പ്രാചീനമലയാളം 2/നമ്പൂരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം 2
രചന:ചട്ടമ്പിസ്വാമികൾ
നമ്പൂരി


[ 10 ]
നമ്പൂരി

നമ്പൂരി എന്ന വാക്കിലെ ‘ന’ ശബ്ദം ബ്രഹ്മപരവും വേദാർത്ഥകവും ആണു് എന്നു് പറഞ്ഞിരിക്കുന്നു. ഇതു് അഷ്ടോത്തരശത (നൂറ്റി എട്ടു്) ഉപനിഷത്തുകളിലാകട്ടെ ഇതുകൾക്കു് ശങ്കരാനന്ദൻ, വിദ്യാരണ്യൻ, നാരായണഭട്ടർ എന്നീ മഹാത്മാക്കൾ ചെയ്തിട്ടുള്ള ദീപികകളിലാകട്ടെ, പ്രസ്ഥാനത്രയത്തിലാകട്ടെ, ശാരീരകഭാഷ്യടീക (ബ്രാഹ്മവിദ്യാഭരണം) യിലാകട്ടെ, അദ്വൈതസിദ്ധി ഗൗഡബ്രഹ്മാനന്ദീയം, അദ്വൈത ബ്രഹ്മസിദ്ധി, ചിത്സുഖി (തത്വപ്രദീപിക) ഇത്യാദികളിലാകട്ടെ, മറ്റുള്ള അദ്വൈത പ്രകരണങ്ങളിലാകട്ടെ നിഘണ്ടു, വ്യാകരണം ഇതുകളിലാകട്ടെ, വാചസ്പത്യം, മഹാഭാഷ്യം ഇതുകളിൽ പോലും ആകട്ടെ സാധൂകരിക്കപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.

ഇനി ബ്രഹ്മത്തിനു നാമമായിട്ടു് ഏതെല്ലാം ശബ്ദങ്ങൾ പ്രധാനമായ് ഉണ്ടെന്നു നോക്കാം.

‘തസ്യഉദിതിനാമ’ (ശ്രുതി)

അർത്ഥം :- അതിനു് (ബ്രഹ്മത്തിനു്) ഉത് എന്നു് നാമ(മാകുന്നു)൦.

‘കം ബ്രഹ്മ ഖം ബ്രഹ്മ’ (ശ്രുതി)

അർത്ഥം :- ‘കം’ ബ്രഹ്മ(മാകുന്നു) ‘ഖം’ ബ്രഹ്മ(മാകുന്നു)

‘ഓം തൽസദിതി നിർദേ്ദശോ
ബ്രഹ്മനസ്ത്രിവിധഃ സ്മൃതഃ (സ്മൃതി)

അർത്ഥം :- ‘ഓം’ ‘തത്’ ‘സത്’ എന്നിങ്ങനെ മൂന്ന്‌ നാമം ബ്രഹ്മത്തിനു് സ്മരിക്കപ്പെട്ടിരിക്കുന്നു

‘അക്ഷരാണാമകാരോസ്മി’

അർത്ഥം :- അക്ഷരങ്ങളിൽ വച്ച് അ കാരം ഞാൻ (ബ്രഹ്മ​‍) മാകുന്നു. [ 11 ] ഇപ്രകാരം ‘ഉത്’ ‘കം’ ‘ഖം’ ‘ഓം’ ‘തത്’ ‘സത്’ ‘അ’ പിന്നെ ‘ബൃഹത്’ ‘മഹസ്സു്’ മുതലായ ശബ്ദങ്ങളുമല്ലാതെ മൂത്തതു് പറഞ്ഞിട്ടുള്ളപോലെ ‘ന’ ശബ്ദം ബ്രഹ്മപരമായിട്ടു കാണുമെന്നു തോന്നുന്നില്ല.

