പ്രപഞ്ചവും മനുഷ്യനും/മസ്തിഷ്ക പ്രവർത്തനങ്ങൾ
[ 238 ]
23
[തിരുത്തുക]മസ്തിഷ്കപ്രവർത്തനങ്ങൾ
[തിരുത്തുക]മനസ്സ് എന്ന നമ്മുടെ സങ്കല്പത്തിനാസ്പദമായ മാനസികപ്രവർത്തനങ്ങളും മസ്തിഷ്കപ്രവർത്തനങ്ങളും അനന്യങ്ങളാണെന്ന നിഗമനത്തിലാണ് നാമെത്തിച്ചേർന്നത്. നാഡീവ്യൂഹത്തിന്റെ സാമാന്യഘടനയെക്കുറിച്ചും നാം ചിലതെല്ലാം മനസ്സിലാക്കി. ഈ അടിസ്ഥാനത്തിൽ മൗലികമായ മസ്തിഷ്കപ്രവർത്തനങ്ങളെന്തെല്ലാമാണെന്നും അവ എങ്ങനെ നടക്കുന്നു എന്നും പരിശോധിക്കാം.
മനുഷ്യന്റെ മസ്തിഷ്കത്തിൽ മാത്രമായി, ഏതാണ്ട് 1200-1500 കോടി നാഡീകോശങ്ങളുണ്ട്. ഇവ തമ്മിൽ തമ്മിൽ വിവിധ രീതിയിൽ ബന്ധം സ്ഥാപിക്കുന്നതാണ്, വിവിധ മാനസിക പ്രവർത്തനങ്ങൾക്കെല്ലാമടിസ്ഥാനം. അത്രയും നാഡീകോശങ്ങൾ വിവിധ രീതിയിൽ സംയോജിച്ചാലുണ്ടാകുന്ന പുതിയ പുതിയ ബന്ധങ്ങളുടെ എണ്ണം, പ്രപഞ്ചത്തിലാകെയുള്ള പരമാണുക്കളുടെ എണ്ണത്തേക്കാൾ വലുതായിരിക്കുമത്രേ! ഇത്രയധികം സങ്കീർണ്ണമായ മസ്തിഷ്കത്തിൽ നടക്കുന്ന പ്രവർത്തനങ്ങളും അതീവ സങ്കീർണ്ണമായിരിക്കുമല്ലോ. അതെല്ലാം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും. മാത്രമല്ല, മാനസിക പ്രവർത്തനങ്ങളുടെ മൂലഹേതു കണ്ടെത്താനായി മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാനുള്ള സംഘടിതശ്രമം ആരംഭിച്ചിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ശാസ്ത്രം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ വളരെ പരിമിതമാണ്. ഇന്നും ഒട്ടേറെ മൗലികപ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും സിദ്ധാന്തങ്ങളുടെയും തത്ത്വങ്ങളുടെയും നിലവാരത്തിൽ തന്നെയാണ് നിലനില്ക്കുന്നത്. എങ്കിലും, അടുത്തകാലത്തായി, പലതരത്തിലുള്ള പുതിയ പഠനസമ്പ്രദായങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് മസ്തിഷ്കപ്രവർത്തനങ്ങളുടെ പല മേഖലകളിലെയും പ്രവർത്തനരഹസ്യങ്ങൾ അനാവരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
അതിസൂക്ഷ്മങ്ങളായ ഇലക്ട്രോഡുകൾ ഉപയോഗിച്ച് ഓരോ നാഡീകോശത്തിന്റെയും വൈദ്യുതപ്രവർത്തനങ്ങളുടെ പ്രത്യേകത രേഖപ്പെടുത്താനിന്നു കഴിയുന്നുണ്ട്. ഇത്തരത്തിലുള്ള വിവിധ നിരീക്ഷണങ്ങളുടെ ഫലമായി ഒരു നാഡീകോശത്തിൽ നിന്നുള്ള വാർത്തകൾ അടുത്തതിലേക്കു പകർത്തപ്പെടുമ്പോൾ സംഭവിക്കുന്ന അടിസ്ഥാനപരമായ രാസപ്രവർത്തനങ്ങളെന്തെല്ലാമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നാഡീകോശങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്നതും, അവ തമ്മിൽ വാർത്തകൾ കൈമാറുന്നതും എങ്ങനെയാണെന്നു മനസ്സിലാക്കുമ്പോഴാണ് ഇന്ദ്രിയ [ 239 ] ബോധം, പഠനം, ചിന്ത, വികാരം തുടങ്ങിയ മാനസികപ്രവർത്തനങ്ങളുടെ മൗലികസ്വഭാവം വ്യക്തമാവുന്നത്.
