Jump to content

പ്രാചീനമലയാളം 2/പോറ്റി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം 2
രചന:ചട്ടമ്പിസ്വാമികൾ
പോറ്റി


[ 16 ]
പോറ്റി


പോറ്റി ശബ്ദം. ഇതിനു ദൈവം എന്ന അർത്ഥമില്ല. പോറ്റുക = രക്ഷിക്കുക, അതിനാൽ രക്ഷിതാവെന്ന അർത്ഥം ശിവാദി ദൈവപരമായിട്ടു് പലടത്തും പറഞ്ഞിട്ടുണ്ടെങ്കിലും അവിടെ എല്ലാം രക്ഷിതാവെന്നേ അർത്ഥമുള്ളൂ.

ഇങ്ങനെ ഈ മൂന്നു് ശബ്ദങ്ങളും ബ്രാഹ്മണർക്കു് ഇവിടെ നിന്നും തന്നെ, സിദ്ധിപ്പാൻ മാർഗ്ഗമുള്ളു എന്നായല്ലൊ. എന്നാൽ ഇവർക്കു് ഇവിടെ നിന്നും കിട്ടിയിട്ടുള്ള ഈ ശബ്ദം ഇവരിവിടെ വരുന്നതിനു മുമ്പെ പാരമ്പര്യമായി ഇവിടെ നടപ്പുണ്ടായിരുന്നതൊ അതല്ല ഇവരിവിടെ വന്നതിന്റെ ശേഷം ഉണ്ടായതൊ?

വന്നതിൽ പിന്നെ ഇങ്ങനെ പേരുകൾ ഉണ്ടായി ഇവർക്കു് സിദ്ധിച്ചതുകൊണ്ടു് വിശേഷപ്രയോജനം ഒന്നും ഇല്ലാത്തതിനാൽ പിന്നീടുണ്ടായതല്ല. പുരാതനമായി ഇവിടെ നടപ്പുണ്ടായിരുന്നതുകൊണ്ടു് ഇവർക്കും സിദ്ധിച്ചിരിക്കണം.

ഈ മലയാളത്തിൽ നായർ പ്രഭുക്കന്മാർക്കു് സ്വതഃ സിദ്ധങ്ങളായി പണ്ടുപണ്ടേ വളരെ സ്ഥാനപ്പേരുകൾ ഉണ്ടു്. ഈ മൂന്നു് നാമങ്ങളും ഇതുകളിൽ നമ്പൂരി ശബ്ദത്തോടു രൂപം കൊണ്ടും അർത്ഥം കൊണ്ടും സാമ്യമുള്ള ‘നമ്പി’ ‘നമ്പിയാർ’, നമ്പിയാതിരി‘, നമ്പിടി’ [1] ഈ ശബ്ദങ്ങളും അവയിൽ ഉൾപ്പെട്ടവയാകുന്നു. ഒട്ടേറെക്കാലമായിട്ടു് ഇവർക്കു ഈ നാമങ്ങൾ ഇവിടെ ഇരിക്കുന്നുണ്ടെന്നല്ലാതെ ഈ മലയാളത്തിൽ തന്നെ എവിടെ വച്ചു്, ആരിൽ നിന്നു്, ഏതുപ്രകാരം, ഏതുകാലത്തു്, എന്തിനായിട്ടു് ലഭിച്ചു എന്നുള്ളതു് ഇവർക്കു സാധകമായി പറയുന്ന പ്രമാണങ്ങളിലൊ

[ 17 ] ന്നിലും കാണുന്നില്ല. എങ്കിലും ഇനി ഇതിലൊരു സ്ഥലത്തു് അതിനെപ്പറ്റി നിരൂപിക്കും.

ഈ സന്ദർഭത്തിൽ അത്യാവശ്യമെന്നു കാണുകയാൽ ഈ വാക്കുകൾക്കു് ശരിയായ ഒരു വിവരണം താഴെ കാണിക്കാം.

തമിഴു ഭൂമിയായ ഈ മലയാളത്തുള്ളതുകളാകകൊണ്ടു് ഈ നാമങ്ങളും ഇവിടുത്തെ ദേശഭാഷയിൽ ഉള്ളവയായിത്തന്നെ ഇരിക്കൂ എന്നുള്ളതു് പ്രത്യേകം പറയണമെന്നില്ലല്ലൊ. താഴെകാണിക്കുന്ന ഉദാഹരണങ്ങളിൽ നിന്നു് അതു വ്യക്തപ്പെടുന്നതാണു്.

ഉദാഹരണം :- ‘പിരാൻ’ എന്നു് ഒരു വാക്കു് “വേലൈയിറ്റുണൊടു ചൂഴൻറും ‘പിരാൻ’ക്കുമെയ്യമ്പനെന നടന്തും” (സുബ്രഹ്മണ്യവിരുത്തം)

തമിഴിന്റെ വകഭേദമായ ഈ മലയാളത്തിൽ ഈ തമിഴുവാക്കിനെ ‘പുരാൻ’ എന്നു പറയും

ഉദാഹരണം :- ‘അസ്ഥിയണിഞ്ഞപുരാനെ’ ഞാനൊരു വസ്തുവറിഞ്ഞവളല്ലേ കീഴിൽ‘ (ഗർഭിണിയായ പാർവതി പരമശിവനോടു പറയുന്നതു്)

'അന്നു നാന്മുഖനെന്നവൻ ശിര
മൊന്നറുത്ത ‘പുരാനു’ടെ (ഭദ്രകാളിപ്പാട്ട്)
അനൽ മിഴിത്തടമതിലുൽത്തെഴു
ന്നറുവരിത്തനിലിളയവൾ' (ഇത്യാദി)
'എം' = എമതു അല്ലെങ്കിൽ എമ്മുടയ, അല്ലെങ്കിൽ എങ്ങളുടെ
'നം' = നമതു അല്ലെങ്കിൽ നമ്മുടയ, അല്ലെങ്കിൽ നമ്മളുടെ
'തം' = തമതു അല്ലെങ്കിൽ തമ്മുടയ, അല്ലെങ്കിൽ തങ്ങളുടെ
'ചെം' = ചെമ്മയാന അല്ലെങ്കിൽ തക്കതായ
ഇങ്ങനെ നാലു ശബ്ദങ്ങളാണു് [ 18 ] ഇതുകൾ മുൻ പറഞ്ഞ ‘പിരാൻ’ ശബ്ദത്തിന്റെ ആദ്യമായി (മുമ്പിൽ) ചേരും. അപ്പോൾ ഒന്നാമതു്
എം + പിരാൻ = എമ്പിരാൻ
ഉദാഹരണം :- ‘എമ്പിരാൻ ചമ്പന്തനടിയാർക്കു മടിയേൻ’
(പെരിയപുരാണം തിരുകിയത്തൊണ്ടപ്പതികം)
‘എമ്പിരാനെ നീനൊന്താൻ’ ഇത്യാദി (രാമായണപ്പദം)

ഇതു് സ്ത്രീലിംഗത്തിലാകുമ്പോൾ ‘എംപിരാട്ടി’ എന്നും, ഇതിനോടു ‘ആര’ഔ (അവർ) എന്ന ബഹുമാന സൂചകമായ ബഹുവചന പ്രത്യയം ചേരുമ്പോൾ

എമ്പിരാട്ടി + ആർ = എമ്പിരാട്ടിയാർ
രണ്ടാമതു് :- നം + പിരാൻ = നംപിരാൻ
ഉദാഹരണം :-
‘നമ്പിരാനുടൈയതിരുപ്പാര് വൈയും, നമ്പിരാട്ടിയുടെ തിരുനോൻപും നയന്തുറ്റുവമ്പെഴുമൊരാൺ കുഴന്തൈവടിവുടനെ പെറ്റെടുത്താൾ’
(ഒരു വട്ടെഴുത്തു ഗ്രന്ഥം)
ഇത് സ്ത്രീലിംഗത്തിലാകുമ്പോൾ മുൻപറഞ്ഞപോലെ നമ്പിരാട്ടി (യാർ)
മൂന്നാമതു് :- തം + പിരാൻ = തമ്പിരാൻ (തമ്പുരാൻ)
ഉദാഹരണം :- ‘വമ്പിച്ചുള്ള വിഘ്നങ്ങൾ വളരെ ദൂരവെനീക്കി തമ്പുരാൻ അടിയന്റെ തരക്കേടിന്നൊഴിക്കേണം’ (സന്താനഗോപാലം തുള്ളക്കഥ). [ 19 ]
ഇതു സ്ത്രീലിംഗത്തിലാകുമ്പോൾ തമ്പിരാട്ടി അല്ലെങ്കിൽ തമ്പുരാട്ടി
നലാമതു് :- ചെം + പിരാൻ = ചെമ്പിരാൻ (ചെമ്പിറാൻ)
ഉദാഹരണം :- 'ചെമ്പ്രാപ്പിള്ള വീടും ചെമ്പ്രാപ്പിള്ളപ്പട്ടം'