ഇനി ‘കോടരീശക്തി സഹിതശ്ശിവോണകാരാർത്ഥ വാചകഃ’ എന്നു് വിദ്യാരണ്യ സ്വാമികൾ പറഞ്ഞിരിക്കകൊണ്ടു് ‘ണ’ ശബ്ദം ശിവപരമാകയാൽ ശിവബ്രഹ്മങ്ങൾക്കു് അഭേദത്തെ കല്പിച്ചു് ശിവനെ ബ്രഹ്മമായിട്ടും ‘പ്രകർഷേണ നവൊയസ്മാൽ പ്രണവസ്തേന കീർത്തിതഃ’ എന്നുള്ള അഭിയുക്തവചന പ്രകാരവും ത്രി + നയനം ത്രിണയനം, പ്ര + നമിതം പ്രണമിതം എന്നിങ്ങനെ ‘ന’ ശബ്ദത്തിന്‌ ‘ണ’ ശബ്ദം പ്രയോഗത്തിലിരിക്കയാലും അതുകൾക്കും അഭേദത്തെകല്പിച്ചു് ‘ണ’ ശബ്ദത്തെ ‘ന’ ശബ്ദമായിട്ടും അതിനെ (ആ ‘ന’ ശബ്ദത്തെ) ബ്രഹ്മപരമായിട്ടും അർത്ഥം ചെയ്തതാണെങ്കിൽ ഈ പ്രയോഗങ്ങൾ നിമിത്തം ‘ന’ കാരസ്ഥാനത്ത് ‘ണ’ കാര സിദ്ധിയേ ആയിട്ടുള്ളു. ‘ണ’ കാരസ്ഥാനത്ത് ‘ന’ കാരം സിദ്ധിച്ചെങ്കിലേ ഇവിടെ ശരിയാകയൊള്ളു. അതിലേക്കു ഈ പ്രയോഗം തീരെ മതിയാകുന്നുമില്ല. മതിയാകുന്ന വിധത്തിൽ പ്രമാണവും കാണുന്നില്ല.

അതു തന്നെയല്ല, ത്രിണയനം, പ്രണമിതം ഇതുകളിലെ പൂർവഗതങ്ങളായ ‘ത്രി’ ‘പ്ര’ ഇതിന്മണ്ണമുള്ള വർണ്ണങ്ങൾക്കു് പരമായിരിക്കുമ്പോഴല്ലാതെ ശബ്ദങ്ങളുടെ ആദ്യക്ഷരമായിരിക്കുമ്പോൾ ‘ന’ കാരം ‘ണ’കാരമാകയില്ല.

സമാധാനം :- ‘എന്നാൽ ’ന‘ കാരരൂപായനമഃ ശിവായ’ എന്നു കാണുക കൊണ്ടു് ‘ണ’കാരം വേണ്ടാ ‘ന’ കാരം തന്നെ ശരിയായിട്ടുണ്ടു്. ഇനി മുൻപറഞ്ഞപോലെ ബ്രഹ്മപരവും വേദാർത്ഥകവും ആകാമല്ലോ.

നിഷേധം :- എന്നാൽ ഈ പറഞ്ഞവാക്യം പഞ്ചാക്ഷരസ്തോത്രത്തിലുള്ളതും ഈ സ്തോത്രം ശിവനെ പഞ്ചാക്ഷര സ്വരൂപിയായി കല്പിച്ചു് സ്തുതിച്ചിട്ടുള്ളതുമാണു്. പഞ്ചാക്ഷരമെന്നാൽ അഞ്ചക്ഷരങ്ങളുടെ സമുദായമാകുന്നു. ഇങ്ങനെ പഞ്ചാക്ഷര സമുദായ സ്വരൂപനായ ശിവനെ ബ്രഹ്മമാക്കുമ്പോൾ അതിലെ അഞ്ചക്ഷരങ്ങളെ (‘ന’ ‘മ’ ‘ശി’ ‘വാ’ ‘യ’) ബ്രഹ്മപരമായിട്ടുള്ളവയെന്നാകും. അതു ശരിയാണെന്നു വരികയില്ല. [ 12 ] ഇനി ‘ന’ കാരത്തെ മാത്രം സ്വീകരിക്കാമെന്നാൽ അക്ഷരസമുദായ സങ്കല്പത്തോടുകൂടിയല്ലാതെ മറ്റെവ നാലക്ഷരങ്ങളേയും തള്ളിയേച്ച് ‘ന’ കാരം മാത്രം ശിവപരമാകയില്ല. എന്നുതന്നെയല്ല ‘ന’ കാരം ശൂന്യപരമെന്നുവരും. ആയതും കുഴപ്പത്തിലാകും. എന്തായാലും ഈ പ്രക്രിയ അജ്ഞാനവിജൃംഭിതതന്നെയാണു്.

