താൾ:പ്രപഞ്ചവും മനുഷ്യനും.djvu/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശരിതന്നെ. പക്ഷേ, ബാഹ്യലോകത്തിൽനിന്നുളവാകുന്ന ചോദനങ്ങൾക്കു ഏതു തരത്തിലുള്ള പ്രതികരണങ്ങളാണ് ഉളവാക്കേണ്ടത് എന്നത് അവനിൽ നിർണ്ണയിക്കപ്പെട്ടിരിക്കും. പ്രാഥമികമായ ഇത്തരം പ്രവർത്തനങ്ങളുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നത് പാരമ്പര്യഘടകങ്ങളായിരിക്കും. ഈ ഘടകങ്ങൾ തലമുറകൾതോറും അനസ്യൂതം കൈമാറ്റം ചെയ്യപ്പെട്ടുപോന്നവയുമായിരിക്കുമല്ലോ. അമൂല്യങ്ങളായ ഈ പാരമ്പര്യസമ്പത്തും പരിതഃസ്ഥിതിയുമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായാണ് ഓരോ പുതിയ അനുഭവങ്ങളും അവൻ ആർജ്ജിക്കുന്നത്.

പാരമ്പര്യഘടകങ്ങളുടെ പ്രവർത്തനഫലമായുണ്ടാകുന്ന സ്വഭാവങ്ങളെ നാം ജന്മവാസനകളെന്നു വിളിക്കുന്നു. പാരമ്പര്യഘടകങ്ങൾ വിവിധരീതിയിൽ സംയോജിക്കുന്നതുവഴി, ജന്മവാസനകളുടെ തന്നെ സമഗ്രമായ പ്രവർത്തനത്തിൽ വരുന്ന വൈവിധ്യമാണ് വ്യക്തികളുടെ മൗലിക സ്വഭാവങ്ങൾ തമ്മിൽ അന്തരമുണ്ടാവാൻ കാരണം. മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതിയുമായി ഇണങ്ങിച്ചേരാൻ ജന്മവാസനകൾ മാത്രം പോരാ. അവ ഈ ഇണങ്ങിച്ചേരലിനു ഉപയുക്തമാകാവുന്ന മാറ്റങ്ങളുണ്ടാകുന്നതിനുള്ള പ്രാരംഭഘടകങ്ങളായി മാത്രമേ വർത്തിക്കൂ. ഇങ്ങനെ ജന്മവാസനകൂടാതെ ബാഹ്യചോദനത്തിന്റെ പ്രതിപ്രവർത്തനമെന്ന നിലയ്ക്കുണ്ടാവുന്ന ക്രിയാത്മകമായ പരിവർത്തനങ്ങളെയാണ് അനുവർത്തനങ്ങൾ എന്നു വിളിക്കുന്നത്. പരിതഃസ്ഥിതിക്കനുയോജ്യമായ ഈ അനുവർത്തനങ്ങളുണ്ടാകുന്നത് ജീവിയുടെ ആഗ്രഹപ്രകാരമല്ല; മറിച്ച് ശരീരഘടനാപരവും ശരീരധർമ്മപരവുമായ നിയമങ്ങൾക്കനുസൃതമായി മാത്രമാണ്.

ഭക്ഷണത്തിനും സ്വരക്ഷയ്ക്കും വേണ്ടിയുള്ള ചില അവശ്യസ്വഭാവങ്ങളെങ്കിലും എല്ലാ ജന്തുക്കളിലും ജന്മനാതന്നെ പ്രകടമാകുന്നു. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കോഴിക്കുഞ്ഞുങ്ങൾ ഭക്ഷണം കൊത്തിത്തിന്നുന്നതും തള്ളക്കോഴിയുടെ അപകടസൂചനകേട്ട് ഓടിയൊളിക്കുന്നതും ആരും പഠിപ്പിച്ചിട്ടല്ല. ഇത്തരം ജന്മവാസനകൾ എല്ലാ ജന്തുക്കൾക്കുമുണ്ട് പാരമ്പര്യഘടകങ്ങളുടെ പ്രവർത്തനഘടകങ്ങളാണവയ്ക്കു നിദാനം.

അന്തരീക്ഷത്തിലെ ഓക്സിജൻ സ്വീകരിച്ചെടുത്ത് ആവശ്യമായ രാസപ്രവർത്തനങ്ങൾ നടത്താൻ പറ്റും വിധമാണ് നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ പാരമ്പര്യഘടകങ്ങൾ നിയന്ത്രിക്കുന്നത്. വെള്ളത്തിൽ ലയിച്ചുചേർന്നിട്ടുള്ള ഓക്സിജൻ ആഗിരണം ചെയ്യാൻ പറ്റും വിധമാണ് മത്സ്യത്തിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ടുവിധത്തിലുമുള്ള ശ്വാസോച്ഛ്വാസങ്ങൾ നടക്കുന്നത് ആ ജന്തുക്കളുടെ ആഗ്രഹപ്രകാരമല്ല. അതുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളെ അനൈച്ഛിക ചേഷ്ടകൾ അഥവാ റിഫ്ലെക്സുകൾ എന്നുവിളിക്കുന്നു. ആന്തരികമോ ബാഹ്യമോ ആയ ചോദനങ്ങൾ കേന്ദ്രനാഡീവ്യൂഹത്തിലെത്തി അവിടെനിന്ന് നിശ്ചിതരീതിയിലുളവാകുന്ന നിർദ്ദേശങ്ങളനുസരിച്ച് ഏതെങ്കിലും അവയവത്തിൽ പ്രതികരണമുണ്ടാകുന്നതിനെയാണ് റിഫ്ലെക്സ് എന്നു പറയുന്നത്. ഇങ്ങനെ