Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്കുന്ന സംസ്ക്കാരം അങ്ങനെ നമ്മുടെ മനസ്സിലും വളരുന്നു."

"ദാ ആ നിൽക്കുന്ന ചെടിയെന്താ മാസ്റ്റർ?"

"അത് ഒടിച്ചുകുത്തി നാരകം. അതിന്റെ കമ്പ് ഒടിച്ചു കുത്തിയാൽ പിടിക്കും. ധാരാളം നാരങ്ങാ ഉണ്ടാകും. കറിയും വെയ്ക്കാം; നാരങ്ങാവെള്ളം ഉണ്ടാക്കുകയും ചെയ്യാം."

"അതിനടുത്തു നിൽക്കുന്നത് കമ്പിളി നാരകമല്ലെ! കുറെ കായ്‌ചിട്ടുണ്ടല്ലോ. പഴുക്കുമ്പോൾ ഞങ്ങൾക്കും തരണേ." അപ്പുക്കുട്ടൻ നാരകത്തെ നോക്കി കൊതിയോടെ പറഞ്ഞു.

"പഴുക്കട്ടെ എല്ലാവർക്കും തരാം."

"കമ്പിളിനാരങ്ങാ തിന്നുന്നതും മോശമാണെന്ന് അമ്മച്ചി പറയാറുണ്ട്. അതല്ലേ അതിന് ഒരു വിലയുമില്ലാത്തത്. ഓറഞ്ച് നല്ലതായതു കൊണ്ട് നല്ല വിലയുമുണ്ട്." കൊച്ചുറാണി വീട്ടിൽ നിന്നു കിട്ടിയ വിജ്ഞാനം വിളമ്പി. മാസ്റ്റർ അതുകേട്ടു പൊട്ടിച്ചിരിച്ചുപോയി.

"വില കുറഞ്ഞതൊക്കെ ഗുണം കുറഞ്ഞതാണെന്ന ധാരണയേ തെറ്റാണു കൊച്ചുറാണീ. എല്ലാ നാരങ്ങാകളും നല്ലവയാണ്. എല്ലാറ്റിലും ധാരാളമായി വിറ്റാമിൻ 'സി' അടങ്ങിയിട്ടുണ്ട്. കമ്പിളി നാരങ്ങ ഓറഞ്ചിനെപ്പോലെതന്നെ നല്ല പഴമാണ്. സംശയം വേണ്ട." മാസ്റ്റർ കൊച്ചുറാണിയെ നോക്കി പറഞ്ഞു.

"അപ്പോൾ പ്രകൃതിയെ നിരീക്ഷിച്ചു പഠിച്ചാൽ ഇങ്ങനെയും ഒരു ഗുണമുണ്ട്. നമുക്ക് ചുറ്റുമായി പ്രകൃതിയിലുള്ള പോഷകസമ്പന്നമായ വിഭവങ്ങൾ കണ്ടുപിടിക്കാം." അനു ഒരു കണ്ടുപിടുത്തം നടത്തിയ മട്ടിൽ പറഞ്ഞു.

"അതെയതെ അതൊക്കെ നാട്ടുകാരോടു പറയുകയും വേണം." കൊച്ചുമുഹമ്മദും കൂടെക്കൂടി.

"ഹൊ ഈ മാസ്റ്ററുടെ പറമ്പിൽ എന്തൊക്കെ തരം ചെടികളാണുള്ളത്! ഒരു വനം പോലുണ്ട്." സൂസിക്കുട്ടി മുറ്റത്തെ ചെടികളെയും മരങ്ങളെയും നോക്കിക്കൊണ്ടു പറഞ്ഞു.

"നിങ്ങൾ അവയെ നോക്കി തിരിച്ചറിയാമോ എന്നു നോക്കൂ. ഞാനിപ്പോൾ വരാം."

മാസ്റ്റർ വീട്ടിനുള്ളിലേയ്ക്കു കയറിപ്പോയി.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/60&oldid=172223" എന്ന താളിൽനിന്ന് ശേഖരിച്ചത്