ഘാതകവധം/അദ്ധ്യായം പതിനെട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം പതിനെട്ട്

[ 87 ]

൧൮- ാം അദ്ധ്യായം

കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ള കാൎയ്യങ്ങളുടെ [ 88 ] ശേഷം പന്ത്രണ്ടു മാസം കഴിഞ്ഞു വൃദ്ധനായ പൗെലുസു അവന്റെ പണ്ടത്തെ വീട്ടിലേക്കു തിരിച്ചുപോന്നു. കോശികുൎയ്യന്റെ പണിയിലുള്ള പുലയരു തങ്ങൾ അല്പകാലമായി കേട്ടിട്ടുള്ള ദൈവത്തെ സേവിപ്പാനുള്ള ആഗ്രഹത്തിൽ പിന്നൊരിക്കലും തടുക്കപ്പെട്ടിട്ടില്ല. അവരുടെ പ്രാൎത്ഥനാഭവനം അവരുടെ യജമാനൻ തന്നെ പൊളിച്ചു പണിയിച്ചു. ൟ സമയം ഞായറാഴ്ചദിവസം മിക്കപ്പോഴും അവൻ അവരുടെ ഉപാസനകളിൽ കൂടുകയുമുണ്ടായിരുന്നു.

ഒരിക്കൽ കോശികുൎയ്യന്റെ വീട്ടിൽ വല്യ ആഘോഷങ്ങൾ ഉണ്ടായിരുന്നു. മുറ്റത്തു ഒരു വലിയ പന്തലിട്ടിരുന്നു. വിശേഷ വസ്ത്രങ്ങളോടു കൂടിയ വളരെ ആളുകൾ തിങ്ങിയുണ്ടായിരുന്നു. വല്യ ജോലിക്കാരായ ആളുകൾ ധൃതിയോടു കൂടെ അങ്ങോട്ടുമിങ്ങോട്ടുമോടുകയും പന്തലിൽ ഒരു വെടിപ്പായ സദ്യയ്ക്കു ചട്ടം കെട്ടുകയും ചെയ്തുകൊണ്ടിരുന്നു. പ്രോത്തെസ്താന്തു പള്ളിയിൽ ഒരു പെൺകെട്ടു ഉണ്ടായിരുന്നു. മറിയം ഇപ്പോൾ അച്ചന്റെ ഉപദേശികളിൽ ഒരുവനായിരുന്ന മത്തായിയുടെ മണവാട്ടിയായി; അവനെക്കുറിച്ചു നമ്മൾ മുമ്പെ തന്നെ അറിഞ്ഞിട്ടുണ്ടെല്ലൊ. അവൻ യോഗ്യനും നല്ലശീലക്കാരനുമായ ഒരു ഉത്തമനായ ബാല്യക്കാരനായിരുന്നു. മറിയവും ൟ ബന്ധുതയിൽ നല്ല തൃപ്തിയുള്ളവളായി കണ്ടു. എന്തെന്നാൽ ൟ സമയം ൟ സംഗതിയെക്കുറിച്ചു അവളുടെ ഇഷ്ടം വെളിപ്പെടുത്തുന്നതിനു അനുവാദമുണ്ടായിരുന്നു. അവിടങ്ങളിലുള്ള ക്രിസ്ത്യാനികളിൽ കൊള്ളാവുന്നവരെല്ലാം അവിടെ ഉണ്ടായിരുന്നു. അവരുടെ ഇടയിൽ നാട്ടുപാദ്രിയും തന്റെ കുഡുംബവും കോശികുൎയ്യന്റെ മകൾക്കു വേണ്ടി മുമ്പു പറഞ്ഞ ചെറുക്കന്റെ അപ്പനായ ഉമ്മൻ തോമ്മാ കൂടെയും ഉണ്ടായിരുന്നു. അവൻ ആ മകനെക്കൊണ്ടു വേറെ കെട്ടിച്ചുപോയതിനാൽ കഴിഞ്ഞ കാൎയ്യങ്ങളെ ഒക്കെയും മറന്നിരുന്നു. എന്നാൽ വിളിക്കാതെ വന്ന വേറൊരു വിരുന്നുകാരൻ ഉണ്ടായിരുന്നു. അവരെല്ലാം ഏകദേശം ഇരിക്കാറായ ഉടനെ ആവയുസ്സുചെന്നു പൊട്ടക്കണ്ണൻ നംപൂരി അങ്ങെ പറമ്പിൽ നിന്നു അവരുടെ അടുക്കൽ വന്നു. അയാളെ ഒരു ബാല്യക്കാരൻ കൊണ്ടുവരികയായിരുന്നു. വലത്തുകൈ അവന്റെ തോളേൽ വച്ചുകൊണ്ടു ഇടത്തുകയ്യിൽ ഒരു ചൂരൽ വടി പിടിച്ചു വഴിനീളെ കാലു ചവിട്ടുന്നതിനു മുമ്പു അതുകൊണ്ടു [ 89 ] കുത്തി നോക്കിയായിരുന്നു വന്നതു. കണ്ണുപോയതു വയസ്സായതിൽപിന്നെയായിരുന്നതുകൊണ്ടു കണ്ണപൊട്ടീട്ടേറെ നാളായിട്ടില്ലാത്തവൎക്കു നടപ്പിലുള്ള ഒരു പേടി ൟയാളിൽനിന്നു നീങ്ങിയിട്ടില്ലായിരുന്നു. ൟ സമയം ആയാൾ തോളേൽ പൂണുനൂലാകട്ടെ നെറ്റിയിലൊ കയ്യേലൊ നെഞ്ചത്തൊ അല്പമെങ്കിലും ചന്ദനമൊ ഭസ്മമോ ആകട്ടെ ധരിച്ചിട്ടില്ലായിരുന്നു. പിന്നീടു ഒരിക്കലുമുണ്ടായിട്ടുമില്ല. വീട്ടുടമസ്ഥനോടു അല്പം പറവാനുണ്ടു എന്നു പറഞ്ഞപ്പോൾ എല്ലാവരും മൌനാശ്ചൎയ്യത്തൊടിരുന്നു. അയാൾ ഇപ്രകാരം പറഞ്ഞു;‌--- "ഞാൻ വന്നിരിക്കുന്നു. ഞാൻ നിന്റെ സദ്യയിലുരുണ്ടുകേറുകയാണെന്നു ഇനിക്കു അറിയാം. എങ്കിലും നിനക്കു കാണാവുന്നതു പോലെ ഞാൻ ഇനിയും ഒരു ബ്രാഹ്മണനല്ല. പിന്നെയൊ ഒരു ക്രിസ്താനി വിശ്വാസിതന്നെ. എന്നാൽ വേറൊരു കാൎയ്യമുണ്ടു. മണവാട്ടിയുമായി ഇനിക്കു ഏതാണ്ടൊ ഒരു സംബന്ധത്തിനുവകയുണ്ടു അതു വേണേൽ ഞാൻ നിന്നോടു പിന്നെപ്പറയാം. ഞങ്ങൾ തമ്മിൽ പരിചയമില്ലാത്തവരല്ലെന്നുള്ളതു നിനക്കു അറിയാമല്ലൊ" ഇവിടെ മറിയം അയാളുടെ അടുക്കൽ പുഞ്ചിരിയോടു കൂടെ അടുത്തുചെന്നു കയ്ക്കു പിടിച്ചുകൊണ്ടു "എന്റെ പ്രിയമുള്ള അപ്പൂപ്പാ അപ്പൂപ്പനെ ഇവിടെകണ്ടതുകൊണ്ടു ഇനിക്കെന്തു സന്തോഷം" എന്നു പറഞ്ഞു. ഉടനെ അയാൾ പുഞ്ചിരിയിട്ടുകൊണ്ടു അവളുടെ തലയിൽ കൈ വെച്ചു "എന്റെ കുഞ്ഞെ സൎവശക്തൻ നിന്നെ വാഴ്ത്തട്ടെ" എന്നു പറഞ്ഞു. അതിന്റെ ശേഷം തിരിഞ്ഞു കോശികുൎയ്യനോടു അവരുടെ ഇടയിൽ തന്നെക്കൂടെ ഇരുത്തെണമെന്നും അങ്ങിനെ ചെയ്താൽ ആ ദിവസം തന്റെ ആയുസ്സു നാളുകളിലേക്കു ഭാഗ്യകരമായിത്തീരുമെന്നും ഊണുകഴിഞ്ഞിട്ടു തന്റെ കാൎയ്യത്തെപ്പറ്റി കറെക്കൂടെ പറയുന്നതിനു അവരെല്ലാവരും അനുവദിക്കുമെന്നു ആശിച്ചു എന്നും അയാൾ പറഞ്ഞു. ഉടനെ ഒരു കസേരി എടുത്തു കൊണ്ടുവന്നു അയാളെ അതേലിരുത്തി ഉണ്ണാൻ നേരം താഴെഇറങ്ങിയിരുന്നു മറ്റുള്ളവരോടു കൂടെയുണ്ടു അവരുടെ ജാതിയിലായി. കണ്ട ആളുകളെല്ലാം അയാൾ ജാത്യാൽ ഒരു നമ്പൂരിയായിരുന്നതുകൊണ്ടു ആശ്ചൎയ്യപ്പെടുകയും ചെയ്തു.

