മൃഗചരിതം/൬–ം പൎവ്വം
←൫–ം പൎവ്വം | മൃഗചരിതം രചന: ൬–ം പൎവ്വം |
../→ |
[ 151 ] ൬ -ം പൎവ്വം
ഇറുക്കുന്ന പുഴുക്കൾ. ശരീരം ഒക്കെയും എല്ലുകൂടാതെ മുറിമുറി ആയി ചെൎന്നിരിക്കുന്നത. പുറമെയുള്ള തൊല ചിലതിന്ന ഒടുപൊലെ കഠിനമായിരിക്കും. ചിലത വെള്ളത്തിലും ചിലത വായുമണ്ഡലത്തിലും ചിലത ഭൂമിയിലും ജീവിക്കുന്നു. നട, ഒട്ടം, തുള്ളൽ, പറക്കുക, നീന്തുക. സഞ്ചാരഭെദങ്ങൾ.
൧ -ം അദ്ധ്യായം.
കരഞണ്ട. അമ്രിക്കായിലും അതിന ചുറ്റുമുള്ള ദ്വീപുകളിലും കാണും അവ ഭൂമിയിൽ കുഴികൾ ഉണ്ടാക്കി പാൎക്കുന്നു. വൎഷം തുടങ്ങുമ്പൊൾ മൊട്ട ഇടുവാൻ സമുദ്രത്തിങ്കലെക്ക പൊകും. ഒരു ദെശം മൂടുവാൻതക്കവണ്ണം കൂട്ടമായിട്ട പടയാളികളെപൊലെ അണിഅണിയായി സഞ്ചരിക്കുന്നെരം ഒരു വീടൊ പുഴയൊ ഉണ്ടായിരുന്നാൽ അണിതെറ്റാതെ കടന്നു പൊകും. സമുദ്ര തീരത്തിങ്കൽ എത്തിയാൽ മൂന്നും നാലും കുളികഴിഞ്ഞ ആണങ്ങൾ കുറ്റിക്കാടുകളിൽ പൊയി പാൎക്കും പെണ്ണുങ്ങൾ തീരത്തിങ്കൽ തന്നെ താമസിച്ച മൊട്ട ഇടും. പിന്നത്തിൽ എല്ലാം ഒരുമിച്ച കൂടി വന്നതിൻപ്രകാരം തന്നെ പൊകും, ശവങ്ങൾ കഴിച്ചെടുത്ത അധികം തിന്നും.
ചെറിയഞണ്ട. ഒരു വശത്ത ഇറുക്കക്കാൽ അധികം നീണ്ടിരിക്കുന്നതുകൊണ്ട ഇവ കീൎത്തിപ്പെട്ടിരിക്കുന്നു. നടക്കുന്നെരം വല്ലതും കണ്ടാൽ ഒരു ആയുധംപൊലെ പൊക്കിപ്പിടിച്ചിരിക്കുന്ന ൟ കാൽകൊണ്ട പിടിക്കയും കുഴിയിൽ ഇറങ്ങിയാൽ ഇതുകൊണ്ട മണ്ണ മാന്തി മൂടൂകയും ചെയ്യുന്നു.
ഞണ്ട. രണ്ടുവശമായി അയ്യഞ്ചകാൽകളുള്ളതിൽ മുങ്കാലുകൾകൊണ്ടെത്രെ. ഇറുക്കുന്നത. കൃമി മീൻ തവള ഇതൊന്നും കിട്ടാതിരുന്നാൽ ഇവ തമ്മിൽ തമ്മിലും തിന്നുന്നു. പെണ്ണ ആണ്ടിൽ ഇരുനൂറ മൊട്ട ഇട്ട കുട്ടിയാകുന്നവരെക്കും വാലിന്റെ ചുവട്ടിൽ ഉറപ്പിച്ച കൊണ്ടുനടക്കും. ജല തീരത്തിങ്കലുള്ള പൊത്തുകളിലും കല്ലിന്റെ ഇളുമ്പുകളിലും ഇഷ്ടമായി പാൎക്കുന്നു, അകത്തെക്ക കടക്കുമ്പൊൾ എപ്പൊഴും മുമ്പിൽ കടക്കുന്നത പൃഷ്ഠ [ 152 ] ഭാഗമായിരിക്കും. ആണ്ടുതൊറും ഒരിക്കൽ ഒട കളയും. ആ സമയം തിന്നുവാൻ അതിരുചി. കൈകാലുകൾ എത്ര പ്രാവശ്യം മുറിഞ്ഞുപൊയാലും പുതിശായി ഉണ്ടാകും. പിടിക്കുന്നവർ അകത്തുകടപ്പാൻ പ്രയാസം കൂടാതെയും പുറത്തെക്ക പൊന്നുകൂടാതെയുമുള്ള സൂത്രക്കൊട്ടകളുടെ അകത്ത തീൻവെച്ചുറപ്പിച്ച വെള്ളത്തിൽ താത്തിപൊരുന്നു. ഇവ വെഗത്തിൽ അകത്ത കടക്കയും പുറത്തെക്ക പൊരുവാൻ പാടില്ലാതെയും കിടക്കുന്നതിനെ പിന്നത്തെതിൽ അവർ ചെന്ന നൊക്കുമ്പൊൾ കണ്ടാൽ പിടിച്ചുകൊള്ളുന്നു.
