വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/വാലുമാക്രി വളർത്തൽ
←പാമ്പുകളി | വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം) രചന: വാലുമാക്രി വളർത്തൽ |
മിമിക്രി മത്സരം→ |
[ 65 ]
'വല്ലാത്ത ഉഷ്ണം" ഊണു കഴിഞ്ഞപ്പോൾ കൊച്ചുമുഹമ്മദിനു പരാതി.
"നല്ല കാറ്റ് കിട്ടുന്നിടത്ത് പോയി ഇരിക്കാം." അപ്പുക്കുട്ടൻ പറഞ്ഞു.
"എങ്കിൽ അമ്പലപ്പറമ്പിൽ തന്നെ പോയി ഇരിക്കാം. അടുത്താണല്ലോ."
"ശരിയാ അവിടുത്തെ ആൽമരച്ചുവട്ടിൽ മതി."
അടുത്തായതിനാൽ വർത്തമാനം പറയാൻ ചേച്ചിയും അമ്മുമ്മയും കൂടി വന്നു.
"നമുക്ക് അമ്മുമ്മയെയും ചേച്ചിയെയും കൂടി നമ്മുടെ ബാലവേദിയിൽ ചേർക്കാം." മിനിക്കൊരു പുതിയ ആശ.
"അതിനെന്താ, അവർ ബാലവേദി ഉപദേശികളായിരിക്കട്ടെ." മാസ്റ്റർ പറഞ്ഞു
ആൽമരച്ചുവട്ടിൽ നല്ല തണുപ്പ്. നല്ല കാറ്റും. കാറ്റിൽ ആലിലകൾ നൃത്തം വയ്ക്കുന്നു. "നല്ല ക്ഷീണം." കൊച്ചുമുഹമ്മദ് പറഞ്ഞു.
"കുറച്ച് കുറച്ച് ചോറുണ്ണണം." വിനു കളിയാക്കി. [ 66 ]
"നമുക്ക് ഈ വർഷത്തെ ബാലവേദി വാർഷികം ഭംഗിയാക്കണം" അപ്പുക്കുട്ടൻ പറഞ്ഞു.
"ഓ കൺവീനർക്ക് വാർഷികത്തെപ്പറ്റി ഇപ്പോഴേ വേവലാതിയായോ?" ദീപു ചോദിച്ചു.
"ഏഴെട്ടുമാസം കിടക്കുന്നല്ലോ" അനു പറഞ്ഞു.
"പക്ഷേ, നേരത്തെതന്നെ പ്ലാനുകളിടണം. പരിപാടികൾ ആലോചിക്കണം. എന്നാലേ നന്നാകൂ. അല്ലേ മാസ്റ്റർ?" അപ്പുക്കുട്ടൻ വിട്ടില്ല.
"അതു ശരിയാണ്." മാസ്റ്റർ സമ്മതിച്ചു.
"ഈ വർഷം പുതുമയുള്ള കുറച്ച് ഇനങ്ങൾ വേണം. പ്രകൃതി നിരീക്ഷണ മത്സരം തീർച്ചയായും വേണം." മാസ്റ്റർ തുടർന്നു.
"അതെന്തു മത്സരമാ മാസ്റ്റർ? ഇപ്പോഴേ തയ്യാറെടുക്കണോ? മിനിക്ക് സംശയം. "വേണം. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഡയറി സൂക്ഷിക്കണമെന്ന്. ഒരു പഴയ നോട്ടുബുക്ക് മതി. എന്നും അൽപനേരം പ്രകൃതിയെ നിരീക്ഷിക്കണം. പക്ഷികളെ നിരീക്ഷിക്കാം. കുളത്തെയോ പുഴയെയോ ആകാശത്തെയോ മഴയെയോ നിരീക്ഷിക്കാം. ചെടികളെയും ജന്തുക്കളെയും നിരീക്ഷിക്കാം. ആത്മാർഥമായി, സത്യസന്ധമായി നിരീക്ഷിക്കണമെന്നു മാത്രം. ആ സമയം മറ്റൊന്നിലും ശ്രദ്ധ തിരിയരുത്. നിരീക്ഷിച്ച് കാണുന്നതെഴുതുക. സംശയങ്ങൾ തോന്നുമ്പോൾ മുതിർന്നവരോട് ചോദിച്ചോ പുസ്തകങ്ങൾ വായിച്ചോ കൂടുതൽ അറിവ് നേടണം. നിഗമനങ്ങളുമെഴുതാം - എന്തെങ്കിലുമുണ്ടെങ്കിൽ." മാസ്റ്റർ വിശദീകരിച്ചു.