ഇവകൂടാതെ അരും = അരുമയാന, പെരും = പെരുമയാന, [2] വാക്കുകളിലും ‘പിരാൻ’ ചേർത്തു് അരും + പിരാൻ = അരുമ്പിരാൻ, പെരും + പിരാൻ = പെരുമ്പിരാൻ.

ഈ ശബ്ദങ്ങൾ കാലക്രമേണ ഉച്ചാരണദാർഢ്യത്താൽ വരാന്ത വ്രാന്ത എന്നായതുപോലെ അരുമ്പ്രാൻ, പെരുമ്പ്രാൻ, എമ്പ്രാൻ, തമ്പ്രാൻ, ചെമ്പ്രാൻ എന്നായി. ഇതിലെ ചെമ്പ്രാൻ പിള്ള പട്ടത്തെയാണു് തെറ്റായി ചെമ്പകരാമൻ പിള്ള പട്ടമെന്നുപയോഗിച്ചു വരുന്നതു്. ഇതാണു് എമ്പ്രാൻ ശബ്ദത്തിന്റെ ആഗമം എന്നു വ്യക്തമായി.

ഇനി എമ്പ്, നമ്പ്, തമ്പ് എന്ന മൂന്നു സ്ഥാനങ്ങൾ ഉണ്ടു്.

ഉദാഹരണം :-
'നമ്പു കൊണ്ടതാനിനാലായിരവും
എമ്പുകൊണ്ടതാനി എണ്ണായിരവും
തമ്പുകൊണ്ടതാനി മല്ലഛേരിപിരാൻ'

എന്ന് ഒരു വട്ടെഴുത്തു ഗ്രന്ഥത്തിൽ കാണുന്നു. അവ പ്രഭു ഭവനത്തിനെകുറിക്കുന്ന മാടം; മാടം എന്നുള്ളതിനോടുചേർന്നു് മാട്+എമ്പ് (അനുസ്വാരവും എകാരവും ലോപിച്ചു്) മാടമ്പ് എന്നായി.

ഉദാഹരണം :-
'വാളുമാടമ്പുള്ളോരെത്തി വേളി
നാളെയെന്നും ചൊല്ലാം'

[ 20 ] ഇറൈ + എമ്പ് = ഇറൈയമ്പ് = ഏറമ്പ് = ആറമ്പ്. ‘എമ്പ്’ സ്ഥാനമുള്ളവൻ ‘എമ്പി’

ഉദാഹരണം :-
‘വെമ്പുങ്കാലൈ വെതുമ്പി വിഴുഞ്ചിരം
ചെമ്പൻ കോടി വിലൈയനച്ചിന്തിത്താ
ഉമ്പർനാടുമുലകെങ്കും തേടിനും
‘എമ്പി’ പോലെ മക്യാവരുരിയരെ‘

(പാണ്ഡ്യരാജൻ പാടൽ)

ഈ ’എമ്പി‘ ശബ്ദം സ്ത്രീലിംഗത്തിലാകുമ്പോൾ ’എമ്പിട്ടി. ബഹുമാനപ്പെടുത്തിപ്പറയുമ്പോൾ ‘എമ്പിട്ടിയാർ’

ഉദാഹരണം:-
‘പാടികൊൾവിൻ പാടികൊൾവിൻ എമ്പിട്ടിയാരൊ’
(തിരുവാതിര നോൻപിനു പാടുന്ന പുലപ്പാട്ട്)

ഈ ‘എമ്പി’ ശബ്ദത്തെ ചിലടത്തു് ‘അമ്പി’ എന്നും പറഞ്ഞുവരാറുണ്ടു്

ഉദാഹരണം :- ‘അമ്പിശാസ്ത്രി’, ‘മാടമ്പി’ മുതലായവ

ഇനിയും ഈ ഇതു് ‘എമ്പു്’ എന്നൊരു സ്ഥാനപ്പേരുകൂടി ആയിട്ടുണ്ടു്.

