താൾ:Vayichalum vayichalum theeratha pusthakam.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വെളുത്ത പാമ്പിൻതൊലി. ഇടയ്ക്ക് കറുത്ത വളയങ്ങൾ.

"പാമ്പ് പടം പൊഴിച്ചതാണ്." മാസ്റ്റർ പറഞ്ഞു.

"അപ്പോഴീ കാട്ടിൽ പാമ്പുണ്ടോ?" കൊച്ചു റാണിക്ക് വീണ്ടും പേടി.

"പാമ്പുണ്ട്. പക്ഷേ പേടിക്കാനൊന്നുമില്ല. ഞങ്ങൾ എത്രയോ കാലമായി ഈ സർപ്പക്കാവിന് ചേർന്നു താമസിക്കുന്നു. ഒന്നാംതരമൊരു കുട്ടിക്കാടാണ് ഈ സർപ്പക്കാവ്. അത് പലതരം ചെടികളുടെ കലവറയാണ്. പാമ്പിനും മറ്റും കയറിയിരിക്കാൻ പറ്റിയ വീടും. പക്ഷികൾക്കും അതൊരു അഭയ കേന്ദ്രമാണ്. മാത്രമോ, അത് വർഷത്തിൽ പെയ്യുന്ന മഴയുടെ ഒരു ഭാഗം മണ്ണിൽ വേരുകൾക്കിടക്കും മറ്റും പിടിച്ചു വെക്കുന്നു. ഞങ്ങളുടെ കിണറ്റിൽ വേനൽക്കാലത്തു പോലും വെള്ളം വറ്റാത്തതിന്റെ രഹസ്യം അതാണ്." മാസ്റ്റർ വിവരിച്ചു.

"അപ്പോഴിനി ബാലവേദി കൂട്ടുകാർ സർപ്പക്കാവും വളർത്തണോ?" അപ്പുക്കുട്ടന് സംശയം.

"കാവായിട്ടൊന്നും വേണ്ട. പക്ഷെ, പറ്റുമെങ്കിൽ സ്ഥലമുള്ളവർ പറമ്പിന്റെ ഒരു മൂല വേലി കെട്ടി തിരിച്ചിടൂ. അവിടെ വെട്ടാനും കിളക്കാനും ഒന്നും സമ്മതിക്കരുത്. അവിടെ പ്രകൃതിതന്നെ കാടു വളർത്തും. അവിടെ ജന്തുക്കൾ വാസമുറപ്പിക്കും. നിങ്ങൾക്ക് സൌകര്യമായി പ്രകൃതി നിരീക്ഷണം നടത്താൻ ആ കാട് മതിയാകും."

"കുട്ടികളേ ഇങ്ങു വരൂ" ഒച്ചകേട്ടു മാസ്റ്റർ തിരിഞ്ഞു നോക്കി. "ഓ, നമ്മുടെ ശ്രീമതി പ്രത്യക്ഷപ്പെട്ടതാണ്. എന്തെങ്കിലും തിന്നാൻ കാണും. ചെല്ല്." മാസ്റ്റർ പറഞ്ഞു തീരുന്നതിനു മുൻപ് കുട്ടികൾ ചേച്ചിയുടെ അടുത്തേക്കോടി.

"ഹായ് ആഞ്ഞിലിക്കുരു വറുത്തതും തേങ്ങാക്കൊത്തും! രണ്ടും കൂടി തിന്നാനെന്തു രസം!"

കൊച്ചുമുഹമ്മദ് തീറ്റക്കിടയിൽ പറഞ്ഞു.

"ആഹാ, കൊച്ചുറാണിയും മീനയും ചേച്ചിയുടെ മടിയിലിരുന്നാണോ തീറ്റ!"

അങ്ങോട്ടു വന്ന മാസ്റ്റർ ചോദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/57&oldid=172219" എന്ന താളിൽനിന്ന് ശേഖരിച്ചത്