Jump to content

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/സർപ്പക്കാവിലെ രഹസ്യങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
സർപ്പക്കാവിലെ രഹസ്യങ്ങൾ
[ 53 ]
സർപ്പക്കാവിലെ രഹസ്യങ്ങൾ


സംഭാരം കുടി കഴിഞ്ഞപ്പോൾ മാസ്റ്റർ പറഞ്ഞു: "എന്നാലിനി അമ്മൂമ്മയുടെ സർപ്പക്കാവു കൂടി ഒന്നുകാണാം." കൂട്ടുകാർക്ക് അത് സന്തോഷമായി.

"കണ്ടോ. പക്ഷേ അവിടെ നിന്ന് ഒന്നും ഒടിച്ചും പറിച്ചും കൊണ്ടു പോകരുത്." അമ്മൂമ്മയുടെ മുന്നറിയിപ്പ്.

ആകാശത്തിലേക്ക് വളർന്നുയർന്നു നിൽക്കുന്ന ഏഴിലംപാല, ഇലഞ്ഞി, ആഞ്ഞിലി, ചേര് അവയുടെ മുകൾ വരെ പടർന്നു കയറിയിരിക്കുന്ന ഊഞ്ഞാലുവള്ളികൾ. സർപ്പക്കാവിനകത്ത് എന്തൊരു കുളിർമ. ഉഷ്ണവുമില്ല, അധികം തണുപ്പുമില്ല. സർപ്പക്കാവിനകം മുഴുവൻ കുറ്റിച്ചെടികളും മറ്റ് കൊച്ചു മരങ്ങളും വള്ളികളും കാട്ടുചെടികളും. "ഇതെന്താ, കാശാവോ!" വിനുവിന് സംശയം.

"ദാ, ഈ വള്ളിക്ക് ഓടം എന്നാണ് പേര്. 'GNETUM' എന്നാണ് ഇംഗ്ലീഷ് പേര്. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയാണിത്." മാസ്റ്റർ ഒരു വലിയ വള്ളി ചൂണ്ടിക്കൊണ്ടു പറഞ്ഞു. [ 54 ]

"ഇതോ മാസ്റ്റർ?"

"പാണൽ"

"ഇതെന്താ മാസ്റ്റർ ഈ ചുവന്ന പഴം?"

"അതു കാട്ടുചെത്തിപ്പഴങ്ങളല്ലേ. "

"പറിച്ച് തിന്നോട്ടേ?"

"വേണ്ട, അമ്മൂമ്മ കണ്ടാൽ ശരിയാക്കും."

"ഹായ്, എത്ര നല്ല പൂവ്!"

"അത് ചെറു കദളിയല്ലേ? ദാ ഇതാണ് കൊങ്ങിണി."

"കൊങ്ങിണിയുടെ മണം എനിക്ക് ഇഷ്ടമാ"

"എനിക്ക് അതിന്റെ പഴം ഇഷ്ടമാ."

"ഇതെന്താ മാസ്റ്റർ?"

"പാൽ വള്ളി."

"കണ്ടോ അതിന്റെ ഇല പൊട്ടിച്ചാൽ വെളുത്ത പാൽ വരുന്നത്?"

"ഇതോ?" നല്ല മണം.

"നറുനീണ്ടി. അതിനു കിഴങ്ങുണ്ട്. നല്ല മരുന്നാണ്." [ 55 ]

"ഇതോ?"

"കുരുട്ടുപാലയാണെന്നു തോന്നുന്നു."

"ഇതെന്തു ചെടിയാ മാസ്റ്റർ!"

"ഓ ഇതോ? ഇത്.... എനിക്ക് അറിയില്ലല്ലോ അപ്പുക്കുട്ടാ." മാസ്റ്റർ നോക്കിയിട്ട് പറഞ്ഞു.

"അയ്യോ അറിയില്ലേ! മാസ്റ്റർക്കറിയാത്ത ചെടിയുണ്ടോ? കോളേജിൽ ചെടികളെപ്പറ്റിയല്ലേ പഠിപ്പിക്കുന്നത്?" രാജുവിന് കേട്ടിട്ട് വിശ്വാസം വരുന്നില്ല.