‘മഠം’ എന്ന ശബ്ദമാണു് ഈ മലയാളത്തു ചിലസ്ഥലങ്ങളിൽ (മാടം) ഭവനം എന്നു പറഞ്ഞുവരുന്നതു്.

ഉദാഹരണം :- ‘മാടഭൂപൻ’ ‘മാടത്തിൻ കീഴാൾ’ (കൊട്ടാരം)

ഇനി എറണാകുളത്തു പരമ്പരാ കുളങ്ങരെ ചേരാനെല്ലൂർ കർത്താവിന്റെ ഭവനത്തിനു് ഇന്നും മാടപാടെന്നു പറഞ്ഞുവരുന്നു. [ 21 ] അല്ലാതേയും നമ്മുടെ പൊന്നുതമ്പുരാക്കന്മാരുടെ തിരുപ്പുണുനൂൽ കല്യാണത്തിനു് തിരുമാടമ്പു് എന്നു പറക പ്രസിദ്ധമാണല്ലോ.

‘നമ്പി’ ഇതുസാധാരണ പ്രസിദ്ധമാണല്ലോ.

നമ്പി + ആർ (അവർ) ബഹുമാന സൂചകമായ ബഹുവചന പ്രത്യയം = ‘നമ്പിയാർ’

നമ്പി + അടി (പാദം) ബഹുമാനസൂചകം = ‘നമ്പിയടി’

‘യ’ ലോപിച്ചു് ‘നമ്പിടി’

നമ്പി + ആത്തൻ (ഏ) (അച്ഛൻ) ബഹുമാനസൂചകമായ - അത്തർ എന്നതു ബഹുവചനം - ‘ർ’ എന്നുള്ള രേഫത്തെ ‘രി’ എന്ന പോലെ ശബ്ദിക്കും.

ഉദാഹരണം :- ‘തലയാർ’ എന്നുള്ളതിനെ ‘തലയാരി’ എന്നുവിളിക്കുന്നു. ഇപ്പോഴും തമിഴു് ദേശങ്ങളിൽ ഇപ്രകാരം നടപ്പുണ്ടു്. ഇവിടേയും അപ്രകാരം തന്നെ.

ഉദാഹരണം :- ‘തലൈ + ആത്തർ = ’തലിയാത്തർ‘ എന്നും ർ, രി, ആയി തലയാതിരി എന്നും അനന്തരം ’തളിയാതിരി എന്നായിട്ടുള്ളതു് കേരളോല്പത്തിയിൽ കാണുക.

‘നമ്പു്’ + ആതിരി = നമ്പ്വാതിരി, ക്രമേണ നമ്പൂതിരി, നമ്പൂരി എന്നായി പരിണമിച്ചു.

‘നമ്പു’ ശബ്ദത്തിനു ദൈവമെന്നും പ്രഭു എന്നും അർത്ഥമുണ്ടു്. ഈ നമ്പു ശബ്ദത്തെയാണു് ചില പാട്ടുകളിലും കീർത്തനങ്ങളിലും ‘ഹരിനമ്പൊ’, ‘നാരായണനമ്പൊ’ എന്നെല്ലാം കാണുന്നതു്.

ഉദാഹരണം ;-
‘മണിക്കിരീടവും മകരകുണ്ഡലം
വനമാല പാദകമലവും
മലർമാതുചേരും തിരുമാറുമെന്റെ
മനസ്സിൽ തോന്നണം ഹരിനമ്പൊ’

ഇത്യാദി (ഇരുപത്തിനാലുവൃത്തം)[3]

[ 22 ] ‘തമ്പി’ എന്നതു സ്ഥാനപ്പേരു്. അനുജനെന്ന അർത്ഥവുമുണ്ടു്.

