അലിഞ്ഞു ചേർന്ന ആത്മാക്കൾ/രണ്ടു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
രണ്ടു്
[ 14 ]
രണ്ടു്


മണി എട്ടായിട്ടുണ്ടു്. ഉദയാൎക്കന്റെ ചെങ്കതിർവീചികൾ സൎവ്വത്ര വ്യാപിച്ചുകഴിഞ്ഞൂ. പശ്ചിമചക്രവാളത്തിൽ വെള്ളിമേഘങ്ങൾ പരസ്പരം ചുംബനനിരതരായിരിക്കുകയാണു്. സ്വപ്നങ്ങളുടെ ശവക്കല്ലറകളിലും, മണിയറകളിലും തളൎന്നുറങ്ങിയവരെല്ലാം പ്രവൃത്തിയുടെ പരുപരുത്ത വശങ്ങളിലേക്കിറങ്ങി. കൊള്ളക്കും, കൊലക്കും ഇതര പാതകങ്ങൾക്കും കൂട്ടുനില്‌ക്കുന്ന അന്ധകാരലോകം അന്തർദ്ധാനം ചെയ്തു. പൊന്നണിപ്പൊൻപുലരി പ്രപഞ്ചത്തെ ആവരണം ചെയ്തിരിക്കുന്നു.

ഇപ്പോൾ ഇളംവെയിൽ കൊള്ളാൻ നല്ല രസമാണു്. മഞ്ഞുപെയ്യുന്ന മകരമാസം! പുൽക്കൊടികളെല്ലാം തുഷാരമുത്തുകളണിയുന്ന നാളുകൾ! നാണംകുണുങ്ങുന്ന വസുന്ധരയുടെ മൂടുപടം പോലെ അല്പംമുമ്പു ഭൂതലത്തെ മൂടിക്കിടന്ന മഞ്ഞുമേഖലകൾ മറഞ്ഞിരിക്കുന്നു.

ചുറ്റുപാടുമുള്ള നിരത്തുകളിലൂടെയും ഗ്രാമപാതയിലൂടെയും ആളുകൾ പ്രവൎത്തനനിരതരായി ചുറ്റിത്തിരിയുന്നുമുണ്ടു്. “ലിസാ, വിശക്കുന്നുണ്ടോ?” വെറുതേ എന്നപോലെ ഞാൻ ചോദിച്ചു.

2
[ 15 ]

“ഉണ്ട്. വല്ലതും തരാമോ സാറേ” അല്പം പരിഹാസഭാവത്തോടെ അവളും.

“കളിയാക്കുകയും മാറ്റം വേണ്ടാ, അരമണിക്കൂറിനകം അടുത്ത സ്റ്റേഷനിൽ എത്തും. അവിടെ മുപ്പതു മിനിട്ട് താമസമുണ്ടു്. വേണമെങ്കിൽ വല്ലതും മടിച്ചു തരാം.”

“ഓ! വല്യ നിർബന്ധമൊന്നുമില്ല”

“എനിക്കു വേണ്ടിയെങ്കിലും..”

അവൾ മനോഹരമായ ആ ചുറ്റുപാടുകളുടെ ആകർഷണീയതയിലമർന്ന് അങ്ങിനെ ഇരുന്നു പോയി. അവളുടെ ഒരോചലനവും ഞാൻ നിരീക്ഷിച്ചു. യുവത്വത്തിന്റെ മാദകമായ തിടുക്കമൊന്നും അവൾക്കില്ല.

ഭാവിയെക്കുറിച്ചു ചിന്തിക്കുകയാവാമവൾ. വളരെ നേരമുണ്ടു് ഇങ്ങിനെ ഇരിക്കുന്നു.

“ലീസാ” ഞാൻ വിളിച്ചു.

“ഉം” തിരിഞ്ഞു നോക്കാതെ തന്നെ അവൾ മൂളി.

“സ്റ്റേഷനായി”

അവൾ വേഗം മുന്നോട്ടുനോക്കി. വെളിയിലേക്കു നീട്ടീപ്പിടിച്ചിരുന്ന തല അവൾ അകത്തേയ്ക്കുവലിച്ചു.

“എനിക്കൊന്നും വേണ്ടാ” അവൾ പറഞ്ഞു.

“ഉം”?

