ശ്രീമൂലരാജവിജയം/വിദ്യാഭ്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
വിദ്യാഭ്യാസം

[ 30 ]


വിദ്യാഭ്യാസം.


സാമാന്യം


പ്രജകളുടെ ഇടയിൽ വിദ്യാഭ്യാസ പ്രചാരത്തിനായിസൎക്കാരിൽനിന്നു ഇദം പ്രഥമമായി ക്രമമായ രീതിയിൽ ഉദ്യമിച്ചതു ൧൮൩൪ാം വൎഷത്തിൽ ആയിരുന്നു. ആകൊല്ലത്തിൽ ഇപ്പഴത്തെ കാളേജിന്റെ ബീജമായി മഹാരാജാസ്‌ഫ്രീസ്കൂൾ (മഹാരാജാവിന്റെ വക ധൎമ്മപാഠശാല) എന്നു പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് പാഠശാല തിരുവനന്തപുരത്തു ആരംഭിക്കപ്പെട്ടു. കുറെക്കാലം കഴിഞ്ഞപ്പോൾ ഏതാനും പുറസ്ഥലങ്ങളിലും ഇംഗ്ലീഷ് പാഠശാലകൾ ആരംഭിക്കപ്പെട്ടു. ൧൦൪൨-ാമാണ്ടിൽ മലയാളം പള്ളിക്കൂടങ്ങൾ ഏൎപ്പെടുത്തി. മലയാളം പള്ളിക്കൂടങ്ങളും ഇംഗ്ലീഷ് പാഠശാലകളും രണ്ടു പ്രത്യേകം ഡിപ്പാൎട്ടുമെൻറുകളായി നടത്തി ഭരിക്കപ്പെട്ടുവന്നു. ൧൦൭൦-ാമാണ്ടു വിദ്യാഭ്യാസ ഡിപ്പാൎട്ടുമെൻറു നവീകരിക്കപ്പെട്ടു. ഇംഗ്ലീഷ് പാഠശാലകളും മലയാളം പാഠശാലകളും എന്നീ പ്രത്യേകം രണ്ടുവകുപ്പുകളായിരുന്നതു നിൎത്തൽചെയ്യപ്പെട്ടു. ഇംഗ്ലീഷൊ മലയാളമൊ പഠിപ്പിക്കുന്നതായ എല്ലാപാഠശാലകളും ഒന്നിച്ചു ഭരണവിഷയത്തിലും പരിശോധനാ വിഷയത്തിലും മൂന്നു റെഞ്ജു ഇൻസ്പക്റ്റർമാരുടെ വരുതിയിൽ ആക്കപ്പെട്ടു. ഇവർ ഗവൎമ്മേന്റിലേക്കു നേരിട്ടു എഴുത്തുകുത്തു ചെയ്യണമെന്നും നിശ്ചയിക്കപ്പെട്ടു ബാലന്മാൎക്കുള്ള ആൎട്ടസ് കാളേജു, ബാലികകൾക്കുള്ള [ 31 ] ആൎട്ടസ് കാളേജ്, ലാകാളേജ്, സംസ്കൃത പാഠശാല, നാൎമ്മൽസ്ക്കൂൾ, കരകൌശല വിദ്യാശാല, മാതൃകാകൃഷിസ്ഥലം എന്നീ തിരുവനന്തപുരത്തുള്ള വിദ്യാലയങ്ങൾ മുമ്പിലത്തെപ്പോലെ അതതിലെ പ്രധാനികളുടെ വരുതിയിൽതന്നെ ആയിരുന്നു. "തിരുവിതാംകോട്ടു വിദ്യാഭ്യാസ ചട്ടങ്ങൾ" എന്നും "തിരുവിതാംകോട്ടു സഹായികധനചട്ടങ്ങൾ" എന്നും രണ്ടുവിധം ചട്ടങ്ങൾ നടപ്പാക്കീട്ടുണ്ടു. സഹായികധനം കൊടുക്കുന്ന വിഷയത്തിൽ ഗവൎമ്മേന്റിൽനിന്നു അനുവൎത്തിച്ചുവരുന്ന നീതി കുടികളുടെ പ്രയത്നത്തെ ഉപയോഗിക്കയും എന്നാൽ യോഗ്യതാവിഷയത്തെ മുഖ്യമായി ഗണിക്കയും, കുടികളുടെ പ്രയത്നത്തെ പോഷിപ്പിക്കയും പ്രോത്സാഹിപ്പിക്കയും അതു ആവശ്യത്തിനു മതിയാകാതിരിക്കുന്നെടത്തു അതിനെ പൂൎത്തിയാക്കയും കുടികളുടെ ശ്രമം ഇല്ലാതിരിക്കുന്നെടത്തു സൎക്കാരിൽ നിന്നുതന്നെ ശ്രമം ചെയ്കയും ആകുന്നു. ൟ സിദ്ധാന്തത്തെ അനുവൎത്തിക്കകൊണ്ടു സ്ഥലത്തെ ആവശ്യത്തിനുമതിയാകുന്നവയായി സൎക്കാർവകയല്ലാത്ത പാഠശാലകൾ ഉള്ള സ്ഥലങ്ങളിൽ സൎക്കാരിൽനിന്നു പാഠശാലകൾ ആരംഭിക്കുന്നില്ലാ. ഏതേതു ഡിസ്ത്രിക്റ്റിൽ വിദ്യാഭ്യാസം കുറവാണെന്നു കാണപ്പെടുന്നുവൊ അവിടങ്ങളിൽ വേണ്ട പാഠശാലകൾ സൎക്കാരിൽനിന്നു ഉണ്ടാക്കീട്ടുമുണ്ടു.