"ഹോ, വല്ലാത്ത ഒരു പൊല്ലാപ്പായിരിക്കുമല്ലോ." കൊച്ചുമുഹമ്മദ് പറഞ്ഞുപോയി.
"കൊച്ചുമുഹമ്മദേ, ഡയറി എഴുതാതെ അതെങ്ങനെയാ പറയുന്നത്. വളരെ രസമാണ് ഡയറിയെഴുത്ത്."
"ആണോ മാസ്റ്റർ"
"എന്താ സംശയം. ഞാൻ കഴിഞ്ഞ മുപ്പതു വർഷങ്ങളായി മുറയ്ക്ക് ഡയറിയെഴുതുന്നതാണ്, അറിയാമോ?" [ 67 ]
"എങ്കിൽ മാസ്റ്റർക്ക് നല്ല ക്ഷമയുണ്ടല്ലോ." അനു സമ്മതിച്ചു.
"ഇതെല്ലാം നിങ്ങൾക്ക് അറിവില്ലാത്തതു കൊണ്ട് തോന്നുന്നതാണ്. ആദ്യം ഇത്തിരി വിഷമം തോന്നും. തുറന്നെഴുതാൻ മടി തോന്നും. പിന്നെപ്പിന്നെ എഴുത്ത് എളുപ്പമാകും. പിന്നെയോ രസകരവും."
"ഡയറി നിങ്ങളുടെ ഒരു കൊച്ചു കൂട്ടുകാരനാണ് എന്നു കരുതണം. നിങ്ങൾക്ക് മറ്റാരും കാണാതെ ഉള്ളിൽത്തോന്നുന്ന കാര്യങ്ങൾ ഡയറിയിലെഴുതാം. ഒരിക്കലും മറക്കാൻ പറ്റാത്ത വലിയ അനുഭവമായി മാറും ഡയറിയെഴുത്ത്."
"എങ്കിലൊന്ന് നോക്കണം." കൊച്ചുമുഹമ്മദ് സമ്മതിച്ചു.
"അപ്പോൾ ഏറ്റവും നല്ല ഡയറിക്ക് സമ്മാനം അല്ലേ മാസ്റ്റർ?" അപ്പുക്കുട്ടൻ കാര്യത്തിലേക്ക് കടന്നു.
"അതെ. തികഞ്ഞ സത്യസന്ധ്യതയോടെ എഴുതണേ മറക്കരുത്." മാസ്റ്റർ തുടർന്നു.
"എന്നാലിനിയുള്ള മാസങ്ങൾ ശരിക്കൊന്നു പ്രകൃതി നിരീക്ഷണത്തിൽ മുഴുകണമല്ലോ." രൂപക്കുട്ടി പ്ലാനിട്ടു.
"സയൻസ് പ്രോജക്ട് ആകട്ടെ അടുത്ത മത്സരയിനം." മാസ്റ്റർ പറഞ്ഞു.
"എന്നുവച്ചാലെന്താ മാസ്റ്റർ" അനുവിന് സംശയം.
"പറയാം. ഒരു ചെറിയ പരീക്ഷണം, നിരീക്ഷണം, നിഗമനം. ഉദാഹരണമായി നമുക്ക് വാലുമാക്രികളെക്കുറിച്ചാകാം ഒരു പ്രോജക്റ്റ്," മാസ്റ്റർ വിശദീകരിച്ചു.
"ആഹാ അതെങ്ങനെ?"
"പറയാം. കുളത്തിൽ തവളയുടെ മുട്ടകൾ കണ്ടിട്ടില്ലേ?" പതപോലെ പൊങ്ങിക്കിടക്കുന്നത്. അതു കണ്ടാൽ എത്ര ദിവസം കഴിഞ്ഞാണ് മുട്ടകൾ വിരിഞ്ഞ് വാലുമാക്രികൾ പുറത്തുവരുന്നതെന്ന് കണ്ടു പിടിക്കുക. എന്നിട്ടവയിൽ കുറച്ചെണ്ണത്തെ ഒരു കൃത്രിമക്കുളത്തിൽ വളർത്തൂ."