ഇപ്രകാരം നമ്പൂരി എന്നതിലെ ‘ന’ ശബ്ദത്തിന്നു് ബ്രഹ്മപരതയാൽ വരുന്ന ‘വേദം’ എന്ന അർത്ഥസിദ്ധി ആമൂലപരാഹതയായിത്തീരുകയാൽ അതു് തേടി ഓടേണ്ട കാലമായിരിക്കുന്നു.

ഇനി ‘ന’ കാരത്തിനു് ഏതെല്ലം അർത്ഥങ്ങളുണ്ടെന്നു നോക്കാം

‘ന’ = നകാര തവർഗ്ഗ പഞ്ചമോ ദന്ത്യോ വർണ്ണാഃ (‘ന’ ഇപ്രകാരം കാമധേനു മന്ത്രം ആകുന്നു എന്നും അതിന്റെ ജപധ്യാനാദികൾ നാനാതന്ത്രശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളതായും കാണുന്നു)

‘ന’ = അവ്യയം അഭാവേനഹ്യനാനാപി എന്നു് അമരം

‘നം’ = ശുകഃ നാശകഃ എന്നു രണ്ടുപേരിൽ കാണുന്നു

‘നഃ’ = സുഗതഃ ബന്ധഃ ഹിരണ്യഃ സ്തുതഃ ഇങ്ങനെ നാലു് ഇതിനുമേദിനി നിഘണ്ടുവിലും ഏകാക്ഷര നിഘണ്ടുവിലും ‘രത്നം’ എന്നു് അർത്ഥമുണ്ടു്. ബ്രഹ്മം എന്നു് കാണുന്നില്ല.

ഇനി അങ്ങനെയുള്ള വേദത്തെ പൂരിപ്പിക്കുന്നവൻ പൂരയതീതിവ്യൂല്പത്ത്യാ, ‘പൂര’ന്മാരോ ‘പുരക’ന്മാരൊ എന്നാകുന്നതല്ലാതെ ഗത്യന്തരമില്ലായ്കയാൽ ‘പൂരി’ എന്നാകുന്നതു ദുർഘടം. ‘പുര’ എന്ന അവയവ (അംശ)ത്തിനു് പൂരണവും പൂര(ണം) വിദ്യ തെയസ്യസപൂരി = പൂരണമുള്ളവൻ പൂരി എന്ന അർത്ഥവും വരുത്തുന്നതായാലും ‘ന’ ശബ്ദത്തിന്മേൽ തൊടങ്ങുന്ന ഇതും ‘അധിഷ്ഠാനാനർത്ഥക്യാദാരോപാനർത്ഥക്യം....’ (മടലേൽ പിടിച്ചവന്റെ കാലേൽ പിടിച്ചപോലെ) വന്നു് അചികിത്സ്യാത്രിദോഷതാ എന്ന ഖണ്ഡനഖണ്ഡകാര്യപ്പടി ഒഴിയാബാധയാകും.

ഇതിങ്കൽ (സ്വ) കപോലകല്പിത ഭ്രമം വരാതിരിപ്പാനായിട്ടു് ഇദ്ദേഹത്തിനു വല്ല പ്രമാണവും കൂടി ക്രോഡീകരിക്കാമായിരുന്നു. അതു ചെ [ 13 ] യ്യാത്തതിനാൽ വേണ്ടിവന്നതായ ഈ നമ്പൂരി ശബ്ദവിവരണം അതിശങ്കയാലെന്ന് മഹാന്മാർ വിചാരിക്കയില്ലെന്നു വിശ്വസിക്കുന്നു.

ഇനി ‘ന’ കാരം ബ്രഹ്മപരവും വേദാർത്ഥകവും തന്നെയെന്നും വേദത്തെ പൂരിപ്പിക്ക.... (പാരായണം ചെയ്ക) നിമിത്തമത്രേ നംപൂരി സംജ്ഞ സിദ്ധിച്ചിട്ടുള്ളതെന്നും തന്നെയാകട്ടെ. എന്നാലും ശരിയാകുമൊ എന്നു നോക്കാം.

നമ്പൂരി ശബ്ദത്തിന്നു് വേദപാരായണം (വേദാധികാരം) തന്നെയാണു് കാരണമെങ്കിൽ വേദപാരായണമുള്ളവർക്കു് എല്ലാപേർക്കും ഈ നമ്പൂരിപ്പട്ടമുണ്ടായും വേദ പാരായണമില്ലത്തവർക്കൊരുത്തർക്കും നമ്പൂരിപ്പട്ടമില്ലാതെയുമിരിക്കേണ്ടതാണെന്നുള്ള അന്വയ വ്യതിരേക യുക്തികൾക്കു് അതു ശരിയായിട്ടു വരേണ്ടതാണു്.

ഈ നമ്പൂരി ശബ്ദം സംസ്കൃത ഭാഷയിൽ ചേർന്നതും വേദപാരായണം ചെയ്ക നിമിത്തം സംഭവിച്ചിട്ടുള്ളതുമായിരിക്കുന്ന സ്ഥിതിയ്ക്കു് വേദങ്ങളും അധ്യയനവും ഉണ്ടായതായിപ്പറയുന്ന ബ്രഹ്മവർത്തം തുടങ്ങി ഭാരതഖണ്ഡം മുഴുവനിലും ബഹുമാനപുരസ്സരം ധാരാളം പ്രസിദ്ധപ്പെട്ടും തന്നിവാസികളും വേദാധികാരികളുമായ എല്ലാ ബ്രാഹ്മണരിലും (ത്രൈവർണ്ണകന്മാരിൽ പോലും) ശരീരവും അതിന്റെ നിഴലും - വാക്കും അതിന്റെ അർത്ഥവും എന്ന പോലെ വേദപാരായണവും അതു നിമിത്തമുണ്ടായതായിപ്പറയുന്ന നമ്പൂരി സംജ്ഞയും തമ്മിൽ വിട്ടുപിരിയാതേയും ഇരിക്കേണ്ടതാണു്. അങ്ങനെ ഇരിക്കുന്നില്ല. അതുകൊണ്ടു് ഇതു് തീരെ ശരിയല്ല. അന്വയ യുക്തിക്കു തീരെ ശരിയിടുന്നില്ലെന്നു തെളിയുന്നു.

ഇനി വ്യതിരേക യുക്തിക്കു ശരിയായിട്ടുണ്ടൊ എന്നുനോക്കാം.

ഇനി വേദപാരായണമില്ലാത്ത വകക്കാരിൽ (അതായതു് ജാതിമാത്രന്മാരിലും ശാപഗ്രസ്തന്മാരിലും) ഈ നാമമിരിക്കുന്നു.

സമാധാനം :- ജാതിമാത്രന്മാരിൽ ഒന്നും രണ്ടും തരക്കാർക്കു് ഒരു പ്രാവശ്യം വേദപാരായണം (മുതൽമുറ) ആകാമെന്നുണ്ടു് എന്നു വാദിച്ചേക്കാം.