സ്ത്രീവിദ്യാഭ്യാസം.


സ്ത്രീ വിദ്യാഭ്യാസത്തിന്റെ സ്ഥിരമായവൎദ്ധനം ഇക്കാലത്തിന്റെ ഒരു പ്രധാനലക്ഷണം ആകുന്നു. പാഠശാലയിൽ ചേൎന്നു പഠിക്കാവുന്ന പ്രായത്തിൽ ഉള്ള ബാലികകളുടെ മൊത്തം എണ്ണത്തിൽ നൂറ്റിനു ൨.൩ വീതം എണ്ണം കുട്ടികൾമാത്രമെ ൧൦൬൦-ാമാണ്ടിൽ പാഠശാലകളിൽ പഠിച്ചുവന്നിരുന്നൊള്ളു. ഇപ്പോൾ നൂറ്റിന്നു ൧൩.൨ വീതം എണ്ണം ബാലികകൾ പഠിച്ചുവരുന്നു. എല്ലാതരത്തിലുള്ള പാഠശാലകളിലും ബാലികകളെ പീസുകുടാതെ പഠിപ്പിക്കയാകുന്നു. ആൺ വാധ്യാന്മാർ പഠിപ്പിക്കുന്ന പാഠശാലകളിൽ പ്രാപ്തിയായ പെൺകുട്ടികളെ പഠിക്കാൻ സമ്മതിക്കുന്നതു ശരിയല്ലെന്നു ഇപ്പോൾ പരക്കെ [ 32 ] അഭിപ്രായം ജനിച്ചിരിക്കകൊണ്ടു പെൺപള്ളിക്കൂടങ്ങളിൽ കഴിയുന്നതും പെൺവാധ്യാന്മാരെത്തന്നെ നിയമിക്കുന്നതിനു നല്ലപരിശ്രമം ചെയ്യപ്പെട്ടുവരുന്നുണ്ടു. വാധ്യാർപണിക്കു പെൺകുട്ടികളെ പഠിപ്പിക്കുന്നതിനു ഒരു പാഠശാല ഏൎപ്പെടുത്തി അതിൽ ഉള്ള കുട്ടികൾക്കെല്ലാം സ്കാളർഷീപ്പു കൊടുത്തു വരുന്നു. വാധ്യാർപണിക്കു പെൺകുട്ടികളെ പഠിപ്പിക്കുന്നതിനു മദ്രാസിൽ ഉള്ള പാഠശാലയിൽ ആണ്ടുതോറും രണ്ടു പെൺകുട്ടികളെ അയച്ചു പഠിപ്പിച്ചു വരുന്നു. ഇവിടെയും‌ മദ്രാസിലും എഫ്, എ, ബി, എ, എന്നീ പരീക്ഷകൾക്കു പഠിക്കുന്നതിനു ബാലികകൾക്കു സ്കാളർഷീപ്പുകൊടുത്തുവരുന്നു. മലയാം ഹൈസ്കൂളിൽ ഹൈസ്കൂൾക്ലാസുകളിൽ ഉള്ള കുട്ടികൾക്കു സ്കാളർഷിപ്പു കൊടുത്തുവരുന്നു.


അധ്യാപകവൃത്തി,


അധ്യാപകവൃത്തിക്കു ആണുങ്ങളെ പഠിപ്പിക്കാൻ രണ്ടു പാഠശാലകളും ബാലികകളെ പഠിപ്പിക്കാൻ ഒരു പാഠശാലയും ഗവൎമ്മേന്റിൽനിന്നു ആരംഭിച്ചു നടത്തപ്പെട്ടുവരുന്നു. ഇതു കൂടാതെ സൎക്കാരിൽനിന്നു സഹായികധനം വാങ്ങിക്കുന്നവയായി ൪ പാഠശാലകളും ഉണ്ടു. അധ്യാപക വൃത്തിക്കുള്ള യോഗ്യതയെ നിണ്ണയിക്കുന്നതിനായി മലയാം പള്ളിക്കൂടം വാധ്യാർപണിക്കു രണ്ടുതരത്തിലും ഇംഗ്ലീഷ്പള്ളിക്കൂടം വാധ്യാർ പണിക്കു മൂന്നുതരത്തിലും ഉള്ള പരീക്ഷകൾ ഏൎപ്പെടുത്തപ്പെട്ടിട്ടുണ്ടു.