"രാജു, ഈ ലോകത്ത് കോടിക്കണക്കിന് വിവിധതരം ചെടികൾ ഉണ്ട്. മുല്ലയും ചെത്തിയും തുമ്പയുമെല്ലാം ഉദാഹരണങ്ങൾ മാത്രം."

"പക്ഷേ, അവയെപ്പറ്റിയെല്ലാം നമുക്കറിയാൻ വയ്യേ മാസ്റ്റർ?"

"ഇല്ല രാജൂ."

"ഇത്രയേറെ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുമോ?" ദീപു അത്ഭുതപ്പെട്ടു.

"പക്ഷേ, അതാണ് സത്യം. വിവിധതരം ചെടികളിൽ നാലു ലക്ഷത്തിൽ താഴെ മാത്രമേ ഇന്നുവരെ തിരിച്ചറിയാൻ നമുക്കു കഴിഞ്ഞിട്ടുള്ളൂ. അത് ആകെയുള്ളതിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. അതുകൊണ്ട് എല്ലാ ചെടികളെപ്പറ്റിയും [ 56 ] പറയാൻ ലോകത്ത് ആർക്കും കഴിയുകയില്ല. അത്ര അത്ഭുതകരമാണ് സസ്യലോകം."

"ഹോ വിശ്വസിക്കാൻ വിഷമം!"

"അതേ അനു. പക്ഷെ, അതാണു സത്യം."

"എങ്കിൽ ഞങ്ങൾ പഠിച്ചു വലുതാകുമ്പോൾ ഈ ചെടികളെപ്പറ്റി പഠിച്ച് വലിയ കണ്ടു പിടുത്തങ്ങൾ നടത്താൻ കഴിയുമല്ലോ." ദീപു ആശ്ചര്യപ്പെട്ടു.

"തീർച്ചയായും. അതിന് ഇന്നേ ഒരു പരിശീലനം വേണമെന്നു മാത്രം. ഒരു കാര്യം ചെയ്യൂ. എല്ലാവരും നിങ്ങളുടെ ചുറ്റുപാടും കാണുന്ന ചെടികളുടെ ഒരു വിവരണം തയ്യാറാക്കൂ. പേര്, ഇലകളുടെ ആകൃതി, പൂക്കളുടെ ആകൃതി, മണം, മരുന്നെങ്കിൽ അക്കാര്യം, ഉപയോഗങ്ങൾ തുടങ്ങി കിട്ടുന്ന വിവരങ്ങൾ എല്ലാം ശേഖരിക്കൂ. എന്താ?"

"ചെയ്യാം മാസ്റ്റർ. ഒരാഴ്ച സമയം തരണം" ലില്ലിക്കുട്ടി പറഞ്ഞു.

"ഒരു മാസം തരാമല്ലോ. പറമ്പും കാടും ചുറ്റി നടന്ന് നിരീക്ഷിച്ചും, അമ്മൂമ്മമാരോടും അപ്പൂപ്പന്മാരോടും മറ്റും ചോദിച്ചും വിവരങ്ങൾ ശേഖരിച്ച് സാവധാനം എഴുതിയാൽ മതി. എന്താ?"

"നമുക്കൊരു ഔഷധത്തോട്ടമുണ്ടാക്കിയാലോ മാസ്റ്റർ?" ദീപയ്ക്ക് ഒരു പുതിയ ആശയം.

"ഓഹോ, കുറെ പച്ചമരുന്നു ചെടികൾ ഞാൻ തന്നെ തരാം. ഓരിലയും മൂവിലയും കുറുന്തോട്ടിയും ചെറിയ ആടലോടകവും മറ്റും ഈ പറമ്പിലുണ്ട്."

"നമ്മുടെ ബാലവേദിയുടെ മുൻപിലുള്ള മുറ്റത്തുതന്നെ തോട്ടമുണ്ടാക്കാം."