പക്ഷേ നമ്പൂരി ശബ്ദത്തിനു് വേദപാരായണ പ്രധാനമാരെന്നു അർത്ഥം പറഞ്ഞ സ്ഥിതിക്കു് സ്വപ്നം പോലെ ഒരിക്കലെങ്ങാണ്ടൊ ആകാമെന്നുള്ളതു് മുൻപറഞ്ഞ അർത്ഥത്തോടു യോജിക്കുന്നില്ല. [ 14 ] പ്രാധാന്യമില്ലാഞ്ഞിട്ടല്ല - അവർക്കു വേറെ തൊഴിൽ ഏർപ്പെട്ടുപോയതുകൊണ്ടു് സൗകര്യം കുറയുമെന്നു കണ്ടിട്ടു് വേദത്തിന്നധികാരമുണ്ടെന്നുള്ളതിനെ സൂചിപ്പിക്കുന്നതിനുമാത്രം ഇത്രയും വെച്ചിട്ടുള്ളതാണു് എന്നതിനു് പ്രത്യുത്തരം ഉണ്ടായേക്കാം. എന്നാൽ മുമ്പറഞ്ഞ തൊഴിലുകളെ ചെയ്യുന്നതിനോടുകൂടി ചതുർവേദങ്ങളേയും അധ്യയനം ചെയ്യുന്നതിനു് സാമാന്യം ബുദ്ധിശാലിയായ ഒരു മനുഷ്യനു് വലുതായ പ്രയാസമൊന്നുമില്ലെന്നുള്ളതിലേക്കു് അനേകം പണ്ഡിതന്മാർ ഇക്കാലത്തും ദൃഷ്ടാന്തമായിരിക്കയാൽ ആയതു് ശരിയാകുന്നില്ല.

അത്രയുമല്ല മൂന്നും നാലും തരക്കാർക്കു വേദാധ്യയനം തീരെ നിഷേധിക്കപ്പെട്ടിരുന്നിട്ടും അവർക്കും ഈ നാമമിരിക്കുന്നു.

മഹാദാരിദ്ര്യം കൊണ്ടൊ മഹാരോഗം കൊണ്ടൊ വേദാധ്യയനത്തെ ഉപേക്ഷിച്ചതാണു് അല്ലാതെ അധികാരമില്ലാഞ്ഞിട്ടല്ല എന്നു പറയുന്നു. എങ്കിൽ ജ്വരം പിടിപെട്ടതുകൊണ്ടു് അധ്യയനം ഉപേക്ഷിച്ചാൽ അതുശമിക്കുന്ന കാലത്തു് ആകാമെന്നുവരും. ഇതങ്ങനെയല്ലല്ലോ. ആവകക്കാരിൽ കാരണമാക്കി പറയപ്പെട്ട ദാരിദ്ര്യവും രോഗവും ഇല്ലാതെ ശക്തന്മാരായിരിക്കുന്നവർ അനേകം പേർ ഉണ്ടായിരുന്നിട്ടും അവർക്കും നിഷേധിക്കപ്പെട്ടു തന്നെയിരിക്കയാൽ ഇപ്പറഞ്ഞതു് യോജിക്കുന്നില്ല.

രാഗദ്വേഷാദികൾ കൊണ്ടു് ദുഷിച്ച ഹൃദയം നിമിത്തം ഉപേക്ഷിച്ചതാണെന്നോ ജീവരക്ഷാർത്ഥം ഏതു വൃത്തിയിലും പ്രവേശിക്കയും സ്വേച്ഛാപ്രകാരം ഓരോ വേഷങ്ങളെ അവലംബിക്കയും ചെയ്തു് ഭ്രഷ്ട ഭവിച്ചവരാകയാൽ അധ്യയനം പാടില്ലെന്നു വെച്ചതാണെന്നൊ പറഞ്ഞാലും മേൽകാണിച്ചദോഷം നേരിടുന്നതുകൊണ്ടു് ആയതും പാടില്ല. അത്രയുമല്ല ഉത്തമന്മാരോടു് ഏക ഘട്ടസ്നാനം പംക്തിഭോജനം, രംഗസ്ഥാനം, മഹാനസം (അരങ്ങും അടുക്കളയും) ഇതുകളൊന്നും പാടില്ലാത്തവിധം താഴ്ച സംഭവിച്ച ശാപഗ്രസ്തന്മാർക്കുപോലും ഈ നമ്പൂരിപ്പട്ടം ഇരിക്കുന്നു. അധ്യയനം നിമിത്തം ഉണ്ടായ പേരാണെങ്കിൽ അധ്യയനം പാടില്ലെന്നു വരുമ്പോൾ ഈ പേരിനേയും മാറ്റേണ്ടതാണു്.

