Jump to content

ശ്രീമൂലരാജവിജയം/പൂർവചരിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
പൂൎവചരിത്രം

[ 2 ]

പൂൎവചരിത്രം


തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പൂർവകാല ചരിത്രം പ്രായശഃ ഇതിഹാസ രൂപമായിരിക്കുന്നു ഈ സംസ്ഥാനത്തിലെ രാജവംശം ദക്ഷിണദേശത്തിനു തെക്കുള്ള രാജ്യങ്ങളെ ഭരിച്ചു വന്ന മൂന്നു പ്രധാന വംശങ്ങളിൽ ഒന്നായ ചേരവംശത്തിൽ ചേർന്നതാണെന്നുള്ളതിനു സംശയമില്ല. തിരുവിതാംകോട്ടു രാജാവിനു ചേർന്നതായ രാജ്യം ഇപ്പോൾ ഉള്ളതിലും കൂടുതലായ പ്രദേശങ്ങളെ വ്യാപിച്ചിരുന്നു എന്നുള്ളതു ഈയിടെ അറിയപ്പെട്ടിട്ടുള്ള ഗ്രന്ഥാവശിഷ്ടങ്ങളിലും ശിലാലിഖിതങ്ങളിലും നിന്നും മറ്റും വ്യക്തമാകുന്നു. തിരുവിതാംകോട്ടിലെ മഹാരാജാവിനു തെക്കെ ഇൻഡ്യാ മുഴുവനും അധികാരം ഉണ്ടായിരുന്നു എന്നു പോർട്ടുഗീസ്സു പാതിരിയായ ഫ്രാൻസിസ് സെവിയർ (Francis Xavier) അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ഒന്നിൽ പ്രസ്താവിച്ചിരിക്കുന്നു. ൧൪-‍ആം വർഷശതത്തിന്റെ ആദികാലത്തിൽ ഒരു [ 3 ] തിരുവിതാംകോട്ടു രാജാവു പാണ്ട്യന്മാരെയും ചോളന്മാരെയും കേരളീയർക്കു അധീനരാക്കിയതായി കാണുന്നു. എന്നാൽ അതിൽ പിന്നീടുണ്ടായ യുദ്ധങ്ങളിൽ പശ്ചിമ പൎവ്വതങ്ങളുടെ കിഴക്കു ഭാഗമുള്ള രാജ്യങ്ങൾ തിരുവിതാംകോട്ടു രാജാവിനു നഷ്ടമാകുകയും ഈ യുദ്ധങ്ങൾക്കിടയിൽ ഈ സംസ്ഥാനത്തിൽ ചേർന്ന അനേകം ഇടപ്രഭുക്കന്മാർ മഹാരാജാവിന്റെ ആധിപത്യത്തെ ലംഘിച്ചു സ്വതന്ത്ര രാജാക്കന്മാരായി തീരുകയും ചെയ്തു. പശ്ചിമ പൎവതത്തിനു കിഴക്കുള്ള രാജ്യങ്ങളെ വീണ്ടെടുക്കുന്നതിനു യാതൊരു ശ്രമവും ചെയ്തിട്ടുള്ളതായി കാണുന്നില്ല. എന്നാൽ ഈ സംസ്ഥാനത്തിനകത്തുള്ള ഇടപ്രഭുക്കന്മാർ കീഴടക്കപ്പെടുകയും ഇപ്പോഴത്തെ അതൃത്തികൾക്കു അടങ്ങീട്ടുള്ള സംസ്ഥാനം മുഴുവനും മാൎത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തിൽ (൧൭൨൯-൧൭൮) ഒന്നായി ചേൎക്കപ്പെട്ട ഒരെ രാജ്യാധിപത്യത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്തു.