“എന്തോ ഒരു തളൎച്ച.”

“സാരമില്ല. കാപ്പി കുടിക്കുമ്പോൾ മാറും.”

“ഇവിടെ അരമണിക്കൂർ താമസമുണ്ടെന്നു് ആരു പറഞ്ഞു?”

“ആരും പറഞ്ഞില്ല.”

[ 16 ]

തീവണ്ടി ഫ്ളാറ്റ്‌ഫോമിനോടു ചേൎന്നുനിന്നു. വളരെപേർ അവിടെ കൂടിയിട്ടുണ്ടു്. യാത്രയ്ക്കൊരുങ്ങി വന്നവരായി. ഞാൻ പുറത്തേക്കിറങ്ങി.

“വേഗം വരണേ” അവൾ അറിയിച്ചു.

ഞാൻ അവിടെ മുഴുവനും തിരക്കി നടന്നു. എന്തെങ്കിലും അല്പം വാങ്ങിക്കുവാൻ. മാസികകളും പത്രങ്ങളും വില്‌ക്കാൻ ധാരാളം പേരുണ്ടു്. തിക്കും തിരക്കുംതന്നെ. സ്റ്റേഷന്റെ പിറകിലായി ഉദ്ദേശം ഇരുപതുവാര അകലെ ഒരു ചായക്കട ഞാൻ കണ്ടു. വേഗം അങ്ങോട്ടു നടന്നു.

ഒട്ടേറെപേർ അവിടെയും തിങ്ങി നിൽപുണ്ടു. എന്തെങ്കിലും ഒന്നു വാങ്ങിക്കാൻ നന്നേ ക്ലേശമാണു്.

ഒരുതരത്തിൽ കുറേപഴങ്ങളും ഫ്ളാസ്ക്കു നിറയേ കാപ്പിയും വാങ്ങിക്കൊണ്ടു് ഞാൻ നടന്നു. അപ്പോഴേക്കും ട്രെയിനിന്റെ യന്ത്രങ്ങൾ ചലിക്കുന്ന ശബ്ദം എന്റെ ചെവിയിൽവന്നുതറച്ചു. വളരെ ബദ്ധപ്പെട്ടു ഞാൻ ഓടി. ഫ്ളാറ്റുഫോറത്തിൽനിന്ന ഒരു വൃദ്ധൻ മറിഞ്ഞുവീണു. ഒരു കുട്ടിയുടെ കാലിൽ ചവുട്ടി. പത്രക്കെട്ടുമായി എതിരെ കടന്നുപോയ ഒരു യുവാവിന്റെ കയ്യിലിരുന്ന പത്രങ്ങൾ ചിന്നിച്ചിതറി.

ആകെ ഒരു പിരളി.

ഒരു തരത്തിൽ ഓടിച്ചാടി വണ്ടിയിൽ കയറി.

“ഹാ ദൈവമേ” ഇപ്പഴാ എന്റെ മനസൊന്നു് തണുത്തതു്”-അതുവരെ എന്നെ നോക്കിയിരുന്ന ലിസാ പറഞ്ഞു.

അവൾ വല്ലാതെ പരിഭ്രാന്തചിത്തയായി കാണുമെന്ന് ഞാനൂഹിച്ചു. ജീവിതം മുഴുവനും ആനന്ദമായി കഴിക്കുവാൻ എല്ലാ പരിതസ്ഥിതികളും അനുകൂലമായി ഭവിച്ച ഒരു നാട്ടുപെണ്ണു് യുവത്വത്തിന്റെ തള്ളലുകൊണ്ടോ, നിൎമ്മലമായ ഹൃദയത്തിൽനിന്നും ത്യാഗത്തിന്റെയും, സ്നേഹത്തി

