പറയാൻ ലോകത്ത് ആർക്കും കഴിയുകയില്ല. അത്ര അത്ഭുതകരമാണ് സസ്യലോകം."
"ഹോ വിശ്വസിക്കാൻ വിഷമം!"
"അതേ അനു. പക്ഷെ, അതാണു സത്യം."
"എങ്കിൽ ഞങ്ങൾ പഠിച്ചു വലുതാകുമ്പോൾ ഈ ചെടികളെപ്പറ്റി പഠിച്ച് വലിയ കണ്ടു പിടുത്തങ്ങൾ നടത്താൻ കഴിയുമല്ലോ." ദീപു ആശ്ചര്യപ്പെട്ടു.
"തീർച്ചയായും. അതിന് ഇന്നേ ഒരു പരിശീലനം വേണമെന്നു മാത്രം. ഒരു കാര്യം ചെയ്യൂ. എല്ലാവരും നിങ്ങളുടെ ചുറ്റുപാടും കാണുന്ന ചെടികളുടെ ഒരു വിവരണം തയ്യാറാക്കൂ. പേര്, ഇലകളുടെ ആകൃതി, പൂക്കളുടെ ആകൃതി, മണം, മരുന്നെങ്കിൽ അക്കാര്യം, ഉപയോഗങ്ങൾ തുടങ്ങി കിട്ടുന്ന വിവരങ്ങൾ എല്ലാം ശേഖരിക്കൂ. എന്താ?"
"ചെയ്യാം മാസ്റ്റർ. ഒരാഴ്ച സമയം തരണം" ലില്ലിക്കുട്ടി പറഞ്ഞു.
"ഒരു മാസം തരാമല്ലോ. പറമ്പും കാടും ചുറ്റി നടന്ന് നിരീക്ഷിച്ചും, അമ്മൂമ്മമാരോടും അപ്പൂപ്പന്മാരോടും മറ്റും ചോദിച്ചും വിവരങ്ങൾ ശേഖരിച്ച് സാവധാനം എഴുതിയാൽ മതി. എന്താ?"
"നമുക്കൊരു ഔഷധത്തോട്ടമുണ്ടാക്കിയാലോ മാസ്റ്റർ?" ദീപയ്ക്ക് ഒരു പുതിയ ആശയം.
"ഓഹോ, കുറെ പച്ചമരുന്നു ചെടികൾ ഞാൻ തന്നെ തരാം. ഓരിലയും മൂവിലയും കുറുന്തോട്ടിയും ചെറിയ ആടലോടകവും മറ്റും ഈ പറമ്പിലുണ്ട്."
"നമ്മുടെ ബാലവേദിയുടെ മുൻപിലുള്ള മുറ്റത്തുതന്നെ തോട്ടമുണ്ടാക്കാം."
"ശരി"
"ഹോ! മാസ്റ്റർ ദാ ഒരു പാമ്പിന്റെ പടം!"
"ങേ പാമ്പിന്റെ പടമോ" കൊച്ചുറാണി പേടിച്ചു.
"അതെ, നോക്ക്." ദേവു അത് ചൂണ്ടിക്കാണിച്ചു.