അലിഞ്ഞു ചേർന്ന ആത്മാക്കൾ/ഒന്നു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(അലിഞ്ഞു ചേർന്ന ആത്മാക്കൾ/അദ്ധ്യായം 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
ഒന്നു്

[ 6 ]

ഒന്നു്


രാത്രിയുടെ രണ്ടാംയാമവും അവസാനിക്കാറായിട്ടുണ്ടു്. പടിഞ്ഞാറെ ആകാശത്തിൽ ചന്ദ്രക്കല അനന്തമായി കത്തിച്ചുവെച്ച ശരൽറാന്തൽ പോലെ പ്രകാശിക്കുകയാണു്. ലോകം പരിപൂൎണ്ണനിശബ്ദതയിൽ മുഴുകിയിരിക്കുന്നു.

ഞാൻ നൂറ്റാണ്ടുകളുടെ പഴക്കം തോന്നിക്കുന്ന ഈ പ്ലാവിന്റെ കീഴിൽ എത്രനേരമുണ്ടുനില്‌ക്കുന്നു. ഉല്‌കണ്ഠാകുലമായ നിമിഷങ്ങൾ. എന്റെ അടുത്തു നിശബ്ദതയിൽ ആണ്ടിരിക്കുന്ന ഈ ബാഗ് പൊട്ടിച്ചിരിക്കുമോ എന്നെനിക്കു തോന്നിപ്പോകുന്നു.

ഒരു പറമ്പു്. അതിനു് സ്വല്പം പടിഞ്ഞാറുമാറിക്കാണുന്ന വീട്ടിൽ കല്യാണശ്രമങ്ങൾ നടക്കുകയാണു്. പ്രഭാപൂരം പരത്തുന്ന മൂന്നുനാലു ആലക്തികദീപങ്ങൾ ആ പരിസരത്തെ ആകെ പ്രശോഭിതമാക്കിയിരിക്കുന്നു.

“ചെമ്പെവിടെ?” ഒരാൾ ചോദിച്ചു.

“ചെമ്പിൽ വെള്ളമാണു്.”

ആരോ മറുപടി പറഞ്ഞു.

[ 7 ]

“കോഴിയെന്തിലാ”?

“കൊച്ചുരുളിയിൽ”

“വാഴയ്ക്കാ അരിഞ്ഞു തീൎന്നോ മോനെ?”

“ഇപ്പംതീരും ചിറ്റപ്പാ”

ഒരു കൊച്ചുചന്തയുടെ പ്രതീതിയാണു്. പലരും പ്രവൃത്തിയിൽ അമൎന്നിരിക്കുകയാണു്. ചിലർ നിൎദ്ദേശങ്ങളുമായി പരക്കം പായുന്നുണ്ടു്.

അടുത്തൊരു മരക്കൊമ്പിലിരുന്നു് കരുണയില്ലാതെ ഒരു മണ്ണാത്തിപ്പുള്ളു് ചിലക്കുവാൻ തുടങ്ങി. ഞാൻ നിന്നു മടുത്തു. എത്രനേരമുണ്ടു് ഇങ്ങനെ നില്‌ക്കുന്നു. ചെറിയൊരു ശബ്ദം!

ഞെട്ടലോടെയാണു് ഞാൻ ആ ശബ്ദം കേട്ടതു്. അവളെത്തിക്കഴിഞ്ഞു. കയ്യിൽ ഒരു ബാഗും ഉണ്ടു്.

“ലിസാ എത്രനേരമായി ഞാൻ ഈ നില്‌പു തുടങ്ങിയിട്ടു്?”

“മടുത്തായിരിക്കും”

“മടുത്തെന്നോ?”

“നീയെന്തിനു ഈ ബാഗു കൊണ്ടുവന്നു?”

അവളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാനെന്നപോലെ ഞാൻ ചോദിച്ചു.

“പിന്നെങ്ങിനാ പോകുക?”

നിസൎഗ്ഗസുന്ദരമായ മന്ദഹാസം തൂകികൊണ്ടു് അവൾ ചോദിച്ചു.