സദ്യ എല്ലാം കഴിഞ്ഞു. പൌലൂസും ഭാൎയ്യയും മുഖ്യരായിട്ടും മാൎഗ്ഗവാസികളായ മറ്റു പുലയരും അതിൽ ഉണ്ടായിരുന്നു. [ 90 ] സ്ത്രീകൾക്കു ഒക്കെയും വല്യപുതുമയായിരുന്നു. അപ്പോൾ വയസ്സൻപോറ്റി തന്റെ കഥ പറയുന്നതിനു അനുവാദം ചോദിച്ചു. കോശികുൎയ്യനെ വിളിച്ചു അയാൾ പറഞ്ഞു തുടങ്ങിയതെന്തെന്നാൽ'---വളരെക്കാലം മുമ്പു നിന്റെ പുരയിടത്തിന്റെ അയലത്തുള്ള കുറെ സ്ഥലത്തിന്റെയും ഞാൻ ഇപ്പോൾ പാൎത്തുവരുന്ന വീടിന്റെയും ഉടമസ്ഥരായിട്ടു ഞാനും ഒരു ജ്യേഷ്ഠനും മാത്രം ശേഷിച്ചു. ഞാൻ പറയുന്നകാലം നിന്റെ അപ്പൻ ൟ പറമ്പു നിന്റെ പേൎക്കായിട്ടു മേടിക്കുന്നതിനു തുലോം മുമ്പു തന്നെ. ഞങ്ങൾ രണ്ടുപേരും വേട്ടു എങ്കിലും ഇനിക്കു കൊച്ചുങ്ങളില്ലായിരുന്നു. ജ്യേഷ്ഠനു ഒരു മകൾ മാത്രമുണ്ടായിരുന്നു. അവളുടെ അമ്മ അവൾക്കു അഞ്ചു വയസ്സായപ്പോൾ മരിച്ചുപോയി. അപ്പോൾ തള്ളയ്ക്കു വന്ന പനി തന്നെ കൊച്ചിനും പിടിപെട്ടു ജ്യേഷ്ഠൻ ഇവിടങ്ങളിലേക്കു സൗെന്ദൎയ്യക്കാരിയായിരുന്ന തന്റെ ഭാൎയ്യയുടെ മരണത്തിൽ വച്ചു നന്നാ അന്ധാളിച്ചിരുന്നതുകൊണ്ടും കൊച്ചിനോടുള്ള പ്രിയംകൊണ്ടും ദീനം ഭേദമായാൽ കാശിയിൽ പോയി തീൎത്ഥമാടി അവിടെയുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ കഴിച്ചേക്കാമെന്നു നേൎന്നു. കൊച്ചിന്റെ ദിനം സൌഖ്യമായി. ഒടുക്കം ജ്യേഷ്ഠനു തീൎത്ഥ യാത്രയ്ക്കു സമയവുമടുത്തു. എങ്കിലും തനിക്കു നന്നാ പ്രിയപ്പെട്ടിരുന്ന കൊച്ചിനെ വിട്ടുപിരിയുന്നതിനു വളരെ മനസ്സുകേടായിരുന്നു. സകല പ്രയാസങ്ങളും സ്നേഹിതന്മാരുടെ വാക്കുകളും കൂട്ടാക്കാതെ അവളെ കൂടെകൊണ്ടുപോയി. കുറെ നാളേക്കു ഞാൻ അപ്പഴപ്പോൾ അവരുടെ വൎത്തമാനത്തെക്കുറിച്ചു കേട്ടു എങ്കിലും പിന്നീടു വളരെ നാളേക്കു ഒന്നും കേട്ടില്ല. രണ്ടുവൎഷം കഴിഞ്ഞപ്പൊൾ, ജ്യേഷ്ഠൻ മരിച്ചുപോയി എന്നു കാശിക്കുപോയി വന്ന ഒരുവനിൽനിന്നു