“നാളെ അവരു വരും.”
“ആരാ?”
“ചെക്കനും മറ്റും.”
“മഞ്ഞളുതേച്ചോണ്ടങ്ങു പോകും.”
“ആകട്ടെ അടുത്ത സ്റ്റേഷനിൽവെച്ചു നമ്മളെ കണ്ടുപിടിച്ചാലോ?”
“അതൊക്കെ ഇനി പിന്നെ. ഞാനൊന്നുറങ്ങട്ടെ.”
അവൾ ആ ഇരുന്ന സീറ്റിൽതന്നെ കിടന്നു.
ട്രെയിൻ കുന്നിൻ ചെരുവുകളും, പുഞ്ചപ്പാടങ്ങളും, നിരത്തുകളുമെല്ലാം പിന്നിലാക്കിക്കൊണ്ടു് മുന്നേറുകയാണു്.
അവൾ സർവ്വതും മറന്നു സുഖനിദ്രയിലാണ്ടു. ഗാട്ടുനില്‌ക്കുന്ന പോലീസുകാരനെപോലെ ഞാൻ അവിടെത്തന്നെയിരുന്നു. പേക്കിനാവുകളോ, മധുര സ്വപ്നങ്ങളോ അടഞ്ഞിരിക്കുന്ന ഈ മിഴിക്കുള്ളിൽ തങ്ങി നില്‌പുണ്ടാവും. പരിശുദ്ധപ്രേമത്തിന്റെ സാക്ഷാത്ക്കരണത്തിനായി അഗ്നി പരീക്ഷണങ്ങളുടേയും, ജീവിതവേദനകളുടേയും അഗാധ ഗൎത്തത്തിലേക്കു് ആത്മാൎത്ഥതയോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇവൾ നിശ്ചയമായും, ശകുന്തളയുടേയും, സാവിത്രിയുടേയും, ദമയന്തിയുടേയും ചരിത്രത്തിനു മാറ്റൊലി സൃഷ്ടിക്കുകയാവാം എന്നെനിക്കു തോന്നിപ്പോകുന്നു. ചരിത്രത്തിന്റെ താളുകളിൽ അനർഘമായ അദ്ധ്യായങ്ങൾ രചിച്ചുകൊണ്ടു അവരെല്ലാം ഇന്നു് അനന്തതയിൽ അന്തിവിശ്രമം കൊള്ളുകയാണു്.
ജീവിതം ക്ഷണികമെങ്കിലും മനുഷ്യൻ മനോജ്ഞമായ എന്തിനോവേണ്ടി പണിയെടുക്കുന്നു. ഇതാ ഇവളുടെ മുഖപത്മം! ജഗന്നിയന്താവിന്റെ ഹൃദയത്തിനു കുളിൎമ്മ നൽകിയ ഒരു സൃഷ്ടിയായിരിക്കണം ഇവൾ. കൎണ്ണങ്ങളും നയനങ്ങളും ഹാ! ആകെ വടിവു് ഒത്തിരിക്കുന്നു. വിശ്വസൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന ഈ ജഡം എത്രകോടി കീടങ്ങളുടെ ആവാ