താൾ:പ്രപഞ്ചവും മനുഷ്യനും.djvu/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സോപാധിക റിഫ്ളെക്സ് രൂപംകൊള്ളുന്നതെങ്ങിനെയാണെന്നു തെളിയിക്കുന്നതിനു പാവ്‍ലോവ് നടത്തിയ സുപ്രസിദ്ധമായ ഒരു പരീക്ഷണമുണ്ട്. സ്വാദിഷ്ടമായ ഭക്ഷണം കാണുമ്പോൾ വായിൽ വെള്ളമൂറുക പതിവാണല്ലോ. നമ്മെ പോലെതന്നെ മറ്റു പല മൃഗങ്ങൾക്കുമുണ്ട് ഈ സ്വഭാവം. ഒരു നായയുടെ കാര്യമെടുക്കുക. ഭക്ഷണം നൽകിയാൽ നായയുടെ വായിലും ഉമിനീരൂറും. നാവുകൊണ്ടു ഭക്ഷണത്തിൽ സ്പർശിക്കുന്ന മാത്രയിൽത്തന്നെ ഒരു സംജ്ഞാനാഡിവഴി ഈ ബാഹ്യചോദനം ഉമിനീർഗ്രന്ഥിയോടു ബന്ധപ്പെട്ട ഉപമസ്തിഷ്കകേന്ദ്രത്തിലെത്തുന്നു. അവിടെനിന്നുള്ള നിർദ്ദേശം ഒരു ചേഷ്ടാ നാഡിവഴി ഉമിനീർഗ്രന്ഥിയിലെത്തുകയും തൽഫലമായി ഉമിനീർ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തന ശൃംഖലയെല്ലാംതന്നെ നിരുപാധിക റിഫ്ളെക്സിന്റേതാണ്. കാരണം, ഭക്ഷണം കഴിക്കുമ്പോൾ ഉമിനീർ പുറപ്പെടുവിക്കേണ്ടത് സുഗമമായി ഭക്ഷണമിറക്കുന്നതിനും ഭാഗികമായ ദഹനത്തിനും അനുപേക്ഷണീയമാണ്. ഇതു ഭക്ഷണ തൃഷ്ണയെപ്പോലുള്ള ഒരു ജന്മവാസനയോടും അഭേദ്യമായി ബന്ധപ്പെട്ട ഒരു അനൈച്ഛികചേഷ്ട മാത്രമാണ്.

പരീക്ഷണാർത്ഥം നായയ്ക്കു ഭക്ഷണം കൊടുക്കുന്നതോടൊപ്പം ഒരു വൈദ്യുതവിളക്കും കത്തിക്കുക. കണ്ണിൽ പതിക്കുന്ന പ്രകാശരശ്മികൾ ഉളവാക്കുന്ന ഉത്തേജനം തലച്ചോറിലെ ദർശനകേന്ദ്രത്തിലെത്തുകയും അവിടെനിന്നും ആ സമയത്ത് ഉത്തേജിക്കപ്പെട്ടിട്ടുള്ള ഉപമസ്തിഷ്കത്തിലെ ഉമിനീർഗ്രന്ഥിയോടു ബന്ധപ്പെട്ട കേന്ദ്രവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. നേത്രേന്ദ്രിയത്തിൽകൂടി വരുന്ന ഈ നാഡീകോശോത്തേജനശൃംഖല നാവിലൂടെ ഉമിനീർഗ്രന്ഥിയിലെത്തുന്ന നിരുപാധിക റിഫ്ളെക്സ് വ്യവസ്ഥയെക്കാൾ ശക്തിമത്താണ്. ഏതാനും ദിവസത്തെ പരിശീലനം കഴിയുമ്പോഴേയ്ക്കും ഈ പുതിയ വ്യവസ്ഥയ്ക്കു സ്ഥിരത ലഭിക്കുന്നു. പിന്നീട് ഭക്ഷണമില്ലാതെ തന്നെ വൈദ്യുതവിളക്കു കത്തിച്ചാൽ നായയുടെ വായിൽ ഉമിനീർ പൊടിയുന്നു. ഇവിടെ നിരുപാധികമായ ഒരു റിഫ്ളെക്സിനു പകരം വെളിച്ചമെന്ന ഉപാധിയോടുകൂടിയ സോപാധികമായ ഒരു റിഫ്ളെക്സ് രൂപംകൊള്ളുകയാണുണ്ടായത്.

ഇത്തരത്തിലുള്ള സോപാധികവും നിരുപാധികവുമായ റിഫ്ളെക്സുകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ മൃഗങ്ങളിൽ മാത്രമല്ല, മനുഷ്യരിലും ധാരാളമായി കാണാം. ഒരു നവജാതശിശുവിനെ ചൂടുവെള്ളത്തിൽ കുളിപ്പിക്കുമ്പോൾ ഒരു നിഷേധാത്മക പ്രതികരണമെന്ന നിലയ്ക്ക് ശക്തിയായി നിലവിളിക്കുകയും മറ്റും ചെയ്യുക സാധാരണമാണല്ലോ. നിലവിളി സ്വരക്ഷയ്ക്കു വേണ്ടിയുള്ള നിരുപാധികമായ ഒരു റിഫ്ളെക്സാണ്. അതായതു ജന്മവാസനയാണ്. എന്നാൽ കാലക്രമത്തിൽ ആ ശിശു ചൂടുവെള്ളത്തിലുള്ള കുളി ഇഷ്ടപ്പെടുകയും അതിനെ സസന്തോഷം സ്വാഗതം ചെയ്യാൻ തുടങ്ങുകയും പതിവാണ്. ഇതു സോപാധികമായ ഒരു റിഫ്ളക്സാണ്. പുതിയ അനുഭവവുമായി ഇണങ്ങിച്ചേരാനും അതനുസരിച്ചുള്ള