[ 17 ] ന്റെയും ഗാനകല്ലോലമുയർന്നതുകൊണ്ടോ, മനസിനിണങ്ങിയ ഒരു ആളോടൊത്തു ഇറങ്ങിത്തിരിച്ചു. അവൾക്ക് കാമുകനെ പിരിയേണ്ടിവരുന്നത് എത്രകണ്ട് ഭീകരപ്രവർത്തനത്തിനു പ്രേരണാത്മകമല്ല. ഒരു പക്ഷെ വണ്ടിയിൽ ചാടിക്കയറിയതിനിടയിൽ കാലുതെറ്റി ഞാൻ പാളത്തിൽ വീണ് ചക്രങ്ങൾ എന്റെ ദേഹത്തുകൂടി കയറിയിരുന്നെങ്കിൽ നിശ്ചയമായും അവളും പ്രാണത്യാഗം ചെയ്യും. ആദിയും അന്തവുമില്ലാത്ത ലോകത്തിൽ ആരുമൊരാലംബമില്ലാതെ ഒരു സ്ത്രീ ജീവസന്ധാരണം ചെയ്യാൻ മുതിരുകയോ? പൂവൻ കോഴികളെപ്പോലെ പുരുഷന്മാർ പായുമ്പോൾ........ ശ്വാസംമുട്ടി മരിച്ചുപോകും.

സ്ത്രീത്വത്തിന്റെ മനസാക്ഷിയായ ചാരിത്ര്യംവിറ്റിട്ടു് എന്തിനൊരുവൾ ജീവിക്കണം?

സ്നേഹത്തിന്റെ അവസാനത്തെ നീർച്ചാലും അണകെട്ടി അടയ്ക്കപ്പെടും.

“ഹോ! ചിന്തകൾ അന്തമില്ലാതെ സഞ്ചരിക്കുകയാണു്.” എന്റെ വിചാരങ്ങൾ അവളെയും വേദനിപ്പിക്കുന്നുണ്ടാകുമോ?

“ലിസാ കാപ്പികുടിക്കൂ” ഞാനഭ്യർത്ഥിച്ചു.

“എനിക്കു തീരെ ഉന്മേഷം തോന്നുന്നില്ല..... അവൾ അറിയിച്ചു.

“എങ്കിലും പഴം തിന്നു്” ഞാൻ രണ്ടു പഴങ്ങൾ അവളുടെ നേരെ നീട്ടി.

ഒരു തരത്തിൽ അവളതുള്ളിലാക്കി....

നീണ്ട മണിക്കൂറുകൾ ചിലതുകൂടി ആരോടും പറയാതെ ധിക്കാരത്തോടെ കടന്നുപോയി.

[ 18 ]

“എന്താണു ലിസാ ഇത്രവിചാരം“

ഹാ! ഞാൻ ഭയന്നുപോയി ചാട്ടംകണ്ടപ്പോൾ”

“അതാണോ ഇത്ര വിഷാദം”

“വിഷാദമൊന്നുമില്ല”

“പിന്നെ വീട്ടിൽനിന്നു പോന്നതിനാലാണോ?”

“ഏയ് ഒന്നുമില്ല...”

“ഒന്നു ചിരിക്കൂ... ഞാനൊന്നുകാണട്ടെ.”

അവൾ നിസർഗ്ഗസിദ്ധമായ ഒരു മന്ദഹാസം ചൊരിഞ്ഞു. എന്റെ ഹൃദയത്തിലൊരു തണുപ്പുവീശി..

“നാളെ എട്ടുമണിക്കു് നമുക്കങ്ങെത്താം”

“നാടകകമ്പിനിക്കെഴുതിയിട്ടില്ലേ?”

“പിന്നെ വെറുതയാ”

“ഞാൻ ചോദിച്ചെന്നേയുള്ളൂ.”

“ഇപ്പഴാ വന്നു കാണും”

“നല്ലപിരളിയായിരിക്കും”

പിന്നീടും എന്തൊക്കയോകൂടി ഞങ്ങൾ സംസാരിച്ചു. ഒരു നിരത്തിലൂടെ ട്രെയിൻ നീങ്ങുകയാണു്.

ഒരു മണിയോടടുത്തു. ട്രെയിൻ ഒരു സ്റ്റേഷനിൽ നിന്നു.

എല്ലാവരും പുറത്തേക്കിറങ്ങി. ഞാൻ ഒരാളോടു ചോദിച്ചു.

"ഇവിടെ എന്തു താമസമുണ്ടു”

“ഒരു മണിക്കൂറുണ്ട്. ഉണ്ണുകയും മറ്റുംചെയ്യാം.

സ്നേഹപുരസ്സരം അയാൾ പറഞ്ഞു.