ജന്തുക്കളുടെ മസ്തിഷ്കത്തിൽ സ്ഥിരമായി പ്രതിഷ്ഠിക്കുന്ന ഇലക്ട്രോഡുകൾ മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ അത്യധികം സഹായകമായ ഉപാധികളാണ്. കുരങ്ങിനെയും മനുഷ്യനെയും മറ്റും ബോധം കെടുത്തിയതിനുശേഷം ഇലക്ട്രോഡുവയറുകൾ മസ്തിഷ്കത്തിൽ സ്ഥിരമായി പ്രതിഷ്ഠിക്കുന്നു. ബോധക്കേടിൽനിന്നുണർന്നതിനുശേഷം ഈ ഇലക്ട്രോഡുവയറിനെ വിവിധ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പരീക്ഷണവിധേയനാകുന്ന ജന്തു വിവിധ മാനസികപ്രവർത്തനങ്ങളിലേർപ്പെടുമ്പോഴുണ്ടാകുന്ന നാഡീകോശ വൈദ്യുതപ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ കഴിയുന്നുണ്ട്. ഇങ്ങനെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങൾ ജന്തു വിവിധ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസ്സിലാക്കാം.അതുപോലെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങൾ ഉത്തേജിപ്പിക്കുമ്പോൾ എന്തെന്തു പ്രതികരണങ്ങളാണുളവാകുന്നതെന്നും മനസ്സിലാക്കാൻ കഴിയും. വിൽഡർ പെൻഫീൽഡിന്റെയും കൂട്ടരുടെയും ഗവേഷണങ്ങൾ ഈ മേഖലയിൽ അത്ഭുതാവഹമായ സംഗതികൾ വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം രോഗികളുടെ മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങൾ ഇലക്ട്രോഡുകൾ കൊണ്ട് ഉത്തേജിപ്പിച്ചപ്പോൾ വളരെക്കാലം മുമ്പു നടന്നതും തീരെ മറന്നുപോയിരുന്നതുമായ അനുഭവങ്ങൾ രോഗിയിൽ പുനരുത്തേജിപ്പിക്കപ്പെടുകയുണ്ടായി. മസ്തിഷ്കത്തിൽ വന്നുപെടുന്ന അനുഭവങ്ങൾ അഥവാ വാർത്തകൾ വിവിധ കേന്ദ്രങ്ങളിൽ ശേഖരിക്കപ്പെടുന്നുണ്ടെന്നും അവ വീണ്ടും ഉത്തേജിപ്പിക്കാനിടയാവുമ്പോൾ മാത്രമാണ് സ്മൃതിപഥത്തിലേയ്ക്കു പൊന്തിവരുന്നതെന്നും ഇതു തെളിയിക്കുന്നു. ഇതു പോലെ അതീവ സങ്കീർണ്ണങ്ങളായ വിവിധ പഠനസമ്പ്രദായങ്ങൾ മസ്തിഷ്കപ്രവർത്തനങ്ങളുടെ രഹസ്യം കണ്ടെത്താനായി ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം ഗവേഷണങ്ങളുടെയെല്ലാം ഫലമായി സമാഹരിക്കപ്പെട്ടിട്ടുള്ള വിവരങ്ങളെന്തൊക്കെയാണെന്നു നോക്കാം.
നിരുപാധികവും സോപാധികവുമായ റിഫ്ലെക്സുകൾ
[തിരുത്തുക]പണ്ടൊരു തത്വചിന്തകൻ അഭിപ്രായപ്പെടുകയുണ്ടായി. നവജാതശിശുവിന്റെ മനസ്സ് ഒരു ഒഴിഞ്ഞ സ്ലേറ്റാണ്, അതിൽ പലതും കുറിക്കുന്നത് പിൽക്കാലാനുഭവങ്ങളാണ്. ഈ അഭിപ്രായം ഭാഗികമായി മാത്രമേ അംഗീകരിക്കാനാവൂ. കാരണം, ഒരു മനുഷ്യശിശുവിന്റെ കൈമുതലായി സഹസ്രാബ്ദങ്ങളിൽ പരിണാമഫലമായി മനുഷ്യവംശം നേടിയ എണ്ണമറ്റ സവിശേഷഗുണങ്ങളുടെ മൗലികരൂപങ്ങൾ പാരമ്പര്യഘടകങ്ങളുടെ-ജീനുകളുടെ-രൂപത്തിൽ അവനിൽ കുടികൊള്ളുന്നുണ്ട്. ജനനസമയത്ത് ബാഹ്യലോകത്തെക്കുറിച്ചുള്ള ഒരനുഭവവും അവന്റെ മനോമണ്ഡലത്തിലുണ്ടാവില്ലെന്നതു [ 240 ] ശരിതന്നെ. പക്ഷേ, ബാഹ്യലോകത്തിൽനിന്നുളവാകുന്ന ചോദനങ്ങൾക്കു ഏതു തരത്തിലുള്ള പ്രതികരണങ്ങളാണ് ഉളവാക്കേണ്ടത് എന്നത് അവനിൽ നിർണ്ണയിക്കപ്പെട്ടിരിക്കും. പ്രാഥമികമായ ഇത്തരം പ്രവർത്തനങ്ങളുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നത് പാരമ്പര്യഘടകങ്ങളായിരിക്കും. ഈ ഘടകങ്ങൾ തലമുറകൾതോറും അനസ്യൂതം കൈമാറ്റം ചെയ്യപ്പെട്ടുപോന്നവയുമായിരിക്കുമല്ലോ. അമൂല്യങ്ങളായ ഈ പാരമ്പര്യസമ്പത്തും പരിതഃസ്ഥിതിയുമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായാണ് ഓരോ പുതിയ അനുഭവങ്ങളും അവൻ ആർജ്ജിക്കുന്നത്.
പാരമ്പര്യഘടകങ്ങളുടെ പ്രവർത്തനഫലമായുണ്ടാകുന്ന സ്വഭാവങ്ങളെ നാം ജന്മവാസനകളെന്നു വിളിക്കുന്നു. പാരമ്പര്യഘടകങ്ങൾ വിവിധരീതിയിൽ സംയോജിക്കുന്നതുവഴി, ജന്മവാസനകളുടെ തന്നെ സമഗ്രമായ പ്രവർത്തനത്തിൽ വരുന്ന വൈവിധ്യമാണ് വ്യക്തികളുടെ മൗലിക സ്വഭാവങ്ങൾ തമ്മിൽ അന്തരമുണ്ടാവാൻ കാരണം. മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതിയുമായി ഇണങ്ങിച്ചേരാൻ ജന്മവാസനകൾ മാത്രം പോരാ. അവ ഈ ഇണങ്ങിച്ചേരലിനു ഉപയുക്തമാകാവുന്ന മാറ്റങ്ങളുണ്ടാകുന്നതിനുള്ള പ്രാരംഭഘടകങ്ങളായി മാത്രമേ വർത്തിക്കൂ. ഇങ്ങനെ ജന്മവാസനകൂടാതെ ബാഹ്യചോദനത്തിന്റെ പ്രതിപ്രവർത്തനമെന്ന നിലയ്ക്കുണ്ടാവുന്ന ക്രിയാത്മകമായ പരിവർത്തനങ്ങളെയാണ് അനുവർത്തനങ്ങൾ എന്നു വിളിക്കുന്നത്. പരിതഃസ്ഥിതിക്കനുയോജ്യമായ ഈ അനുവർത്തനങ്ങളുണ്ടാകുന്നത് ജീവിയുടെ ആഗ്രഹപ്രകാരമല്ല; മറിച്ച് ശരീരഘടനാപരവും ശരീരധർമ്മപരവുമായ നിയമങ്ങൾക്കനുസൃതമായി മാത്രമാണ്.
