താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
രണ്ടു്


മണി എട്ടായിട്ടുണ്ടു്. ഉദയാൎക്കന്റെ ചെങ്കതിർവീചികൾ സൎവ്വത്ര വ്യാപിച്ചുകഴിഞ്ഞൂ. പശ്ചിമചക്രവാളത്തിൽ വെള്ളിമേഘങ്ങൾ പരസ്പരം ചുംബനനിരതരായിരിക്കുകയാണു്. സ്വപ്നങ്ങളുടെ ശവക്കല്ലറകളിലും, മണിയറകളിലും തളൎന്നുറങ്ങിയവരെല്ലാം പ്രവൃത്തിയുടെ പരുപരുത്ത വശങ്ങളിലേക്കിറങ്ങി. കൊള്ളക്കും, കൊലക്കും ഇതര പാതകങ്ങൾക്കും കൂട്ടുനില്‌ക്കുന്ന അന്ധകാരലോകം അന്തർദ്ധാനം ചെയ്തു. പൊന്നണിപ്പൊൻപുലരി പ്രപഞ്ചത്തെ ആവരണം ചെയ്തിരിക്കുന്നു.

ഇപ്പോൾ ഇളംവെയിൽ കൊള്ളാൻ നല്ല രസമാണു്. മഞ്ഞുപെയ്യുന്ന മകരമാസം! പുൽക്കൊടികളെല്ലാം തുഷാരമുത്തുകളണിയുന്ന നാളുകൾ! നാണംകുണുങ്ങുന്ന വസുന്ധരയുടെ മൂടുപടം പോലെ അല്പംമുമ്പു ഭൂതലത്തെ മൂടിക്കിടന്ന മഞ്ഞുമേഖലകൾ മറഞ്ഞിരിക്കുന്നു.

ചുറ്റുപാടുമുള്ള നിരത്തുകളിലൂടെയും ഗ്രാമപാതയിലൂടെയും ആളുകൾ പ്രവൎത്തനനിരതരായി ചുറ്റിത്തിരിയുന്നുമുണ്ടു്. “ലിസാ, വിശക്കുന്നുണ്ടോ?” വെറുതേ എന്നപോലെ ഞാൻ ചോദിച്ചു.

2