Jump to content

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/പാമ്പുകളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
പാമ്പുകളി

[ 61 ]

പാമ്പുകളി


"മാസ്റ്റർ വീട്ടിലേയ്‌ക്കു പോയിട്ട് അനക്കമില്ലല്ലോ. കിടന്നുറങ്ങിക്കളഞ്ഞോ? നമുക്ക് പോയി നോക്കാം." അപ്പുക്കുട്ടൻ മാസ്റ്ററുടെ മുറിയിലേക്ക് ഓടി. പുറകെ മറ്റുള്ളവരും. എല്ലാവരും കൂടി മാസ്റ്ററുടെ കട്ടിലിലിരുന്ന് പുസ്തകങ്ങൾ കാണുമ്പോഴാണ് മാസ്റ്റർ കയ്യിലൊരു പ്ലാസ്റ്റിക് പെട്ടിയുമായി ഉള്ളിലെ മുറിയിൽ നിന്ന് കടന്നുവന്നത്. "ദാ. ഇതിലൊരു നല്ല കളിപ്പാട്ടമുണ്ട്. നോക്കൂ" മാസ്റ്റർ പെട്ടി അപ്പുക്കുട്ടന്റെ മടിയിലേക്ക് വച്ചു.

അപ്പുക്കുട്ടൻ പെട്ടെന്ന് പെട്ടിതുറന്നു. 'അയ്യോ' എന്നു പറഞ്ഞ് പെട്ടി നിലത്തുവെച്ചു. മാസ്റ്റർ ചിരിയെടാ ചിരി.

"എന്താ പെട്ടിയിൽ? കൊച്ചുമുഹമ്മദ് ചോദിച്ചു. "തുറന്നുനോക്ക്." അപ്പുക്കുട്ടൻ വിറയ്ക്കുന്നതിനിടയിൽ പറഞ്ഞു.

കൊച്ചുമുഹമ്മദ് ധൈര്യമായി ചെന്നു. പെട്ടിയുടെ അടപ്പു തുറന്നു. ങേ! ചാടിമാറി അവൻ കട്ടിലിൽ കയറി. പെട്ടിയിൽ നിന്നും സാവധാനം ഒരു തല നീണ്ടു വന്നു. പാമ്പ്! എല്ലാവരും ചാടി കട്ടിലിൽ കയറി നിന്നു. പാമ്പ് ഇഴഞ്ഞ് സിമന്റ് തറയിലേക്കിറങ്ങി അതിലൂടെ ഇഴഞ്ഞു നടന്നു.

"പേടിക്കേണ്ട ചേരയാണ്. അതിന് വിഷമില്ല. നിങ്ങളുടെ പേടി മാറ്റാൻ ഞാൻ കരുതിയതാണ്. രണ്ടുമൂന്നു ഗ്രാമശാസ്ത്രസമിതികളിൽ ക്ലാസ്സെടുക്കുമ്പോൾ പ്രദർശിപ്പിക്കാനും ഇവനെ കൊണ്ടു പോകണം. അതു കഴിഞ്ഞ് കാട്ടിലേക്ക് വിടും. മാസ്റ്റർ അത്രയും പറഞ്ഞിട്ട് അവനെ കയ്യിലെടുത്ത് തടവി. അവൻ കൈയിൽ ചുറ്റിക്കിടന്നു. [ 62 ]

"അവന് വെള്ളം കൊടുത്തില്ല. കൊടുക്കട്ടെ." മാസ്റ്റർ മുറ്റത്തു ചെന്ന് പൈപ്പ് അൽപ്പം തുറന്നു. അവന്റെ‍ വായ് പൈപ്പിനടുത്ത് പിടിച്ചുകൊടുത്തു. അവനെ വെള്ളം കുടിപ്പിച്ചു. പിന്നെ ഒന്നു കുളിപ്പിച്ചു.

"ദാ, നോക്കൂ. നല്ല വൃത്തിയുള്ള ജീവിയാണ്. നമ്മുടെ കോഴിയേക്കാൾ നല്ലവൃത്തിയുണ്ടിവന്. അറയ്ക്കാനും വെറുക്കാനും ഇവന്റെ ദേഹത്തൊന്നുമില്ല. വീട്ടിൽ വളർത്തുന്ന പട്ടിക്കുഞ്ഞിലും വൃത്തിയുണ്ട്." മാസ്റ്റർ അവനെ വളച്ച് കഴുത്തിലിട്ടു.

"അവൻ വാൽ കാതിലിട്ടു കാത് പൊട്ടിക്കുമെന്ന് എന്റെ അമ്മൂമ്മ പറഞ്ഞല്ലോ." കൊച്ചുറാണി ഭയത്തോടെ പറഞ്ഞു.

"വെറും അന്ധവിശ്വാസം. പാമ്പിനെപ്പറ്റി ഇങ്ങനെ അനേകം തെറ്റിദ്ധാരണകൾ നാട്ടിൽ നിലനിൽക്കുന്നുണ്ട്.. ദാ നോക്കൂ." മാസ്റ്റർ പാമ്പിന്റെ വാൽ പിടിച്ച് മാസ്റ്ററുടെ ചെവിയിലിട്ടുകാണിച്ചു. കുട്ടികൾ വാ പൊളിച്ചു നിന്ന് അതു കണ്ടു.!

"പേടിക്കാതെ വന്ന് ഇവനെ കൈയിലെടുക്കുന്നവനാണ് ധൈര്യമുള്ളവൻ" മാസ്റ്റർ ക്ഷണിച്ചു.