മലയാളം വടക്കൻ പ്രദേശങ്ങളിൽ ക്ഷേത്രത്തിൽ ശാന്തിക്കാരന്നു് ‘നമ്പി’യെന്നും തമിഴു (പാണ്ടി) ദേശങ്ങളിൽ അവരെ നമ്പ്യാനെന്നും പറയുന്നൊണ്ടു്. തെക്കൻ പ്രദേശങ്ങളിൽ (മുഖ്യമായി തിരുവിതാംകൂറിൽ) ശാന്തിക്കാരനേയും കുടുംബരക്ഷണം ചെയ്യുന്നകാരണവനേയും ‘പോറ്റി’ എന്നു പറയുന്നു. സന്ധ്യയ്ക്കു കൊളുത്തി വച്ച വിളക്കിനെയും ഗുരുക്കന്മാരൊ ഭക്തന്മാരൊ വന്നാൽ അവരേയും കുഞ്ഞുങ്ങളെ കൊണ്ടുകാണിച്ചു് ‘ഉമ്പോറ്റിയാണ്‌ തൊഴുതൊ’ എന്നു പറഞ്ഞു വന്ദിപ്പിക്കുക പതിവാണു്. ശുദ്ധതമിഴക്കാറനു് സാധാരണ വർത്തമാനം പറയുമ്പോൾ പോത്തി എന്നു് (റ്റി ക്കു പകരം ത്തി ചേർത്തു) വിളിക്കുന്നുണ്ടു്. മുഖ്യമായി മലയാളമായ നീലീശ്വരത്തുനിന്നും ശാന്തിക്കാഗ്രഹിച്ചു വരുന്നവരെയാണു് എമ്പ്രാനെന്നു പറഞ്ഞു പോരുന്നതു്. ഈ പതിവിനെ അനുസരിച്ചു് അപ്പുറത്തു് (തുളുദേശത്തു) നിന്നും വരുന്നവരേയും കൂടി എമ്പ്രാൻ എന്നുവിളിച്ചുപോകുന്നു എന്നേയുള്ളു. ഇതിന്റെ ഭേദത്തെ അറിയാൻ പാടില്ലാ. അതുകൊണ്ടും മുൻ പഴക്കം കൊണ്ടും തുളുനാട്ടിൽ നിന്നാണെന്നറിഞ്ഞാലും എമ്പ്രാനെന്നതിനെ വിടാതെ തുളുഎമ്പ്രാനെന്നു പറയുന്നു. പട്ടനെന്നോ മറ്റേതെങ്കിലും പരദേശത്തു ബ്രാഹ്മണർക്കു പറയുന്ന നാമമൊ പറഞ്ഞാൽ ഇവിടെ (മലയാളത്തു) ശാന്തികഴിക്കാൻ സമ്മതിക്കയില്ലെന്നുള്ളതു നിശ്ചയമാകകൊണ്ടു് വരുന്നവരും അവരുടെ ഉപാധിനാമത്തെ വെളിപ്പെടുത്താതെ തുളു എമ്പ്രാനെന്നും പോറ്റിയെന്നും അജ്ഞതയിൽ ഇവിടെ വിളിക്കുകയും അവർ അംഗീകരിക്കുകയും ചെയ്യുന്നു. പട്ടർ എന്നു പറഞ്ഞാൽ ശാന്തി മുതലായതു കൊടുക്കയില്ലാത്തതിനാലും, എമ്പ്രാൻ, പോറ്റി, നമ്പി ഇവർക്കേകൊടുക്കൂ എന്നിരിക്കകൊണ്ടും ഈ പേരുകൾ വാസ്തവത്തിൽ മലയാളത്തു് നായർ ജാതിക്കു സ്വന്തമായിട്ടുള്ളവയാകകൊണ്ടും മുൻകാലങ്ങളിൽ നായന്മാർ തന്നെ പ്രതിഷ്ഠ, ശാന്തി മുതലായവ നടത്തിവന്നു എന്നും ധനേഛനിമിത്തം നായന്മാരോടു ചേർന്നും വിരോധമില്ലതെയിരിപ്പാൻ വേണ്ടിയും അവരുടെ പേരുകളെക്കൊണ്ടും പരദേശ ബ്രാഹ്മണർ ക്ഷേത്രങ്ങളിൽ പ്രവേശിച്ചതാണെന്നും തെളിയുന്നു.

കുറിപ്പുകൾ

[തിരുത്തുക]
  1. (ശേഷമുള്ള സ്ഥാനപ്പേരുകൾ വേറൊരിടത്തു് വിശദമായി കാണിക്കും).
  2. പഴയമലയാളലിപിയിൽ ഈ ഇങ്ങനെ എഴുതിയിരുന്നു - സമ്പാദകൻ
  3. 24 വൃത്തത്തിലെ നാലാം വൃത്തം
"https://ml.wikisource.org/w/index.php?title=പ്രാചീനമലയാളം_2/പോറ്റി&oldid=32924" എന്ന താളിൽനിന്ന് ശേഖരിച്ചത്