“കോഴിയെന്തിലാ”?
“കൊച്ചുരുളിയിൽ”
“വാഴയ്ക്കാ അരിഞ്ഞു തീൎന്നോ മോനെ?”
“ഇപ്പംതീരും ചിറ്റപ്പാ”
ഒരു കൊച്ചുചന്തയുടെ പ്രതീതിയാണു്. പലരും പ്രവൃത്തിയിൽ അമൎന്നിരിക്കുകയാണു്. ചിലർ നിൎദ്ദേശങ്ങളുമായി പരക്കം പായുന്നുണ്ടു്.
അടുത്തൊരു മരക്കൊമ്പിലിരുന്നു് കരുണയില്ലാതെ ഒരു മണ്ണാത്തിപ്പുള്ളു് ചിലക്കുവാൻ തുടങ്ങി. ഞാൻ നിന്നു മടുത്തു. എത്രനേരമുണ്ടു് ഇങ്ങനെ നില്‌ക്കുന്നു. ചെറിയൊരു ശബ്ദം!
ഞെട്ടലോടെയാണു് ഞാൻ ആ ശബ്ദം കേട്ടതു്. അവളെത്തിക്കഴിഞ്ഞു. കയ്യിൽ ഒരു ബാഗും ഉണ്ടു്.
“ലിസാ എത്രനേരമായി ഞാൻ ഈ നില്‌പു തുടങ്ങിയിട്ടു്?”
“മടുത്തായിരിക്കും”
“മടുത്തെന്നോ?”
“നീയെന്തിനു ഈ ബാഗു കൊണ്ടുവന്നു?”
അവളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാനെന്നപോലെ ഞാൻ ചോദിച്ചു.
“പിന്നെങ്ങിനാ പോകുക?”
നിസൎഗ്ഗസുന്ദരമായ മന്ദഹാസം തൂകികൊണ്ടു് അവൾ ചോദിച്ചു.
“ലിസാ ഞാൻ പറയുന്നതു നീ ഒന്നു കേൾക്കൂ. അതാ നിനക്കായി എത്രപേർ ഈ രാത്രി മുഴുവൻ ബുദ്ധിമുട്ടുന്നു. നാളെ പ്രഭാതത്തിൽ നിന്റെ കണ്ഠത്തിൽ മംഗല്യസൂത്രം കെട്ടുവാനുള്ളവനെത്തും. നിന്നെകണ്ടില്ലെങ്കിൽ മാണിച്ചേട്ടൻ ഈ നാടുമുഴുവൻ തേടി തിരിയും. തെണ്ടിത്തിരിഞ്ഞുവന്ന് എനിക്കു് അഭയം നൽകിയ അദ്ദേഹത്തോടു് ഇത്ര കൊടിയൊരപരാധം ചെയ്യാൻ ഞാൻ തയ്യാറില്ല.”