താൾ:പ്രപഞ്ചവും മനുഷ്യനും.djvu/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ബോധം, പഠനം, ചിന്ത, വികാരം തുടങ്ങിയ മാനസികപ്രവർത്തനങ്ങളുടെ മൗലികസ്വഭാവം വ്യക്തമാവുന്നത്.

ജന്തുക്കളുടെ മസ്തിഷ്കത്തിൽ സ്ഥിരമായി പ്രതിഷ്ഠിക്കുന്ന ഇലക്ട്രോഡുകൾ മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ അത്യധികം സഹായകമായ ഉപാധികളാണ്. കുരങ്ങിനെയും മനുഷ്യനെയും മറ്റും ബോധം കെടുത്തിയതിനുശേഷം ഇലക്ട്രോഡുവയറുകൾ മസ്തിഷ്കത്തിൽ സ്ഥിരമായി പ്രതിഷ്ഠിക്കുന്നു. ബോധക്കേടിൽനിന്നുണർന്നതിനുശേഷം ഈ ഇലക്ട്രോഡുവയറിനെ വിവിധ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പരീക്ഷണവിധേയനാകുന്ന ജന്തു വിവിധ മാനസികപ്രവർത്തനങ്ങളിലേർപ്പെടുമ്പോഴുണ്ടാകുന്ന നാഡീകോശ വൈദ്യുതപ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ കഴിയുന്നുണ്ട്. ഇങ്ങനെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങൾ ജന്തു വിവിധ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസ്സിലാക്കാം.അതുപോലെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങൾ ഉത്തേജിപ്പിക്കുമ്പോൾ എന്തെന്തു പ്രതികരണങ്ങളാണുളവാകുന്നതെന്നും മനസ്സിലാക്കാൻ കഴിയും. വിൽഡർ പെൻഫീൽഡിന്റെയും കൂട്ടരുടെയും ഗവേഷണങ്ങൾ ഈ മേഖലയിൽ അത്ഭുതാവഹമായ സംഗതികൾ വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം രോഗികളുടെ മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങൾ ഇലക്ട്രോഡുകൾ കൊണ്ട് ഉത്തേജിപ്പിച്ചപ്പോൾ വളരെക്കാലം മുമ്പു നടന്നതും തീരെ മറന്നുപോയിരുന്നതുമായ അനുഭവങ്ങൾ രോഗിയിൽ പുനരുത്തേജിപ്പിക്കപ്പെടുകയുണ്ടായി. മസ്തിഷ്കത്തിൽ വന്നുപെടുന്ന അനുഭവങ്ങൾ അഥവാ വാർത്തകൾ വിവിധ കേന്ദ്രങ്ങളിൽ ശേഖരിക്കപ്പെടുന്നുണ്ടെന്നും അവ വീണ്ടും ഉത്തേജിപ്പിക്കാനിടയാവുമ്പോൾ മാത്രമാണ് സ്മൃതിപഥത്തിലേയ്ക്കു പൊന്തിവരുന്നതെന്നും ഇതു തെളിയിക്കുന്നു. ഇതു പോലെ അതീവ സങ്കീർണ്ണങ്ങളായ വിവിധ പഠനസമ്പ്രദായങ്ങൾ മസ്തിഷ്കപ്രവർത്തനങ്ങളുടെ രഹസ്യം കണ്ടെത്താനായി ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം ഗവേഷണങ്ങളുടെയെല്ലാം ഫലമായി സമാഹരിക്കപ്പെട്ടിട്ടുള്ള വിവരങ്ങളെന്തൊക്കെയാണെന്നു നോക്കാം.

നിരുപാധികവും സോപാധികവുമായ റിഫ്ലെക്സുകൾ

പണ്ടൊരു തത്വചിന്തകൻ അഭിപ്രായപ്പെടുകയുണ്ടായി. നവജാതശിശുവിന്റെ മനസ്സ് ഒരു ഒഴിഞ്ഞ സ്ലേറ്റാണ്, അതിൽ പലതും കുറിക്കുന്നത് പിൽക്കാലാനുഭവങ്ങളാണ്. ഈ അഭിപ്രായം ഭാഗികമായി മാത്രമേ അംഗീകരിക്കാനാവൂ. കാരണം, ഒരു മനുഷ്യശിശുവിന്റെ കൈമുതലായി സഹസ്രാബ്ദങ്ങളിൽ പരിണാമഫലമായി മനുഷ്യവംശം നേടിയ എണ്ണമറ്റ സവിശേഷഗുണങ്ങളുടെ മൗലികരൂപങ്ങൾ പാരമ്പര്യഘടകങ്ങളുടെ-ജീനുകളുടെ-രൂപത്തിൽ അവനിൽ കുടികൊള്ളുന്നുണ്ട്. ജനനസമയത്ത് ബാഹ്യലോകത്തെക്കുറിച്ചുള്ള ഒരനുഭവവും അവന്റെ മനോമണ്ഡലത്തിലുണ്ടാവില്ലെന്നതു