ലീസായെ വിളിച്ചുകൊണ്ടു ഞാൻ അടുത്തു കണ്ട ഒരു ഹോട്ടലിലേക്ക് തിരിച്ചു. ട്രെയിനിലെ ജോലിക്കാരും അവിടെത്തന്നെയാണ് ഉണ്ണുന്നതു്. അതുതന്നെ ആശ്വാസമാണ്. ഈ നേരത്തു സദ്യപൊടിപൊടിക്കുന്നതിനായി പന്തലിൽ രാത്രി മുഴുവൻ പണിയെടുത്തവരുടെ മുഖങ്ങൾ ഞാനോർത്തു.

[ 19 ]

ഈ ഹോട്ടലിൽത്തന്നെ ഗംഭീരമായ സദ്യയാണ് നടക്കുന്നതു്. ഒരു നാട്ടുപെണ്ണായ ലീസായെ അമ്പരപ്പിക്കുന്ന ചുറ്റുപാടുകളാണവ. ഓരോ മുറിയിലും കാറ്റു വിതറുന്ന പങ്കകൾ കറങ്ങുകയാണ്. വലിയ ഉദ്യോഗസ്ഥന്മാരെപ്പോലെയാണ്, ജോലിക്കാർ കൎത്തവ്യനിരതരായി നാലുപാടും നടക്കുന്നതു്.

മാർബിൾ പലകതറച്ച മേശമേൽ കൈവച്ചപ്പോൾ ഏതാണ്ടൊരുതണുപ്പു തോന്നി. സിനിമാതാരങ്ങളുടെയും രാഷ്ട്രീയനേതാക്കന്മാരുടേയും ഒട്ടേറെ പടങ്ങൾ ആ ചുവരിൽ തൂങ്ങുന്നുണ്ടു്.

പച്ച പരിഷ്ക്കാരത്തിന്റെ സാക്ഷാത്കാരമായ ആ ഹോട്ടലിന്റെ പിൻഭാഗം എന്നെ ലജ്ജിപ്പിച്ചുകളഞ്ഞു. മുൻവശത്തു കാണുന്ന ആകർഷണീയതയോ, വെടുപ്പും, വൃത്തിയുമോ പിൻപിലില്ല. എച്ചിലിലകളും, ചീഞ്ഞ ഇലകളിൽ നിന്നും വമിക്കുന്ന ദുർഗന്ധവും, അതിന്റെയെല്ലാം മീതെ കുരച്ചും കടിച്ചും ശബ്ദമുണ്ടാക്കിക്കൊണ്ട് നിങ്ങുന്ന നായ്ക്കളും. . . . ആകെ വിചിത്രമായിരിക്കുന്നു... . . .

റെയിൽവേ സ്റ്റേഷൻ പിൻവശത്തൊരു കാർ വന്നു നിന്നതു് ഒരു ഞെട്ടലോടുകൂടിയാണു ഞാൻ കണ്ടതു്. മാണിച്ചേട്ടന്റെ നാടകക്കമ്പിനിയിലെ കോമിക്കു നടനായ മുണ്ടൻ മത്തനും, മറെറാരു പ്രധാനനടനായ രാംദേവും കാറിൽനിന്നും പുറത്തേക്കിറങ്ങി. വായിലേക്ക് വയ്ക്കുവാനുയൎത്തിയ ഉരുള കയ്യിൽതന്നെ ഇരുന്നുപോയി...

ഒന്നുരണ്ടു നിമിഷങ്ങൾ മുടി കടന്നുപോയി.

എന്റെ സ്തംഭിച്ചുള്ള ഇരുപ്പും ഭാവഭേദങ്ങളും കണ്ടു മിഴിച്ചിരുന്ന ലീസാ ചോദിച്ചു.

“എന്തുപറ്റി രാജൂ”

ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ പറഞ്ഞു. “ഓ,

[ 20 ] ഒന്നുമില്ല. എനിക്ക് ചോറു മതി. നീ ഉണ്ണു. ഞാനപ്പുറത്തിരിക്കാം.”

വേഗം കൈകഴുകിയിട്ട് ഞാൻ കസേരയിൽ ചെന്നിരുന്നു. പുറത്തേക്കു ശ്രദ്ധിക്കുവാൻ തുടങ്ങി. എന്റെ ഹൃദയസ്പന്ദം ഇരട്ടി വൎദ്ധിച്ചു.....

