പ്രാചീനമലയാളം 2/മൂസ്സത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രാചീനമലയാളം 2
രചന:ചട്ടമ്പിസ്വാമികൾ
മൂസ്സത്


[ 23 ]
മൂസ്സത്

ഇനി ജാതിമാത്രന്മാരിൽ ൧ ാം തരക്കാരായ മൂസ്സന്മാരുടെ കുറച്ചിലിനു കാരണം ചികിത്സ അല്ലെന്നു കാണിക്കാം.

ധർമ്മത്തെ ആചരിക്കുന്നതിനും അർത്ഥത്തെ സമ്പാദിക്കുന്നതിനും കാമത്തെ അനുഭവിക്കുന്നതിനും മോക്ഷത്തെ പ്രാപിക്കുന്നതിനുമുള്ള സാധനമാകുന്നു ഈ ശരീരം. ഇങ്ങനെയുള്ള ഈ ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തി വേണ്ടും പ്രകാരത്തിലാക്കിയിരുത്തുന്നതിലേക്കുള്ള മാർഗ്ഗങ്ങളെ അറിയിക്കുന്നതാകുന്നു വൈദ്യശാസ്ത്രം.

‘ബ്രാഹ്മാ സ്മൃത്വായുഷൊ വേദം പ്രജാപതി മജിഗ്രഹൽ
സൊശ്വിനൌ തൌ സഹസ്രാക്ഷം സൊത്രി
പുത്രാദികാനൃഷീൽ’

ഈ വൈദ്യശാസ്ത്രമായ ആയുർവ്വേദത്തെ ആദ്യം ബ്രഹ്മാവുണ്ടാക്കി ദക്ഷപ്രജാപതിയേയും അദ്ദേഹം അശ്വിനിദേവകളേയും അവർ ദേവേന്ദ്രനേയും അദ്ദേഹം അത്രി പുത്രൻ, ആത്രേയൻ, ഭരദ്വാജൻ, അംഗിരസ്, ജമദഗ്നി, വസിഷ്ഠൻ, കാശ്യപൻ, ഭൃഗു, ഗൌതമൻ, സാംഖ്യൻ, പുലസ്ത്യൻ, നാരദൻ, അനന്തൻ, വാമദേവൻ, മാർക്കണ്ഡേയൻ, കപിഞ്ജലൻ, വിശ്വാമിത്രൻ, അശ്വാരണ്യൻ, ഭാർഗ്ഗവൻ, ച്യവനൻ, അഭിജിത്ത്, ഗാർഗ്ഗ്യൻ, ശാണ്ഡില്യൻ, കൌണ്ഡില്യൻ, ദെവലൻ, ശാലവൻ, സൌഹൃത്യൻ, കുശികൻ, ബാദരായണൻ, കൈകസെയി, ധൌമൻ, മരീചി, ഹിരണ്യാക്ഷൻ, ലോകാക്ഷൻ, ശൌനകൻ, മുതലായ മഹർഷിമാരേയും പഠിപ്പിച്ചു. ഇപ്രകാരം മഹാന്മാരായ മഹർഷിമാർ പോലും പൂർവ്വകാലങ്ങളിൽ പഠിച്ചു വർത്തിച്ചു വന്നിരുന്നതാണു്. ഇക്കാലങ്ങളിലും കുലീനന്മാർ പോലും അഭ്യസിച്ചു് പരോപകാരാർത്ഥം ചെയ്തു വരുന്നതു് മുമ്പറഞ്ഞ മഹർഷിമാർക്കാകട്ടെ ഇതു സംബന്ധമായി ഭ്രഷ്ടു സംഭവിക്കുകയും കുറച്ചിലുള്ളതാണെന്നും പ്രമാണങ്ങളിൽ പറകയും ചെയ്തിട്ടില്ല. [ 24 ] എത്രയൊക്കെ പ്രയോജനമുള്ളതായാലും ഇതു നിമിത്തം ചില ഹിംസകൾക്കും ശസ്ത്രക്രിയകൾക്കും കൂടി ഇടവന്നേക്കാമെന്നുള്ളതിനാൽ ന്യൂനതയും കുറച്ചിലുമുണ്ടു് എന്നു വാദിക്കുന്നു. എങ്കിൽ വേദസമ്മതമായും മന്ത്രാദികളേർപ്പെട്ടുമിരിക്കുന്ന ഒരു വലുതായ കൃത്യമെന്നു വരികിലും യാഗകർമ്മമായതു് ഹിംസയ്ക്കും ശസ്ത്രക്രിയക്കും ഹേതുവായിരിക്കയാൽ നീചമായുള്ളതെന്നും തദനുഷ്ഠാതാക്കൾക്കും കുറച്ചിലുണ്ടാകേണ്ടതാണെന്നും വരണം. അപ്രകാരമുള്ളതായി അറിയുന്നില്ല. മറ്റുള്ള സ്ഥലങ്ങളിലും യോഗ്യന്മാരെന്നു വേണ്ടാ സാമാന്യന്മാർക്കുപോലും അതി നിഷിദ്ധങ്ങളായ അനേകം സംഗതികളെ ഈ മലയാളത്തിൽ നിഷിദ്ധമല്ലെന്നു കല്പിച്ച ഭാർഗ്ഗവൻ അനിഷിദ്ധവും ഉപകാരവുമായ ഈ സംഗതിക്കു മനഃപൂർവ്വമായെന്ന പോലെ വിശേഷമായിട്ടു് ഒരു നിഷിദ്ധത(യെ) കല്പിക്കുകയും ആയതിനെ സ്വൗജനമായ ഇവരെക്കൊണ്ടു തന്നെ സ്വീകരിപ്പിക്കുകയും ചെയ്യുന്നതിലേക്കു് ഒരിക്കലും തുനികയില്ല.

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=പ്രാചീനമലയാളം_2/മൂസ്സത്&oldid=32925" എന്ന താളിൽനിന്ന് ശേഖരിച്ചത്