കൊഞ്ച. ഭക്ഷണത്തിന്ന എത്രയും വിശെഷം. ഒരു മുഴം നീളം. പകലും രാത്രി ഓർമിന്നുന്ന സമയവും ഇവയെ പിടിപ്പാൻ പാടില്ല. ഇടിമുഴക്കം തുടങ്ങിയ ഗംഭീരനാദങ്ങൾ കെൾക്കുന്നെരം നടുങ്ങി ഇറുക്കക്കാൽ കളെകയും ചിലപ്പൊൾ ചത്തുപൊകയും ചെയ്യുന്നു. പാകംചെയ്യുമ്പൊൾ കടുംചുവപ്പനിറമാകും.
൨-ം അദ്ധ്യായം.
എട്ടുകാലികൾ.
എട്ടുകാലി. ഇവക്ക രാത്രിയിൽ ശൊഭിക്കുന്നതായി ആറൊ എട്ടൊ കണ്ണുകളും നെഞ്ചിൽ ഉറപ്പിച്ചിരിക്കുന്ന എട്ടു കാലും ഉണ്ട. ശ്വാസംകളയുന്ന യന്ത്രങ്ങൾ വയറ്റിൽ ആകുന്നു. പൃഷ്ഠഭാഗത്ത ചെറിയ തുളകളുള്ള ആറുപാത്രങ്ങൾ കാണും അകത്ത ഒരുവക നീർ ഇരിക്കുന്നതുകൊണ്ടെത്രെ വല ഉണ്ടാക്കുന്നത. വലകെട്ടി ഉറപ്പിച്ച ഒരു ഭാഗത്ത ഒളിച്ചിരുന്ന ൟച്ചയൊ വല്ലതും വലമെൽ പെട്ടാൽ അപ്പൊൾ തന്നെ ചാടി പിടിച്ച കൊല്ലുന്നത പ്രസിദ്ധമല്ലൊ. മൊട്ട ഇടുവാൻ ഒരുവക കൂടുണ്ടാക്കി മരം കല്ലു തുടങ്ങിയതിന്മെൽ ഉറപ്പിക്കും ചില ജാതി കൂടെ കൊണ്ടുനടക്കും. ൟൎഷ്യാസ്വഭാവം നിമിത്തമായിട്ട രണ്ടെണ്ണം ഒരുമിച്ച പാൎക്കുന്നില്ല. തൊല പലപ്രാവശ്യവും കഴിക്കുന്നു. കാൽ പൊയാൽ പിന്നെയും ഉണ്ടാകും. ഒരു മനുഷ്യന്ന കത്തികൊണ്ട മുറിഞ്ഞ മുറിപ്പാട്ടിൽ ഇവയുടെ വല വെച്ചാൽ ചൊരനില്ക്കും. ഇങ്ങിനെ തന്നെ ഇതിന്റെ വലയും വെണ്ണയും കൂട്ടി ഗുളിക ഉണ്ടാക്കി സെവിക്കുന്നത പനിക്ക നല്ല ഔഷധം.