അവർ ഒരറ്റം മുതൽ തീവണ്ടിയുടെ മറ്റേ അറ്റംഅവരെ പരിശോധിച്ചു തുടങ്ങി.

“പറയൂ രാജൂ എന്താണു സംഭവിച്ചത്?” എന്റെ അടുത്തു വന്നു നിന്നു ലീസാ ചോദിച്ചു.

“നോക്കൂ” കാറു കിടന്നടത്തേക്കു് കൈ ചൂണ്ടിക്കൊണ്ടു് ഞാൻ പറഞ്ഞു. അവൾ സ്തബ്ദയായി നിന്നുപോയി.

ഞാൻ ആ ഭിത്തിയിൽ തൂങ്ങിയിരിക്കുന്ന ക്ലോക്കിലേക്കു നോക്കി. മണി ഒന്ന് അമ്പത്. ഇനിയും പത്തു മിനിറ്റേ ഉള്ളു വണ്ടി നീങ്ങാൻ. ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കുവാൻ വന്നവരെല്ലാം തിരിയെ അതതു കംപാട്ടുമെന്റിൽ പ്രവേശിച്ചുകഴിഞ്ഞു. അവരുടെ പരിശോധന തീൎന്നിട്ടില്ല. ഒരായിരം മിന്നൽ പടക്കങ്ങൾ എന്റെ തലക്കുള്ളിലിരുന്നു മിന്നുന്നപോലെ എനിക്കു തോന്നി. ഞങ്ങൾ പരസ്പരം നിസ്സഹായതയോടെ നോക്കുവാനല്ലാതെ, മുഖത്തു നിറഞ്ഞു നില്‌ക്കുന്ന ഹൃദയവേദന മനസിലാക്കുവാനല്ലാതെ, എന്തെങ്കിലും പറയുവാനോ ഏതെങ്കിലും പ്രവർത്തിയിൽ മുഴുകുവാനോ സാധിച്ചില്ല.

കരുണയുടെ ഒരു നേരിയ അംശം പോലും പ്രദൎശിപ്പിക്കാതെ മുഴുത്ത അഞ്ചു മിനിററുകൾ കൂടി ഇങ്ങിനി വരാത വണ്ണം മറഞ്ഞു. മണി ഒന്നു്, അമ്പത്തിയഞ്ചു മിനിട്ടു്. ഒരു മണിയൊച്ച കേട്ടു. കേവലം അഞ്ചു മിനിറ്റ്. രണ്ടുജീവിതങ്ങളുടെ ഭാവിയെ നൂൽപ്പാലത്തിലൂടെ കടത്തിവിടുകയാണ്.

[ 21 ]

ഇനിയും അവശേഷിക്കുന്നതു് രണ്ടു മിനിറ്റാണു്. പച്ചയും ചെമപ്പും നിറമുള്ള രണ്ടു കൊടികളുമായി സ്റ്റേഷൻ മാസ്റ്റർ പ്ലാറ്റുഫോമിൽ എത്തിക്കഴിഞ്ഞു വീണ്ടും ഒരൊറ്റ മിനിറ്റു് .....

തീവണ്ടി നീണ്ട ഒരു ചൂളം വിളിച്ചു....

അവർ താഴെയിറങ്ങി. കാറിനോടടുത്തു ഡോർ തുറന്നു. കാർ നീങ്ങി. ഇരുപതു സെക്കന്റ് മാത്രം .... യന്ത്രം ശബ്ദിക്കുന്നു. ഞങ്ങളോടി, വണ്ടിയിൽ കയറി.......

ചക്രങ്ങളുരുണ്ടുതുടങ്ങി.....

ജ്വലിച്ചുയരുന്ന അഗ്നിപർവ്വതത്തിൽ പേമാരി ചൊരിഞ്ഞതുപോലെ തോന്നുന്നു.

ഞങ്ങൾ പലതും പറഞ്ഞു. തീവണ്ടി പുതിയ പുതിയ ഓരോ സ്ഥലങ്ങളും പിന്നിലാക്കുന്നപോലെ ഞങ്ങളും ജീവിതത്തിന്റെ പുതിയ പുതിയ ഓരോ വിനാഴികകളും കടത്തി വിടുകയാണ്.

