പ്രാചീനമലയാളം 2/എമ്പ്രാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം 2
രചന:ചട്ടമ്പിസ്വാമികൾ
എമ്പ്രാൻ


[ 8 ] ബ്രാഹ്മണർക്കു് ഏതു ദിക്കിലും പൊതുവെ ഉള്ള ബ്രാഹ്മണ ശബ്ദത്തിനു പുറമെ, അവിടെ നടപ്പുള്ള ഒരു ഉപാധിനാമവും കൂടി ഇല്ലാതിരിക്കയില്ല. അയ്യൻ, ഭട്ടൻ, ആചാര്യൻ മുതലായവ ഉദാഹരണങ്ങളാകുന്നു. ഈ എമ്പ്രാന്മാർക്കു മാത്രം ആദ്യമെ അവരുടെ ദേശത്തു് ബ്രഹ്മണരെന്നു മാത്രമല്ലാതെ വേറെ ഒരു ഉപാധി നാമവും ഉണ്ടായിരുന്നില്ലയൊ? എന്തുകാരണത്താലാണു് ഈ വിളിമൊഴിയെ ഇത്ര പ്രയാസപ്പെട്ടു് നാമമാക്കി തീർത്തതു്? പേരറിയാൻ പാടില്ലാത്തവർ ഒരു സമയം സാമാന്യമായുള്ള കുലനാമത്തെച്ചൊല്ലി വിളിച്ചെന്നു വന്നേക്കാം. ഏതായാലും ആയതിനെ തന്നെ നാമമാക്കുകയെന്നും ഇക്കൂട്ടർക്കു് പൂർവകാലം തുടങ്ങി അന്നു വരെ യാതൊരു ഉപാധിനാമവും സ്ഥാനപ്പേരും ഇല്ലാതിരുന്നു എന്നും ഉള്ളതു സാധുവായിവരികയില്ല.

ഇനി ഒരു പക്ഷെ മുമ്പറഞ്ഞപോലെ ബ്രാഹ്മണശബ്ദത്തിനെ നാമമാക്കി എന്നു തന്നെ ഇരിക്കട്ടെ. എന്നാലും ഇതിലേക്കു ആവശ്യമില്ലാത്തതായ ‘ഹെ’ ശബ്ദം കൂടി ചേർക്കയും ‘ഹ്മ’ കാര ‘ണ’ കാരങ്ങളെ മുറിച്ചു തള്ളിക്കളകയും ചെയ്തു എന്നുള്ളതും മുൻപോലെ അസംബന്ധം തന്നെ.

നമ്പൂരിമാരേയും പോറ്റിമാരേയും ഭാർഗ്ഗവൻ ‘ഹെബ്രാഹ്മണ’ എന്നു ഒരിക്കലും പറകയൊ വിളിക്കയൊ ചെയ്തിട്ടില്ലായിരിക്കുമൊ? ആട്ടെ ആയതുമിരിക്കട്ടെ, പുലയർ മുതലായവർ മലയാളി നായന്മാരെ ‘എമ്പിരാ’(ക്കൾ)നെന്നും നായർ സ്ത്രീകളെ ‘എമ്പിട്ടിയാർ’ (എമ്പിരാട്ടിയാർ) എന്നും വളിക്കുന്നതു നടപ്പാണല്ലൊ. ഇവരെയും ഭാർഗ്ഗവൻ ‘ഹെബ്രാഹ്മണ’ എന്നു വിളിച്ചിരിക്കുമൊ?

സമാധാനം :- ഈ നാമം കേട്ടു കൊതിയിളകി നായന്മാർ പുലയരെക്കൊണ്ടു് വിളിപ്പിച്ചതായിരിക്കാം. [ 9 ] നിഷേധം :- ‘എമ്പിരാനെ നീ നൊന്താൽ’ എന്നു തമിഴു് രാമായണത്തിലും ‘എമ്പിരാൻ ചമ്പന്തടിയാർക്കു മടിയേൻ’ എന്നു പെരിയപുരാണം, തിരുത്തൊണ്ടപ്പതികത്തിലും ഇതുപോലെ മറ്റു് അസംഖ്യം പ്രയോഗങ്ങളും തമിഴിൽ കാണുന്നല്ലൊ. പാണ്ടിക്കാരേയും ഭാർഗ്ഗവൻ അപ്രകാരം വിളിച്ചിട്ടുണ്ടായിരിക്കുമൊ? അല്ലെങ്കിൽ നായന്മാർ അവിടങ്ങളിലും ചെന്നു് അവരെക്കൊണ്ടും അപ്രകാരം പറയിച്ചതായിരിക്കുമൊ? ഈ മുറയ്ക്കു് തമ്പ്രാക്കളെന്ന ശബ്ദത്തിനു് ഭാർഗ്ഗവൻ അദ്ദേഹത്തെ സബ്രാഹ്മണഃ (ആ ബ്രാഹ്മണൻ) എന്നു പറഞ്ഞതായും ആയതിനെ മുൻപോലെ പാതിയാക്കി ‘സബ്രാ’ എന്നും അതു പിന്നീടു് ‘തമ്പ്രാ’ക്കളെന്നും ആയതായി പറയാതെ സമ്രാഡെന്നു പറഞ്ഞിരിക്കുന്നതും അസംബന്ധം തന്നെ.

പാച്ചു മൂത്തതിന്റെ പുസ്തകത്തിൽ ‘എം പെരുമാൻ’ എന്നുള്ളതു ലോപിച്ചു് ‘എമ്പ്രാൻ’ എന്നു വന്നതാണെന്നു പറഞ്ഞിരിക്കുന്നു. ഈ ശബ്ദം എം പെരുമാനെന്നുള്ളതു ലോപിച്ചതല്ല. ഇതിന്റെ രൂപം എമ്പിരാനെന്നുതന്നെയാണു്. ഇതിനു് എന്റെ പെരിയവൻ എന്നു് അർത്ഥവുമാകുന്നു.