‘തമ്പി’ എന്നതു സ്ഥാനപ്പേരു്. അനുജനെന്ന അർത്ഥവുമുണ്ടു്.
മലയാളം വടക്കൻ പ്രദേശങ്ങളിൽ ക്ഷേത്രത്തിൽ ശാന്തിക്കാരന്നു് ‘നമ്പി’യെന്നും തമിഴു (പാണ്ടി) ദേശങ്ങളിൽ അവരെ നമ്പ്യാനെന്നും പറയുന്നൊണ്ടു്. തെക്കൻ പ്രദേശങ്ങളിൽ (മുഖ്യമായി തിരുവിതാംകൂറിൽ) ശാന്തിക്കാരനേയും കുടുംബരക്ഷണം ചെയ്യുന്നകാരണവനേയും ‘പോറ്റി’ എന്നു പറയുന്നു. സന്ധ്യയ്ക്കു കൊളുത്തി വച്ച വിളക്കിനെയും ഗുരുക്കന്മാരൊ ഭക്തന്മാരൊ വന്നാൽ അവരേയും കുഞ്ഞുങ്ങളെ കൊണ്ടുകാണിച്ചു് ‘ഉമ്പോറ്റിയാണ് തൊഴുതൊ’ എന്നു പറഞ്ഞു വന്ദിപ്പിക്കുക പതിവാണു്. ശുദ്ധതമിഴക്കാറനു് സാധാരണ വർത്തമാനം പറയുമ്പോൾ പോത്തി എന്നു് (റ്റി ക്കു പകരം ത്തി ചേർത്തു) വിളിക്കുന്നുണ്ടു്. മുഖ്യമായി മലയാളമായ നീലീശ്വരത്തുനിന്നും ശാന്തിക്കാഗ്രഹിച്ചു വരുന്നവരെയാണു് എമ്പ്രാനെന്നു പറഞ്ഞു പോരുന്നതു്. ഈ പതിവിനെ അനുസരിച്ചു് അപ്പുറത്തു് (തുളുദേശത്തു) നിന്നും വരുന്നവരേയും കൂടി എമ്പ്രാൻ എന്നുവിളിച്ചുപോകുന്നു എന്നേയുള്ളു. ഇതിന്റെ ഭേദത്തെ അറിയാൻ പാടില്ലാ. അതുകൊണ്ടും മുൻ പഴക്കം കൊണ്ടും തുളുനാട്ടിൽ നിന്നാണെന്നറിഞ്ഞാലും എമ്പ്രാനെന്നതിനെ വിടാതെ തുളുഎമ്പ്രാനെന്നു പറയുന്നു. പട്ടനെന്നോ മറ്റേതെങ്കിലും പരദേശത്തു ബ്രാഹ്മണർക്കു പറയുന്ന നാമമൊ പറഞ്ഞാൽ ഇവിടെ (മലയാളത്തു) ശാന്തികഴിക്കാൻ സമ്മതിക്കയില്ലെന്നുള്ളതു നിശ്ചയമാകകൊണ്ടു് വരുന്നവരും അവരുടെ ഉപാധിനാമത്തെ വെളിപ്പെടുത്താതെ തുളു എമ്പ്രാനെന്നും പോറ്റിയെന്നും അജ്ഞതയിൽ ഇവിടെ വിളിക്കുകയും അവർ അംഗീകരിക്കുകയും ചെയ്യുന്നു. പട്ടർ എന്നു പറഞ്ഞാൽ ശാന്തി മുതലായതു കൊടുക്കയില്ലാത്തതിനാലും, എമ്പ്രാൻ, പോറ്റി, നമ്പി ഇവർക്കേകൊടുക്കൂ എന്നിരിക്കകൊണ്ടും ഈ പേരുകൾ വാസ്തവത്തിൽ മലയാളത്തു് നായർ ജാതിക്കു സ്വന്തമായിട്ടുള്ളവയാകകൊണ്ടും മുൻകാലങ്ങളിൽ നായന്മാർ തന്നെ പ്രതിഷ്ഠ, ശാന്തി മുതലായവ നടത്തിവന്നു എന്നും ധനേഛനിമിത്തം നായന്മാരോടു ചേർന്നും വിരോധമില്ലതെയിരിപ്പാൻ വേണ്ടിയും അവരുടെ പേരുകളെക്കൊണ്ടും പരദേശ ബ്രാഹ്മണർ ക്ഷേത്രങ്ങളിൽ പ്രവേശിച്ചതാണെന്നും തെളിയുന്നു.