പുരാതന റൊമാക്കാരുടെ കാലത്തുതന്നെയും യൂറോപ്പു ദേശത്തിനും തിരുവിതാംകോട്ടിനും തമ്മിൽ കച്ചവടസംബന്ധം ഉണ്ടായിരുന്നതായി കാണപ്പെടുന്നു. സിൻബാദ്(Sinbad) എന്ന പ്രസിദ്ധനായ കപ്പലോടിയുടെ കാലത്തിനുമുമ്പിൽ തുടങ്ങി റോമാക്കാരുടെ കാലത്തോളവും കുരുമുളകു കച്ചവടം തുടങ്ങിട്ടുള്ളതായിരുന്നു എന്നും സർഹണ്ടർ പ്രസ്താവിച്ചിരിക്കുന്നു. കെപ്പ് ആഫ് ഗുഡ് ഹൊപ്പുവഴി ഇൻഡ്യക്കു വരാനുള്ളമാൎഗ്ഗം അറിയപ്പെട്ടതൊടുകൂടി മറ്റു യൂറോപ്യൻ ജാതിക്കാർ ആദ്യമായി പൊർട്ടുഗീസ്സ്കാരും പിന്നീടു ഡെച്ചുകാരും പിന്നീടു ഇംഗ്ലീഷ്കാരും ഇൻഡ്യയിൽ വന്നുചേൎന്നു. ഇംഗ്ലീഷ്കാർ ആദ്യമായി കുടിയേറി പാൎത്തതു തിരുവനന്തപുരത്തിനു ഏതാനും നാഴിക വടക്കു അഞ്ചുതെങ്ങിൽ ആയിരുന്നു. ൧൬൮൪-ആം വൎഷത്തിൽ തിരുവിതാംകൂർ രാജാവിന്റെ അനുവാദത്തോടുകൂടി അവർ അവിടെ ഒരു കച്ചവടശാലകെട്ടി.

ആദ്യം പ്രസ്താവിച്ച രണ്ടു ദേശക്കാൎക്കും ഈ സംസ്ഥാനത്തിനും തമ്മിൽ കെവലം കച്ചവട വിഷയമായ സംബന്ധം മാത്രമെ ആദ്യം‌മുതൽ ഇതെവരെ ഉണ്ടായിട്ടൊള്ളു, എന്നാൽ [ 4 ] ഇംഗ്ലീഷുകാരുമായുള്ള സംബന്ധം ആദ്യകാലത്തിൽ കച്ചവടവിഷയമായിരുന്നു എന്നുവരുകിലും ഈ സംസ്ഥാനത്തിനു ചിരമായ നന്മക്കായി രാജഭരണ വിഷയത്തിലുള്ള സംബന്ധമായി ഈശ്വര കാരുണ്യത്താൽ പരിണമിച്ചു. ൧൯-‍ാ‌‌‍‍ം ശതവൎഷത്തിന്റെ മദ്ധ്യകാലത്തിൽ തിരുനെൽവേലിയിലും മധുരയിലും ബഹുമാനപ്പെട്ട ഈസ്റ്റിൻഡ്യ കമ്പനിക്കാർ നടത്തിവന്ന യുദ്ധങ്ങളിൽ ഈ സംസ്ഥാനത്തുനിന്നു ബ്രിട്ടീഷ്കാൎക്കു വളരെ സഹായംചെയ്തിട്ടുണ്ടു. ഈസ്റ്റിൻഡ്യാ കമ്പനിക്കാൎക്കും മൈസൂർ രാജ്യത്തിനും തമ്മിൽ യുദ്ധം ആരംഭിച്ചപ്പോൾ തിരുവിതാംകോട്ടു രാജാവു ബ്രിട്ടീഷുകാരിടെ ഉത്തമ ബന്ധുക്കളിൽ ഒരാളായി ഗണിക്കപ്പെടുകയും ഈസ്റ്റിൻഡ്യാ കമ്പനിക്കാൎക്കും മൈസൂരിലെ സുൽത്താനിനും തമ്മിൽ ൧൭൯൮-‍ാം വൎഷത്തിൽ ഒണ്ടായ ഉടമ്പടിയിൽ അപ്രകാരം ഉൾപ്പെടുത്തപ്പെടുകയും ചെയ്യപ്പെട്ടിരുന്നു.

ഈ സംസ്ഥാനത്തെ ടിപ്പുസുൽത്താൻ ആക്രമിക്കാൻ ഇടവരാതെ ഇരിക്കുന്നതിലേക്കായി ൧൭൮൮-‍ാം വൎഷത്തിൽ ഒരേൎപ്പാടു ചെയ്തു. ഇതനുസരിച്ചു കം‌പെനിവക ഏതദ്ദേശിയ പദാദികൾ ചെൎന്ന രണ്ടുപട്ടാളങ്ങൾ ഈ സംസ്ഥാനത്തിലെ ചിലവിന്മേൽ അതൃത്തി സ്ഥലങ്ങളിൽ യുദ്ധമില്ലാത്ത കാലങ്ങളിൽ താമസിപ്പിക്കുന്നതിനും ശത്രുവിന്റെ കൌശലങ്ങൾ ഫലപ്പെടാതെയിരുത്താനായി അതൃത്തി സ്ഥലങ്ങളെ അധികം ബലമാക്കുന്നതിനായി യൂറോപ്യൻ പട്ടാളവും നാട്ടുകാരിടെ പട്ടാളവും കൂടുതലായി ആവശ്യപ്പെടുന്നതായാൽ അവയെ മുഴുവനും കംപെനിയാരിടെ ചിലവിന്മേൽതന്നെ സ്ഥാപിക്കുന്നതിനും കംപെനിയാർ സമ്മതിച്ചിരുന്നു.