"കൃത്രിമക്കുളമോ?" [ 69 ]"അതെ, നിങ്ങളുടെ വീട്ടിലെ അക്വേറിയമുപയോഗിക്കാം. മാക്രിക്ക് കയറിയിരിക്കാൻ ജലനിരപ്പിനു മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു കല്ലും അതിലുണ്ടായിരിക്കണം. സാധാരണ കുളത്തിന്റെ ഒരു വശത്ത് കുഴിച്ചുണ്ടാക്കിയ കുഴിയിൽ പായലും വെള്ളവും മറ്റും നിറച്ചും കൃത്രിമക്കുളത്തെ ഒരു വലിയ കമ്പിവല കൊണ്ടു മൂടിയാൽ മാക്രികൾ പുറത്തു പോവുകയില്ല. എന്നിട്ട് വാലു മാക്രികളുടെ വളർച്ച നിരീക്ഷിച്ചെഴുതുക. ചെകിള ഇല്ലാതാകുന്നതും വാൽ കുറുകുന്നതും കൈകൾ വളരുന്നതും മറ്റും ശ്രദ്ധിച്ച് നിരീക്ഷിക്കുക. അവസാനം വളർച്ചയെത്തി മാക്രിക്കുട്ടന്മാരാകുന്നത് കാണാൻ എന്തു രസമാണെന്നോ!"
"നല്ല രസമായിരിക്കും." അനു സമ്മതിച്ചു.
"ഇനി പ്രകൃതിസ്നേഹികൾ വാലുമാക്രികളെ വൻതോതിൽ വളർത്തേണ്ട കാലം വന്നിരിക്കുകയാണ്. തവളകൾ തീരെ നശിച്ചു. വംശനാശത്തിന്റെ ഘട്ടത്തിലെത്തിയിരിക്കുന്നു." മാസ്റ്റർ തുടർന്നു.
"ഓ അത് തവളപിടുത്തം കൊണ്ടായിരിക്കും. അല്ലേ മാസ്റ്റർ?"
"അതെ. സായിപ്പിന് തവളക്കാൽ ഇഷ്ടമാണെന്നും പറഞ്ഞ് നമ്മുടെ നാട്ടിൽ നിന്നും വൻതോതിൽ തവളക്കാൽ കയറ്റി അയക്കുകയാണ്. നല്ല വില കിട്ടും. ചിലർക്ക് അതല്ലേ നോട്ടമുള്ളൂ."
"അങ്ങനെ നാട്ടിൽ തവളകൾ ഇല്ലാതാകുന്നു. കൊതുകും മുഞ്ഞയും മറ്റും പെരുകുന്നു. അല്ലേ മാസ്റ്റർ?"
"അതെ പ്രകൃതിയുടെ ഒരു സന്തുലനം കൂടി തകരുന്നു... എന്തു വില കൊടുത്തും ഈ തവളക്കാൽ കയറ്റുമതി നിരോധിക്കേണ്ടതാണ്. ഇതിന് ഇന്ത്യയ്ക്കുപുറത്ത് ശ്രമം നടക്കുന്നുണ്ട്." മാസ്റ്റർ തുടർന്നു.
"നമ്മുടെ നാട്ടുകാർ എന്നിട്ടും അനങ്ങുന്നുമില്ല. അല്ലേ മാസ്റ്റർ?"
"അതെ, തവളക്കാൽ തീറ്റക്കാരോട് നമുക്ക് പറയണം. നിങ്ങൾക്ക് തവളക്കാൽ തിന്നാതെയും കഴിയാം. പക്ഷേ പാവം തവളക്ക് തന്റെ കാലില്ലാതെ കഴിയാൻ വയ്യ." [ 70 ]
"അതും നല്ല ഒരു മുദ്രാവാക്യമാണല്ലോ മാസ്റ്റർ. നമുക്കത് ഗ്രാമപത്രത്തിലെഴുതി വയ്ക്കണം."
"പാവം തവളക്ക് അതിന്റെ കാലില്ലാതെ കഴിയാൻ വയ്യ. എന്നെഴുതി വയ്ക്കാം."
"നല്ല പരിപാടി തന്നെ തോമസ്. ഒരു കാര്യം കൂടി ചെയ്യണം. നാട്ടിൽ തവളപിടിക്കാൻ വരുന്നവരെ നമ്മൾ അതിനു സമ്മതിക്കരുത്."
"അങ്ങനെ തന്നെ. ബാലവേദി കൂട്ടുകാർ അതിന് സംഘടിക്കാം."
"ഞാൻ തവളകളെപ്പറ്റി ഒരു കടംകഥ പറയട്ടെ മാസ്റ്റർ?" അപ്പുക്കുട്ടൻ ഇടക്കുകയറി ചോദിച്ചു.
"ഓഹോ പറഞ്ഞോളൂ."