ഞാൻ കേട്ടു. എന്നാൽ കൊച്ചിനെന്തു സംഭവിച്ചായിരിക്കും? അവളെക്കുറിച്ചു ഒരു വൎത്തമാനവും ഞാൻ കേട്ടില്ല. ഒടുക്കും എന്റെ മൂഢവിചാരപ്രകാരം ദൈവകോപം ശമിപ്പിപ്പാനും എന്റെ മരുമകളെ തിരക്കുകയൊ അല്ലെങ്കിൽ കഴിയുന്നതായിരുന്നാൽ അവൾക്കു എന്തു സംഭവിച്ചു എന്നു അറികയൊ ചെയ്‌വാനും ആയിട്ടു ഞാനും കാശിക്കു ഒന്നു പൊയ്ക്കളയാമെന്നു ഉറച്ചു എന്റെ വസ്തുക്കളൊക്കെയും ശേഷക്കാരെ ഏൾപിച്ചുംവച്ചു യാത്രയായി വഴിയിൽവച്ചുണ്ടായ പ്രയാസങ്ങളെല്ലാം പറഞ്ഞേ കഴിവൂ എന്നില്ലല്ലൊ. പ [ 91 ] ലതവണയും തിരിച്ചുപോരുന്നതിനു ഞാൻ ആഗ്രഹിച്ചു. ഒടുക്കം ഞാൻ കാശിയിലെത്തി. വളരെ നാൾ കഴിഞ്ഞപ്പോൾ എന്റെ സ്വദേശിയായ ഒരുത്തനെ ഒരു പെൺ കൊച്ചിനേം കൂടെ കുറെ നാൾ മുമ്പു അവിടെക്കണ്ടതായി ഞാൻ അറിഞ്ഞു. പിന്നീടു ആ പെണ്ണു ഗംഗാനദിയുടെ തീരങ്ങളിൽ അല്പനാളേക്കു അലഞ്ഞു നടന്നു എന്നും അവളെ ഒരു സായ്പു എടുത്തു ഒരു മിശ്യൊനരി ഇട്ടിട്ടുണ്ടായിരുന്ന ധൎമ്മസ്ഥലത്തിൽ ആക്കിയെന്നും ഞാൻ കേട്ടു. ഇപ്രകാരം തന്നെ ആരുപോരുമില്ലാതെ ആ വല്യപട്ടണത്തിൽ നടന്ന അനവധി പൈതങ്ങൾ അവിടെയുണ്ടായിരുന്നു. അവരിൽ അധികംപേൎക്കും അവരുടെ ഉത്ഭവത്തെക്കുറിച്ചു യാതൊരു അറിവും ഇല്ലായിരുന്നു. അതിന്റെ കാരണം ചിലർഅറിയാത്ത ഭാഷക്കാരായിരുന്നതും ചിലർ തീരെ കൊച്ചുങ്ങളായിരുന്നതും തന്നെ ൟ വിവരണയിങ്കൽ മറിയത്തിന്റെ അമ്മ നടുങ്ങി. ആശ്ചൎയ്യശബ്ദം പുറപ്പെടുവിക്കയും അപ്പൻ നന്നാ താല്പൎയ്യത്തോടു ശ്രദ്ധിക്കയും ചെയ്യുന്നതായി മറിയം കണ്ടു__" ഞാൻ കേട്ട പെണ്ണു ജ്യേഷ്ഠന്റെ മകൾ തന്നെയെന്നു ഇനിക്കു ഉറപ്പായി ഒട്ടും താമസിക്കാതെ ഞാൻ ആ ധൎമ്മസ്ഥലം ഉള്ള പാദ്രിസായ്പിന്റെ അടുക്കൽ ചെന്നു. എങ്കിലും തക്കസമയംകഴിഞ്ഞുപോയി. ഞാൻ കേട്ട അടയാങ്ങളിൽനിന്നു ഇനിക്കു കാണെണ്ട പെണ്ണു അതു തന്നെയായിരുന്നു എന്നു ഞാൻ ഉറച്ചു. ആ നല്ല