ഉറുമാമ്പുലി. ഉടലിന്ന ഏകദെശം കറുത്ത നിറമായിഒരു വിരൽ നീളം കാണും ഭൂമിയിലെ കുഴികളിലും തട്ടുപലെ [ 155 ] കമെലും ഇരിക്കും. കടിച്ചാൽ നന്നെ വെദന ഉണ്ടാകയും നീർവന്ന പഴുക്കയും ചെയ്യും.
ചാട്ടച്ചിലന്നി. ഇരെക്കായി വല കെട്ടുന്നില്ല. പുലിയെപ്പൊലെ ചാടി പിടിക്കുന്നു ഏകദെശം ഒരു ൟച്ചയുടെ വലിപ്പം.
൩ -ം അദ്ധ്യായം.
തെൾ. തലമെൽ രണ്ട ഇറുക്കക്കാലും വാലിന്മെൽ കുത്തുന്ന ഒരു മുള്ളും ഉണ്ട. പുഴുക്കളും അവയുടെ മൊട്ടയും പ്രത്യെകം തിന്നുന്നു. പെണ്ണ ജീവനുള്ള കുട്ടികളെ പ്രസവിച്ച കുറെ ദിവസം എടുത്തകൊണ്ടനടക്കും. പ്രായം കൂടുന്തൊറും വിഷത്തിന്റെ ശക്തിയും കൂടും.
പഴുതാര. ശരീരം മുറിമുറി ആയിട്ടും ഒരൊ മുറിക്ക ൟരണ്ട കാൽ വീതവും ഉണ്ട. ചുമരിന്റെ ഇളുമ്പിലും വൃക്ഷങ്ങളുടെടെ തൊലിന്നകത്തും പ്രത്യെകമായി ഇരിപ്പ. കടിച്ചാൽ നെരത്തൊടനെരം വെദന ഉണ്ടാകും.
തെരട്ട. പലപല എപ്പായ ശരീരത്തിന്റെ ഇരുപുറമായി വളരെ കാൽകളും തൊട്ടാൽ ഉടനെ തെറുത്ത കിടക്കയും ലക്ഷണം. അതിന്റെ നീർ മെൽ പറ്റിയാൽ പൊളെക്കും.
൪ -ം അദ്ധ്യായം.
വണ്ടുകൾ.
ഇപ്പൊൾ വണ്ടിന്റെ ൫൰൲ ജാതിഭെദങ്ങൾ അറിഞ്ഞിട്ടുണ്ട. തുമ്പികളെപൊലെ ഇവയുടെ ആയുസ്സ കാലത്തിന്ന രണ്ട അവസ്ഥ ഉണ്ട. ആദ്യം പുഴു. പിന്നെ വണ്ടായിതീരും നാലു ചിറകുള്ളതിൽ ഉള്ളിലെത രണ്ടും നെൎമ്മയിലും പുറമെ കഠിനമുള്ള രണ്ടു ഒടുകളുമാകുന്നു. ശീലഭെദങ്ങളും നിറഭെദങ്ങളും വളരെ ഉണ്ട. തുള്ളൽക്കാരും കഥകളിക്കാരും നീലനിറത്തിലും സ്വൎണ്ണവൎണ്ണമായുമുള്ള ഇവയുടെ ഒടുകൾ കിരീടങ്ങളിൽ ഭംഗിക്കായി വെക്കുന്നു.
ശവവണ്ട. ചീഞ്ഞ ശവം എവിടെ ഇരിക്കുന്നുവൊ ഇവൻ ഘ്രാണംകൊണ്ടറിഞ്ഞ അവിടെ ചെല്ലും ശരീരത്തിന്ന വലിപ്പം കണ്ടാൽ തുള ഉണ്ടാക്കി അകത്തും പുറത്തും സഞ്ചരിക്കും. ഒരു പക്ഷിയുടെ എലിയുടെയൊ ശവം കണ്ടാൽ [ 156 ] കിടക്കുന്ന ദിക്കിലെ മണ്ണുനീക്കി മൂടി അതിന്നകത്ത മൊട്ട ഇട്ടമൊട്ടയിൽനിന്നുണ്ടാകുന്ന പുഴുക്കൾക്ക ഇത ഭക്ഷണമാക്കിതീൎക്കും.