അധ്യയനം പോയൊഴിഞ്ഞിട്ടും നാമം ഒഴിയാതെ കിടന്നുപോയതാണു് എന്നാണെങ്കിൽ മാറാതെ കിടക്കുന്നതിന്നും മാറ്റാതെ ഇട്ടിരിക്കുന്നതിന്നും എന്തു കാരണം എന്നു കാണുന്നില്ല. അതു യുക്തിക്കും നടപ്പിനും യോജിച്ചുമിരിക്കുന്നില്ലാ. ഈ നാമത്തെ കുറിച്ചു് അത്ര ഗൗരവമായിട്ടു [ 15 ] വിചാരിക്കാഞ്ഞിട്ടാണു് എന്നു തർക്കിക്കുന്നൂ. എങ്കിൽ ആദ്യം വേദപാരായണം, നമ്പൂരിപ്പട്ടം ഇതുകളോടുകൂടി കേമന്മാരായിരുന്നു താഴ്ചഭവിച്ച ഇളയതു്, മൂത്തതു്, പുഷ്പകൻ മുതലായ എല്ലാ പേർക്കും ഈ നമ്പൂരിപ്പട്ടത്തിനു് വളരെ ഇച്ഛയുണ്ടായിരുന്നിട്ടും അവർക്കു് ആയതു് ഇല്ലതെ വന്നതു് അവരിൽ നിന്നും എടുത്തുകളകയാൽ തന്നെയാണെന്നും, അങ്ങനെ എടുത്തുകളഞ്ഞതു് അഭിമാനം നിമിത്തമാണെന്നും, അതിനാൽ ഈ നാമത്തെ കുറിച്ചു് അഭിമാനമില്ലെന്നു മുമ്പെ പറഞ്ഞതു ശരിയല്ലെന്നും തെളിയുന്നു.

ഇപ്രകാരം വേദപാരായണമുള്ളവരായ എല്ലാ പേരിലും നമ്പൂരിപ്പട്ടം കാണാത്തതുകൊണ്ടു് അവ്യാപ്തി എന്ന ദോഷവും വേദപാരായണമില്ലാത്തവരിലും കാണുകകൊണ്ടു് അതിവ്യാപ്തി എന്ന ദോഷവും പറ്റിയിരിക്കുന്നു.

ഇനി നമ്പൂരി ശബ്ദത്തിന്റെ നിർദ്ദോഷ (ശരിയായ) കാരണത്തെ ചിന്തിക്കാം.

എമ്പ്രാൻ, പോറ്റി, വേദത്തിനു് ഇവർ പൂർണ്ണാധികാരികളായിരുന്നിട്ടും അവർക്കു നമ്പൂരി ശബ്ദം ഇല്ലാതിരിക്കുന്നു. എന്നാൽ ആയവർ തന്നെ ഒരു വിധം സമ്പന്നന്മാരായും വേലക്കാർ മുതലായി ശൂദ്രരെന്നും പറഞ്ഞു വരുന്നവരെക്കൊണ്ടു് ‘അടിയൻ’ ‘ഇറാൻ’ എന്നു പറയിക്കുന്നവരായും അടുക്കള ദോഷ ശങ്കയുണ്ടായാൽ സ്മാർത്ത വിചാരം നടത്തിക്കുന്നതിനു് അവകാശപ്പെട്ടും പെൺകൊട അന്യോന്യം ആകാമെന്നു വരുത്തിയും ഇരിക്കുന്നവരായും തീർന്നാൽ നമ്പൂരിയായി ഭവിക്കുന്നു. ഇതുകൊണ്ടു് നമ്പൂരി ശബ്ദത്തിനു് പ്രധാന കാരണം തീർച്ചയായിട്ടും വേദപാരായണമല്ലെന്നും മേല്പറഞ്ഞ സംഗതികൾ മാത്രമാണെന്നും തെളിയുന്നു.

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=പ്രാചീനമലയാളം_2/നമ്പൂരി&oldid=32923" എന്ന താളിൽനിന്ന് ശേഖരിച്ചത്