Jump to content

ശ്രീമൂലരാജവിജയം/രാജവംശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
രാജവംശം

[ 5 ]

രാജവംശം.


തിരുവിതാംകൂർ സംസ്ഥാനത്തിലെ ജനങ്ങളിൽ നേർപകുതിയിലധികം ഉള്ളവരായ മലയാളികളുടെ ദായക്രമമായ മരുമക്കത്തായംതന്നെ രാജവംശത്തിന്റെയും ദായക്രമം. അതു കൊണ്ടു സഹോദരികളൊ ഭാഗിനേയികളൊ ഇല്ലാതിരുന്നാൽ [ 6 ] വംശക്ഷയമാകുന്ന ആപത്തു സംഭവിക്കയും വംശോദ്ധാരണത്തിനായി ദത്തെടുക്കേണ്ടതു ആവശ്യമായും ഭവിക്കുന്നു. കേരളത്തിൽ സ്ഥാപിതമായ മൂല ചേരവംശത്തിന്റെ ഒരു ശാഖയായ കോലത്തുനാട്ടു വംശത്തിൽനിന്നു ൟ രാജവംശത്തിൽ ദത്തു സാധാരണമായി എടുക്കപ്പെട്ടുവരുന്നു. ഈ വംശത്തിന്റെ ചില ശാഖകളായ മാവേലിക്കര കുഡുംബക്കാർ മുതലായവർ തിരുവിതാംകോട്ടു സംസ്ഥാനത്തിൽനിന്നും കുടിയേറി സ്ഥിരവാസികളായിട്ടുണ്ടു. ഈ രാജവംശത്തിൽ ഓരോകാലങ്ങളിൽ ദത്തുകൾ നടത്തപ്പെട്ടിട്ടുണ്ടു. സാധാരണമായി സ്ത്രീകളാണു ദത്തെടുക്കപ്പെട്ടിട്ടുള്ളതു. ൧൭൮൯-‍ാം വൎഷത്തിൽ രണ്ടു രാജകന്യകൾ ദത്തെടുക്കപ്പെട്ടു. ഇവരിൽ മൂത്തവൎക്കു ലക്ഷ്മിബായി എന്നും പാൎവതിബായി എന്നും രണ്ടുപുത്രിമാർ ഉണ്ടായിരുന്നു. ലക്ഷ്മീബായിക്കു രുഗ്മിണിബായി എന്ന പുത്രിയും രണ്ടുപുത്രന്മാരും ഒണ്ടായിരുന്നു. ഈ രണ്ടുപുത്രന്മാർ ൧൮൨൯ മുതൽ ൧൮൬൦ വരെ ഈ സംസ്ഥാനത്തെ ഭരിച്ചുവന്നു. രുഗ്മിണിബായിക്കു ൪ പുത്രന്മാരും ലക്ഷ്മിബായി എന്ന ഒരു പുത്രിയും ഒണ്ടായിരുന്നു. രുഗ്മിണിബായിയുടെ ൪ പുത്രന്മാരിൽ രണ്ടുപേർ ൧൮൬൦-‍ാം വൎഷം മുതൽ ൧൮൮൫-‍ാം വൎഷംവരെ തിരുവിതാംകോട്ടിലെ മഹാരാജാക്കന്മാരായിരുന്നു. വിദുഷിയായ ലക്ഷ്മിബായി ഇപ്പോഴത്തെ മഹാരാജാവിന്റെ ജനനി ആകുന്നു.