"ശരി"

"ഹോ! മാസ്റ്റർ ദാ ഒരു പാമ്പിന്റെ പടം!"

"ങേ പാമ്പിന്റെ പടമോ" കൊച്ചുറാണി പേടിച്ചു.

"അതെ, നോക്ക്." ദേവു അത് ചൂണ്ടിക്കാണിച്ചു. [ 57 ]

വെളുത്ത പാമ്പിൻതൊലി. ഇടയ്ക്ക് കറുത്ത വളയങ്ങൾ.

"പാമ്പ് പടം പൊഴിച്ചതാണ്." മാസ്റ്റർ പറഞ്ഞു.

"അപ്പോഴീ കാട്ടിൽ പാമ്പുണ്ടോ?" കൊച്ചു റാണിക്ക് വീണ്ടും പേടി.

"പാമ്പുണ്ട്. പക്ഷേ പേടിക്കാനൊന്നുമില്ല. ഞങ്ങൾ എത്രയോ കാലമായി ഈ സർപ്പക്കാവിന് ചേർന്നു താമസിക്കുന്നു. ഒന്നാംതരമൊരു കുട്ടിക്കാടാണ് ഈ സർപ്പക്കാവ്. അത് പലതരം ചെടികളുടെ കലവറയാണ്. പാമ്പിനും മറ്റും കയറിയിരിക്കാൻ പറ്റിയ വീടും. പക്ഷികൾക്കും അതൊരു അഭയ കേന്ദ്രമാണ്. മാത്രമോ, അത് വർഷത്തിൽ പെയ്യുന്ന മഴയുടെ ഒരു ഭാഗം മണ്ണിൽ വേരുകൾക്കിടക്കും മറ്റും പിടിച്ചു വെക്കുന്നു. ഞങ്ങളുടെ കിണറ്റിൽ വേനൽക്കാലത്തു പോലും വെള്ളം വറ്റാത്തതിന്റെ രഹസ്യം അതാണ്." മാസ്റ്റർ വിവരിച്ചു.

"അപ്പോഴിനി ബാലവേദി കൂട്ടുകാർ സർപ്പക്കാവും വളർത്തണോ?" അപ്പുക്കുട്ടന് സംശയം.

"കാവായിട്ടൊന്നും വേണ്ട. പക്ഷെ, പറ്റുമെങ്കിൽ സ്ഥലമുള്ളവർ പറമ്പിന്റെ ഒരു മൂല വേലി കെട്ടി തിരിച്ചിടൂ. അവിടെ വെട്ടാനും കിളക്കാനും ഒന്നും സമ്മതിക്കരുത്. അവിടെ പ്രകൃതിതന്നെ കാടു വളർത്തും. അവിടെ ജന്തുക്കൾ വാസമുറപ്പിക്കും. നിങ്ങൾക്ക് സൌകര്യമായി പ്രകൃതി നിരീക്ഷണം നടത്താൻ ആ കാട് മതിയാകും."

"കുട്ടികളേ ഇങ്ങു വരൂ" ഒച്ചകേട്ടു മാസ്റ്റർ തിരിഞ്ഞു നോക്കി. "ഓ, നമ്മുടെ ശ്രീമതി പ്രത്യക്ഷപ്പെട്ടതാണ്. എന്തെങ്കിലും തിന്നാൻ കാണും. ചെല്ല്." മാസ്റ്റർ പറഞ്ഞു തീരുന്നതിനു മുൻപ് കുട്ടികൾ ചേച്ചിയുടെ അടുത്തേക്കോടി.

"ഹായ് ആഞ്ഞിലിക്കുരു വറുത്തതും തേങ്ങാക്കൊത്തും! രണ്ടും കൂടി തിന്നാനെന്തു രസം!"

കൊച്ചുമുഹമ്മദ് തീറ്റക്കിടയിൽ പറഞ്ഞു.

"ആഹാ, കൊച്ചുറാണിയും മീനയും ചേച്ചിയുടെ മടിയിലിരുന്നാണോ തീറ്റ!"