ഹെർകുലവണ്ട. എല്ലാ വണ്ടുകളെക്കാൾ. ഇവന്ന വലിപ്പമുണ്ട. അഞ്ച വിരൽ നീളം ഒരു വിരൽ വിസ്താരമുള്ള ശരീരത്തിന്ന കറുത്ത മിന്നുന്ന നിറം. മുഖത്ത നെരെ നീണ്ടുള്ള ഒരു കൊമ്പും അതിന്ന താഴെ അല്പം നീളം കുറഞ്ഞ വളഞ്ഞ ഒരു കൊമ്പും ഇങ്ങിനെ ഉള്ള രണ്ടു കൊമ്പുകളെ കൊണ്ട ഇവൻ തെങ്ങ കുത്തി മുറിച്ച തിന്നും.
ചെള്ള. ഒരു വിരൽ നീളവും അര വിരൽ വണ്ണവും കറുത്ത നിറവുമുള്ള ഇവൻ തെങ്ങിന്റെയും കുടപ്പനയുടെയും ഇളങ്കൂമ്പ കുത്തി രസം കുടിക്കുന്നു.
൫ -ം അദ്ധ്യായം.
പച്ചക്കുതിര. പച്ചയും മഞ്ഞയും നിറമുള്ള ഇവയുടെ ശരീരത്തിൽ നാലു കാലുള്ളതുകൂടാതെ നീണ്ടിരിക്കുന്ന കഴുത്തിൽ മുള്ളുകളൊടു കൂടിയ രണ്ടു കാൽകളുണ്ട. ഇര കാണുമ്പൊൾ നിവിൎന്ന ൟ കാൽകളെകൊണ്ട പിടിച്ച തിന്നുന്നു. ബുഭുക്ഷാ സ്വഭാവംകൊണ്ട സ്ത്രീ തന്റെ സ്വന്ത പുരുഷനെയും കുട്ടികൾ തമ്മിൽ തമ്മിലും വിഴുങ്ങിക്കളയും.
വെട്ടക്കിളി. ഇത കൃഷി നശിപ്പിക്കുന്നത പ്രസിദ്ധമല്ലൊ. പുരുഷന്മാർ കാൽകൾ ചിറകിന്മെൽ ഉരുമി ഒരുവക ശബ്ദം പുറപ്പെടീക്കുന്നു. പ്രവാസംചെയ്യുന്ന ഒരുവക ചില സമയങ്ങളിൽ സൂൎയ്യന്റെ രശ്മികൾ മൂടുവാൻതക്കവണ്ണം കൂട്ടമായി പറന്ന ഒരു ദിക്കിൽ ചെന്ന താമസിക്കുമ്പൊൾ അവിടെ ഉള്ള സകല കൃഷികളും നശിക്കും ചിലപ്പൊൾ വലിയ കാറ്റടിക്കുന്നെരം ഇവ സമുദ്രത്തിൽ വീണ ചത്തുപൊകും യൊവെൽ എന്ന ദീൎഘദർശിയുടെ വൎണ്ണനം വായിച്ച നൊക്കിയാലും. ൨. ൧
൬-ം അദ്ധ്യായം.
ൟച്ചകൾ,
കുഴീച്ച. ശരീരംനൊക്കുമ്പൊൾ സാരമില്ലെങ്കിലും ഇത കണ്ണിന്ന ബഹുപദ്രവം ചെയ്യുന്നതുതന്നെ. മുറിയിൽ വല്ലതി [ 157 ] ന്മെലും പറ്റുന്ന ശീലംകൊണ്ട ഒരു തുണി നനെച്ച തൂക്കി നശിപ്പിപ്പാൻ പ്രയാസമില്ല.