ഭക്ഷണത്തിനും സ്വരക്ഷയ്ക്കും വേണ്ടിയുള്ള ചില അവശ്യസ്വഭാവങ്ങളെങ്കിലും എല്ലാ ജന്തുക്കളിലും ജന്മനാതന്നെ പ്രകടമാകുന്നു. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കോഴിക്കുഞ്ഞുങ്ങൾ ഭക്ഷണം കൊത്തിത്തിന്നുന്നതും തള്ളക്കോഴിയുടെ അപകടസൂചനകേട്ട് ഓടിയൊളിക്കുന്നതും ആരും പഠിപ്പിച്ചിട്ടല്ല. ഇത്തരം ജന്മവാസനകൾ എല്ലാ ജന്തുക്കൾക്കുമുണ്ട് പാരമ്പര്യഘടകങ്ങളുടെ പ്രവർത്തനഘടകങ്ങളാണവയ്ക്കു നിദാനം.
അന്തരീക്ഷത്തിലെ ഓക്സിജൻ സ്വീകരിച്ചെടുത്ത് ആവശ്യമായ രാസപ്രവർത്തനങ്ങൾ നടത്താൻ പറ്റും വിധമാണ് നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ പാരമ്പര്യഘടകങ്ങൾ നിയന്ത്രിക്കുന്നത്. വെള്ളത്തിൽ ലയിച്ചുചേർന്നിട്ടുള്ള ഓക്സിജൻ ആഗിരണം ചെയ്യാൻ പറ്റും വിധമാണ് മത്സ്യത്തിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ടുവിധത്തിലുമുള്ള ശ്വാസോച്ഛ്വാസങ്ങൾ നടക്കുന്നത് ആ ജന്തുക്കളുടെ ആഗ്രഹപ്രകാരമല്ല. അതുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളെ അനൈച്ഛിക ചേഷ്ടകൾ അഥവാ റിഫ്ലെക്സുകൾ എന്നുവിളിക്കുന്നു. ആന്തരികമോ ബാഹ്യമോ ആയ ചോദനങ്ങൾ കേന്ദ്രനാഡീവ്യൂഹത്തിലെത്തി അവിടെനിന്ന് നിശ്ചിതരീതിയിലുളവാകുന്ന നിർദ്ദേശങ്ങളനുസരിച്ച് ഏതെങ്കിലും അവയവത്തിൽ പ്രതികരണമുണ്ടാകുന്നതിനെയാണ് റിഫ്ലെക്സ് എന്നു പറയുന്നത്. ഇങ്ങനെ [ 241 ] ചോദനത്തെ സ്വീകരിക്കുന്ന ശരീരഭാഗം മുതൽ കേന്ദ്രനാഡീവ്യൂഹം വഴി പ്രതികരണമുളവാക്കുന്ന ഭാഗം വരെയുള്ള നാഡീകോശ ശൃംഖലയെ റിഫ്ലെക്സ് ആർക് എന്നുവിളിക്കുന്നു. മുകളിൽ പറഞ്ഞ രീതിയിലുള്ള റിഫ്ലെക്സുകൾ ബാഹ്യമായ ഒരു ഉപാധിയെയും ആശ്രയിക്കുന്നില്ല. അപ്പോൾ ബാഹ്യപരിതഃസ്ഥിതി മാറുന്നതിനനുസരിച്ച് ഇത്തരം അനൈച്ഛിക ചേഷ്ടകൾക്കു മാറ്റം സംഭവിക്കില്ല. അതിനാലാണ് മത്സ്യത്തെ കരയ്ക്കിട്ടാൽ, അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ വലിച്ചെടുക്കാൻ പറ്റും വിധം അവയുടെ മൗലികമായ അനൈച്ഛിക ചേഷ്ടകളെ നിയന്ത്രിക്കാൻ പറ്റാതെ ചത്തുപോകുന്നത്. ഇത്തരം ചേഷ്ടകളെ നിരുപാധികമായ റിഫ്ലെക്സുകളായി കണക്കാക്കുന്നു. എല്ലാ ജന്മവാസനകളും ഇതിലുൾപ്പെടും. ഓരോ ജീവജാതിയിലെയും എല്ലാ അംഗങ്ങളിലും ഈ ജന്മവാസനകൾ സമാനങ്ങളായിരിക്കും. മനുഷ്യന്റെ കാര്യത്തിൽ അനൈച്ഛികമായുണ്ടാവുന്ന ഒട്ടേറെ പ്രതികരണങ്ങൾ ഈ വിഭാഗത്തിൽ പെടുന്നവയാണ്. കണ്ണിൽ ശക്തിയേറിയ പ്രകാശം തട്ടുമ്പോൾ കൃഷ്ണമണി ചുരുങ്ങുന്നതും, വായിൽ ഭക്ഷണം വയ്ക്കുമ്പോൾ ഉമിനീരുല്പാദിപ്പിക്കപ്പെടുന്നതും, തീയിലോ ചൂടുള്ള വസ്തുക്കളിലോ കയ്യോ കാലോ മുട്ടിയാൽ പെട്ടെന്ന് പിൻ വലിക്കുന്നതും മറ്റും ഇത്തരം റിഫ്ലെക്സുകളാണ്. ഇവയെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിലെ അധോകേന്ദ്രങ്ങളാണ്. ഇവിടെ ഒരു പ്രത്യേക ചോദനത്തിന് അതിനനുസൃതമായ ഒരേതരത്തിലുള്ള പ്രതികരണം തന്നെ എല്ലായ്പ്പോഴുമുണ്ടാകുന്നു. ഒട്ടുംതന്നെ പരിവർത്തനവിധേയമാകാത്ത ഒരു പരിതഃസ്ഥിതിയിൽ മാത്രമേ ഇത്തരം നിരുപാധികമായ റിഫ്ലെക്സുകളുടെ സഹായത്താൽ മാത്രം ഒരു ജീവിക്കു നിലനിൽക്കാൻ കഴിയൂ. എന്നാൽ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതിയിൽ നിന്നുളവാകുന്ന പുതിയ ചോദനങ്ങൾ പുതിയ പ്രതികരണങ്ങൾ രൂപം കൊള്ളേണ്ടത് അനിവാര്യമാക്കിതീർക്കുന്നു. ഇങ്ങനെ പുതിയ ഉപാധികൾ വഴി നിലവിലുള്ള നിരുപാധിക റിഫ്ലെക്സുകളിൽ താൽക്കാലിക ബന്ധങ്ങൾ രൂപപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതികരണത്തെ സോപാധികമായ റിഫ്ലെക്സുകൾ എന്നു വിളിക്കുന്നു. ഉയർന്ന മാനസിക പ്രവർത്തനങ്ങൾ പലതിനും അടിസ്ഥാനമായി വർത്തിക്കുന്നത് ഇത്തരം റിഫ്ലെക്സുകളാണ്.
