമായിരിക്കുമെല്ലോ"

"ഉവ്വ വളരെ പുസ്തകങ്ങളും നല്ല കഥകളും ഉണ്ടു. കുരുടനായ ബാർ തീമെയസ എന്നു ഒരു പൊട്ടകണ്ണന്റെ കഥയുണ്ടു. അതുകെൾക്കാൻ മനസ്സുണ്ടൊ"

“നല്ല മനസ്സു കുഞ്ഞു അതെന്റെ അടുക്കൽകൊണ്ടുവരെണം. ശാസ്ത്രത്തിൽനിന്നു ഒരു ഗുണവും സിദ്ധിക്കാൻ പാടില്ലെന്നു വന്നതുവരെ ഞാൻ അതു പഠിച്ചു എന്നാൽ പിന്നയാകട്ടെ" അനന്തരം വൃദ്ധൻ ബാല്യക്കാരന്റെ കൂടെ തിരിച്ചുപോകയും ചെയ്തു.

അവരെല്ലാവരും കൂടെ മാവിന്റെ മൂട്ടിൽ ചെന്നപ്പോൾ ഇങ്ങിനെ പറഞ്ഞു. അമ്മുമ്മെ ഞങ്ങൾ ഒരാളിനെ കണ്ടു, അവന്റെ കാര്യം അതിശയം തന്നെ അവൻ തീരെ നിൎഭാഗ്യനും പൊട്ടകണ്ണനുമാകുന്നു. പൂണുനൂലു ഉണ്ടെങ്കിലും അവൻ രക്ഷിതാവിനെ അറികയാകട്ടെ സ്നേഹിക്കയാകട്ടെ ചെയ്യായ്കകൊണ്ടു സമാധാനില്ല. അവൻ ഞങ്ങൾക്കു മാങ്ങാ തന്നു. ഞങ്ങളുടെ ശബ്ദം അവൻ ദിവസവും ചെവി ഓൎത്തു കെൾക്കാറുണ്ടു ഞങ്ങൾ അവന്റെ അടുക്കൽ ഇനിയും പൊയി ഞങ്ങളുടെ കഥകളിൽ ചിലതു അവനെ വായിച്ചുകെൾപ്പിക്കും അവനിവിടെ പാൎക്കുന്നതു അമ്മുമ്മ അറിഞ്ഞിട്ടുണ്ടൊ?

"ഉവ്വ അവൻ വലിയ പരിശുദ്ധന്റെ ഭാവത്തിൽ ഇരിക്കുന്നു. അവൻ നിങ്ങളോടു അടുത്തുവന്നു എങ്കിൽ അതിശയം തന്നെ" എന്നു അവൾ പറഞ്ഞു.

"ഹെ അവനു അശുദ്ധിയെക്കുറിച്ചു ഒട്ടുംശങ്കയില്ല. ഞങ്ങളെ അവന്റെ അടുക്കൽ വിളിച്ചു അനുഗ്രഹിക്കുന്നതുപോലെ അവന്റെ കൈ ഞങ്ങളുടെ തലകളിൽ വച്ചു"