തെനീച്ച. ഇട, ചുമര, കല്ല, വൃക്ഷം എന്നിവയുടെ ഇളുമ്പിൽ പശക്കൂടുണ്ടാക്കി മൊട്ട ഇടുന്നു. നിറെച്ചതുളയുള്ള പലകപൊലെ അഞ്ചൊ ആറൊ പശക്കൂട ഒരു ദ്വാരത്തിന്നകത്ത ഉണ്ടായിരിക്കുന്നത എടുത്ത പിഴിഞ്ഞാൽ മുന്നാഴി തെൻവരെക്കും കിട്ടും. ശീമയിലും മറ്റ പടിഞ്ഞാറെ ദെശങ്ങളിലും സംപ്രദായം വെറെ. അവിടെ ഒരു പറമ്പിൽ ഒരു ൟച്ചപ്പൂര പണിത മരംകൊണ്ട പല പെട്ടകങ്ങൾ ഉണ്ടാക്കി പുരക്കകത്തുവെച്ച അതിൽ ഒരു ൟച്ചക്കൂടും വെക്കും. ഒരു കൂട്ടത്തിൽ ഒരു പെണ്ണ രാജസ്ത്രീയിനെ പൊലെ സകലവും വാഴുന്നു. അത പുറത്ത ഇറങ്ങുമാറില്ല. മൊട്ട ഇടുന്നത മാത്രം ഇതിന്റെ വെല ആകകൊണ്ട ആണ്ടിൽ നാല്പതിനായിരം മൊട്ട ഇടും. അതിന്റെ കീഴിൽ നപുംസകങ്ങളായ ഇരുപതിനായിരം ൟച്ചകൾ വെല ചെയ്യുന്നു ചിലത ഒരുവക പൂമ്പൊടി കൊണ്ടുവരും. മറ്റുചിലത അത ചെരുവാനുള്ള പശകൊണ്ടുവരും പിന്നെ ചിലത പൊടി അകത്തിട്ട ചവിട്ടി പണിയും, ചിലത അകത്ത വെടിപ്പ വരുത്തും. ചിലത വാതില്ക്കൽ കാവല്ക്കാരായി കാക്കും. അക ത്തിരിക്കുന്ന ചെറിയ കൂടുകളിൽ മുപ്പതിനായിരം തെൻ പാത്രങ്ങളും ശെഷം മൊട്ട ഇടുന്നതിന്നും പ്രയൊഗിക്കുന്നു. ൟച്ചകൾ അവയിൽ പാൎക്കുന്നില്ല. പിന്നെ ഒരൊരൊ കൂട്ടത്തിൽ ആയിരം പുരുഷന്മാർ വീതം കാണും. അവർ വലിയ മ ടിയന്മാരാകകൊണ്ട തെൻകുടിച്ചിരിക്കുന്നതല്ലാതെ ഒരു വെലയും ചെയ്യുന്നില്ല. കുട്ടികൾക്ക പ്രാപ്തിവരുമ്പൊൾ അകത്ത ഒരു വക ദ്രൊഹംചെയ്ത ഒരു രാജസ്ത്രീ അവയെ കൂട്ടിൽനിന്ന പിരിച്ച നടത്തിക്കൊണ്ട ഒരു വൃക്ഷത്തിന്റെ കൊമ്പിന്മെൽ കൂട്ടമായിരിക്കും. വൈകുന്നെരം ഒരു ആൾ ചെന്ന ഇവയെ ഒക്കെയും ഒരു പെട്ടകത്തിലാക്കി ൟച്ചപ്പരയിൽ കൊണ്ടുചെന്ന വെക്കും. ഒരു പെട്ടകത്തിന്ന ഇരുപത റാത്തലിൽ അധികം തൂക്കം കാണുമ്പൊൾ ആണ്ടുതൊറും മുറിച്ചെടുത്ത തെൻ ഉണ്ടാക്കും. ൟ അദ്ധ്യായത്തിൽ ഇനി വൎണ്ണിപ്പാനുള്ള മണിയൻ പൊട്ടൻ കടുന്നൽ ൟ വക ൟച്ചയുടെ ഉപദ്രവം പരിചയംകൊണ്ട എല്ലാവരും അറിയുന്നുവല്ലൊ.