നിരുപാധികവും സോപാധികവുമായ റിഫ്ലെക്സുകളെല്ലാം ഉടലെടുക്കുന്നതു കേന്ദ്രനാഡീവ്യൂഹത്തിലാണ്. ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നതിനു വിവിധ അവയവങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഈ അവയവങ്ങളെല്ലാം നിയന്ത്രിക്കുന്ന നാഡീകോശങ്ങളാണ് ഇതിനുവേണ്ടി ഒരു സംയുക്തമാതൃക രൂപപ്പെടുത്തേണ്ടത്. അതിനു കേന്ദ്രനാഡീവ്യൂഹത്തിൽ നിന്നുള്ള പ്രചോദനം ആവശ്യമാണ്. എല്ലാ അവയവങ്ങളും അടുക്കും ചിട്ടയോടുംകൂടി പ്രചോദിപ്പിക്കുന്നതിനു കേന്ദ്രനാഡീവ്യൂഹത്തിലും അതിനനുസരിച്ചുള്ള നാഡീകോശങ്ങളുടെ പരസ്പരബദ്ധമായ ഒരു പ്രവർത്തനശൃംഖല അനുപേക്ഷണീയമാണ്. ജൈവപ്രാധാന്യമുള്ള മിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് അനിച്ഛാനാഡീവ്യവസ്ഥകളാണല്ലോ. കേന്ദ്രനാ [ 242 ] ഡീവ്യൂഹത്തിലെ അധോകേന്ദ്രങ്ങളോടു ബന്ധപ്പെട്ടുകിടക്കുന്ന ഈ വ്യവസ്ഥയുടെ പ്രവർത്തന ശൃംഖലകൾ, പാരമ്പര്യഘടകങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപംകൊണ്ടതാണ്. കേന്ദ്രനാഡീവ്യൂഹത്തിലെ പ്രധാനമായും ഉപമസ്തിഷ്കത്തിലെ നാഡീകോശങ്ങളാണ് ഇതിലെ പ്രധാന ഭാഗഭാക്കുകൾ. നിരുപാധികമായ റിഫ്ളെക്സുകൾക്ക് അടിസ്ഥാനമായി വർത്തിക്കുന്ന നാഡീകോശശൃംഖലകൾ സ്ഥിരമായതും പെട്ടെന്നു പരിവർത്തനങ്ങൾക്കു വിധേയമാകാത്തതുമാണ്. എന്നാൽ സോപാധികമായ റിഫ്ളക്സുകൾക്ക് ജന്മമേകുന്ന നാഡീകോശശ്രേണികൾ താൽക്കാലികമായി രൂപം കൊള്ളുന്നതു മാത്രമാണ്. അവ എളുപ്പത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യും. ഇങ്ങനെയുള്ള താൽക്കാലികബന്ധങ്ങൾ രൂപീകരിക്കാനുള്ള കഴിവ് എല്ലാ നാഡീകേന്ദ്രങ്ങളുടെയും അടിസ്ഥാനപരവും പൊതുവുമായ ഒരു സ്വഭാവവുമാണ്.
