വീണ്ടും മറ്റൊരു ഗ്രാമപാതയിലെത്തി. മഞ്ഞുപെയ്യുകയാണു്. താടി മുട്ടിനു വന്നടിക്കുന്ന തണുപ്പു്! ഒരായിരം പുതപ്പുകൊണ്ടു മൂടിപ്പുതച്ചു കിടന്നാൽ കൊള്ളാമെന്നു് തോന്നുന്നു സമയം.
പക്ഷെ ഒന്നും അറിയാത്തവളെപ്പോലെ ലിസാ നടക്കുകയാണു്. ഞാനും പിമ്പേ എത്താതെ എന്തു ചെയ്യും.
പെട്ടെന്നു് അവൾ ഒന്നുഞെട്ടിയിട്ടു നിന്നു.
“എന്താണു്?” ഞാനന്വേഷിച്ചു.
“ആരോ വരുന്നു!” മുന്നോട്ടു കൈ ചൂണ്ടിക്കൊണ്ടു് അവൾ പറഞ്ഞു. നിലാവുണ്ടെങ്കിലും അയാളുടെ കയ്യിൽ കത്തുന്ന ഒരു ചൂട്ടുണ്ടു്. ഞങ്ങൾ വേഗം ഒരു ആൽവൃക്ഷത്തിന്റെ മറയിൽ ഒളിച്ചിരുന്നു.
അയാൾ നടന്നകുന്നു. ഞങ്ങളും എണീറ്റു.
“ചിറ്റപ്പനാണല്ലോ”
അത്ഭുതത്തിലേറെ സമാധാനത്തോടെ ലിസാ പറഞ്ഞു.
പറങ്കിമാവുകൾ എണ്ണമില്ലാതെ നില്‌ക്കുന്ന ആ റോഡിലൂടെ ഞങ്ങൾ നീങ്ങി. അരമൈൽകൂടിയുണ്ടു്, റെയിവേ സ്റ്റേഷനിലേക്കു്.
രാത്രിയുടെ അന്ത്യയാമം ആരംഭിച്ചു.
“ലിസാ” ഞാൻ വിളിച്ചു.
“ഉം” അവൾ വിളികേട്ടു.
“എങ്ങോട്ടാ നാം പോകുക” തമാശയോടെ ഞാൻ ചോദിച്ചു.
“വടക്കോട്ടു്”
“ഒരു നിശ്ചിതസ്ഥാനംവേണ്ടേ?”
“അതവിടെ ചെല്ലുമ്പോൾ തോന്നുന്നതു്.”