"മാസ്റ്റർ വീട്ടിലേയ്‌ക്കു പോയിട്ട് അനക്കമില്ലല്ലോ. കിടന്നുറങ്ങിക്കളഞ്ഞോ? നമുക്ക് പോയി നോക്കാം." അപ്പുക്കുട്ടൻ മാസ്റ്ററുടെ മുറിയിലേക്ക് ഓടി. പുറകെ മറ്റുള്ളവരും. എല്ലാവരും കൂടി മാസ്റ്ററുടെ കട്ടിലിലിരുന്ന് പുസ്തകങ്ങൾ കാണുമ്പോഴാണ് മാസ്റ്റർ കയ്യിലൊരു പ്ലാസ്റ്റിക് പെട്ടിയുമായി ഉള്ളിലെ മുറിയിൽ നിന്ന് കടന്നുവന്നത്. "ദാ. ഇതിലൊരു നല്ല കളിപ്പാട്ടമുണ്ട്. നോക്കൂ" മാസ്റ്റർ പെട്ടി അപ്പുക്കുട്ടന്റെ മടിയിലേക്ക് വച്ചു.
അപ്പുക്കുട്ടൻ പെട്ടെന്ന് പെട്ടിതുറന്നു. 'അയ്യോ' എന്നു പറഞ്ഞ് പെട്ടി നിലത്തുവെച്ചു. മാസ്റ്റർ ചിരിയെടാ ചിരി.
"എന്താ പെട്ടിയിൽ? കൊച്ചുമുഹമ്മദ് ചോദിച്ചു. "തുറന്നുനോക്ക്." അപ്പുക്കുട്ടൻ വിറയ്ക്കുന്നതിനിടയിൽ പറഞ്ഞു.
കൊച്ചുമുഹമ്മദ് ധൈര്യമായി ചെന്നു. പെട്ടിയുടെ അടപ്പു തുറന്നു. ങേ! ചാടിമാറി അവൻ കട്ടിലിൽ കയറി. പെട്ടിയിൽ നിന്നും സാവധാനം ഒരു തല നീണ്ടു വന്നു. പാമ്പ്! എല്ലാവരും ചാടി കട്ടിലിൽ കയറി നിന്നു. പാമ്പ് ഇഴഞ്ഞ് സിമന്റ് തറയിലേക്കിറങ്ങി അതിലൂടെ ഇഴഞ്ഞു നടന്നു.
"പേടിക്കേണ്ട ചേരയാണ്. അതിന് വിഷമില്ല. നിങ്ങളുടെ പേടി മാറ്റാൻ ഞാൻ കരുതിയതാണ്. രണ്ടുമൂന്നു ഗ്രാമശാസ്ത്രസമിതികളിൽ ക്ലാസ്സെടുക്കുമ്പോൾ പ്രദർശിപ്പിക്കാനും ഇവനെ കൊണ്ടു പോകണം. അതു കഴിഞ്ഞ് കാട്ടിലേക്ക് വിടും. മാസ്റ്റർ അത്രയും പറഞ്ഞിട്ട് അവനെ കയ്യിലെടുത്ത് തടവി. അവൻ കൈയിൽ ചുറ്റിക്കിടന്നു.