അങ്ങോട്ടു വന്ന മാസ്റ്റർ ചോദിച്ചു. [ 58 ]

"മീനേ ആഞ്ഞിലിക്കുരു വറുത്തത് പട്ടണത്തിൽ കിട്ടുമോ?" സൂസിക്കുട്ടിക്കൊരു സംശയം.

"ഇല്ലേയില്ല. ഞാൻ ആദ്യമായി തിന്നുകയാണ്. എന്തു സ്വാദ്. തേങ്ങായും കൂട്ടിത്തിന്നുമ്പോൾ പ്രത്യേക സ്വാദാണ്." മീന ആഞ്ഞിലിക്കുരുവും തേങ്ങായും കൂടി ചവച്ചിറക്കുന്നതിനിടയിൽ പറഞ്ഞു. ഞാനും ആഞ്ഞിലിക്കുരു ആദ്യമായിത്തിന്നുകയാണ്. അനുവും പറഞ്ഞു.

"അതു മോശമായിപ്പോയി. ഈ ഗ്രാമത്തിൽ ഇത്രനാൾ താമസിച്ചിട്ടും ആഞ്ഞിലിക്കുരു വറുത്തത് തിന്നിട്ടില്ലെന്നോ!" മാസ്റ്റർക്ക് അത്ഭുതം.

"ഞാനും ആദ്യമായി തിന്നുകയാണ്." ലക്ഷ്മിക്ക് അതു പറഞ്ഞപ്പോൾ നാണം വന്നു.

"ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ ടി.വി. യിൽ കാണുന്ന തീറ്റസാധനങ്ങൾ മാത്രമേ പരിചയമുള്ളൂ. അതാ മാസ്റ്റർ കുഴപ്പം." കൊച്ചു മുഹമ്മദ് ഒരു മുതിർന്ന ആളിന്റെ ഗമയിൽ പറഞ്ഞു.

"ഹൊ ഒരു കാർന്നോര് വന്നിരിക്കുന്നു!" സൂസിക്കുട്ടി കൊച്ചുമുഹമ്മദിനെ കളിയാക്കി.

"കൊച്ചുമുഹമ്മദ് പറഞ്ഞതിൽ കാര്യമുണ്ട്." മാസ്റ്റർ പറഞ്ഞു. "ഇന്ന് നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾക്കുപോലും ഗ്രാമങ്ങളിലെ വിഭവങ്ങളെപ്പറ്റി അറിയുകയില്ല."

"ഇപ്പോൾ ചക്ക തിന്നാൻ വരെ മനുഷ്യർക്ക് മടിയാണ്." കൊച്ചുമുഹമ്മദ് മാസ്റ്ററെ പിൻതാങ്ങി.

"അതെയതെ. പല പ്രായത്തിലുള്ള ചക്ക കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. വേവിച്ച് ഇടിച്ച് ചതച്ച് കറി വയ്ക്കാവുന്ന പ്രായമാണ് ഇടിച്ചക്ക. ഇടിച്ചക്കത്തോരൻ ഒന്നാംതരവുമാണ്. കുറെക്കൂടി പ്രായമായാൽ കൊത്തുചക്കയായി. മൂത്തചക്കയുടെ ചുള പുഴുക്കിന് ഒന്നാംതരവുമാണ്. ചക്കപ്പഴം കൊണ്ടും പല വിഭവങ്ങൾ ഉണ്ടാക്കാം. ചക്കക്കുരു നല്ല പോഷകഗുണമുള്ള ഒരു ആഹാരസാധനമാണ്." മാസ്റ്റർ 'ഒരു ചക്കപ്രസംഗം' തന്നെ നടത്തി.

അതുകേട്ടു കൊണ്ടു വന്ന അമ്മൂമ്മ പറഞ്ഞു:

"കുട്ടികളെ, ചുറ്റും കണ്ണു തുറന്ന് നോക്ക്. തോരനും മറ്റു കറികളും വയ്ക്കാവുന്ന എന്തൊക്കെ പറമ്പിൽതന്നെ ഉണ്ടെന്നോ? തഴുതാമ, തകര, മുരിങ്ങയില, കാട്ടുതാളില..."