൧൭൯൫-‍ാം വൎഷത്തിൽ കമ്പനിയാൎക്കും തിരുവിതാംകൂർ രാജാവിനും തമ്മിൽ ഒരുക്രമമായ സമാധാന ഉടമ്പടി ചെയ്യപ്പെട്ടു. വിദേശീയന്മാരായ ശത്രുക്കളിൽനിന്നും തിരുവിതാംകോട്ടു സംസ്ഥാനത്തെ രക്ഷിക്കുന്നതിനായിട്ടു മൂന്നുപട്ടാളം നാട്ടു ശിപായിമാരും ഒരു കുപ്പിണി യൂറോപ്യൻ ഭീരങ്കി പട്ടാളവും രണ്ടുകുപ്പിണി ലാസ്‌കർ പട്ടാളവും രാജാവിന്റെ യുക്തം [ 5 ] പോലെ ഈ സംസ്ഥാനത്തിലെ മറ്റുവല്ല സ്ഥലത്തിലോ സദാ സ്ഥാപിച്ചിരിക്കുന്നതിലെക്കു വേണ്ട ചിലവു ആണ്ടുതോറും രാജാവു കൊടുക്കുന്നതായാൽ കംപനിയാർ വിദേശിയന്മാരായ ശത്രുക്കളിൽനിന്നു തിരുവിതാംകോട്ടിനെ രക്ഷിച്ചുകൊള്ളാമെന്നും രാജ്യത്തെ രക്ഷിക്കുന്നതിനായി ഇതിലും കൂടുതലായ സൈന്യം ആവശ്യപ്പെടുന്നതായാൽ കം‌പനിയാരിടെ ചിലവിന്മേൽ തന്നെ അവർ വരുത്തികൊള്ളാമെന്നു കം‌പനിയാരും ആവശ്യമുള്ളപ്പോൾ തന്റെ സൈന്യങ്ങളെ കൊണ്ടു കംപനിയാരെ സഹായിക്കാമെന്നും കംപെനിയാരിടെ അനുവാദംകൂടാതെ മറ്റു യൂറോപ്യൻ ജാതിക്കാരുമായി യാതൊരു ഉടമ്പടിയും ചെയ്യാതിരിക്കാമെന്നു രാജാവും ഈ ഉടമ്പടിയാൽ സമ്മതിച്ചിരുന്നു. തിരുവിതാംകോട്ടിലെ സൈന്യംകൊണ്ടു കംപെനിയാരെ സഹായിക്കേണ്ടതായ നിർബന്ധത്തിനു പകരം ഒരു നാട്ടുപട്ടാളത്തിന്റെ സംരക്ഷണത്തിനു വേണ്ട ചിലവുകൊടുത്താൽ മതി എന്നു ഇതിൽ പിന്നീടു ൧൮൦൫‍ാം വൎഷത്തിലുണ്ടായ ഉടമ്പടിയാൽ നിശ്ചയിക്കപ്പെട്ടു. ൟ തുകയും മുമ്പിലത്തെ ഉടമ്പടി അനുസരിച്ചു ഈ രാജ്യത്തിൽ സ്ഥാപിക്കപ്പെട്ടതായ സൈന്യത്തിലെക്കായി കൊടുക്കേണ്ടതുകയുംകൂടി ആണ്ടൊന്നുക്കു എട്ടുലക്ഷം രൂപായായി: ൟ സന്ധിയാൽ വിദേശിയന്മാരുടെ ആക്രമണത്തിൽനിന്നു പൂർണ്ണമായും സ്ഥിരമായും ഉള്ള രക്ഷയും വിദേശീയ ആക്രമണത്തിന്റെ അഭാവവും ഈ സംസ്ഥാനത്തെക്കു നിശ്ചയമാക്കപ്പെട്ടതോടുകൂടി സമാധാനകാലങ്ങളിലുള്ള ഗുണങ്ങളെ പരിശീലിക്കുന്നതിനുള്ള അവസരവും സ്വാതന്ത്ര്യവും ഈ സംസ്ഥാനത്തിനു സിദ്ധിച്ചു. ഇതിനുമേലുള്ള ൟ സംസ്ഥാനത്തിലെ ചരിത്രം സമാധാനത്തെയും മേൽക്കുമേൽ ഐശ്വൎയ്യാഭിവൃദ്ധിയേയും പ്രദർശിപ്പിക്കുന ഒരു പ്രബന്ധമാകുന്നു.