"ഞാൻ പെറ്റകാലം മീൻ പെറ്റ പോലെ വാലറ്റകാലം ഞാൻ പെറ്റപോലെ!"
"ഓഹോ, അർത്ഥം പിടികിട്ടി" തോമസ് തലകുലുക്കി.
"നല്ല കവിത പോലുണ്ട്." കൊച്ചുറാണി സമ്മതിച്ചു.
"മറ്റൊരു പ്രോജക്ട് പറയട്ടെ. ഒരു പേരക്കായുടെ ശരാശരി ആയുസ് കാണുക." മാസ്റ്റർ പറഞ്ഞു.
"അതെങ്ങനെ?" രൂപക്കുട്ടിക്ക് സംശയം.
ഒരു പേരയിൽ വിരിയുന്ന കുറച്ച് പൂവുകൾ തിരഞ്ഞെടുക്കുക. വിരിയുന്ന പൂവിന് അന്നു തന്നെ നമ്പർ നൽകണം. കട്ടിക്കടലാസിലെഴുതി പുറത്ത് ഉരുകിയ മെഴുക് പുരട്ടി അതു തൂക്കിയിട്ടാൽ മതി."
"എന്തിനാ മാസ്റ്റർ മെഴുക്?"
"മഴ വന്നാൽ കടലാസ് നനയാതിരിക്കാനും എഴുത്ത് മായാതിരിക്കാനും. എന്നിട്ട് ഓരോ ദിവസവും നിരീക്ഷണം തുടരണം. പൂക്കൾ കൊഴിഞ്ഞു പോയാൽ അത് എഴുതിവയ്ക്കണം. അങ്ങനെ കുറച്ച് പൂക്കൾ കൊഴിയും. കൊഴിയാത്തവ കായായി വളരും. വലുതാകും പഴുക്കും. അവസാനം കണക്കുണ്ടാക്കാം. എത്ര പൂക്കൾ വിരിഞ്ഞു. എത്ര കൊഴിഞ്ഞു. എത്ര കായായി മാറി എന്നെല്ലാം. [ 71 ] ഇങ്ങനെ പേരക്കായുടെ ശരാശരി ആയുസ് കണ്ടുപിടിക്കാം." മാസ്റ്റർ വിശദീകരിച്ചു.
"പാവയ്ക്കക്കും പടവലങ്ങയ്ക്കുമെല്ലാം ഈ രീതി പറ്റുമല്ലോ?"
"ഉവ്വ് വേനൽക്കാലമാണെങ്കിൽ നിങ്ങളുടെ നാട്ടിലെ വിത്തുകൾ ഏതെല്ലാം രീതിയിൽ വിതരണം നടക്കുന്നു എന്ന് നിരീക്ഷിക്കാം. എന്നിട്ട് കൂടുതൽ വിത്തുകൾ എങ്ങിനെയാണ് വിതരണം നടക്കുന്നതെന്ന് കണ്ടുപിടിക്കാം. കാറ്റുവഴിയോ. ജന്തുക്കൾ വഴിയോ വെള്ളം വഴിയോ എന്ന്."
"മാസ്റ്റർ, ഇലകളുടെ ആകൃതി പഠിച്ചാലോ?"
"പൂക്കളെപ്പറ്റിയായാലോ?"
"ഏതുതരം പഠനവുമാകാം. നിങ്ങൾക്ക് താൽപര്യമുള്ള എന്തും പഠിക്കാം. അപ്പോൾ മറക്കരുത്. സയൻസ് പ്രോജക്ടുകളിലാണ് ഒരു മത്സരം. ഞാൻ നേരത്തെ പറഞ്ഞ കഥയിലെ കച്ചവടക്കാരനെപ്പോലെ കണ്ണും കാതും തുറന്ന് വെച്ച് ജീവിച്ചാൽ എത്രയെത്ര പ്രോജക്ടുകൾ കണ്ടു പിടിക്കാമെന്നോ. പ്രകൃതിയിൽ അത്രയേറെ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്." മാസ്റ്റർ പറഞ്ഞു.
"ഹൊ, ഇതിലൊന്നും ഒരു തമാശയുമില്ലല്ലോ മാസ്റ്റർ." കൊച്ചുമുഹമ്മദിന് നിരാശ.
"കളികൾ വരുമ്പോൾ തമാശയും വരും മുഹമ്മദേ."
"പഴയ സിംഹക്കളിയായിരിക്കും. അലറി എന്റെ ഒച്ച ഇടറി." കൊച്ചുമുഹമ്മദ് പരാതി പറഞ്ഞു.