ആൾ അവളെ കണ്ട സമയം തന്റെ ദിക്കു തിരുവിതാംകോടെന്നും അപ്പന്റെ പേരു രാമനെന്നു ആണെന്നും പറയുന്നതിനു അവൾക്കു പ്രായമുണ്ടായിരുന്നു. എന്റെ ജ്യേഷ്യന്റെ പേരും അതു തന്നെ ആയിരുന്നു. ഇതെന്റെ മരുമകൾ എന്നു ഇനിക്കപ്പൊൾ നിശ്ചയം വന്നു എന്നാൽ അവൾ അവിടെ ഇല്ലാഞ്ഞു. ഞാൻ ചെല്ലുന്നതിനു രണ്ടു മൂന്നു ആഴ്ചമുമ്പു അവളുടെ ദിക്കു തിരുവിതാങ്കോടു തന്നെയെന്നുള്ളതിനു തൎക്കമില്ലായിരുന്നതുകൊണ്ടു അവിടെനിന്നു ഒരു സായ്പും മദാമ്മയും ഇങ്ങു തെക്കോട്ടു പോന്നപ്പോൾ ഇവിടെ പഠിപ്പിച്ചുവന്ന ഒരു മദാമ്മയുടെ പള്ളിക്കൂടത്തിൽ അവളെ ആക്കുന്നതിനു അവരെ ഏൾപിച്ചു അയച്ചുപോയി ഇതിന്റെ ശേഷം ഞാൻ കാശിയിലേറെ താമസിച്ചില്ല. ഞാൻ ഇവിടെ എത്തിയപ്പോൾ ആ മദാമ്മയുടെ ബങ്കളാവിൽ ചെന്നു ഞാൻ ആരെന്നു പറയാതെ പെണ്ണിനെക്കുറിച്ചു [ 92 ] ചോദിച്ചു. ഞാൻ അവളെക്കണ്ടു മുഖശ്ചായകളിൽനിന്നും അവൾ തന്നെ പറഞ്ഞ വൎത്തമാനങ്ങളിൽനിന്നും എന്റെ മരുമകളെന്നു നല്ലപോലെ ഉറച്ചു. അയാൾ ഇവിടം പറഞ്ഞപ്പോൾ കോശികുൎയ്യന്റെ ഭാൎയ്യയ്ക്കു അടക്കാൻ പോഞ്ഞു അവൾ ഇരുന്ന കസേരിയേൽനിന്നു എഴുനീറ്റു ഇങ്ങിനെ വിളിച്ചുപറഞ്ഞു- "ഹൊ ഞാനതെത്ര നല്ലപോലെ ഓൎക്കുന്നു. എന്നെക്കുറിച്ചു വന്നു ചോദിച്ച ബ്രാഹ്മണനേതു ഞാൻ അയാളെ ആ സമയമെ കണ്ടിട്ടുള്ളല്ലൊ എന്നു ഞാൻ പലപ്പൊഴും അതിശയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഞാൻ മുഖഭാവങ്ങൾ കണ്ടു അറിഞ്ഞു. അയാൾ, ഞാൻ ഇപ്പോഴും ഓൎക്കുന്നു എന്റെ അപ്പന്റെ കൂട്ടു തന്നെയിരുന്നു എന്നു ഞാൻ വിചാരിച്ചതായും ഞാൻ ഓൎക്കുന്നു. വൃദ്ധനായ പോറ്റിസന്തോഷംകൊണ്ടു ചിരിച്ചു പറഞ്ഞു__"കൊള്ളാം പറഞ്ഞു വന്നതു മുഴുവൻ പറയട്ടെ, അതിന്റെ ശേഷം ഇപ്പോൾ പറഞ്ഞേക്കാം അയാൾ പറഞ്ഞപ്പോൾ എല്ലാവരും നല്ലപോലെ ശ്രദ്ധിച്ചുകൊണ്ടു ഇരുന്നു:---"അവൾക്കു അവിടെ പൂൎണ്ണസൗേഖ്യമെന്നും അവളെ മാമോദീസാ മുക്കിയെന്നും ഞാൻ കാണുകയും പാദ്രി സായ്പന്മാരിൽ പ്രത്യേകം നിരാധാരക്കാരായ അനവധി പൈതങ്ങളെ എടുത്തു ധൎമ്മമായി സൂക്ഷിച്ചു പഠിപ്പിച്ചുവരുന്ന ആളായ കാശിയിലെ സായ്പിനെ ഓൎത്തിട്ടു ഇനിക്കു നല്ല വിശ്വാസംതോന്നുകയും ചെയ്തതുകൊണ്ടും എന്റെ മരുമകളെ പഠിപ്പിച്ചുവന്ന മദാമ്മയുടെ ദയാശീലത്തെ കാണുകകൊണ്ടും ശേഷക്കാരിൽ വല്ലവരും അവളുടെ സ്ഥിതിയെക്കുറിച്ചു അിഞ്ഞാൽ അവിടെ ചെന്നു ചോദിക്കയും വളരെ വഴക്കുകൾ ഉണ്ടാക്കുകയും ചെയ്തേക്കുമെന്നു ഞാൻ ഭയപ്പെട്ടതുകൊണ്ടും അക്കാൎയ്യം രഹസ്യമായിട്ടു തന്നെ സൂക്ഷിപ്പാൻ നിശ്ചയിക്കയും അവളെ വീണ്ടും കണ്ടു അവളുടെ മനസ്സു ഇളക്കുന്നതിൽനിന്നു ഒഴിഞ്ഞിരിക്കയും ചെയ്തു. എന്നിട്ടും ഞാൻ അവളുടെ കരേറ്റത്തിൽ സൂക്ഷിച്ചുകൊണ്ടിരുന്നു. അവൾ അറിഞ്ഞില്ല താനും. ഒടുക്കം ആ മദാമ്മ അവളെ നിന്നെക്കൊണ്ടു കെട്ടിപ്പാൻ ഭാവിച്ചപ്പോൾ നിന്റെ ആളുകളുടെ ഇടയിൽ അതിനു ചില വിരോധങ്ങളുണ്ടായിരുന്നതായി ഞാൻ ഓൎക്കുന്നു എങ്കിലും ഇനിക്കു സന്തോഷിക്കാതിരിപ്പാൻ പാടില്ലായിരുന്നു. എന്തെന്നാൽ ഞാൻ പറഞ്ഞ പെണ്ണു ഇപ്പോൾ നിന്റെ ഭാൎയ്യ തന്നെ. അവളുടെ ചരിത്രത്തെക്കുറി [ 93 ] ച്ചു ഏകദേശം ഇപ്രകാരമൊക്കെത്തന്നെ നീ അവളിൽ നിന്നു കേട്ടു കാണുമെന്നുള്ളതിനു തൎക്കമില്ലല്ലൊ. ആയിട പാപപരിഹാരത്തെക്കുറിച്ചു ഒരു പുസ്തകം കാശിയിൽവച്ചു ഒരു സായ്പു ഇനിക്കു തന്നതിൽനിന്നു ക്രിസ്ത്യാനി മാൎഗ്ഗത്തെക്കുറിച്ചു ഒരു നല്ല അഭിപ്രായം ഇനിക്കു കിട്ടീട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചു വളരെക്കാലം ഞാൻ ആശ്ചൎയ്യപ്പെട്ടിരുന്നു. അതു ഇപ്പോഴും എന്റെ പക്കലിരിപ്പുണ്ടു താനും എങ്കിലും അനേകം കാലത്തേക്കു എന്റെ മനസ്സിനു ഒരു സുഖവുമില്ലായിരുന്നു. ഞാൻ ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി പലെടത്തും തിരക്കി