നീണ്ട മണിക്കൂറുകൾ പലതും കഴിഞ്ഞു.

പക്ഷികൾ ചേക്കേറുവാൻ തിടുക്കത്തിൽ പാഞ്ഞുതുടങ്ങി. അന്തിക്കതിരവന്റെ കനകരശ്മികൾ ആഴിനിരപ്പിൽ കുങ്കുമം കലർത്തിക്കഴിഞ്ഞിരിക്കയാണു്.

തീവണ്ടിയുടെ മുൻപിലൊരു മുഴുത്ത ദീപപ്രകാശം തെളിഞ്ഞുവന്നു. ഈയാംപാറ്റകൾ എണ്ണമറ്റവിധം വട്ടമിട്ടു പറന്നുതുടങ്ങി. വണ്ടിയുടെ വേഗത വർദ്ധിക്കുംതോറും പടിഞ്ഞാറുനിന്നും അടിക്കുന്ന തണുത്ത കാറ്റിന് മാധുര്യം കൂടിവരുന്നു.

രാത്രി എട്ടു മണിയോടടുത്തു. തീവണ്ടി പുതിയൊരു സ്റ്റേഷനിലെത്തി. ജോലിക്കാരോടൊപ്പം യാത്രക്കാരിലധികം പേരും അത്താഴത്തിനു ഹോട്ടലിലേക്കു പോയി.

[ 22 ]

അർദ്ധരാത്രിയായപ്പോഴേക്കും അന്തരീക്ഷം കലുഷമായി കാണപ്പെട്ടു. ഒരു കൊടും കാറ്റു് ആരംഭിച്ചു. തീവണ്ടി, പാളം തെറ്റിപ്പോകുമോ എന്നു തോന്നിപ്പോകുന്നു. കൊള്ളിയാൻ പല പ്രാവശ്യം മിന്നി. അധികം വൈകിയില്ല തുള്ളിക്കൊരു കുടംപോലെ മഴയും ആരംഭിച്ചു.

അസ്പഷ്ടമായ പ്രകാശത്തിൽ ചുറ്റുമുള്ള ചില കൂരകൾ വിറയ്ക്കുന്നതു കാണാം.

ലീസാ സുഖനിദ്രയിലാണ്ടിരിക്കുകയാണു്. മഴ ശമിക്കുന്ന ലക്ഷണമില്ല. മഴത്തുള്ളികളെ ഭേദിച്ചുകൊണ്ട് ചൂളം വിളിയോടെ തീവണ്ടി മുന്നേറുന്നു. തണുത്ത ഒരു കാറ്റു് കിഴക്കോട്ടടിച്ചു. അവൾ ചൂളിച്ചുരുണ്ടുപോയി.

വണ്ടി ഏതാണ്ടു് അരഫർലോങ്ങ് നീളമുള്ള ഒരു പാലത്തിലേക്കു കയറുകയാണു. കിഴക്കൻ മലവെള്ളം പാലം മൂടി തകൎത്തൊഴുകുന്നു. പെട്ടന്നൊരു ശബ്ദം കേട്ടു. . . . ഒരു കൂട്ടക്കരച്ചിലും. ഞാൻ തല പുറത്തേക്കുനീട്ടി മുന്നോട്ടു നോക്കി. എൻജിനും ആദ്യത്തെ ഒരു കമ്പാർട്ടുമെൻറും പാളത്തിലല്ല. പുറകേ ഓരോന്നും പാളം തെറ്റുന്നു. എന്റെ തലക്കെന്തോ ഒരു മത്തുപിടിച്ചപോലെ.

ഞാൻ പൊട്ടിക്കരഞ്ഞുപോയി..... “ലീസാ”-ഞാൻ ദിഗന്തത്തെയും ഭേദിക്കത്തക്ക ഉച്ചത്തിൽ അലറി. അവൾ കണ്ണുതുറന്നു, ഭീതിയാൽ ഉയൎത്തിപ്പിടിച്ച മുഖവുമായി അവൾ എന്നോടു പറ്റിച്ചേർന്നുനിന്നു.

ഞങ്ങളിരുന്ന കംപാർട്ടുമെന്റ് ചരിഞ്ഞു.... ഒന്നുമൊന്നും അറിഞ്ഞുകൂടാ.

3