കൃഷിശാസ്ത്രാഭ്യാസം.


കൃഷിശാസ്ത്രത്തിന്റെയും വാസ്തവത്തിൽ കൃഷിചെയ്യേണ്ട വിധത്തിന്റെയും പ്രഥമതന്ത്രങ്ങൾ പഠിപ്പിക്കുന്നതിനു ൧൮൯൪-ാം വൎഷത്തിൽ ഒരു ഏൎപ്പാടു ചെയ്യപ്പെട്ടു. ഇതിലേക്കു കൃഷിയിൽ പരിശീലിതനായ ഒരു ശാസ്ത്രജ്ഞന്റെ വരുതിയിലായി ഒരു മാതൃകാ കൃഷിസ്ഥലം തിരുവനന്തപുരത്തിനു സമീപത്തു ആദ്യമായി ഉണ്ടാക്കപ്പെട്ടു. ഈ സ്ഥലത്തു കൃഷിശാസ്ത്രം പഠിപ്പിക്കുന്നതിനു ഒരു പാഠശാലയും ആരംഭിക്കപ്പെട്ടു. ഇതിൽ [ 33 ] പ്രാഥമിക പാഠശാലയിലുള്ള വാധ്യാന്മാരും മറ്റുചിലരും കൃഷിശാസ്ത്രത്തിന്റെ പ്രഥമതന്ത്രം പഠിപ്പിക്കപ്പെട്ടുവരുന്നു.


കരകൌശലവിദ്യാശാല.


ഇതിൽ പാഠശാല ആരംഭിച്ചതു ൧൦൭൧ാമാണ്ടിൽ ആണ് ഇതിന്റെ ഘടനയെയും നടത്തിക്കുന്നതിനെയും വിവരിച്ചു ചട്ടങ്ങളും അനുവദിക്കപ്പെട്ടു. പാഠശാലയിൽ രണ്ടു ശാഖകൾ ഉണ്ടു്, ഒന്നു തൊഴിലും മറ്റൊന്നു കലാവിദ്യയും ആകുന്നു. തൊഴിൽ എന്ന ഇനത്തിൽ ഇരുമ്പിൽ ചിത്രപ്പണി, കമ്പിളി നെയ്യുക, മരത്തിലും, ദന്തത്തിലും മറ്റും കൊത്തുപണി പിഞ്ഞാണം ഭരണിമുതലായവ ഉണ്ടാക്ക ഇവയും, കലാവിദ്യയെന്ന ഇനത്തിൽ ചിത്രമെഴുത്തിനുവേണ്ട മാൎഗ്ഗങ്ങളും പഠിപ്പിക്കപ്പെട്ടു വരുന്നു.


സംസ്കൃതപാഠശാല.


ഇതു ൧൮൮൯-ാം വൎഷത്തിൽ ആരംഭിക്കപ്പെട്ടു. വ്യാകരണം, കാവ്യങ്ങൾ, ന്യായം, വേദാന്തം, ജോതിഷം ഈ വിഷയങ്ങൾ ഇതിൽ പഠിപ്പിക്കപ്പെട്ടുവരുന്നു. ശാസ്ത്രിപരീക്ഷ, ഉപാധ്യായപരീക്ഷ, മഹോപാധ്യായപരീക്ഷ എന്നീ മൂന്നുപരീക്ഷകൾ ആണ്ടുതോറും നടത്തപ്പെട്ടുവരുന്നു. അധ്യാപകന്മാരിൽ സംസ്കൃതഭാഷാ പ്രവീണന്മാരായി ചിലരുണ്ടു. പുരാതന ഗ്രന്ഥങ്ങളെയും ഇദംപ്രഥമമായി അച്ചടിക്കാൻ ഏൎപ്പാടുചെയ്തിട്ടുണ്ടു.


ലാകാളേജ്


൧൮൯൪-ാം വൎഷംവരെ ആൎട്ടസ് കാളേജിനൊടുചേന്ന ഒരു ലാക്‌ളാസ് ഉണ്ടായിരുന്നതെയുള്ളു. ആയാണ്ടിൽ ലാകാളേജുപ്രത്യേകമായിസ്ഥാപിക്കപ്പെട്ടു. ഇതിൽ വക്കീൽ പരിക്ഷക്കും മദ്രാസ് യൂനിവെർസിറ്റിയിൽ ചെൎന്ന എഫ്, എൽ; ബി, എൽ എന്നീ പരീക്ഷകൾക്കും വിദ്യാൎത്ഥികൾ പഠിപ്പിക്കപ്പെട്ടുവരുന്നു.