"ഞങ്ങളുടെ വീട്ടിൽ പച്ചക്കറിയെന്നു പറഞ്ഞാൽ കാബേജു മാത്രമാണ്. അമ്മ അതേ വാങ്ങൂ. [ 59 ] അത് സായിപ്പൻമാര് തിന്നുന്നതാണെന്ന് അമ്മ പറഞ്ഞു. അപ്പോൾ മോശമാകുമോ!" കൊച്ചു റാണി ചോദിച്ചു.

"അതെയതെ. കാബേജ് കണ്ടാൽ തന്നെ എത്ര സുന്ദരം. ഒരു മദാമ്മയുടെ മുഖംപോലെ മനോഹരം. അതിന് ഒരു ഗമ വേറെ തന്നെയാണേ." കൊച്ചുമുഹമ്മദ് കളിയാക്കി.

"കാബേജ് വാങ്ങി കാശ് കളയുന്നതെന്തിനാ കൊച്ചുറാണീ. പകരം കപ്ലങ്ങ ഉപയോഗിച്ചാൽ മതി. അതായത് ഓമയ്ക്കാ. അഥവാ പപ്പായ. ചില ദിക്കിൽ കറുമൂസ എന്നും പേരുണ്ട്. ഇതു പച്ചയ്ക്ക് കറിവയ്ക്കാൻ കൊള്ളാം. പഴുത്താൽ പഴമായിത്തിന്നുകയും ചെയ്യാം." മാസ്റ്റർ പറഞ്ഞു.

"കാബേജിനു പകരം കപ്ലങ്ങയോ! അതു പറഞ്ഞാൽ അമ്മച്ചി എന്നെ ഓടിക്കും. കപ്ലങ്ങാ കാശില്ലാത്തവരുടെ ഭക്ഷണമല്ലേ!" കൊച്ചുറാണിക്ക് സംശയം.

"എടടാ പച്ചക്കറിയിലും ജാതി വ്യത്യാസമോ? ഈ ധാരണ തെറ്റാണ് കൊച്ചുറാണീ. അമ്മയെ പറ‍ഞ്ഞു മനസ്സിലാക്കണം. കാബേജ് കേരളത്തിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും ഉണ്ടാകുന്നില്ല. വളരെ അകലെനിന്നും വണ്ടിയിൽ കൊണ്ടുവരണം. അതിന് വണ്ടിയോടാൻ തന്നെ എന്ത് എണ്ണ കത്തിച്ച് കളയണം. കാബേജിനു പകരം കപ്ലങ്ങാ. അതാകണം കേരളത്തിലെ പ്രകൃതി സ്നേഹികളുടെ മുദ്രാവാക്യം." മാസ്റ്റർ വിശദീകരിച്ചു.

"കാബേജ് വേണ്ട; കപ്ലങ്ങ മതി. ഹായ് ഹായ് അത് ഒരു നല്ല മുദ്രാവാക്യമാണല്ലോ."

"നമുക്ക് അത് വലിയ കടലാസിലെഴുതി ചന്തയിൽ പ്രദർശിപ്പിച്ചാലോ?"

ദീപുവിന് പുതിയ ആശയമുണ്ടായി.

"നല്ല കാര്യമാണ്. 'എല്ലാ വീട്ടിലും ഒരു കപ്പളം.' എന്നു കൂടി എഴുതിവയ്ക്കണം."

"എഴുതിവച്ചാൽ മാത്രം പോരാ. നമുക്ക് കപ്പളത്തൈകൾ വളർത്തി എല്ലാ വീട്ടുകാർക്കും കൊടുക്കുകയും വേണം." വിനുവിനും ഉത്സാഹമായി.