ഒന്നും കാണാതെ അലഞ്ഞുനടന്നു. ഒടുക്കം വയസ്സായി കണ്ണും പൊട്ടിയപ്പോൾ എങ്ങും പോകാതെ ഇല്ലത്തു തന്നെ ഞാൻ താമസിച്ചു പാപപരിഹാരത്തെക്കുറിച്ചുള്ള ആ പുസ്തകത്തിൽ പറയുന്ന സംഗതികൾ എന്റെ മനസ്സിൽ മാറാതെനിന്നു അങ്ങിനെ നിന്റെ കുഞ്ഞുങ്ങളോടു സംസൎഗ്ഗം അന്വേഷിപ്പാൻ എന്റൈ മനസ്സു എന്നെ ഉദ്യോഗിപ്പിച്ചു ക്രിസ്താനിവേദത്തിൽ അവൎക്കു നല്ലശീലമുണ്ടെന്നു ഞാൻ അറിഞ്ഞിരുന്നു. അവരോടു പ്രത്യേകം നിന്റെ മകൾ മറിയത്തിനൊടു ഞാൻ പലപ്പോഴും വൎത്തമാനം പറഞ്ഞു. പിന്നെ മറിയം നീ അറിയുന്നതുപോലെ എപ്പോഴും എന്റെ വീട്ടിൽ വന്നു തുടങ്ങി. അവളിൽനിന്നു ദൈവത്തെക്കുറിച്ചും വരും കാലത്തെക്കുറിച്ചും ഉള്ള കാൎയ്യങ്ങൾ ഞാൻ പഠിച്ചു. അവയിൽത്തന്നെ എന്റെ ആത്മാവു ഇപ്പോൾ ആശ്വസിക്കുന്നു. ദൈവം അവൾക്കു പ്രതിഫലം നല്കും. അവളും ഭൎത്താവും ഭാഗ്യമായിട്ടുതന്നെയല്ല ഉപകാരികളായിട്ടും ജീവിക്കട്ടെ."

വൃദ്ധൻ തന്റെ കഥയവസാനിപ്പിച്ചപ്പോൾ കോശികുൎയ്യനും ഭാൎയ്യയും കുഡുംബമശേഷവും അയാളുടെ കസേരിക്കു ചുറ്റും വന്നുകൂടി. പിന്നെ ചോദിച്ച ചോദ്യങ്ങളും ഉണ്ടായ സംഭാഷണവും നമുക്കു വൎണ്ണിപ്പാൻ പാടില്ല. അവിടെ കൂടിയിരുന്നവരിൽ ആ പാദ്രിയച്ചനോളം സന്തോഷം മറ്റെറാരുത്തൎക്കുമില്ലായിരുന്നു. വൃദ്ധനായ ബ്രാഹ്മണൻ സത്യവേദത്തിൽ അനുസരിച്ചതിൽവച്ചു അദ്ദേഹം നന്നാ ഇളകീട്ടു പൌലൂസിനെ കയ്ക്കു പിടിച്ചു അയാളുടെ അടുക്കൽ കൊണ്ടുചെന്നു"എന്റെ വൃദ്ധസ്നേഹിതാ ദൈവംതന്നെക്കുറിച്ചുതന്നെതന്നിരിക്കുന്നഅറിയിപ്പിൽ വിശ്വാസിയായ മറ്റൊരുത്തൻ തേണ്ടെഇവൻ ഒരിക്കൽ രണ്ടുവിധത്തിൽ അ [ 94 ] ടിമക്കാരനായിരുന്നു എന്നാൽ ഇപ്പഴൊ ക്രിസ്തുവിൽ സ്വാതന്ത്ര്യക്കാരനാകുന്നു ഞാൻ നിങ്ങൾ ഇരുവരുടെയും കൈകൾ കൂട്ടിപ്പിടിക്കട്ടെ എന്തെന്നാൽ നാമെല്ലാവരും ക്രിസ്ത്യാനി സഹോദരന്മാരാകുന്നു. എന്നു പറയുന്നതിനു ഒട്ടും മടിച്ചില്ല.