ഉറുമ്പ, മടിയാ. ഉറുമ്പിന്റെ അടുക്കൽ ചെന്ന അതിന്റെ വഴികളെ നൊക്ക. വെനൽ കാലത്ത അത തന്റെ ആഹാരത്തെ ഒരുക്കുന്നു. കൊയ്ത്തുകാലത്ത തന്റെ ഭക്ഷണത്തെ ശെഖരിക്കുന്നു എന്നു ശലമൊൻ പറയുന്നത. ഉറുമ്പ ൟച്ച [ 158 ] യെ പൊലെ കൂട്ടമായി പാൎക്കുന്നു. പുരുഷന്മാൎക്കും സ്ത്രീകൾക്കും ചിറകുണ്ട. നപുംസകങ്ങൾക്കില്ല. സ്ത്രീക്ക പുരുഷനിൽ വലിപ്പം കാണും. അവ ഉണ്ടാക്കുന്ന പുറ്റിൽ ഒരൊരൊ പട്ടണംപൊലെ തിരവുകൾ കാണുന്നു. വെലചെയ്യുന്ന വർ ഒന്നക്കൊന്ന പിന്നാലെ വഴിതെറ്റാതെ പൊകയും തിരിച്ചുവരുന്നവർ വഴിമാറിപ്പൊകയും ചെയ്യും. ഒരു പുററിൽ എത്ര തന്നെ ഉണ്ടായാലും ഘ്രാണംകൊണ്ട തമ്മിൽതമ്മിൽ അറിയും ഒരു ഉറുമ്പ പുഴുവെങ്കിലും പുല്ലെങ്കിലും കൊണ്ടുപൊകുന്നെരം ശക്തിപൊരാതെ വന്നാൽ മറ്റവൻ വന്ന കൂടെ പിടിച്ച കൊടുക്കുന്നതും അതല്ലെങ്കിൽ കടിച്ച മുറിച്ച ചെറുതാക്കി പങ്കപങ്കായി കൊണ്ടുപൊകുന്നതും കാണുമ്പൊൾ വിസ്മയംതൊന്നും. മധുരമുള്ള സാധനങ്ങൾ അത്രെയും അവക്ക എറെ ഇഷ്ടം കട്ടുറുമ്പ. അരക്കൻ. കുനിയൻ. നെയ്യുറുമ്പ. പുളിയുറുമ്പ. പ്രാന്തനുറുമ്പ, നീറുറുമ്പ ഇങ്ങിനെ പലതുണ്ട. അവക്ക ശീലഭെദങ്ങളും ആകൃതിഭെദങ്ങളും കാണും.
ചിതല. ഇവ ഉഷ്ണവും ശെഷം പ്രാണികളിൽനിന്ന ഉള്ള ഭയവും ഒഴിയുന്നതിനായിട്ട തണുപ്പള്ള സ്ഥലം സംബന്ധിച്ച മണ്ണുകൊണ്ട ഒരു വക മൂടൽ ഉണ്ടാക്കി അതിൽ പാൎക്കുന്നു. ൟ ജാതിയുടെ ഇരുമ്പപൊലെയുള്ള പല്ലിൽനിന്ന മയമുള്ളവസ്തുക്കളെ രക്ഷിപ്പാൻ നന്നെപ്രയാസം നാശം ഒൎക്കാ തുള്ള വസ്തുക്കളെ എത്ര വെഗം നശിപ്പിക്കും.
൭-ം അദ്ധ്യായം.
തുമ്പികൾ
സൌന്ദൎയ്യത്തിൽ ഇവക്ക തുല്യങ്ങളായ പുഴുക്കൾ ഇല്ല. നാല. ചിറകുള്ളതിന്മെൽ പല നിറമായിട്ടുള്ള ഒരൊരൊ ചിത്രങ്ങൾ കാണും. പുഷ്പങ്ങളുടെ മധു ഇവയുടെ ഭക്ഷണം. ആയുസ്സകാലം നന്നെ ചുരുക്കം. തുമ്പി ഇടുന്ന മൊട്ടയിൽ നിന്ന സാമാന്യെന പച്ച നിറമായിട്ട ആദ്യം ഒരു പുഴു പുറപ്പെടും. അത ഒന്നാമത്തെ മാസത്തിൽ തന്റെ തൊല നാലഞ്ചുപ്രാവശ്യം കിഴിക്കും. ശരീരത്തിന്ന പൂൎത്തി വരുമ്പൊൾ ജാതിക്ക തക്കവണ്ണം പുഴുക്കൂടുണ്ടാക്കി അതിൽ കിടക്കും. തത്സമയത്ത അത പൊട്ടുന്നെരം തുമ്പിയായി പറന്ന പൊരും. ഇത ആത്മാവിന്റെ നാശമില്ലായ്മയുടെയും ശരീരത്തിന്റെ ഉയൎച്ചയുടെയും ഒരു സാദൃശ്യമെന്ന പലരും വിചാരിക്കുന്നു. ചില തുമ്പികൾ പ [ 161 ] കലും ചിലത സന്ധ്യക്കും ചിലത രാത്രിയിലും സഞ്ചരിക്കുന്നതായി മൂന്നു വക ഉണ്ട.