“ലിസാ ഞാൻ പറയുന്നതു നീ ഒന്നു കേൾക്കൂ. അതാ നിനക്കായി എത്രപേർ ഈ രാത്രി മുഴുവൻ ബുദ്ധിമുട്ടുന്നു. നാളെ പ്രഭാതത്തിൽ നിന്റെ കണ്ഠത്തിൽ മംഗല്യസൂത്രം കെട്ടുവാനുള്ളവനെത്തും. നിന്നെകണ്ടില്ലെങ്കിൽ മാണിച്ചേട്ടൻ ഈ നാടുമുഴുവൻ തേടി തിരിയും. തെണ്ടിത്തിരിഞ്ഞുവന്ന് എനിക്കു് അഭയം നൽകിയ അദ്ദേഹത്തോടു് ഇത്ര കൊടിയൊരപരാധം ചെയ്യാൻ ഞാൻ തയ്യാറില്ല.”

[ 8 ]

ഉള്ളിൽ അണകെട്ടി നിൎത്തിയിരുന്ന ചിന്തയുടെ ജലാശയം പൊട്ടിയൊഴുകുകയാണു്.

“എനിക്കെങ്ങും കേൾക്കണ്ട ഈ വേദാന്തം” നിസാരമെന്നോണം അവൾ പറഞ്ഞു.

“അതുകൊണ്ടു് എന്റെ കുഞ്ഞു് പതുക്കെ വീട്ടിൽ പോയിക്കിടന്നുറങ്ങു്. ....ഉം പോ”

“ഞാൻ പോയാൽ നാളെ എന്റെ ശവശംസ്ക്കാരത്തിനു വരാമെന്നു് വാക്കു തരാമോ?”

“ഞാൻ നിമിത്തം ദുഃഖിക്കേണ്ടാ, പോയേക്കാം.”

ഞങ്ങൾ ബാഗ് എടുത്തു സാവധാനം നടന്നു. കരിയിലകൾ നിശബ്ദതയെ ഭേദിക്കുകയാണു്. അങ്ങു പടിഞ്ഞാറുള്ള വീട്ടിൽ തകൃതിയായി കല്യാണശ്രമം നടത്തുന്ന പലരുടെയും മുഖം അസ്പഷ്ടമായി ഞാൻ കണ്ടു. ഒരുഭ്രാന്തനെപ്പോലെ അവിടെ നിന്നു് ആൎത്തു ചിരിക്കുവാൻ എനിക്കു തോന്നു. അവരുടെ നാളത്തെ സ്ഥിതി എന്തായിരിക്കും?

ഞങ്ങൾ കരുതിക്കൂട്ടി ഓരോ പാദവും എടുത്തെടുത്തുവെച്ചു് ആ ഗ്രാമപാതയിലൂടെ നടന്നു. കല്ലും മുള്ളും എല്ലാം പാദത്തിൽ തറയ്ക്കുന്നുണ്ടു്. അവൾ ധൈര്യപൂർവ്വം എനിക്കു വഴികാട്ടി നടക്കുകയാണു്.

പരിഹാസം കലൎന്ന സ്വരത്തിൽ എന്തോ പറഞ്ഞുകൊണ്ടു് ഒരു തണുത്ത കാറ്റു് കടന്നുപോയി.

“ലീസാ, നാളെ വീട്ടിലെന്തു മേളമായിരിക്കും” ഞാൻ തുടങ്ങി. “എന്തെങ്കിലും ആകട്ടെ, ഒന്നുവേഗം നടന്നുവരൂ”.

അവൾക്കൊരു പ്രശ്നമേ അല്ല.

ഇടവഴികൾ പലതും പിന്നിട്ടു് ഞങ്ങൾ ആ ഒറ്റയടിപ്പാതയിലെത്തി. കിഴക്കോട്ടുള്ള വളവുതിരിഞ്ഞു് അവൾ അകലെയിരിക്കുന്ന നിധിയെടുക്കാനെന്നപോലെ നടന്നു. ഞങ്ങൾ

[ 9 ] വീണ്ടും മറ്റൊരു ഗ്രാമപാതയിലെത്തി. മഞ്ഞുപെയ്യുകയാണു്. താടി മുട്ടിനു വന്നടിക്കുന്ന തണുപ്പു്! ഒരായിരം പുതപ്പുകൊണ്ടു മൂടിപ്പുതച്ചു കിടന്നാൽ കൊള്ളാമെന്നു് തോന്നുന്നു സമയം.