സാവധാനം അപ്പുക്കുട്ടനും ദീപുവും കൊച്ചുമുഹമ്മദും കട്ടിലിൽ നിന്ന് നിലത്തിറങ്ങി. അവർ പാമ്പിനെ എടുത്തു നോക്കി. നല്ല വൃത്തി. അപ്പോഴേക്ക് കൊച്ചുറാണിവരെ നിലത്തിറങ്ങി! മീന പാമ്പിന്റെ പുറത്ത് വിരൽ കൊണ്ടൊന്ന് തൊട്ടു. കൊച്ചുറാണി മാത്രം ഭയപ്പെട്ടു മാറിനിന്നു. തൊട്ടില്ല.

"പേടിയെല്ലാം പതുക്കെ മാറും കൊച്ചുറാണി. നിങ്ങളുടെ പറമ്പിലെ ചേരകളെ ഇനി നിരീക്ഷിക്കണം. അവയെ കൊല്ലരുത്. കാരണം അവ നമ്മുടെ സുഹൃത്തുക്കളാണ്. എലിയെ പിടിച്ചു തിന്ന് നിയന്ത്രിക്കുന്ന മിടുക്കന്മാരാണ്." മാസ്റ്റർ പറഞ്ഞു.

"സമ്മതിച്ചു. പക്ഷെ മൂർഖനെ? അണലിയെ ? വിഷപാമ്പുകളെ [ 63 ] കൊല്ലണ്ടേ? തോമസ് തർക്കിച്ചു.

"ങും, എന്താ കാര്യം?" മാസ്റ്റർ തിരക്കി.

"അവ കടിക്കും കടിച്ചാൽ ചാകും." തോമസിന്റെ മറുപടി.

"അതിന്റെ കുറ്റം ആർക്കാ? മൂർഖൻ എലിയെയും മറ്റും പിടിക്കാൻ രാത്രി ഇഴഞ്ഞു നടക്കും. അവന് ബുദ്ധിയില്ല. നിങ്ങളാണ് വെളിച്ചം കൊണ്ടു നടക്കേണ്ടത്. അല്ലാതെ ഇരുട്ടത്ത് നടന്നു ചെന്ന് അവന്റെ നടുവിന് ചവിട്ടിയാൽ അവന് വേദനയെടുക്കും. നിങ്ങളുടെ നടുവിന് ഒരാൾ ചവിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും?"

"അവനെ അടിച്ച് പപ്പടമാക്കും." അനു പറഞ്ഞു.

"ആക്കുമേ, മൂർഖനും അണലിക്കും അടിക്കാൻ കൈയില്ല. പകരം വായേ ഉള്ളൂ. അവ കടിക്കുന്നു. അല്ലാതെ എന്റെ നടുവിൽ ഒന്നുകൂടി ചവിട്ടാൻ പറയണോ?" മാസ്റ്ററുടെ ചോദ്യം.

"അതു ശരിയാ, എന്നാലും...." കൊച്ചു മുഹമ്മദ് മാസ്റ്റർ പറഞ്ഞത് പൂർണ്ണമായി അംഗീകരിക്കാൻ മടിച്ചു നിന്നു തലചൊറിഞ്ഞു.

"ഒരു എന്നാലുമില്ല. എലികളെയും മറ്റും നിയന്ത്രിക്കാനാണ് പ്രകൃതിയിൽ ഇഴജന്തുക്കൾ. കൊതുകിനെയും മുഞ്ഞയെയും മറ്റും നിയന്ത്രിക്കാനാണ് തവളകൾ. മനുഷ്യർ ഇവയെ എല്ലാം കൊന്നാൽപിന്നെ നിങ്ങൾ പോയി എലികളെ തിന്നുമോ? മുഞ്ഞകളെ പിടിക്കുമോ?" മാസ്റ്റർ.

"ഹേ, ഞങ്ങളെങ്ങനെ എലികളെയും മുഞ്ഞകളെയും തിന്നും?" കൊച്ചുറാണിക്ക് ചിരി.

"ങാ, അപ്പോൾ പാമ്പുകളെയും തവളകളെയും ഒന്നും കൊല്ലരുത്. കൊന്നാൽ പ്രകൃതിയുടെ സന്തുലനം തകരും. മനസ്സിലായോ കൂട്ടുകാരേ?"

"ഇപ്പോൾ മനസ്സിലായി മാസ്റ്റർ." [ 64 ]

"ഹൊ, എത്രയേറെ ബന്ധപ്പെട്ടാണ് പ്രകൃതിയിൽ എല്ലാം കിടക്കുന്നത്." ദീപു അത്ഭുതപ്പെട്ടു.

"മണി രണ്ടായി നിങ്ങൾക്ക് ചോറുണ്ണണ്ടേ?"

ചേച്ചി ഇടക്കു കയറി ചോദിച്ചു.

"ഞങ്ങൾ ചോറു കൊണ്ടുവന്നിട്ടുണ്ട് ചേച്ചീ." വിനു ചോറുപൊതി പൊക്കിക്കാണിച്ചു.

"ഓഹോ എല്ലാവരുടെയും കൈയിലും പൊതിയുണ്ടോ? എന്നാലിനി വർത്തമാനം ഊണുകഴിഞ്ഞുമതി. വാ, ഞാൻ നല്ല മുത്തങ്ങാ വെള്ളം തരാം കുടിക്കാൻ."

ചോറുപൊതിയുമായി നടക്കുമ്പോൾ വിനു വിളിച്ചു പറഞ്ഞു.

"ആഞ്ഞിലിക്കുരു, മുത്തങ്ങാവെള്ളം സിന്ദാബാദ്!"

"കാബേജ് വേണ്ട കപ്ലങ്ങാ മതി"

കൊച്ചുമുഹമ്മദും ഒരു മുദ്രാവാക്യം വിളിച്ചു. അതു കേട്ട് എല്ലാവരും ചിരിച്ചു.