"നോക്കൂ, ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെയാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്. കപ്പളം സ്വന്തം വീട്ടിൽ വെച്ചു പിടിപ്പിക്കുന്നത് അത്തരമൊരു പ്രവർത്തനമാണ്. പ്രകൃതിയെ [ 60 ] സ്നേഹിക്കുന്ന സംസ്ക്കാരം അങ്ങനെ നമ്മുടെ മനസ്സിലും വളരുന്നു."

"ദാ ആ നിൽക്കുന്ന ചെടിയെന്താ മാസ്റ്റർ?"

"അത് ഒടിച്ചുകുത്തി നാരകം. അതിന്റെ കമ്പ് ഒടിച്ചു കുത്തിയാൽ പിടിക്കും. ധാരാളം നാരങ്ങാ ഉണ്ടാകും. കറിയും വെയ്ക്കാം; നാരങ്ങാവെള്ളം ഉണ്ടാക്കുകയും ചെയ്യാം."

"അതിനടുത്തു നിൽക്കുന്നത് കമ്പിളി നാരകമല്ലെ! കുറെ കായ്‌ചിട്ടുണ്ടല്ലോ. പഴുക്കുമ്പോൾ ഞങ്ങൾക്കും തരണേ." അപ്പുക്കുട്ടൻ നാരകത്തെ നോക്കി കൊതിയോടെ പറഞ്ഞു.

"പഴുക്കട്ടെ എല്ലാവർക്കും തരാം."

"കമ്പിളിനാരങ്ങാ തിന്നുന്നതും മോശമാണെന്ന് അമ്മച്ചി പറയാറുണ്ട്. അതല്ലേ അതിന് ഒരു വിലയുമില്ലാത്തത്. ഓറഞ്ച് നല്ലതായതു കൊണ്ട് നല്ല വിലയുമുണ്ട്." കൊച്ചുറാണി വീട്ടിൽ നിന്നു കിട്ടിയ വിജ്ഞാനം വിളമ്പി. മാസ്റ്റർ അതുകേട്ടു പൊട്ടിച്ചിരിച്ചുപോയി.

"വില കുറഞ്ഞതൊക്കെ ഗുണം കുറഞ്ഞതാണെന്ന ധാരണയേ തെറ്റാണു കൊച്ചുറാണീ. എല്ലാ നാരങ്ങാകളും നല്ലവയാണ്. എല്ലാറ്റിലും ധാരാളമായി വിറ്റാമിൻ 'സി' അടങ്ങിയിട്ടുണ്ട്. കമ്പിളി നാരങ്ങ ഓറഞ്ചിനെപ്പോലെതന്നെ നല്ല പഴമാണ്. സംശയം വേണ്ട." മാസ്റ്റർ കൊച്ചുറാണിയെ നോക്കി പറഞ്ഞു.

"അപ്പോൾ പ്രകൃതിയെ നിരീക്ഷിച്ചു പഠിച്ചാൽ ഇങ്ങനെയും ഒരു ഗുണമുണ്ട്. നമുക്ക് ചുറ്റുമായി പ്രകൃതിയിലുള്ള പോഷകസമ്പന്നമായ വിഭവങ്ങൾ കണ്ടുപിടിക്കാം." അനു ഒരു കണ്ടുപിടുത്തം നടത്തിയ മട്ടിൽ പറഞ്ഞു.

"അതെയതെ അതൊക്കെ നാട്ടുകാരോടു പറയുകയും വേണം." കൊച്ചുമുഹമ്മദും കൂടെക്കൂടി.

"ഹൊ ഈ മാസ്റ്ററുടെ പറമ്പിൽ എന്തൊക്കെ തരം ചെടികളാണുള്ളത്! ഒരു വനം പോലുണ്ട്." സൂസിക്കുട്ടി മുറ്റത്തെ ചെടികളെയും മരങ്ങളെയും നോക്കിക്കൊണ്ടു പറഞ്ഞു.

"നിങ്ങൾ അവയെ നോക്കി തിരിച്ചറിയാമോ എന്നു നോക്കൂ. ഞാനിപ്പോൾ വരാം."

മാസ്റ്റർ വീട്ടിനുള്ളിലേയ്ക്കു കയറിപ്പോയി.