പക്ഷെ ഒന്നും അറിയാത്തവളെപ്പോലെ ലിസാ നടക്കുകയാണു്. ഞാനും പിമ്പേ എത്താതെ എന്തു ചെയ്യും.

പെട്ടെന്നു് അവൾ ഒന്നുഞെട്ടിയിട്ടു നിന്നു.

“എന്താണു്?” ഞാനന്വേഷിച്ചു.

“ആരോ വരുന്നു!” മുന്നോട്ടു കൈ ചൂണ്ടിക്കൊണ്ടു് അവൾ പറഞ്ഞു. നിലാവുണ്ടെങ്കിലും അയാളുടെ കയ്യിൽ കത്തുന്ന ഒരു ചൂട്ടുണ്ടു്. ഞങ്ങൾ വേഗം ഒരു ആൽവൃക്ഷത്തിന്റെ മറയിൽ ഒളിച്ചിരുന്നു.

അയാൾ നടന്നകുന്നു. ഞങ്ങളും എണീറ്റു.

“ചിറ്റപ്പനാണല്ലോ”

അത്ഭുതത്തിലേറെ സമാധാനത്തോടെ ലിസാ പറഞ്ഞു.

പറങ്കിമാവുകൾ എണ്ണമില്ലാതെ നില്‌ക്കുന്ന ആ റോഡിലൂടെ ഞങ്ങൾ നീങ്ങി. അരമൈൽകൂടിയുണ്ടു്, റെയിവേ സ്റ്റേഷനിലേക്കു്.

രാത്രിയുടെ അന്ത്യയാമം ആരംഭിച്ചു.

“ലിസാ” ഞാൻ വിളിച്ചു.

“ഉം” അവൾ വിളികേട്ടു.

“എങ്ങോട്ടാ നാം പോകുക” തമാശയോടെ ഞാൻ ചോദിച്ചു.

“വടക്കോട്ടു്”

“ഒരു നിശ്ചിതസ്ഥാനംവേണ്ടേ?”

“അതവിടെ ചെല്ലുമ്പോൾ തോന്നുന്നതു്.”

[ 10 ]

എന്റെ ഉള്ളിൽ എന്തോ ഒരു ഭീതി. ഞാൻ സ്വയം എന്തൊക്കെയോ ചോദിച്ചുപോയി. ആദിയും അന്ത്യവും അറിയാതെ ഈ പ്രപഞ്ചത്തിൽ നീലാകാശത്തിലൂടെ സ്വൈരസല്ലാപം ചെയ്യുന്ന ഇണപ്രാവുകളെപ്പോലെ ഞങ്ങൾ മുമ്പോട്ടു നീങ്ങി.

പച്ചയും, ചെമപ്പും നീലയുമായി അനവധി ആലക്തികദീപങ്ങൾ സ്റ്റേഷന്റെ പരിസരത്തെ, വെളുത്ത വാവുദിവസത്തെ നഭോമണ്ഡലംപോലെ ആകൎഷണീയമാക്കുകയാണു്.

അവൾ വേഗം സാരിത്തുമ്പുകൊണ്ടു് തലമൂടിയിട്ടു. ഏതാനും നിമിഷങ്ങൾക്കുശേഷം ഞങ്ങൾ സ്റ്റേഷനിലെത്തി. അടുത്തുകണ്ട ഒരാളോടു് ഞാൻ ചോദിച്ചു:

“വടക്കോട്ടുള്ള ട്രെയിൻ എപ്പോൾ പോകും?”

“15 മിനിറ്റിനകം.” അയാൾ മറുപടി പറഞ്ഞു.

ഞാനുടനെ രണ്ടുടിക്കറ്റുകൾ വാങ്ങി. ഞങ്ങൾ സൗകര്യമായിക്കണ്ട കംപാർട്ടുമെന്റിലേക്കു കയറി മറ്റാരും ഇല്ലവിടെ.

അധികം വൈകിയില്ല ഒരു നീണ്ട ചൂളം വിളിയോടെ തീവണ്ടി മുന്നോട്ടു ഗമിച്ചുതുടങ്ങി. എന്തൊക്കെയോ എന്റെ ഹൃദയത്തിൽ തങ്ങിനില്‌ക്കുകയാണു്. ചിരിക്കുവാനും കരയുവാനും തോന്നുന്നില്ല. വാക്കുകിട്ടാത്ത വൈകല്യനിമിഷങ്ങൾ.

