താൾ:Ghathakavadam ഘാതകവധം 1877.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൭


കുത്തി നോക്കിയായിരുന്നു വന്നതു. കണ്ണുപോയതു വയസ്സായതിൽപിന്നെയായിരുന്നതുകൊണ്ടു കണ്ണപൊട്ടീട്ടേറെ നാളായിട്ടില്ലാത്തവൎക്കു നടപ്പിലുള്ള ഒരു പേടി ൟയാളിൽനിന്നു നീങ്ങിയിട്ടില്ലായിരുന്നു. ൟ സമയം ആയാൾ തോളേൽ പൂണുനൂലാകട്ടെ നെറ്റിയിലൊ കയ്യേലൊ നെഞ്ചത്തൊ അല്പമെങ്കിലും ചന്ദനമൊ ഭസ്മമോ ആകട്ടെ ധരിച്ചിട്ടില്ലായിരുന്നു. പിന്നീടു ഒരിക്കലുമുണ്ടായിട്ടുമില്ല. വീട്ടുടമസ്ഥനോടു അല്പം പറവാനുണ്ടു എന്നു പറഞ്ഞപ്പോൾ എല്ലാവരും മൌനാശ്ചൎയ്യത്തൊടിരുന്നു. അയാൾ ഇപ്രകാരം പറഞ്ഞു;‌--- "ഞാൻ വന്നിരിക്കുന്നു. ഞാൻ നിന്റെ സദ്യയിലുരുണ്ടുകേറുകയാണെന്നു ഇനിക്കു അറിയാം. എങ്കിലും നിനക്കു കാണാവുന്നതു പോലെ ഞാൻ ഇനിയും ഒരു ബ്രാഹ്മണനല്ല. പിന്നെയൊ ഒരു ക്രിസ്താനി വിശ്വാസിതന്നെ. എന്നാൽ വേറൊരു കാൎയ്യമുണ്ടു. മണവാട്ടിയുമായി ഇനിക്കു ഏതാണ്ടൊ ഒരു സംബന്ധത്തിനുവകയുണ്ടു അതു വേണേൽ ഞാൻ നിന്നോടു പിന്നെപ്പറയാം. ഞങ്ങൾ തമ്മിൽ പരിചയമില്ലാത്തവരല്ലെന്നുള്ളതു നിനക്കു അറിയാമല്ലൊ" ഇവിടെ മറിയം അയാളുടെ അടുക്കൽ പുഞ്ചിരിയോടു കൂടെ അടുത്തുചെന്നു കയ്ക്കു പിടിച്ചുകൊണ്ടു "എന്റെ പ്രിയമുള്ള അപ്പൂപ്പാ അപ്പൂപ്പനെ ഇവിടെകണ്ടതുകൊണ്ടു ഇനിക്കെന്തു സന്തോഷം" എന്നു പറഞ്ഞു. ഉടനെ അയാൾ പുഞ്ചിരിയിട്ടുകൊണ്ടു അവളുടെ തലയിൽ കൈ വെച്ചു "എന്റെ കുഞ്ഞെ സൎവശക്തൻ നിന്നെ വാഴ്ത്തട്ടെ" എന്നു പറഞ്ഞു. അതിന്റെ ശേഷം തിരിഞ്ഞു കോശികുൎയ്യനോടു അവരുടെ ഇടയിൽ തന്നെക്കൂടെ ഇരുത്തെണമെന്നും അങ്ങിനെ ചെയ്താൽ ആ ദിവസം തന്റെ ആയുസ്സു നാളുകളിലേക്കു ഭാഗ്യകരമായിത്തീരുമെന്നും ഊണുകഴിഞ്ഞിട്ടു തന്റെ കാൎയ്യത്തെപ്പറ്റി കറെക്കൂടെ പറയുന്നതിനു അവരെല്ലാവരും അനുവദിക്കുമെന്നു ആശിച്ചു എന്നും അയാൾ പറഞ്ഞു. ഉടനെ ഒരു കസേരി എടുത്തു കൊണ്ടുവന്നു അയാളെ അതേലിരുത്തി ഉണ്ണാൻ നേരം താഴെഇറങ്ങിയിരുന്നു മറ്റുള്ളവരോടു കൂടെയുണ്ടു അവരുടെ ജാതിയിലായി. കണ്ട ആളുകളെല്ലാം അയാൾ ജാത്യാൽ ഒരു നമ്പൂരിയായിരുന്നതുകൊണ്ടു ആശ്ചൎയ്യപ്പെടുകയും ചെയ്തു.

സദ്യ എല്ലാം കഴിഞ്ഞു. പൌലൂസും ഭാൎയ്യയും മുഖ്യരായിട്ടും മാൎഗ്ഗവാസികളായ മറ്റു പുലയരും അതിൽ ഉണ്ടായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/89&oldid=148751" എന്ന താളിൽനിന്ന് ശേഖരിച്ചത്