Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരണം തിരിച്ചു മസ്തിഷ്കത്തിലെത്തിയെങ്കിലേ ആ നാഡീകോശബന്ധങ്ങളെ സ്വീകരിക്കാനോ ഉപേക്ഷിക്കാനോ കഴിയൂ. തന്മൂലം ഒരു റിഫ്ളെക്സ് പ്രാവർത്തികമാക്കപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം തന്നെ അതുണ്ടാക്കുന്ന ബാഹ്യപ്രതികരണം സംജ്ഞാനാഡികൾ മുഖേന തിരിച്ചു മസ്തിഷ്കത്തിലെത്തുന്നു. ഈ പ്രവർത്തന ശൃംഖല ഇവിടെയും അവസാനിക്കുന്നില്ല. തിരിച്ചെത്തുന്ന പ്രതികരണം വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതിനെ വിലയിരുത്തണമെങ്കിൽ പുറത്തുനിന്നും വരുന്ന പ്രതികരണങ്ങളെ സ്വീകരിക്കാൻ പറ്റിയ നാഡീകോശശ്രേണികൾ മസ്തിഷ്കത്തിലുണ്ടായിരിക്കണം. ഭൂതകാലാനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള നാഡീകോശസമൂഹങ്ങളാണ് ഈ കൃത്യം നിർവ്വഹിക്കുന്നത്. ഭൂതകാലാനുഭവവുമായി പുതുതായി രൂപംകൊണ്ട റിഫ്ളെക്സിന്റെ ബാഹ്യപ്രതികരണം പൊരുത്തപ്പെടുന്നുവെങ്കിൽ, ആ പ്രവർത്തന ശൃംഖല സ്വീകരിക്കപ്പെടുന്നു. ആവർത്തനംകൊണ്ട് അതു കൂടുതൽ ദൃഢതരമാക്കപ്പെടുകയും ചെയ്യുന്നു.

നിത്യജീവിതത്തിൽ നാം ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്കു പിന്നിലുള്ളത് ഇത്തരത്തിലുള്ള നാഡീകോശപ്രവർത്തനങ്ങളാണ്. ഒരു ഉദാഹരണം നോക്കാം. വായനമുറിയിലിരിക്കുന്ന ഒരാൾ ഏതോ ആവശ്യത്തിനു വേണ്ടി ഭക്ഷണമുറിയിലേക്കു പോകാൻ തീരുമാനിക്കുന്നു. എഴുന്നേറ്റു നടക്കുകയും ചെയ്യുന്നു. ഈ സമയത്തു ഭക്ഷണമുറിയെക്കുറിച്ചു ഭൂതകാലത്ത് സമ്പാദിച്ചിട്ടുള്ള പല അനുഭവങ്ങളും അയാളുടെ മസ്തിഷ്കത്തിൽ ഉത്തേജിപ്പിക്കപ്പെടുകയും അതോടു ബന്ധപ്പെട്ട നാഡീകോശശ്രേണികൾ ബാഹ്യപ്രതികരണങ്ങളെ സ്വീകരിക്കാൻ തയ്യാറെടുത്തു നിൽക്കുകയും ചെയ്യുന്നു. അയാൾ ഭക്ഷണമുറിയിലെത്തിയശേഷം വിവിധ ഇന്ദ്രിയങ്ങൾവഴി പലതരത്തിലുള്ള വാർത്തകൾ സംജ്ഞാനാഡികൾ മുഖേന പൂർവ്വമസ്തിഷ്കത്തിലെത്തുന്നു. ഈ പുതിയ വാർത്തകൾ ഉളവാക്കുന്ന നാഡീകോസാത്തേജനങ്ങൾ നേരത്തെ തയ്യാറായി നിൽക്കുന്ന ഭൂതകാലാനുഭവങ്ങളുടെ നാഡീകോശശ്രേണികളുമായി ബന്ധപ്പെടുന്നു. അവ തമ്മിൽ പൊരുത്തപ്പെടുകയാണെങ്കിൽ അയാൾ ഉദ്ദേശിച്ച സ്ഥാനത്തുതന്നെയാണ് എത്തിച്ചേർന്നതെന്നു ഗ്രഹിക്കുകയും അനന്തരകൃത്യങ്ങളിൽ വ്യാപ്യതനാവുകയും ചെയ്യുന്നു.

എന്നാൽ ഭക്ഷണമുറിക്കു പകരം അശ്രദ്ധമൂലം കുളിമുറിയിലോ മറ്റോ ആണ് അയാൾ പ്രവേശിക്കുന്നതെങ്കിൽ മുകളിൽ വിവരിച്ച പ്രവർത്തനശൃംഖലയ്ക്കു കോട്ടം തട്ടുന്നു. കുളിമുറിയുടെ അന്തരീക്ഷത്തിൽനിന്നു ഇന്ദ്രിയങ്ങൾവഴി സംജ്ഞാനാഡിയിലൂടെ മസ്തിഷ്കത്തിലേക്കെത്തിച്ചേരുന്ന വാർത്തകൾ അവിടെ തയ്യാറായി നിൽക്കുന്ന ഭക്ഷണമുറിയിലെ പൂർവ്വകാലാനുഭവങ്ങളുമായി പൊരുത്തപ്പെടാതെ വരുന്നു. അവ തമ്മിൽ ബന്ധം സ്ഥാപിക്കാതെ വരുമ്പോഴാണ് താൻ ഭക്ഷണമുറിയിലല്ല എത്തിച്ചേർന്നത് എന്നയാൾക്ക് ബോദ്ധ്യമാകുന്നത്. ഉടനെ മസ്തിഷ്കത്തിലെ മറ്റു കേന്ദ്രങ്ങൾ പ്രവർത്തിക്കുകയും ഭക്ഷണമുറിയിലേയ്ക്കു തന്നെ ആനയിക്കുകയും