“മിടുക്കൊന്നും പറയണ്ടാ, ഭീരുവാണു്.” എന്നെ എന്തിൽനിന്നൊക്കെയോ മോചിപ്പിക്കുവാനെന്നപോലെ അവൾ പറഞ്ഞു.

“ഹോ, നമ്മളു വലിയ ധീരയാ.” അല്പം പരിഹാസം സ്ഫുരിക്കത്തക്കവണ്ണം ഞാൻ പറഞ്ഞു.

“ധീരയല്ലെങ്കിലും ഭീരുവല്ല.”

[ 11 ]

“നാളെ അവരു വരും.”

“ആരാ?”

“ചെക്കനും മറ്റും.”

“മഞ്ഞളുതേച്ചോണ്ടങ്ങു പോകും.”

“ആകട്ടെ അടുത്ത സ്റ്റേഷനിൽവെച്ചു നമ്മളെ കണ്ടുപിടിച്ചാലോ?”

“അതൊക്കെ ഇനി പിന്നെ. ഞാനൊന്നുറങ്ങട്ടെ.”

അവൾ ആ ഇരുന്ന സീറ്റിൽതന്നെ കിടന്നു.

ട്രെയിൻ കുന്നിൻ ചെരുവുകളും, പുഞ്ചപ്പാടങ്ങളും, നിരത്തുകളുമെല്ലാം പിന്നിലാക്കിക്കൊണ്ടു് മുന്നേറുകയാണു്.

അവൾ സർവ്വതും മറന്നു സുഖനിദ്രയിലാണ്ടു. ഗാട്ടുനില്‌ക്കുന്ന പോലീസുകാരനെപോലെ ഞാൻ അവിടെത്തന്നെയിരുന്നു. പേക്കിനാവുകളോ, മധുര സ്വപ്നങ്ങളോ അടഞ്ഞിരിക്കുന്ന ഈ മിഴിക്കുള്ളിൽ തങ്ങി നില്‌പുണ്ടാവും. പരിശുദ്ധപ്രേമത്തിന്റെ സാക്ഷാത്ക്കരണത്തിനായി അഗ്നി പരീക്ഷണങ്ങളുടേയും, ജീവിതവേദനകളുടേയും അഗാധ ഗൎത്തത്തിലേക്കു് ആത്മാൎത്ഥതയോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇവൾ നിശ്ചയമായും, ശകുന്തളയുടേയും, സാവിത്രിയുടേയും, ദമയന്തിയുടേയും ചരിത്രത്തിനു മാറ്റൊലി സൃഷ്ടിക്കുകയാവാം എന്നെനിക്കു തോന്നിപ്പോകുന്നു. ചരിത്രത്തിന്റെ താളുകളിൽ അനർഘമായ അദ്ധ്യായങ്ങൾ രചിച്ചുകൊണ്ടു അവരെല്ലാം ഇന്നു് അനന്തതയിൽ അന്തിവിശ്രമം കൊള്ളുകയാണു്.

ജീവിതം ക്ഷണികമെങ്കിലും മനുഷ്യൻ മനോജ്ഞമായ എന്തിനോവേണ്ടി പണിയെടുക്കുന്നു. ഇതാ ഇവളുടെ മുഖപത്മം! ജഗന്നിയന്താവിന്റെ ഹൃദയത്തിനു കുളിൎമ്മ നൽകിയ ഒരു സൃഷ്ടിയായിരിക്കണം ഇവൾ. കൎണ്ണങ്ങളും നയനങ്ങളും ഹാ! ആകെ വടിവു് ഒത്തിരിക്കുന്നു. വിശ്വസൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന ഈ ജഡം എത്രകോടി കീടങ്ങളുടെ ആവാ

[ 12 ] സസ്ഥാനമാകും. ഈ തുടുത്ത കവിൾത്തടങ്ങളെല്ലാം മൺതരികളായി മാറുമ്പോൾ ഈ കപോലനത്തിനെന്തൊരഴകായിരിക്കും!!....?

................... ഛേയ് എന്തൊരുചിന്ത.