നിരുപാധികവും സോപാധികവുമായ റിഫ്ളെക്സുകൾക്കാധാരമായ നാഡീകോശപ്രവർത്തനത്തിൽ ഏറ്റവും പ്രധാനമായത് നാഡീകോശങ്ങൾ തമ്മിൽ രൂപംകൊള്ളുന്ന സന്ധികളാണ്. ഒരു പുതിയ സോപാധികമായ റിഫ്ളെക്സ് ഉടലെടുക്കണമെങ്കിൽ ആ പ്രവർത്തനത്തോടു ബന്ധപ്പെട്ട എല്ലാ അവയവങ്ങളെയും പരസ്പരം കോർത്തിണക്കിക്കൊണ്ടു പോകും വിധം അവയെയെല്ലാം നിയന്ത്രിക്കുന്ന നാഡീകോശകേന്ദ്രങ്ങൾ തമ്മിൽ താല്ക്കാലികബന്ധങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. അങ്ങനെ രൂപംകൊള്ളുന്ന ബന്ധങ്ങളെയാണ് നാഡീകോശസന്ധികളെന്നു വിളിക്കുന്നത്. ഈ സന്ധികൾ സാധാരണയായി രൂപമെടുക്കുന്നത് ഒരു നാഡീകോശത്തിന്റെ പ്രധാന ശാഖയും മറ്റൊരു കോശത്തിന്റെ പ്രധാന ശരീരഭാഗമോ അതോടു ബന്ധപ്പെട്ട നാഡീജടയിലെ ചെറുശാഖയോ തമ്മിലാണ്. ഈ ബന്ധങ്ങൾക്കു ചില പ്രത്യേകതകളുണ്ട്. ഒരു കോശത്തിന്റെ നീണ്ട നാഡീതന്തുവിന്റെ അറ്റം കുറേക്കൂടി വികസിച്ച് മറ്റേ നാഡീകോശത്തിന്റെ ഭിത്തിയോടു ചേർന്നുനില്ക്കുകയാണു പതിവ്. ഇവിടെ രണ്ടു കോശങ്ങളുടെയും ഭിത്തികൾക്കു യാതൊരു കോട്ടവുമുണ്ടാകുന്നില്ല. അതായത് ഒരു നാഡീതന്തു മറ്റേ കോശത്തിൽ നേരിട്ടു പ്രവേശിക്കുന്നില്ലെന്നർത്ഥം. ഈ സന്ധിസ്ഥാനത്ത് ചില പ്രത്യേക രാസവസ്തുക്കൾ സ്ഥിതിചെയ്യുന്നുണ്ട്. പ്രധാന നാഡീതന്തുവഴി വരുന്ന വൈദ്യുതോത്തേജനത്തിന്റെ ഏറ്റക്കുറവനുസരിച്ച് ഈ സന്ധിസ്ഥാനത്ത് രാസമാറ്റങ്ങളുണ്ടാകുന്നു. വൈദ്യുതോത്തേജനം ആവശ്യമായ തോതിലുണ്ടെങ്കിൽ മാത്രമേ ഈ സന്ധിസ്ഥാനത്തുനിന്ന് ആ ഉത്തേജനം അടുത്ത നാഡീകോശങ്ങളിലേയ്ക്കു പ്രവേശിക്കുകയുള്ളു. അതുകൊണ്ട് ഈ സമ്പ്രദായം ബാഹ്യചോദനങ്ങളെ കടത്തിവിടുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ ഒരു പരിശോധനാ കവാടമായി ഉപകരിക്കുന്നു. ഇത്തരം ബന്ധങ്ങൾ ഉടലെടുക്കുകയും അപ്രത്യക്ഷമാവുകയും മറ്റുമാണ് എല്ലാ ഉയർന്ന മാനസിക പ്രവർത്തനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. [ 243 ]
സോപാധിക റിഫ്ളെക്സ് രൂപംകൊള്ളുന്നതെങ്ങിനെയാണെന്നു തെളിയിക്കുന്നതിനു പാവ്‍ലോവ് നടത്തിയ സുപ്രസിദ്ധമായ ഒരു പരീക്ഷണമുണ്ട്. സ്വാദിഷ്ടമായ ഭക്ഷണം കാണുമ്പോൾ വായിൽ വെള്ളമൂറുക പതിവാണല്ലോ. നമ്മെ പോലെതന്നെ മറ്റു പല മൃഗങ്ങൾക്കുമുണ്ട് ഈ സ്വഭാവം. ഒരു നായയുടെ കാര്യമെടുക്കുക. ഭക്ഷണം നൽകിയാൽ നായയുടെ വായിലും ഉമിനീരൂറും. നാവുകൊണ്ടു ഭക്ഷണത്തിൽ സ്പർശിക്കുന്ന മാത്രയിൽത്തന്നെ ഒരു സംജ്ഞാനാഡിവഴി ഈ ബാഹ്യചോദനം ഉമിനീർഗ്രന്ഥിയോടു ബന്ധപ്പെട്ട ഉപമസ്തിഷ്കകേന്ദ്രത്തിലെത്തുന്നു. അവിടെനിന്നുള്ള നിർദ്ദേശം ഒരു ചേഷ്ടാ നാഡിവഴി ഉമിനീർഗ്രന്ഥിയിലെത്തുകയും തൽഫലമായി ഉമിനീർ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തന ശൃംഖലയെല്ലാംതന്നെ നിരുപാധിക റിഫ്ളെക്സിന്റേതാണ്. കാരണം, ഭക്ഷണം കഴിക്കുമ്പോൾ ഉമിനീർ പുറപ്പെടുവിക്കേണ്ടത് സുഗമമായി ഭക്ഷണമിറക്കുന്നതിനും ഭാഗികമായ ദഹനത്തിനും അനുപേക്ഷണീയമാണ്. ഇതു ഭക്ഷണ തൃഷ്ണയെപ്പോലുള്ള ഒരു ജന്മവാസനയോടും അഭേദ്യമായി ബന്ധപ്പെട്ട ഒരു അനൈച്ഛികചേഷ്ട മാത്രമാണ്.
പരീക്ഷണാർത്ഥം നായയ്ക്കു ഭക്ഷണം കൊടുക്കുന്നതോടൊപ്പം ഒരു വൈദ്യുതവിളക്കും കത്തിക്കുക. കണ്ണിൽ പതിക്കുന്ന പ്രകാശരശ്മികൾ ഉളവാക്കുന്ന ഉത്തേജനം തലച്ചോറിലെ ദർശനകേന്ദ്രത്തിലെത്തുകയും അവിടെനിന്നും ആ സമയത്ത് ഉത്തേജിക്കപ്പെട്ടിട്ടുള്ള ഉപമസ്തിഷ്കത്തിലെ ഉമിനീർഗ്രന്ഥിയോടു ബന്ധപ്പെട്ട കേന്ദ്രവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. നേത്രേന്ദ്രിയത്തിൽകൂടി വരുന്ന ഈ നാഡീകോശോത്തേജനശൃംഖല നാവിലൂടെ ഉമിനീർഗ്രന്ഥിയിലെത്തുന്ന നിരുപാധിക റിഫ്ളെക്സ് വ്യവസ്ഥയെക്കാൾ ശക്തിമത്താണ്. ഏതാനും ദിവസത്തെ പരിശീലനം കഴിയുമ്പോഴേയ്ക്കും ഈ പുതിയ വ്യവസ്ഥയ്ക്കു സ്ഥിരത ലഭിക്കുന്നു. പിന്നീട് ഭക്ഷണമില്ലാതെ തന്നെ വൈദ്യുതവിളക്കു കത്തിച്ചാൽ നായയുടെ വായിൽ ഉമിനീർ പൊടിയുന്നു. ഇവിടെ നിരുപാധികമായ ഒരു റിഫ്ളെക്സിനു പകരം വെളിച്ചമെന്ന ഉപാധിയോടുകൂടിയ സോപാധികമായ ഒരു റിഫ്ളെക്സ് രൂപംകൊള്ളുകയാണുണ്ടായത്.
