ഇനിയും അവശേഷിക്കുന്നതു് രണ്ടു മിനിറ്റാണു്. പച്ചയും ചെമപ്പും നിറമുള്ള രണ്ടു കൊടികളുമായി സ്റ്റേഷൻ മാസ്റ്റർ പ്ലാറ്റുഫോമിൽ എത്തിക്കഴിഞ്ഞു വീണ്ടും ഒരൊറ്റ മിനിറ്റു് .....
തീവണ്ടി നീണ്ട ഒരു ചൂളം വിളിച്ചു....
അവർ താഴെയിറങ്ങി. കാറിനോടടുത്തു ഡോർ തുറന്നു. കാർ നീങ്ങി. ഇരുപതു സെക്കന്റ് മാത്രം .... യന്ത്രം ശബ്ദിക്കുന്നു. ഞങ്ങളോടി, വണ്ടിയിൽ കയറി.......
ചക്രങ്ങളുരുണ്ടുതുടങ്ങി.....
ജ്വലിച്ചുയരുന്ന അഗ്നിപർവ്വതത്തിൽ പേമാരി ചൊരിഞ്ഞതുപോലെ തോന്നുന്നു.
ഞങ്ങൾ പലതും പറഞ്ഞു. തീവണ്ടി പുതിയ പുതിയ ഓരോ സ്ഥലങ്ങളും പിന്നിലാക്കുന്നപോലെ ഞങ്ങളും ജീവിതത്തിന്റെ പുതിയ പുതിയ ഓരോ വിനാഴികകളും കടത്തി വിടുകയാണ്.
നീണ്ട മണിക്കൂറുകൾ പലതും കഴിഞ്ഞു.
പക്ഷികൾ ചേക്കേറുവാൻ തിടുക്കത്തിൽ പാഞ്ഞുതുടങ്ങി. അന്തിക്കതിരവന്റെ കനകരശ്മികൾ ആഴിനിരപ്പിൽ കുങ്കുമം കലർത്തിക്കഴിഞ്ഞിരിക്കയാണു്.
തീവണ്ടിയുടെ മുൻപിലൊരു മുഴുത്ത ദീപപ്രകാശം തെളിഞ്ഞുവന്നു. ഈയാംപാറ്റകൾ എണ്ണമറ്റവിധം വട്ടമിട്ടു പറന്നുതുടങ്ങി. വണ്ടിയുടെ വേഗത വർദ്ധിക്കുംതോറും പടിഞ്ഞാറുനിന്നും അടിക്കുന്ന തണുത്ത കാറ്റിന് മാധുര്യം കൂടിവരുന്നു.
രാത്രി എട്ടു മണിയോടടുത്തു. തീവണ്ടി പുതിയൊരു സ്റ്റേഷനിലെത്തി. ജോലിക്കാരോടൊപ്പം യാത്രക്കാരിലധികം പേരും അത്താഴത്തിനു ഹോട്ടലിലേക്കു പോയി.