ട്രെയിൻ വളവുകൾ തിരിയുന്നതുപോലെ ഞാനും ചിന്തയുടെ ഓരോ വിടവുകളും നികത്തുകയാണു്.

എന്നെ അനാഥനാക്കിതീർത്ത ആ സംഭവം എന്റെ മുമ്പിൽ തെളിഞ്ഞുവന്നു.

നീണ്ട പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് സമൃദ്ധിയുടേയും, ഐശ്വര്യത്തിന്റെയും അലയൊലികൾ മിന്നിമറഞ്ഞിരുന്ന ആ കൊച്ചു ഗ്രാമം സർവ്വത്തിന്റെയും സാക്ഷാൽക്കാരമായിരുന്നു. ഒട്ടും പ്രതീഷിതമായിരുന്നില്ല, ആ നാട്ടിൽ കോളറ പടൎന്നുപിടിച്ചു. ആയിരമായിരങ്ങൾ ചത്തൊടുങ്ങി. മാറത്തടികളും, പൊട്ടിക്കരച്ചിലുകളും, കണക്കില്ലാതെ ഉയൎന്നു. ഭാര്യമാരില്ലാത്ത ഭൎത്താക്കന്മാരും, മാതാപിതാക്കന്മാരില്ലാത്ത പിഞ്ചു കുഞ്ഞുങ്ങളും മനുഷ്യാത്മക്കളോടുള്ള വെല്ലുവിളിയായി പാഞ്ഞടുത്ത അഗ്നിപരീക്ഷണത്തിന്റെ അവശിഷ്ടമെന്നോണം ശേഷിച്ചു. ഞാനും ആലംബഹീനനായി.

കിട്ടിയ ജീവനുംകൊണ്ടു് ഞാൻ നാടുകൾതോറുംനടന്നു. മനുഷ്യ ജഡത്തിനു് ഒരു കൃമിയുടെ വിലപോലെ കല്പിക്കാത്ത നഗരവാസികളെ എനിക്കറിയാം.

എനിക്കു നല്ല ഓർമ്മ തോന്നുന്നതു് മാണിച്ചേട്ടന്റെ നാടകക്കമ്പിനിയിൽ ചേൎന്നതു് മുതലാണു്. തെരുവിന്റെ സന്തതികളായ എന്റെ സുഹൃത്തുക്കളുമായുള്ള സ്നേഹമസൃണമായ സമ്പൎക്കംകൊണ്ടു് അഭിനയ കലയെക്കുറിച്ചു ഞാൻ പഠിച്ചു.

[ 13 ]

എന്നെ ഞാനാക്കിത്തീൎത്തതു് മാണിച്ചേട്ടനാണു്. സമ്മതിക്കാതെ തരമില്ല. ഒരു ദിവസം അലഞ്ഞുതിരിഞ്ഞുവന്നു എന്നെ ഒരു ബീഡി തെറുപ്പുകാരനാക്കിയതു് ആ സ്നേഹസമ്പന്നനാണു്.....

ലിസാ ഞെട്ടിഎഴുന്നേല്‌ക്കുന്നു, പേക്കിനാവുകണ്ടിട്ടാവാം.

“ലിസാ” ഞാൻ വിളിച്ചു.

“ഉം”

“എന്തു്! സ്വപ്നമോ?”

“ഒന്നും ഓർമ്മയിൽ വരുന്നില്ല.”

അവൾ കണ്ണിരുമ്മി എഴുന്നേറ്റിരുന്നു. പ്രഭാതത്തിനുള്ള പ്രാരംഭമാണു്. കിഴക്കൻ മലകളെല്ലാം ഉദയാൎക്കന്റെ മറകളായി നില്‌ക്കുകയാണു്..................

തണുപ്പുകൊണ്ടായിരിക്കണം ചുറ്റുപാടുമുള്ള ഓരോ വീടിന്റെയും പരിസരത്തുനിന്നും പുകപടലം ഉയരുന്നുണ്ടു്. അവർ തീകായുകയാണു്. മഞ്ഞും മഴയുമറിയണ്ടാത്ത ട്രെയിൻ തീകായുകയാണു്. മഞ്ഞും മഴയുമറിയണ്ടാത്ത ട്രെയിൻ മന്ദതയോ, വേഗതയോടുകൂടാതെ സ്ഥിരം ശാന്തതയിൽ മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുന്നു.