താൾ:Pracheena Malayalam 2.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇപ്രകാരം ‘ഉത്’ ‘കം’ ‘ഖം’ ‘ഓം’ ‘തത്’ ‘സത്’ ‘അ’ പിന്നെ ‘ബൃഹത്’ ‘മഹസ്സു്’ മുതലായ ശബ്ദങ്ങളുമല്ലാതെ മൂത്തതു് പറഞ്ഞിട്ടുള്ളപോലെ ‘ന’ ശബ്ദം ബ്രഹ്മപരമായിട്ടു കാണുമെന്നു തോന്നുന്നില്ല.

ഇനി ‘കോടരീശക്തി സഹിതശ്ശിവോണകാരാർത്ഥ വാചകഃ’ എന്നു് വിദ്യാരണ്യ സ്വാമികൾ പറഞ്ഞിരിക്കകൊണ്ടു് ‘ണ’ ശബ്ദം ശിവപരമാകയാൽ ശിവബ്രഹ്മങ്ങൾക്കു് അഭേദത്തെ കല്പിച്ചു് ശിവനെ ബ്രഹ്മമായിട്ടും ‘പ്രകർഷേണ നവൊയസ്മാൽ പ്രണവസ്തേന കീർത്തിതഃ’ എന്നുള്ള അഭിയുക്തവചന പ്രകാരവും ത്രി + നയനം ത്രിണയനം, പ്ര + നമിതം പ്രണമിതം എന്നിങ്ങനെ ‘ന’ ശബ്ദത്തിന്‌ ‘ണ’ ശബ്ദം പ്രയോഗത്തിലിരിക്കയാലും അതുകൾക്കും അഭേദത്തെകല്പിച്ചു് ‘ണ’ ശബ്ദത്തെ ‘ന’ ശബ്ദമായിട്ടും അതിനെ (ആ ‘ന’ ശബ്ദത്തെ) ബ്രഹ്മപരമായിട്ടും അർത്ഥം ചെയ്തതാണെങ്കിൽ ഈ പ്രയോഗങ്ങൾ നിമിത്തം ‘ന’ കാരസ്ഥാനത്ത് ‘ണ’ കാര സിദ്ധിയേ ആയിട്ടുള്ളു. ‘ണ’ കാരസ്ഥാനത്ത് ‘ന’ കാരം സിദ്ധിച്ചെങ്കിലേ ഇവിടെ ശരിയാകയൊള്ളു. അതിലേക്കു ഈ പ്രയോഗം തീരെ മതിയാകുന്നുമില്ല. മതിയാകുന്ന വിധത്തിൽ പ്രമാണവും കാണുന്നില്ല.

അതു തന്നെയല്ല, ത്രിണയനം, പ്രണമിതം ഇതുകളിലെ പൂർവഗതങ്ങളായ ‘ത്രി’ ‘പ്ര’ ഇതിന്മണ്ണമുള്ള വർണ്ണങ്ങൾക്കു് പരമായിരിക്കുമ്പോഴല്ലാതെ ശബ്ദങ്ങളുടെ ആദ്യക്ഷരമായിരിക്കുമ്പോൾ ‘ന’ കാരം ‘ണ’കാരമാകയില്ല.

സമാധാനം :- ‘എന്നാൽ ’ന‘ കാരരൂപായനമഃ ശിവായ’ എന്നു കാണുക കൊണ്ടു് ‘ണ’കാരം വേണ്ടാ ‘ന’ കാരം തന്നെ ശരിയായിട്ടുണ്ടു്. ഇനി മുൻപറഞ്ഞപോലെ ബ്രഹ്മപരവും വേദാർത്ഥകവും ആകാമല്ലോ.

നിഷേധം :- എന്നാൽ ഈ പറഞ്ഞവാക്യം പഞ്ചാക്ഷരസ്തോത്രത്തിലുള്ളതും ഈ സ്തോത്രം ശിവനെ പഞ്ചാക്ഷര സ്വരൂപിയായി കല്പിച്ചു് സ്തുതിച്ചിട്ടുള്ളതുമാണു്. പഞ്ചാക്ഷരമെന്നാൽ അഞ്ചക്ഷരങ്ങളുടെ സമുദായമാകുന്നു. ഇങ്ങനെ പഞ്ചാക്ഷര സമുദായ സ്വരൂപനായ ശിവനെ ബ്രഹ്മമാക്കുമ്പോൾ അതിലെ അഞ്ചക്ഷരങ്ങളെ (‘ന’ ‘മ’ ‘ശി’ ‘വാ’ ‘യ’) ബ്രഹ്മപരമായിട്ടുള്ളവയെന്നാകും. അതു ശരിയാണെന്നു വരികയില്ല.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/11&oldid=166753" എന്ന താളിൽനിന്ന് ശേഖരിച്ചത്