താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 5 —


എന്റെ ഉള്ളിൽ എന്തോ ഒരു ഭീതി. ഞാൻ സ്വയം എന്തൊക്കെയോ ചോദിച്ചുപോയി. ആദിയും അന്ത്യവും അറിയാതെ ഈ പ്രപഞ്ചത്തിൽ നീലാകാശത്തിലൂടെ സ്വൈരസല്ലാപം ചെയ്യുന്ന ഇണപ്രാവുകളെപ്പോലെ ഞങ്ങൾ മുമ്പോട്ടു നീങ്ങി.

പച്ചയും, ചെമപ്പും നീലയുമായി അനവധി ആലക്തികദീപങ്ങൾ സ്റ്റേഷന്റെ പരിസരത്തെ, വെളുത്ത വാവുദിവസത്തെ നഭോമണ്ഡലംപോലെ ആകൎഷണീയമാക്കുകയാണു്.

അവൾ വേഗം സാരിത്തുമ്പുകൊണ്ടു് തലമൂടിയിട്ടു. ഏതാനും നിമിഷങ്ങൾക്കുശേഷം ഞങ്ങൾ സ്റ്റേഷനിലെത്തി. അടുത്തുകണ്ട ഒരാളോടു് ഞാൻ ചോദിച്ചു:

“വടക്കോട്ടുള്ള ട്രെയിൻ എപ്പോൾ പോകും?”

“15 മിനിറ്റിനകം.” അയാൾ മറുപടി പറഞ്ഞു.

ഞാനുടനെ രണ്ടുടിക്കറ്റുകൾ വാങ്ങി. ഞങ്ങൾ സൗകര്യമായിക്കണ്ട കംപാർട്ടുമെന്റിലേക്കു കയറി മറ്റാരും ഇല്ലവിടെ.

അധികം വൈകിയില്ല ഒരു നീണ്ട ചൂളം വിളിയോടെ തീവണ്ടി മുന്നോട്ടു ഗമിച്ചുതുടങ്ങി. എന്തൊക്കെയോ എന്റെ ഹൃദയത്തിൽ തങ്ങിനില്‌ക്കുകയാണു്. ചിരിക്കുവാനും കരയുവാനും തോന്നുന്നില്ല. വാക്കുകിട്ടാത്ത വൈകല്യനിമിഷങ്ങൾ.

“മിടുക്കൊന്നും പറയണ്ടാ, ഭീരുവാണു്.” എന്നെ എന്തിൽനിന്നൊക്കെയോ മോചിപ്പിക്കുവാനെന്നപോലെ അവൾ പറഞ്ഞു.

“ഹോ, നമ്മളു വലിയ ധീരയാ.” അല്പം പരിഹാസം സ്ഫുരിക്കത്തക്കവണ്ണം ഞാൻ പറഞ്ഞു.

“ധീരയല്ലെങ്കിലും ഭീരുവല്ല.”