ബ്രാഹ്മണൻ---അവന്റെ കൈ കാണട്ടെ എന്തെന്നാൽ നാമെല്ലാവരും സഹോദരന്മാരു തന്നെ. ദൈവം പക്ഷഭേദമുള്ളവനല്ല എന്നാലൊ സകല ജാതിയിലും തന്നെ ഭയപ്പെടുകയും നീതിയെ പ്രവൃത്തിക്കയും ചെയ്യുന്നവൻ അവനാൽ കയ്ക്കൊള്ളപ്പെട്ടവനാകുന്നു.

പാദ്രി, പൗെലുസിന്റെ കയ്ക്കു ബ്രാഹ്മണൻ പിടിച്ചുകൊണ്ടു നില്ക്കുമ്പോൾ" ക്രിസ്ത്യാനിമാൎഗ്ഗത്തിനു ചെയ്‌വാൻ കഴിയുന്നതു എന്തെന്നു നോക്കുവിൻ അതു സകലരേയും ക്രിസ്തുവിൽ ഒന്നാക്കുന്നു:-- എന്നു പറഞ്ഞു അപ്പോൾ വൃദ്ധനായ പുലയനു തന്റെ നില്പിൽ വച്ചു മനോകമ്പം പിടിച്ചിട്ടു "ദൈവം സ്തുതിക്കപ്പെടട്ടെ" എന്നു മാത്രമേ പറവാൻ കഴിഞ്ഞുള്ളു. എങ്കിലും അല്പസമയം കൊണ്ടു അവൻ ധൈൎയ്യവാനായി താഴ്മയോടു കൂടെ വായ്ക്കൽ കൈപൊത്തിക്കൊണ്ടു കോശികുൎയ്യന്റെ മുമ്പിൽനിന്നു പറഞ്ഞു "ദൈവം ഞങ്ങളുടെ കൊച്ചുതമ്പുരാട്ടിയെവാഴ്ത്തട്ടെ എന്തെന്നാൽഅവളിൽനിന്നായിരുന്നുഞാനുംഒന്നാമതുനിത്യജീവന്റെ വചനങ്ങൾ പഠിച്ചതു."

ഇങ്ങിനെ വായനക്കാരാ നമ്മുടെ കഥയവസാനിക്കുന്നു. മറിയവും ഭൎത്താവും അന്ന്യോന്ന്യം നല്ലവണ്ണം ചേൎന്നവരായിരുന്നു. ഭാഗ്യമുള്ളവരും പരോപകാരികളുമായിട്ടു അവരൊന്നിച്ചു വളരെ നാൾ ജീവിച്ചിരിക്കയും ചെയ്തു. കോശികുൎയ്യന്റെ ശീലത്തിൽ ഉണ്ടായ മാറ്റം വൎദ്ധിച്ചുവരികയും അവനെ എല്ലാവരും സ്നേഹിക്കയും ചെയ്തു. വൃദ്ധനായ പൗെലുസും പിന്നെയും വളരെ നാളു ജീവിച്ചിരുന്നു തന്റെ ജാതിക്കു ഗുണം ചെയ്തു. പാദ്രിയച്ചനു തന്റെ വേലയിൽ വൎദ്ധനവുണ്ടായി. വൃദ്ധനായ ബ്രാഹ്മണൻ ശേഷക്കാരിൽനിന്നു വളരെ പീഢകൾ സഹിക്കയും മറിയത്തിനു കൊടുപ്പാൻ നിശ്ചയിച്ചിരുന്ന തന്റെ വസ്തുവകകൾ എല്ലാം നഷ്ടമാകയും ചെയ്തതിന്റെ ശേഷം കോശികുൎയ്യന്റെ വീട്ടിൽ കൂടെ പാർത്തു. അല്പകാലം കഴിഞ്ഞു മറിയത്തിന്റെ മടിയിൽ തലയും വച്ചുകൊണ്ടു കിടന്നു വിശ്വാസത്തിൽ മരിക്കയും ചെയ്തു.