ഇത്തരത്തിലുള്ള സോപാധികവും നിരുപാധികവുമായ റിഫ്ളെക്സുകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ മൃഗങ്ങളിൽ മാത്രമല്ല, മനുഷ്യരിലും ധാരാളമായി കാണാം. ഒരു നവജാതശിശുവിനെ ചൂടുവെള്ളത്തിൽ കുളിപ്പിക്കുമ്പോൾ ഒരു നിഷേധാത്മക പ്രതികരണമെന്ന നിലയ്ക്ക് ശക്തിയായി നിലവിളിക്കുകയും മറ്റും ചെയ്യുക സാധാരണമാണല്ലോ. നിലവിളി സ്വരക്ഷയ്ക്കു വേണ്ടിയുള്ള നിരുപാധികമായ ഒരു റിഫ്ളെക്സാണ്. അതായതു ജന്മവാസനയാണ്. എന്നാൽ കാലക്രമത്തിൽ ആ ശിശു ചൂടുവെള്ളത്തിലുള്ള കുളി ഇഷ്ടപ്പെടുകയും അതിനെ സസന്തോഷം സ്വാഗതം ചെയ്യാൻ തുടങ്ങുകയും പതിവാണ്. ഇതു സോപാധികമായ ഒരു റിഫ്ളക്സാണ്. പുതിയ അനുഭവവുമായി ഇണങ്ങിച്ചേരാനും അതനുസരിച്ചുള്ള [ 244 ] നാഡീകോശവ്യവസ്ഥകൾ രൂപീകരിക്കാനും ആ ശിശുവിനു കഴിഞ്ഞു. ഇതു പോലെ ജനനം മുതൽ ചുറ്റുപാടുമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായി കേന്ദ്രനാഡീവ്യൂഹത്തിൽ അനവധി നാഡീകോശവ്യവസ്ഥകൾ രൂപം കൊള്ളുന്നു. പിന്നീടുണ്ടാകുന്ന ശൃംഖലകളും ആദ്യം രൂപംകൊണ്ടവയുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തപ്പെടുന്നത്.
ഉത്തേജനവും നിരോധവും
[തിരുത്തുക]പരിണാമപരമ്പരയിലെ ആരോഹണക്രമത്തിന് അനുസൃതമായി നാഡീവ്യൂഹത്തിന്റെ വ്യത്യസ്ത ഘടകങ്ങളിലായി വിവിധ കർത്തവ്യങ്ങൾ കേന്ദ്രീകരിക്കപ്പെട്ടുവന്നതോടെ സോപാധികമായ റിഫ്ളെക്സുകൾ രൂപംകൊള്ളാനുള്ള കഴിവ് വിവിധ ഭാഗങ്ങൾക്കു ലഭിച്ചു. എന്നാൽ പരിണാമപരമ്പര കൂടുതൽ കൂടുതൽ സങ്കീർണ്ണമായി വന്നതോടെ നാഡീവ്യൂഹത്തിന്റെ പ്രാഥമികവും പൗരാണികവുമായ ഭാഗങ്ങളിൽനിന്ന് ഈ കഴിവ് അപ്രത്യക്ഷമാകാൻ തുടങ്ങി. അതോടൊപ്പം പുതുതായി രൂപം കൊണ്ടുവന്ന ഭാഗങ്ങളിൽ ഈ കഴിവ് കൂടുതൽ ഊർജസ്വലതയോടെ പ്രകടമാവാൻ തുടങ്ങി. അങ്ങനെ മനുഷ്യനിലും മറ്റ് ഉയർന്ന ജന്തുക്കളിലും നാഡീവ്യൂഹത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിയിലും അതോടു തൊട്ടുകിടക്കുന്ന ഭാഗങ്ങളിലുമായിട്ടാണ് പുതിയ റിഫ്ളെക്സുകൾ രൂപംകൊള്ളാനുള്ള കഴിവുകൾ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്. പരിതഃസ്ഥിതിയുടെ സമ്മർദ്ദം മൂലം രൂപംകൊള്ളുന്ന സോപാധികമായ എല്ലാ ചേഷ്ടകളുടേയും അടിസ്ഥാനമായ നാഡീകോശബന്ധങ്ങൾ ഉടലെടുക്കുന്നതും പൂർവ്വമസ്തിഷ്കത്തിൽ തന്നെയാണ്.
പുതിയ റിഫ്ളെക്സുകൾ രൂപംകൊള്ളുന്നതിനോടനുബന്ധിച്ച് പല സങ്കീർണ്ണ പ്രശ്നങ്ങളുമുണ്ട്. പുതിയ ഒരു സ്വഭാവം രൂപം കൊള്ളുമ്പോൾ പുതുതായി ബന്ധിക്കപ്പെട്ട നാഡീകോശങ്ങളുടെ ശ്രേണി എവിടെവെച്ച് അവസാനിപ്പിക്കണം; അതിൽ വേറെയും മാറ്റങ്ങൾ വല്ലതും വരുത്താനുണ്ടോ, അതുതന്നെ തുടർന്നുപോകത്തക്കവണ്ണം മാറിയ അന്തരീക്ഷവുമായി അതിനു പൊരുത്തമുണ്ടോ എന്നെല്ലാമുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായിട്ടുണ്ട്.