൮-ം അദ്ധ്യായം.
കൃമികൾ
കാലില്ലാതെ മയമുള്ളതായി നീണ്ടിരിക്കുന്ന ശരീരത്തിന്ന അനെകം എപ്പുകളുണ്ടു. ആണ ചിഹ്നവും പെണ്ണ ചിഹ്നവും ഒന്നിങ്കൽ തന്നെ ഇവയുടെ ഒരു മൊട്ടയിൽ നിന്ന പല കൃമികൾ ഉണ്ടാകും.
ഞാഞ്ഞൂൾ. ഒരു മുഴം വരെക്കും നീളവും ഒരു പാത്തത്തൂവലിന്റെ കുഴലിനൊടൊത്ത വണ്ണവും കാണും. തണുപ്പുള്ള മണ്ണിനകത്ത പകൽ ഇരിക്കയും രാത്രി സഞ്ചരിക്കയും ചെയ്യും. ഒന്നിനെ രണ്ടും മൂന്നും ഖണ്ഡമായി മുറിച്ചിട്ടെച്ചാൽ അഞ്ചാറ മാസം ചെല്ലുമ്പൊൾ ആ ഖണ്ഡങ്ങൾ പുൎത്തി ഉള്ള കൃമികളാകും.
അട്ട. ഇതിന്റെ ഉടൽ പച്ച നിറവും വാരിപ്പുറങ്ങൾ തുരുമ്പ നിറത്തിൽ രെഖകളുള്ളതുമെത്രെ. കായലുകളിലും കുളങ്ങളിലും ഇരിപ്പ ഇടിമുഴങ്ങുന്നെരവും കാറ്റ അടിക്കുമ്പൊഴും പൊങ്ങിവരും. ദുൎന്നീരുകൾ കളയുന്നതിനും രക്തം കളെവാനും ഇവയെ പ്രയൊഗിക്കുന്നു. ഉപ്പും പുളിയും പറ്റിയാൽ ചത്തുപൊകും.
൯-ം അദ്ധ്യായം.
തൃണാൎദ്ധ പ്രാണികൾ.
ഇവക്ക ഒരു തൈ പൊലെ ഉള്ള രൂപവും സ്ഥലം മാറ്റം ഇല്ലാതെയും ജീവന്റെ ലാഞ്ഛന അറിവാൻ വളരെ പ്രയാസവും ഉണ്ടാകകൊണ്ട ൟ പെർ കിട്ടി. മിക്കവാറും സമുദ്രത്തിന്റെ അടയിൽ ഒരു വക സമുദ്രകൃഷി പൊലെ ഇരിക്കു ന്നു. മൊട്ടകൊണ്ടും, അങ്കുരിച്ചിട്ടും വിഭജിച്ചിട്ടും ഇവയുടെ സന്തതി വൎദ്ധന മൂന്നുപ്രകാരമായിരിക്കുന്നു. ചിലതിനെ മനുഷ്യർ തിന്നും ചിലത സ്പൊഞ്ചിനെ പൊലെ ഒരൊന്നിന്ന ഉപകരിപ്പിക്കുന്നു.
ഇവിടെ ചിത്രങ്ങളുടെ സമാപ്തി.
ഇതിൽ ജീവജാലങ്ങളുടെ ചരിത്രം നന്നെ ചുരുക്കി പറഞ്ഞിട്ടെ ഉള്ളു. എങ്കിലും സ്രഷ്ടാവിന്റെ ശക്തിയും ബുദ്ധി [ 162 ] വിശെഷവും എല്ലാവൎക്കും ഇതുകൊണ്ട സ്പഷ്ടമായി അറിവാൻ സംഗതി ഉണ്ട. യഹൊവായെ നീ നിന്റെ പ്രവൃത്തികൊണ്ട എന്നെ സന്തൊഷിപ്പിച്ചു ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളിൽ ജയസന്തൊഷം കൊള്ളും. യഹൊവായെ നിന്റെ പ്രവൃത്തികൾ എത്ര വലിയവ ആകുന്നു. നിന്റെ വിചാരങ്ങൾ മഹാ അഗാധമുള്ളവ ആകുന്നു.
അവസാനം.