സൎവെസ്കൂൾ.


റവന്യു ഡിപ്പാൎട്ടുമെന്റിലും ജുഡിഷ്യൽ ഡിപ്പാൎട്ടുമെന്റിലും ഉള്ള കീഴ് ജീവനക്കാരെയും ഈവിഷയം പഠിക്കാൻ [ 34 ] ആഗ്രഹം ഉള്ള മറ്റുള്ളവരെയും സൎവെ പഠിപ്പിക്കാനായി ൧൮൯൯-ൽ ഒരു സൎവെസ്കൂൾ തുടങ്ങി നടത്തപ്പെട്ടുവരുന്നു.


എഡ്യുക്കേഷനൽ ബോൎഡുകൾ.


ഓരോ സ്ഥലത്തു ജനസ്വാധീനവും പരജന ഗുണകാംക്ഷയും ഉള്ളവരുടെ സഹായത്തെയും സാധൎമ്മ്യത്തെയും വിദ്യാഭ്യാസ വിഷയത്തിൽ സമ്പാദിക്കുന്നതിലെക്കായി സ്ഥലത്തെ ഉദ്യോഗസ്ഥന്മാർ അല്ലാത്ത സാമാജികന്മാർ അധികമായി ചെൎന്നിട്ടുള്ള എഡ്യുകെഷനൽ ബൊർഡുകൾ (വിദ്യാഭിവൎദ്ധന സമാജങ്ങൾ) അവിടവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടു.


ലക്‌ച്യുവർ കമ്മിറ്റി


ഓരൊ വിഷയങ്ങളെക്കുറിച്ചു ഉപന്യാസങ്ങൾ എഴുതി ജനങ്ങളെ ഗ്രഹിപ്പിക്കുന്നതിനായി ഒരു സമാജം ൧൦൬൩-ാമാണ്ടിൽ നിയമിക്കപ്പെട്ടു. ഉപന്യാസങ്ങൾ ഇംഗ്ലീഷിലൊ നാട്ടുഭാഷയിലെ വേണ്ടതും ശാസ്ത്രവിഷയമൊ സാഹിത്യവിഷയമൊ ജനൊപയൊഗമായ വിഷയമൊ ആയിരിക്കേണ്ടതും ആകുന്നു. ഓരൊ ഉപന്യസ്താവിനു പ്രതിഫലം കൊടുക്കപ്പെടുന്നുണ്ടു. ഇക്കാൎയ്യം നടത്തുന്നതിനു യോഗ്യന്മാരായ യൂറോപ്യന്മാരും നാട്ടുകാരും ചെൎന്ന ഒരു സംഘം നിയമിക്കപ്പെട്ടിട്ടുണ്ടു.


പാഠപുസ്തകസംഘം


ഇംഗ്ലീഷിലും നാട്ടുഭാഷകളിലും ഉചിതങ്ങളായ പാഠപുസ്തകങ്ങളെ തിരഞ്ഞെടുക്കുന്നതിനും പുതുതായി ഉണ്ടാക്കിക്കാൻ ഏൎപ്പാടുചെയ്യുന്നതിനും ആയി ആൎട്ടുസ്കാളേജിലെ പ്രിൻസിപ്പാളിന്റെ ആധ്യക്ഷത്തൊടുകൂടി ഒരു സമാജം നിയമിക്കപ്പെട്ടിരിക്കുന്നു.


ആൎക്കിയളാജിക്കൽ സൎവെ.
(പുരാതന വസ്തുസംഗ്രഹണം)


ഈ സംസ്ഥാനത്തിലെ പൂൎവ ചരിത്രത്തെയും ഭാഷാദിചരിത്രത്തെയും സംബന്ധിച്ച് ലഭ്യങ്ങളായ ലക്ഷ്യങ്ങളെ ശേഖരിച്ചു [ 35 ] പരിശോധിക്കുന്നതിലേയ്ക്കായി ആൎക്കിയോളജിക്കൽ സൎവെ ഡിപ്പാൎട്ടുമെന്റും ൧൦൭൧-ആമാണ്ടു ആരംഭിക്കപ്പെട്ടു. ഇതിലെ ജോലി പുരാതന ലെഖനങ്ങളെയും പൂൎവ ചരിത്രസംബന്ധമായ മറ്റു സംഗതികളേയും ശേഖരിക്കുകയും പകൎത്തിയെടുക്കുകയും അൎത്ഥവിവെചനം ചെയ്യുകയും ആകുന്നു.