മസ്തിഷ്കത്തിലെ സാധാരണ പ്രവർത്തനങ്ങൾ നടക്കുന്നത് ഉത്തേജനനിരോധന പ്രക്രിയകൾ തമ്മിലുള്ള നിരന്തരമായ പ്രതിപ്രവർത്തനത്തിലൂടെയാണ്. ഉത്തേജനം സോപാധിക റിഫ്ളെക്സിനെ വിപുലീകരിക്കുമ്പോൾ നിരോധം അതിനെ അടിച്ചമർത്തുന്നു. വാർത്തകൾ നാഡീവ്യൂഹത്തിലൂടെ വിവിധ ഭാഗങ്ങളിലേയ്ക്കു പ്രേഷണം ചെയ്യുന്നത് ഉത്തേജനങ്ങൾ വഴിയാണ്. പൂർവ്വമസ്തിഷ്കത്തിൽ രൂപംകൊള്ളുന്ന നാഡീകോശബന്ധങ്ങളിൽ നിന്നുളവാകുന്ന ഉത്തേജനങ്ങൾ ചേഷ്ടാനാഡികൾ മുഖേനയാണ് മാംസപേശികളിലെത്തുന്നതും നിർദ്ദിഷ്ടമായ റിഫ്ളെക്സുകൾ പ്രകടമാവുന്നതും. ഈ പുതിയ ചേഷ്ട ചുറ്റുപാടുമായി സമ്മേളിക്കപ്പെടുമ്പോഴുണ്ടാകുന്ന പ്രതി [ 245 ] കരണം തിരിച്ചു മസ്തിഷ്കത്തിലെത്തിയെങ്കിലേ ആ നാഡീകോശബന്ധങ്ങളെ സ്വീകരിക്കാനോ ഉപേക്ഷിക്കാനോ കഴിയൂ. തന്മൂലം ഒരു റിഫ്ളെക്സ് പ്രാവർത്തികമാക്കപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം തന്നെ അതുണ്ടാക്കുന്ന ബാഹ്യപ്രതികരണം സംജ്ഞാനാഡികൾ മുഖേന തിരിച്ചു മസ്തിഷ്കത്തിലെത്തുന്നു. ഈ പ്രവർത്തന ശൃംഖല ഇവിടെയും അവസാനിക്കുന്നില്ല. തിരിച്ചെത്തുന്ന പ്രതികരണം വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതിനെ വിലയിരുത്തണമെങ്കിൽ പുറത്തുനിന്നും വരുന്ന പ്രതികരണങ്ങളെ സ്വീകരിക്കാൻ പറ്റിയ നാഡീകോശശ്രേണികൾ മസ്തിഷ്കത്തിലുണ്ടായിരിക്കണം. ഭൂതകാലാനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള നാഡീകോശസമൂഹങ്ങളാണ് ഈ കൃത്യം നിർവ്വഹിക്കുന്നത്. ഭൂതകാലാനുഭവവുമായി പുതുതായി രൂപംകൊണ്ട റിഫ്ളെക്സിന്റെ ബാഹ്യപ്രതികരണം പൊരുത്തപ്പെടുന്നുവെങ്കിൽ, ആ പ്രവർത്തന ശൃംഖല സ്വീകരിക്കപ്പെടുന്നു. ആവർത്തനംകൊണ്ട് അതു കൂടുതൽ ദൃഢതരമാക്കപ്പെടുകയും ചെയ്യുന്നു.
നിത്യജീവിതത്തിൽ നാം ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്കു പിന്നിലുള്ളത് ഇത്തരത്തിലുള്ള നാഡീകോശപ്രവർത്തനങ്ങളാണ്. ഒരു ഉദാഹരണം നോക്കാം. വായനമുറിയിലിരിക്കുന്ന ഒരാൾ ഏതോ ആവശ്യത്തിനു വേണ്ടി ഭക്ഷണമുറിയിലേക്കു പോകാൻ തീരുമാനിക്കുന്നു. എഴുന്നേറ്റു നടക്കുകയും ചെയ്യുന്നു. ഈ സമയത്തു ഭക്ഷണമുറിയെക്കുറിച്ചു ഭൂതകാലത്ത് സമ്പാദിച്ചിട്ടുള്ള പല അനുഭവങ്ങളും അയാളുടെ മസ്തിഷ്കത്തിൽ ഉത്തേജിപ്പിക്കപ്പെടുകയും അതോടു ബന്ധപ്പെട്ട നാഡീകോശശ്രേണികൾ ബാഹ്യപ്രതികരണങ്ങളെ സ്വീകരിക്കാൻ തയ്യാറെടുത്തു നിൽക്കുകയും ചെയ്യുന്നു. അയാൾ ഭക്ഷണമുറിയിലെത്തിയശേഷം വിവിധ ഇന്ദ്രിയങ്ങൾവഴി പലതരത്തിലുള്ള വാർത്തകൾ സംജ്ഞാനാഡികൾ മുഖേന പൂർവ്വമസ്തിഷ്കത്തിലെത്തുന്നു. ഈ പുതിയ വാർത്തകൾ ഉളവാക്കുന്ന നാഡീകോസാത്തേജനങ്ങൾ നേരത്തെ തയ്യാറായി നിൽക്കുന്ന ഭൂതകാലാനുഭവങ്ങളുടെ നാഡീകോശശ്രേണികളുമായി ബന്ധപ്പെടുന്നു. അവ തമ്മിൽ പൊരുത്തപ്പെടുകയാണെങ്കിൽ അയാൾ ഉദ്ദേശിച്ച സ്ഥാനത്തുതന്നെയാണ് എത്തിച്ചേർന്നതെന്നു ഗ്രഹിക്കുകയും അനന്തരകൃത്യങ്ങളിൽ വ്യാപ്യതനാവുകയും ചെയ്യുന്നു.