മറിയം. "ഞാൻ അവിടെ പോകുന്നതിനു അപ്പൻ വിരോധിച്ചെക്കുമൊ. ഇല്ലെന്നു ഞാൻ ആശിക്കുന്നു. ആ വൃദ്ധനെ ഭാഗ്യവാനായിക്കാണ്മാൻ ഞാൻ ആഗ്രഹിക്കുന്നു. പൌലുസിനെപോലെ അവനും ക്രിസ്ത്യാനി ആയേച്ചാൽ എത്ര വിശേഷം. വൃദ്ധ സ്ത്രീ ൟ വൎത്തമാനത്തിങ്കൽ കണ്ണു തുറന്നു ഒരു ബ്രാഹ്മണൻ ക്രിസ്ത്യാനിയായിത്തീരുക എന്നുള്ളതു ഒരിക്കലും കേട്ടിട്ടില്ല എന്നു പറഞ്ഞു. [ 58 ] മറിയം. "ഞാനും കേട്ടിട്ടില്ല. എങ്കിലും അവൻ ബ്രഹ്മാവിനെ സേവിച്ചിട്ടു ഒരാശയും ആശ്വാസവും ഇല്ലാതിരിക്കെ ഇവിടെ സന്തോഷവും പിന്നീടു നിത്യസമാധാനവും ഉണ്ടാകുന്ന ഒരു സ്ഥിതിയിലേക്കു തിരിയേണ്ടയൊ. വിദ്യകളേയും ക്രിസ്ത്യാനി മാൎഗ്ഗത്തെയും കുറിച്ചു വായിക്കയും പഠിക്കയും ചെയ്യുമ്പോൾ ബ്രാഹ്മണരുടെ ഹൃദയത്തിൽ വെളിച്ചമുണ്ടാകും. അവരുടെ നിഗളം കൂടെയും അവൎക്കു ഉപകാരമായിത്തീരും. എങ്ങിനെയെന്നാൽ വൎദ്ധനവിൽ ഹീനന്മാരുടെ കൂട്ടത്തിലാകുന്നതിനെക്കുറിച്ചു അവൎക്കു ലജ്ജതോന്നും"

ഇങ്ങിനെ അവർ സംഭാഷണം ചെയ്യുമ്പോൾ മറിയം തീരാറായ ഒരു പണിച്ചട്ടയേൽ അസാരം തയ്യലുണ്ടായിരുന്നതു തയ്ക്കയായിരുന്നു. അതിന്റെ പുറത്തു പട്ടുനൂൽകൊണ്ടു അവൾ ഉണ്ടാക്കിയ കുരിശു പ്രിയത്തോടെ നോക്കി തിരിഞ്ഞു വറുഗീസിനൊടു “അമ്മയ്ക്കു പിറന്നാൾ സമ്മാനത്തിനായിട്ടു നീ വല്ലതും ഒരുക്കീട്ടുണ്ടായിരിക്കുമെന്നു ഇനിക്കു തോന്നുന്നില്ല" എന്നു പറഞ്ഞു.

ഇതിങ്കൽ വറുഗീസു ഉറക്കത്തിൽ നിന്നെന്നപോലെ ഒന്നു നടുങ്ങി. ബ്രാഹ്മണനോടു വൎത്തമാനം പറഞ്ഞതിൽ പിന്നെ അവന്റെ മുഖവും ഭാവവും തിരെ വ്യത്യാസപ്പെട്ടിരുന്നു. അവന്റെ മനസ്സിൽ ഏതാണ്ടൊ ഒരു അഗാധ വിചാരം ഉണ്ടായിരുന്നു.

"ഉവ്വ ഇനിക്കുണ്ടു" എന്നു അവൻ പറഞ്ഞു വീട്ടിലെക്കു ഓടി ഒരു വിശറിയുംകൊണ്ടു ഉടനെ തിരിച്ചുവന്നു.

“ഇതു ഞാൻ ഉണ്ടാക്കിയതാണു. ൟ കൈപിടിയേലുള്ള സർപ്പംപോലും എന്റെ പിച്ചാത്തികൊണ്ടു വെട്ടിയതു തന്നെ" എന്നു അവൻ പറഞ്ഞു.

മറിയം. "ഇതു ബഹു ചേലു തന്നെ. നീ ഗീവറുഗീസു പുണ്യവാളച്ചനല്ലെങ്കിലും കുറഞ്ഞ പക്ഷം ഗീവറുഗീസും മഹാ സൎപ്പവും തന്നെ"

വറുഗീസു. മറിയം! ബ്രാഹ്മണന്റെ മുഖംപോലെ മറ്റ ഒരാളിന്റേതും ഓൎക്കുന്നില്ലേ?

മറിയം. "ഇല്ല. നീയൊ?"

വറുഗീസു. "ഉവ്വ ഞാൻ അതു ഒാൎത്തൊൎത്തിരിക്കുന്നു"

മറിയം. ആരുടെയാ?

വറുഗീസു. “നമ്മുടെ അമ്മയുടെ മുഖം തന്നെ"