ശ്രീമൂലരാജവിജയം/ശ്രീമൂലരാജവിജയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൂലരാജവിജയം
രചന:എസ്. രാമനാഥ അയ്യർ
ശ്രീമൂലരാജവിജയം
അഥവാ
നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷേപം

[ 1 ]

ശ്രീമൂലരാജവിജയം


അഥവാ


നമ്മുടെ ക്ഷേമാഭിവൃദ്ധിയുടെ ചരിത്രസംക്ഷേപം
-----:0:-----


തിരുവിതാംകോടു ഒരു മാതൃകാ സംസ്ഥാനമാണെന്നു ഇൻഡ്യാ ഒട്ടുക്കു പ്രസിദ്ധമായ സംഗതി ആണ്. ഈ സംസ്ഥാനത്തെക്കുറിച്ചുള്ള ഖ്യാതി ഇൻഡ്യക്കു പുറമെ യൂറോപ്പിലെന്നു തന്നെയല്ല ലോകം ഒട്ടുക്കു പരന്നിട്ടുണ്ടു. ഈ ഖ്യാതി സംഭവിച്ചിട്ടുള്ളതു രാജ്യ ഭരണ തന്ത്ര വിദഗ്ദ്ധതയൊടു കൂടി വാണുവന്ന മഹാരാജാക്കന്മാരുടെ സൽഗുണതല്പരതകൊണ്ടാകുന്നു. ഈ രാജ്യത്തിന്റെ ചരിത്രം മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെടാം. (൧) ആദിമകാലം (൨) രാജ്യത്തിന്റെ ഏകീകരണകാലം (൩) ക്ഷെമകാലം. പ്രജകളുടെ ക്ഷെമാഭിവൃദ്ധിക്കുള്ള ഏൎപ്പാടുകൾ ൯൭൩-‍ാമാണ്ടു മുതൽ ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്നു വരികിലും മഹാരാജ്ഞി കഴിഞ്ഞു പോയ ശ്രീമതി വിക്ടോറിയ ഇൻഡ്യ മഹാരാജ്യത്തിന്റെ ഭരണത്തെ നെരിട്ടു വഹിച്ച കാലം മുതൽക്കു ഇപ്പുറം നമ്മുടെ അഭിനവാഭിവൃദ്ധികാലം എന്നു ഗണിക്കാം. ൧൮൭൭ ജനുവരി ൧-‍ാനു മഹാരാജ്ഞി ഇൻഡ്യാ ചക്രവൎത്തിനി എന്ന നവീന സ്ഥാനത്തെ സ്വീകരിക്കയും ഈ സുഹൃത്ബന്ധത്തെ പ്രകടീകരിക്കുന്നതിനു ഒരു വിളംബരം എഴുതിക്കയും അതിനെ ഇൻഡ്യയിലുള്ള രാജാക്കൻമാരേയും സ്വ പ്രജകളെയും എല്ലായിടത്തും പ്രഥമഗണനീയന്മാരായ സകലരെയും ക്ഷണിച്ചു വരുത്തി ഡൽഹിയിൽ വെച്ചു കൂടപ്പെട്ട അഭൂതപൂൎവമായ മഹാസഭയിൽ വച്ചു യഥാവിധി പ്രസിദ്ധമാക്കുകയും ചെയ്തിട്ടുള്ളതു എല്ലാപെൎക്കും അറിയാമെല്ലൊ. അപ്പോൾ ബ്രിട്ടീഷ് രാജാവിനും തിരുമനസ്സിലെക്കും തമ്മിലുള്ള സ്‌നേഹബന്ധത്തിനു ഒരു ചിഹ്നമായി വൈസറായി മുഖാന്തിരം തിരുമനസ്സിലെക്കു സമ്മാനമായി മഹാരാജ്ഞി അയച്ച ഒരു കൊടിയെ സകല രാജ്യകാര്യങ്ങളിലും ഇന്നും ഉപയോഗിച്ചു വരുന്നു. തിരുമനസ്സിന്റെ നേൎക്ക സ്‌നേഹ യുക്തമായി അയക്കപ്പെട്ടതും തിരുമനസ്സിലെ രാജചിഹ്‌നംകൊണ്ടും [ 2 ] മഹാരാജ്ഞിയുടെ കിരീടംകൊണ്ടും വിഭൂഷിതവുമായ ഈ കൊടിയെ നമ്മുടെ അഭിനവാഭിവൃദ്ധിയുടെ ആരംഭത്തിനു മറ്റൊരു ചിഹ്നമെന്നു തീർച്ചയായി പറയാം. അതു തുടങ്ങി വിക്ടോറിയാ മഹാരാജ്ഞി നാടുനീങ്ങിയതിന്റെ ശേഷം അവിടത്തെ പ്രഥമപുത്രനും ബ്രിട്ടീഷു രാജ്യത്തിലെ യുവരാജാവും ആയ നമ്മുടെ ചക്രവർത്തി എഡ്‌വ്വെർഡ് ഏഴാമന്റെ സിംഹാസനാരോഹണം സംബന്ധിച്ചു ഡൽഹിയിൽ കൂടപ്പെട്ട രണ്ടാമത്തെ മഹാസഭ കൂടിയതു വരെ കഴിഞ്ഞിരിക്കുന്ന കാലത്തിനിടക്കു ഉണ്ടായിട്ടുള്ള പരിഷ്‌കാരാഭിവൃദ്ധിയുടെ ഒരു സംക്ഷേപ ചരിത്രം മേൽ വിവരിക്കപ്പെടുന്നതാകുന്നു. ഇതിൽ അടങ്ങീട്ടുള്ള ൨൭ വർഷകാലത്തിൽ മുക്കാൽ ഭാഗവും നമ്മുടെ മഹാരാജാവിന്റെ രാജ്യഭരണ കാലത്തിൽ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടും ഈ കാലത്തിനിടയ്ക്കു സംഭവിച്ചിട്ടുള്ള പ്രശസ്തങ്ങളും ഐശ്വൎയ്യകരങ്ങളും ആയ സകല സംഭവങ്ങൾക്കും അവിടുന്നു നിസ്സംശയം ഹേതുഭൂതനായിരിക്കുന്നതുകൊണ്ടും ഈ പ്രബന്ധത്തെ "ശ്രീമൂലരാജവിജയം" എന്നു അഭിധാനം ചെയ്യുന്നതു അവിഹിതമായിരിക്കയില്ലെന്നും പ്രത്യുത, സർവ്വജനസമ്മതമായിരിക്കുമെന്നും വിശ്വസിക്കുന്നു.