എന്നാൽ ഭക്ഷണമുറിക്കു പകരം അശ്രദ്ധമൂലം കുളിമുറിയിലോ മറ്റോ ആണ് അയാൾ പ്രവേശിക്കുന്നതെങ്കിൽ മുകളിൽ വിവരിച്ച പ്രവർത്തനശൃംഖലയ്ക്കു കോട്ടം തട്ടുന്നു. കുളിമുറിയുടെ അന്തരീക്ഷത്തിൽനിന്നു ഇന്ദ്രിയങ്ങൾവഴി സംജ്ഞാനാഡിയിലൂടെ മസ്തിഷ്കത്തിലേക്കെത്തിച്ചേരുന്ന വാർത്തകൾ അവിടെ തയ്യാറായി നിൽക്കുന്ന ഭക്ഷണമുറിയിലെ പൂർവ്വകാലാനുഭവങ്ങളുമായി പൊരുത്തപ്പെടാതെ വരുന്നു. അവ തമ്മിൽ ബന്ധം സ്ഥാപിക്കാതെ വരുമ്പോഴാണ് താൻ ഭക്ഷണമുറിയിലല്ല എത്തിച്ചേർന്നത് എന്നയാൾക്ക് ബോദ്ധ്യമാകുന്നത്. ഉടനെ മസ്തിഷ്കത്തിലെ മറ്റു കേന്ദ്രങ്ങൾ പ്രവർത്തിക്കുകയും ഭക്ഷണമുറിയിലേയ്ക്കു തന്നെ ആനയിക്കുകയും [ 248 ] ചെയ്യുന്നു.
നാം ദിവസേന ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളിൽ ഭൂരിഭാഗവും 'അറിയാതെ' ചെയ്തുപോകുന്നവയാണ്. നിത്യപരിചയത്തിന്റെ പേരിലാണത് നമുക്ക് സാധിക്കുന്നത്. ഏറെക്കാലം ഒരേ ചെയ്തികൾ ആവർത്തിക്കുന്നതുകൊണ്ടാണല്ലോ, പലതിലും നാം പരിചിതരായി തീരുന്നത്. ഇങ്ങനെ നാം സ്വായത്തമാക്കുന്ന ഓരോ സ്വഭാവത്തിന്റെയും അടിസ്ഥാനഘടകം സോപാധികമായി രൂപം കൊള്ളുന്ന റിഫ്ലെക്സുകളാണ്. ജന്മനാ രൂപം കൊണ്ടിട്ടുള്ള നിരുപാധികമായ റിഫ്ലെക്സുകൾ ഇവയുമായി ബന്ധപ്പെടുമ്പോഴാണ് ഇത്തരം സ്വഭാവങ്ങൾ ദൃഢപ്പെടുന്നത്. പക്ഷേ, ഓരോ സ്വഭാവവും രൂപീകരിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ പരീക്ഷണവിധേയമാകുന്ന പല ചേഷ്ടകൾക്കും, പാരമ്പര്യഘടകങ്ങളുടെ നിയന്ത്രണത്തിലുള്ള റിഫ്ലെക്സുകളുടെ പിന്തുണ ലഭിക്കാതെവരും. അപ്പോൾ പ്രസ്തുത ചേഷ്ടയ്ക്ക് വ്യക്തിയുടെ സ്വഭാവത്തിൽ അലിഞ്ഞുചേരാൻ കഴിയില്ല. മാത്രമല്ല, സോപാധികമായുണ്ടായ ആ പുതിയ ചേഷ്ടയോടു ബന്ധപ്പെട്ട നാഡീകോശശ്രേണി ക്രമത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇങ്ങനെ നാഡീകോശങ്ങളുടെ ബന്ധത്തെ വിച്ഛേദിക്കുകയും അവയുടെ കൂട്ടായ പ്രവർത്തനങ്ങളെ തടയുകയും ചെയ്യുന്ന പ്രക്രിയയെയാണ് ആന്തരികമായ നിരോധമെന്നു വിളിക്കുന്നത്.
നിരന്തരം ബാഹ്യപരിതഃസ്ഥിതിയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന എല്ലാ ജന്തുക്കളുടെയും കേന്ദ്രനാഡീവ്യൂഹത്തിൽ അനവധി പുതിയ ചേഷ്ടകളെ നിയന്ത്രിക്കുന്ന നാഡീകോശശ്രേണികൾ ഉടലെടുക്കുകയും, അവയിൽ ചിലത് സ്ഥിരീകരിക്കപ്പെടുമ്പോൾ മറ്റു ചിലത് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. നാഡീകോശങ്ങളുടെ പ്രവർത്തനവേഗതയും ദൃഢതയും പോലെതന്നെ അനവസരമായ ചോദനങ്ങളെ അമർത്താനും അവ തമ്മിലുള്ള നാഡീകോശബന്ധങ്ങൾ വിടർത്താനുമുള്ള കഴിവും, പരിതഃസ്ഥിതിക്കനുയോജ്യമായ അനുവർത്തനങ്ങൾക്ക് ജന്മമേകാൻ സഹായകമാകുന്നു. സോപാധികമായ റിഫ്ലെക്സുകളിലെ നാഡീകോശങ്ങൾ പാടെ വിച്ഛേദിക്കുകയല്ല, മറിച്ച് അവയുടെ പ്രവർത്തനത്തെയാകെ സ്തംഭിപ്പിക്കുകയാണ് ആന്തരിക നിരോധം മൂലമുണ്ടാകുന്നത്. സദാ ഉത്ഭവിച്ചുകൊണ്ടിരിക്കുന്ന ബാഹ്യചോദനങ്ങളിൽനിന്ന് അനുയോജ്യമായവയെ മാത്രം നിലനിർത്തി, മറ്റുള്ളവയെ മസ്തിഷ്കത്തിൽനിന്ന് നിഷ്കാസനം ചെയ്യുകയാണ് ഇതുകൊണ്ടുണ്ടാകുന്നത്. തന്മൂലം, നിരവധി മസ്തിഷ്കകോശങ്ങൾ അനാവശ്യമായ നാഡീകോശബന്ധങ്ങളിലേർപ്പെട്ട് ഉപയോഗശൂന്യമായിപ്പോകാതിരിക്കുന്നു. അതോടൊപ്പം അവയുടെ പ്രവർത്തനത്തിനുവേണ്ടി ചെലവഴിക്കപ്പെടേണ്ടി വരുന്ന ഊർജം നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. അങ്ങനെ പുതിയ നാഡീകോശശ്രേണികൾ രൂപം കൊള്ളാൻ തക്കവിധം മസ്തിഷ്കകോശങ്ങൾ സ്വതന്ത്രമാക്കപ്പെടുന്നു.